
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും തിരച്ചിലിനായി മംഗളൂരുവില്‍ നിന്ന് റഡാറെത്തിച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താന്‍ 100 മീറ്റര്‍ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തില്‍ നിന്ന് പോയ എംവിഐ ചന്ദ്രകുമാര്‍ അറിയിച്ചു. ആറ് മീറ്റര്‍ മണ്ണ് ലോറിക്ക് മുകളിലുണ്ട്. അതേസമയം, കേരളത്തില്‍ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് കടത്തി വിടാത്തതിനെ തുടര്‍ന്ന് അവര്‍ മടങ്ങി.
അര്‍ജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.



