മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്…

0
130

മരണം… അത് അപ്രതീക്ഷിതമായി നമ്മെ പുണരാന്‍ എത്തുന്നവനാണ്. അവന്റെ കെട്ടിപ്പിടുത്തം നമുക്ക് ഒഴിവാക്കാനുമാവില്ല. പക്ഷേ, അങ്ങോട്ടുചെന്ന് മരണത്തെ പുണരുന്നവരുണ്ട്. ആത്മഹത്യ …അത് ഒന്നിനുമൊരു പരിഹാരമല്ല എന്ന പതിവു വാചകം തട്ടി നമുക്കു മാറി നില്‍ക്കാം. എന്നാല്‍ അതിനു തുനിയുന്നവന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും. മറുപുറത്തെന്താണെന്നറിയാതെ മരണമെന്ന വാതില്‍ തുറക്കുമ്പോള്‍….ഹോ…ഇരുട്ടത്തിരുന്നു പറഞ്ഞിട്ടു പേടിയാകുന്നു. അതുപോട്ടെ…കഴിഞ്ഞദിവസം ഒരു മരണവീട്ടിലെത്തിയപ്പോള്‍ പിന്നാമ്പുറത്തു നിന്നിരുന്നവരുടെ അടക്കം പറച്ചിലുകള്‍ ഇങ്ങനെ:

‘അവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ…’
‘പൈസയ്ക്കു ബുദ്ധിമുട്ടുണ്ടേല്‍ നമ്മളൊക്കെയല്ലേ ഇവിടെയുള്ളത്…എല്ലാരും സഹായിക്കില്ലേ…’
‘പറഞ്ഞിട്ടു കാര്യമില്ല…ഓരോരുത്തന്മാരുടെ കാര്യം…’
‘എന്തെങ്കിലും അറിഞ്ഞാലല്ലേ നമ്മള്‍ക്കും ഒന്നുസഹായിക്കാന്‍ പറ്റൂ…’
‘ങാ…അവന്റെ വിധി…അല്ലാണ്ടെന്തു പറയാന്‍…’

കാതകലം കടക്കുന്നതിനു മുന്നേ തന്നെ അവരുടെ സംഭാഷണം മഴയെക്കുറിച്ചും, തെരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെയായി. മരിച്ചുകിടക്കുന്നവനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി, കടംവാങ്ങിയ കാശു തിരിച്ചുകൊടുക്കാത്തതിന് തെറിവിളിച്ചവനാണ് സഹതാപവാക്കുകള്‍ ചൊരിഞ്ഞവരിലൊരുവന്‍.

മോശമല്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്റെ മരണമാണ്. ആത്മഹത്യയായിരുന്നു. പുലര്‍ച്ചെ തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിനില്‍ക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും ഭാര്യയും. സാമ്പത്തിക ബുദ്ധിമുട്ടാണേ്രത കാരണം.

ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ചു മടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. മരണമെന്ന തന്റെ വിധി നേരത്തെ തെരഞ്ഞെടുക്കുമ്പോള്‍ കാരണങ്ങള്‍ ഓരോരുത്തര്‍ക്കും പലതുണ്ടാകാം. കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പ്രണയനൈരാശ്യം, തൊഴില്‍ നഷ്ടപ്പെടല്‍, ജോലിസ്ഥലത്തെ പീഡനങ്ങള്‍…ഇങ്ങനെ കാരണങ്ങള്‍ നിരവധി.

കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള ആത്മഹത്യകളില്‍ പലതും ആരുടെയെങ്കിലും ഒരു കരുതലോ സ്നേഹവാക്കുകളോ ഉണ്ടെങ്കില്‍ തടയപ്പെടാവുന്നതായിരിക്കും. പക്ഷേ മരണശേഷമേ നമ്മളില്‍ പലരും അത് തിരിച്ചറിയുന്നുള്ളു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒരു പ്രശ്നത്തില്‍, ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ സംഗതി തീരും. അതല്ലെങ്കില്‍ കുടുംബത്തിലെ മറ്റാരെങ്കിലും ഒന്നിടപെട്ടാല്‍ തീരാവുന്നതേയുള്ളു. പക്ഷേ, അവര്‍ പലപ്പോഴും ഗാലറിയിലിരുന്നു കളി കാണുന്നവരാണ്. കളി ശരിക്കും ആസ്വദിക്കാനും മാറി നിന്ന് കമന്റു പറയാനും മടിക്കാറുമില്ല.

സമൂഹമാണ് പല ആത്മഹത്യകളിലെയും ശരിക്കുമുള്ള വില്ലന്‍. പക്ഷേ, ദുരന്തം അരങ്ങേറിക്കഴിയുമ്പോള്‍ പാപഭാരം ചുമലിലേറ്റാതെ കൈകഴുകി നല്ലപിള്ള ചമയാനും സമൂഹത്തിനു വിരുതാണ്. വിധി പറഞ്ഞു ശിക്ഷയുറപ്പാക്കിയശേഷം കൈകഴുകി രക്ഷപ്പെടുന്ന പീലാത്തോസിന്റെ റോളാണ് സമൂഹത്തിന്. ഒരു വ്യക്തിയിലേക്കു മാത്രം വിരല്‍ ചൂണ്ടപ്പെടുന്നില്ലെന്നതാണ് ഇവിടെ രക്ഷയാകുന്നത്.

അറിഞ്ഞോ അറിയാതെയോ ജീവിതത്തിലുണ്ടാകുന്ന ഒരു പാളിച്ചയായിരിക്കും കടുംകൈയ്ക്ക് പലരെയും പ്രേരിപ്പിക്കുന്നത്. ക്രൂശിക്കാനായി ഒരു സമൂഹം അടച്ചിട്ടിരിക്കുന്ന വാതിലിനു പുറത്തുണ്ടെന്ന ഭീതി മരണത്തിലേക്ക് നടന്നുകയറാന്‍ അവനെ പ്രേരിപ്പിക്കുന്നു. മരണത്തിന്റെ വാതിലിന് അപ്പുറത്തെന്തായിരിക്കുമെന്ന യഥാര്‍ത്ഥചിന്ത അവനിലേക്ക് ആ നിമിഷം കടന്നുവരുന്നില്ല. അപ്പോഴത്തെ രക്ഷയ്ക്കാണ് മുന്‍തൂക്കം. മരണശേഷമുള്ള നാട്ടുകാരുടെ അടക്കംപറച്ചിലുകളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്, ‘ അവനാ മക്കളുടെ മുഖമെന്നോര്‍ത്താല്‍ ഇങ്ങനെ ചെയ്യുമോ’, ‘ ഇനിയാ പെണ്ണിന്റെ കാര്യമാ കഷടം…’ തുടങ്ങിയ വാക്കുകളായിരിക്കും.

മരണശേഷമെന്ത് എന്ന ഒരു ചോദ്യം ബോധത്തിലേക്ക് കടന്നിരുന്നെങ്കില്‍ പല ആത്മഹത്യകളും ഒഴിവാക്കപ്പെട്ടേനെ. ഈ ഒരൊറ്റ ചിന്ത കടന്നുവന്നാല്‍ ആ നിമിഷം കഴുത്തിലിട്ട കുരുക്ക് ഊരും, കൊളുത്തിയ തീ അണയ്ക്കും, വിഷം നിറച്ചപാത്രം മറിച്ചിടും. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയാണ് ആത്മഹത്യക്ക് കാരണമായി ചിലര്‍ പറയുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കി. കണ്‍മുന്നിലുള്ള അര്‍ത്ഥമില്ലായ്മയ്ക്കാണോ കാണാപ്പുറത്തുള്ള അവ്യക്തതയ്ക്കാണോ മുന്‍തൂക്കം. അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷ മനുഷ്യന്റെ കൂടപ്പിറപ്പാണ്. പക്ഷേ, മരണവാതിലിന് അപ്പുറമെന്തെന്ന് അറിയാനുള്ള ആകാംക്ഷയേറി അങ്ങോട്ടുപോയവരെക്കുറിച്ച് കേട്ടറിവില്ല. ഇനി അതിനൊരുത്തന്‍ തുനിഞ്ഞാലും അവനെ മനോനിലതെറ്റിയവനായിട്ടേ രേഖപ്പെടുത്തു.

ആത്മഹത്യക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി പ്രതിരോധമൊരുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പകരം ജീവിതത്തെ സ്നേഹത്തോടെ പുല്‍കാനുള്ള ആഗ്രഹം വളര്‍ത്തിയെടുക്കലാണ് വേണ്ടത്. ജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതാണെന്നും അവയെ അതിജീവിക്കലാണ് മുഖ്യചുമതലയെന്നും തിരിച്ചറിയണം. അല്ലാതെ, ആരെയും തല്ലിക്കൊന്നോ, ചതിച്ചോ, പത്തുകാശുണ്ടാക്കി അതിന്റെ പുളപ്പില്‍ അര്‍മാദിച്ചു നടക്കലല്ല ജീവിതം. അധികാരത്തിന്റെ തേരിലേറി പൊതുജനത്തിന്റെ തലയ്ക്കുമുകളിലൂടെ പായുന്നതുമല്ല ജീവിതം. ഇത്തരം നൈമിഷികസുഖങ്ങളില്‍ ആറാടുന്നവനാണ് അതില്ലാതാകുന്ന നിമിഷം മുന്നോട്ടു നീങ്ങാനാവാതെ യാത്ര മതിയാക്കുന്നത്. സൗഹൃദത്തിലും ബന്ധങ്ങളിലും കൂട്ടായ്മയുടെ ഒരു വലയം തീര്‍ക്കാന്‍ കഴിയുന്നവനാണ് വിജയി. ആ വലയം ഭേദിച്ച് അവനിലേക്ക് പരാജയത്തിന്റെ ചിന്തകള്‍ക്ക് കടന്നുവരാനാവില്ല. ഇസ്രയേലിന്റെ അയണ്‍ഡോം പ്രതിരോധം പോലെയാണത്. നമ്മളെ വീഴ്ത്തും മുന്നേ അത്തരം ചിന്തകളെ തകര്‍ക്കാനാവും.

ജീവിതത്തിലേക്ക് മരണത്തിന്റെ തിരശീല ഊര്‍ന്നുവീഴുമ്പോള്‍ മുന്നിലുള്ള കാഴ്ചക്കാര്‍ മാത്രമേ മറയുന്നുള്ളു. തിരശീലയ്ക്കു പിന്നില്‍ അടുത്തരംഗത്തിനുള്ള വേദിയൊരുങ്ങിക്കഴിയും. അതെന്താണെന്ന് നമുക്കൊട്ട് അറിയത്തുമില്ല. പിന്നെന്തിന് അറിഞ്ഞോണ്ട് ആവശ്യമില്ലാത്ത പണിക്കു പോണം… ശരിയല്ലേ…..

ഈ ഇരുളിനപ്പുറം വെളിച്ചമുണ്ടെന്ന ഉറപ്പാണ് ജീവിതം.

Leave A Reply

Please enter your comment!
Please enter your name here