തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നു നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നല്‍കേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്നു മന്ത്രി ജി.ആര്‍. അനില്‍ ആരോപിച്ചു. 2017-18 മുതല്‍ കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നതെന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലകൊടുക്കാന്‍ പൂര്‍ണമായും പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയാണെന്നും ഓണത്തിനു മുമ്പ് കേന്ദ്ര വിഹിതം പൂര്‍ണമായും നല്‍കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത് 2601 കോടി രൂപയാണ്. മൂന്ന് മാസം കൂടുമ്പോള്‍ ക്ലെയിമുകള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന പതിവാണ് നിലവിലുണ്ടായിരുന്നത്. അഡ്വാന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡവും ഉണ്ടായിരുന്നു. 2025-26 സംഭരണ വര്‍ഷം മുതല്‍ അഡ്വാന്‍സ് മാനദണ്ഡം പൂര്‍ണമായും പിന്‍വലിച്ചു പ്രതിമാസം ക്ലെയിം നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ വ്യവസ്ഥ. ഇതുപ്രകാരം 2025 ഏപ്രില്‍ – മേയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലെയിമും നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
താങ്ങുവില നിശ്ചയിക്കുന്നതും നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്. കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടി അധികമായി ഒരു പ്രോത്സാഹന ബോണസ് കൂടി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുന്നു. ഇത് രണ്ടും ചേര്‍ന്നതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില നെല്ലിന് സംസ്ഥാനത്ത് ലഭിക്കുന്നത്.
2024-25 ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 412.4 കോടി രൂപ പൂര്‍ണമായും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. രണ്ടാം വിള സംഭരണം കഴിഞ്ഞ ജൂലൈയിലാണ് അവസാനിച്ചത്. 1,49,615 കര്‍ഷകരില്‍ നിന്നായി 4.35 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി നല്‍കേണ്ട 1232 കോടി രൂപയില്‍ 873 കോടിയും നല്‍കിക്കഴിഞ്ഞു. ഈ സംഭരണ വര്‍ഷം ആകെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട 1645 കോടി രൂപയില്‍ 1285 കോടി രൂപയും വിതരണം ചെയ്തു. ബാക്കി 359.36 കോടി രൂപ പൂര്‍ണമായും ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 577.5 കോടി രൂപയും 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 606 കോടി രൂപയും കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കാനായി ഉപയോഗപ്പെടുത്തി.