കൊച്ചി: കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കുന്നത്. കേരള നഗര നയ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ നഗരവികസനത്തിന്റെ വിവിധ വശങ്ങള് കോണ്‍ക്ലേവ് പരിഗണിക്കും. കേരളത്തിലെ നഗര ഭരണം, വികസനം, ആസൂത്രണം എന്നിവയെക്കുറിച്ച് സമഗ്ര വിശകലനറിപ്പോര്‍ട്ട് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതിന്റെ ശുപാര്‍ശകളുടെ പ്രായോഗിക നടപ്പാക്കലുകള്‍ നിര്‍ദ്ദേശിക്കും.
കോണ്‍ക്ലേവിന്റെ വിജയകരമായ നത്തിപ്പിനായുള്ള റിസപ്ഷന് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം തിങ്കളാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. മന്ത്രി എം ബി രാജേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിദഗ്ധരും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധിപേര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. അടിസ്ഥാനസൗകര്യം, ധനകാര്യം, മാലിന്യ പരിപാലനം തുടങ്ങിയ നഗരമേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും.