കേരളം ഒരു നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ഫലത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍, ഫലം എന്തായാലും അത് സംസ്ഥാനത്തിന്റെ ഭാവിയെ മാറ്റിമറിക്കും.
എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍
ചരിത്രപരമായ തുടര്‍ച്ചയും വികസനക്കുതിപ്പും
കേരള രാഷ്ട്രീയത്തില്‍ ‘തുടര്‍ഭരണം’ വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയാകും ഇത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ സംഭവിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്നു നോക്കാം.
അടിസ്ഥാന സൗകര്യ വികസനം:
കെ-ഫോണ്‍ , ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേഗം കൂടും. സില്‍വര്‍ ലൈന്‍ പോലുള്ള വിവാദ പദ്ധതികള്‍ വീണ്ടും സജീവമായേക്കാം.
ക്ഷേമപദ്ധതികളുടെ വിപുലീകരണം:
സൗജന്യ കിറ്റ്, ക്ഷേമ പെന്‍ഷനുകള്‍ എന്നിവയിലൂടെ ജനപ്രിയ അടിത്തറ ശക്തമാക്കും. ‘കേരള മോഡല്‍’ ആഗോളതലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും.
കേന്ദ്രവുമായുള്ള പോരാട്ടം:
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ശബ്ദമായി കേരളം മാറും. സാമ്പത്തിക ഉപരോധങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍ തുടരും.
എല്‍.ഡി.എഫ് തോറ്റാല്‍ എന്തു സംഭവിക്കും?
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പുനര്‍ചിന്തനത്തിന് ഇത് കാരണമാകും. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന തിരിച്ചറിവ് പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണികള്‍ക്ക് വഴിമരുന്നിടും. അടുത്ത തലമുറ നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് പാര്‍ട്ടി നിര്‍ബന്ധിതരാകും.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍
തിരിച്ചുവരവും സാമ്പത്തിക പരിഷ്കരണങ്ങളും
പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തില്‍ വരുന്നത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റമുണ്ടാക്കും.
വ്യവസായ സൗഹൃദ സമീപനം:
ചുവപ്പ് നാടകള്‍ ഒഴിവാക്കി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന നയങ്ങള്‍ യു.ഡി.എഫ് കൊണ്ടുവന്നേക്കാം. ഐ.ടി, ടൂറിസം മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രതീക്ഷിക്കാം.
സാമ്പത്തിക അച്ചടക്കം:
സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം. കിഫ്ബി പോലുള്ള സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങളോ പുനഃപരിശോധനയോ ഉണ്ടായേക്കാം.
മദ്യനയത്തിലും കാര്‍ഷിക നയത്തിലും മാറ്റം:
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളായ കര്‍ഷകരെയും മതവിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പുതിയ നയങ്ങള്‍ രൂപീകരിക്കും.
യു.ഡി.എഫ് തോറ്റാല്‍ എന്തു സംഭവിക്കും?
തുടര്‍ച്ചയായ രണ്ടാം തോല്‍വി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ തളര്‍ത്തും. ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി ഉയരുകയും, പലരും മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തേക്കാം. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട ഊര്‍ജ്ജത്തെ ഇത് ദോഷകരമായി ബാധിക്കും. ഗ്രൂപ്പ് വഴക്കുകള്‍ രൂക്ഷമാകാനും സാധ്യതയുണ്ട്.
മൂന്നാം ശക്തിയുടെ സാന്നിധ്യം: ബി.ജെ.പി ഘടകം
ഈ രണ്ട് മുന്നണികളുടെയും വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വലിയ പങ്കുവഹിക്കും. ബി.ജെ.പി സീറ്റുകള്‍ നേടുകയോ വോട്ട് വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍, അത് യു.ഡി.എഫിന്റെയോ എല്‍.ഡി.എഫിന്റെയോ ഉറച്ച വോട്ടുകളില്‍ വിള്ളലുണ്ടാക്കും. ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.
തോല്‍ക്കുന്ന മുന്നണിക്ക് നില്നില്പിനായുള്ള പോരാട്ടത്തിന്റെ നാളുകള്‍
എല്‍.ഡി.എഫ് ജയിച്ചാല്‍ അത് അവരുടെ നയങ്ങള്‍ക്കുള്ള ജനകീയ അംഗീകാരമായി മാറും. മറിച്ച് യു.ഡി.എഫ് ജയിച്ചാല്‍ അത് മാറ്റത്തിനായുള്ള കേരളത്തിന്റെ ആഗ്രഹമായി വിലയിരുത്തപ്പെടും. തോല്‍ക്കുന്ന മുന്നണിക്ക് അത് കേവലം ഒരു പരാജയമല്ല, മറിച്ച് നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ തുടക്കമായിരിക്കും.
വനവാസവും വിരമിക്കലും
ഇതിനിടയില്‍ ഒരു വനവാസത്തിന്റെയും വിരമിക്കലിന്റെയും മുന്‍കൂട്ടിയുള്ള പ്രഖ്യാപനങ്ങളും കാണാതെപോകരുത്.പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും മറുനാടന്‍ മലയാളി പത്രത്തിന്റെ എഡിറ്റര്‍ ഷാജന് സക്റിയായുടെയുമാണ്.
സതീശന്റെ വനവാസപ്രഖ്യാപനം
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു ‘ഡൂ ഓര് ഡൈ’ പോരാട്ടമാണ്. നൂറു സീറ്റെന്ന മാന്ത്രിക സംഖ്യ തികച്ച് അധികാരം പിടിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയവനവാസത്തിനു പോകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കരുനീക്കങ്ങള്‍ തകൃതിയായി നടക്കവേ സതീശന്റെ ഒരു മുഴംമുന്നേയുള്ള ഏറാണ് നൂറുസീറ്റ് പ്രഖ്യാപനം. വനവാസമാണോ സിംഹാസനമാണോ സതീശനു വിധിച്ചിരിക്കുന്നതെന്ന് നാളെ അറിയാം.
മറുനാടന്‍ ഷാജനും പിണറായിസവും
പിണറായിസത്തിനെതിരെയുള്ള മുന്നണിപോരാളിയാണ് മറുനാടന്മലയാളി പത്രത്തിന്റെ എഡിറ്റര്‍ ഷാജന് സ്കറിയ. പിണറായി വിജയന് ഹാട്രിക് വിജയം നേടിയാല്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ടുള്ള തന്റെ റിപ്പോര്‍ട്ടിംഗ് നിര്‍ത്തുമെന്നാണ് ഷാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കാരണം തന്റെ ഇത്രയും നാളത്തെ വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും ജനം മുഖവിലയ്കകെടുത്തില്ലെന്നാണ് എല്‍ഡിഎഫ് വിജയിച്ചാല്‍ മനസിലാക്കേണ്ടതെന്ന് ഷാജന് പറയുന്നു. അതിനാല്‍ ‘പിണറായി വീണ്ടും ജയിച്ചാല്‍ വിമര്‍ശനം നിര്‍ത്തും’ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
രാഷ്ട്രീയഭാവിയും നിലപാടുകളും മാറ്റിയെഴുതും
ചുരുക്കത്തില്‍, ഈ തിരഞ്ഞെടുപ്പ് ഫലം നിയമസഭയിലെ സീറ്റുകള്‍ മാത്രമല്ല, ചിലരുടെ രാഷ്ട്രീയ ഭാവിയും ചിലരുടെ മാധ്യമ നിലപാടുകളും കൂടി മാറ്റിയെഴുതും!

