കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര

0
74

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വരുമ്പോള്‍ കര്‍ഷകരെല്ലാം ഏറെ പ്രതീക്ഷയിലായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഉറപ്പായും കര്‍ഷകര്‍ക്കനുകൂലമായി നിരവധി പദ്ധതികള്‍ കാണും. പക്ഷേ എന്തു പ്രഖ്യാപനമുണ്ടായാലും നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ. ഒരുമുന്‍ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഒരു കിടിലന്‍ കര്‍ഷകപദ്ധതിയോട് കേരളത്തിലെ ഒരു ബാങ്ക് കാണിച്ച നിഷേധാത്മക സമീപനത്തിന്റെ ഇരയാകേണ്ടിവന്നതിന്റെ വിവരണം.

രണ്ടായിരാമാണ്ടിന്റെ പിറവിയോടെ ഒത്തിരി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച അനേകരില്‍ ഒരാളായിരുന്നു ഞാനും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനായി മോദി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തിന് ഏതാണ്ട് 2600 കോടി രുപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ സ്‌കീമിലേക്ക് അപേക്ഷകരായി ആരുമെത്തുന്നില്ലെന്നും അതിനേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘമെത്തുന്നുവെന്നുമുള്ള വാര്‍ത്ത അതിപ്രാധാന്യത്തോടെയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ വന്നത്. കൂടാതെ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സക്റിയയും ഇതിനെക്കുറിച്ച് വീഡിയോ ചെയ്തിരുന്നു. കേരളത്തിലെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്രയും മികച്ച ഒരു പദ്ധതിയോട് അനുകൂലമായി പ്രതികരിക്കാത്തതില്‍ ഷാജന്‍ ഉത്കണ്ഠപ്പെടുന്നുമുണ്ട്.

അതിന്റെ തൊട്ടടുത്ത ദിവസംതന്നെ പാലായില്‍ വെച്ച് ഒരു കര്‍ഷകസംഘടന നടത്തിയ സെമിനാറില്‍ പങ്കെടുക്കാനിടയായി. അവിടെ ഒരു ക്ലാസെടുത്തത് ഇപ്പറഞ്ഞ സ്‌കീമിന്റെ കേരളത്തിലെ സോണല്‍ ഓഫീസറായിരുന്നു. ഓരോ കര്‍ഷകനും രണ്ടു കോടി രൂപ വരെ ലോണ്‍ ആയി അനുവദിക്കുമെന്നും കോളാക്ടറല്‍ സെക്യൂരിറ്റി വേണ്ടെന്നും തിരിച്ചടവിനു രണ്ടു വര്‍ഷം മോറട്ടോറിയം ഉണ്ടെന്നും പലിശയ്ക്കും സബ്സിഡിയുണ്ടെന്നുമൊക്കെയുള്ള ലോണിന്റെ സവിഷേതകള്‍ അവര്‍ വിവരിച്ചു. പങ്കെടുത്ത കര്‍ഷകരെല്ലാം വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. പക്ഷേ ഒരു കര്‍ഷകന്‍ മാത്രം ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എണീറ്റ് നിന്ന് സംസാരിച്ചു. നിങ്ങളിങ്ങനെ വന്നു പറഞ്ഞിട്ടു പോകും ബാങ്കില്‍ ചെല്ലുമ്പോ അവര് ഞങ്ങളെ മൈന്‍ഡ് ചെയ്യില്ലെന്നതായിരുന്നു അങ്ങേരുടെ വാദം. ഏറെ ഓടി വലഞ്ഞതിന്റെ ക്ലേശം അയാളുടെ ശരീരഭാഷയിലുണ്ടായിരുന്നു. പക്ഷേ സദസിന്റെ ആവേശതിരയിളക്കത്തില്‍ അയാളുടെ ശബ്ദം മുങ്ങിപ്പോയി. ബാങ്കുകളെ നേരിട്ടു സമീപിക്കുകയല്ലെന്നും എല്ലാം നോക്കിനടത്താന്‍ ഡല്‍ഹിയില്‍ പ്രൊജക്ട് മോണിറ്ററിംങ് യൂണിറ്റ് ഉണ്ടെന്നും അവരാണ് പ്രൊജക്ടുകള്‍ വേരിഫൈ ചെയ്ത് ബാങ്കുകള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നതെന്നും എന്തു സഹായത്തിനും സോണല്‍ ഓഫീസറായ താനുണ്ടെന്നും അവര്‍ വാചാലയായി.

അന്നു രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. ഒടുവില്‍ അത് സംഭവിക്കുകയാണ്…കൊളാക്ടറല്‍ സെക്യൂരിറ്റി വേണ്ട, പലിശ കുറവ്, തിരിച്ചടവിനു മോറട്ടോറിയം, രണ്ടു കോടിരൂപവരെ ലോണ്‍- വേണ്ടതൊന്നുമാത്രം നല്ല ഒരു പ്രൊജക്ട്. പാതിരാത്രി കിടക്കയില്‍നിന്ന് ചാടിയെണീറ്റു. പ്രൊജക്ട് കഴിഞ്ഞ പത്തുവര്‍ഷമായി കൈയിലുണ്ടല്ലോ. കര്‍ഷകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വില്‍ക്കാനൊരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം.
കേരളകിസാന്റെ പ്രോജക്ട് റിപ്പോര്‍ട്ട് നേരത്തെ തന്നെ സ്വയം തയാറാക്കിവെച്ചിരുന്നതാണ്. പിറ്റേന്നുതന്നെ പാലായിലെ ഒരു സിഎക്കാരനെ സമീപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കക്ഷി കണക്കുകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് ബാങ്കുകള്‍ക്ക് സമര്‍പ്പിക്കാവുന്ന രീതിയില്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിത്തന്നു. 6-10-22 രാവിലെ പത്തിന് എഐഎഫിന്റെ വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 10.57ന് ഒരു മറുപടി സന്ദേശംവന്നു. പ്രോജക്ടിനായി താങ്കള്‍ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ കുറച്ചുകൂടി വിവരങ്ങള്‍ വേണമെന്നുള്ളതായിരുന്നു അത്. അത് ഞാന്‍ അന്നുതന്നെ വൈകുന്നേരം 3.45ന് സൈറ്റില്‍ സബ്മിറ്റ് ചെയ്തു. വൈകുന്നേരം 5.00ന് എനിക്ക് വീണ്ടും സന്ദേശം വന്നു. റിപ്പോര്‍ട്ട് കുറച്ചുകൂടി സമഗ്രമായിരിക്കണം. അതോടൊപ്പം End productന്റെ ഫ്‌ളോചാര്‍ട്ടും ഉള്‍പ്പെടുത്തണം. അങ്ങനെ വീണ്ടും DPR സബ്മിറ്റ് ചെയ്യണമെന്നായിരുന്നു സന്ദേശം. അതോടൊപ്പം തന്നെ ഒരു പ്രോജക്ട് റിപ്പോര്‍ട്ടിന്റെ മാതൃകയും അയച്ചുതന്നു. എനിക്ക് വളരെ അത്ഭുതം തോന്നി. ഇത്ര കാര്യക്ഷമമായിട്ടാണല്ലോ ആ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കുവേണമെങ്കില്‍ പ്രോജക്ട് ശരിയല്ല എന്നുപറഞ്ഞ് തള്ളിക്കളയാമായിരുന്നു. പക്ഷേ ഒരു കര്‍ഷകനെ കൈപിടിച്ചുയര്‍ത്താന്‍ കൂടെനില്‍ക്കുന്ന AIFന്റെ സമീപനത്തില്‍ എനിക്ക് അഭിമാനം തോന്നി. 7-10-22ന് രാവിലെ 8.15ന് ഞാന്‍ അവര്‍ പറഞ്ഞപ്രകാരം DPR സബ്മിറ്റ് ചെയ്തു. അന്ന് 11.45 ആയപ്പോള്‍ വീണ്ടും സന്ദേശമെത്തി. താങ്കളുടെ പ്രോജക്ട് verify ചെയ്ത് താങ്കള്‍ നിര്‍ദേശിച്ച ബാങ്കിലേക്ക് forward ചെയ്‌തെന്നായിരുന്നു സന്ദേശം. ഞാന്‍ എന്റെ സര്‍ക്കാറില്‍ അഭിമാനം കൊണ്ടു. കാരണം, എത്രവേഗമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ എസ്ബിഐ തിടനാട് ബ്രാഞ്ചില്‍ നിന്നും ലോണ്‍ ഓഫീസര്‍ വിളിച്ചു. നാളെത്തന്നെ, പറ്റുമെങ്കില്‍ ഇന്നുതന്നെ ബാങ്കിലേക്ക് വരണം. ലോണിന്റെ കാര്യം സംസാരിക്കാനാണ്. വൈകരുതെന്നും പത്തുദിവസത്തിനുള്ളില്‍ അവര്‍ക്ക് പേപ്പറുകള്‍ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. പിറ്റേന്നുതന്നെ ഞാന്‍ നെഞ്ചുവിരിച്ച് ബാങ്കിലേക്ക ചെന്നു. കാരണം അഭിമാനത്തോടെ കയറിചെല്ലാം. ലോണ്‍തരുന്നതിനായി ബാങ്ക് എന്നെ ഇങ്ങോട്ടു വിളിച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു ബഹുമാനം ലഭിക്കുന്നത് ആദ്യത്തെ അനുഭവമായിരുന്നു. പത്തുദിവസത്തിനുള്ളില്‍ ലൈസന്‍സുകള്‍, വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ ക്വട്ടേഷനുകള്‍, ജിഎസ്ടി തുടങ്ങിയവ റെഡിയാക്കി ബാങ്കില്‍ സമര്‍പ്പിക്കണം. വൈകരുതെന്ന് ഓഫീസര്‍ പ്രത്യേകം പറഞ്ഞു. ഓഫീസറുടെ സ്‌നേഹത്തോടെയുള്ള സമീപനംകൂടിയായപ്പോള്‍ ലോണ്‍കിട്ടുമെന്നു തന്നെ ഞാന്‍ ഉറപ്പിച്ചു. സ്റ്റേറ്റ് ബാങ്കില്‍ നിന്നും ഇത്തരമൊരു അനുകൂല സമീപനം പറഞ്ഞുകേട്ടിട്ടില്ല. ഇതോടെ എനിക്ക് ഉത്സാഹം കൂടി. ഞാന്‍ നേരെപഞ്ചായത്തിലേക്ക് വെച്ചുപിടിച്ചു. ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് വേണമെന്ന് സെക്രട്ടറിയോട് പറഞ്ഞു. ഇ കൊമേഴ്‌സ് എന്ന ഒരു സംഭവം ഈ പഞ്ചായത്തിലില്ലെന്നും അതിനെക്കുറിച്ച് പഠിച്ചിട്ടേ ലൈസന്‍സ് തരാനാവൂവെന്നുമായി സെക്രട്ടറി. സംസാരംകേട്ടുനിന്ന വ്യവസായ വകുപ്പിലെ പഞ്ചായത്തിലെ ഇന്റേണ്‍ എന്നെ വിളിച്ചു കൊണ്ടുപോയി തത്കാലം കെസ്വിഫറ്റ് ലൈസന്‍സ് തരാമെന്നും ഉദ്യം ലൈസന്‍സും എടുത്തുതരാമെന്നു പറഞ്ഞു. കക്ഷി അപ്പോള്‍ത്തന്നെ രണ്ടും എടുത്തുതന്നു. പിന്നെ ജിഎസ്ടി എടുത്തു, ക്വട്ടേഷനുകള്‍ വാങ്ങി. പത്തുദിവസത്തിനുള്ളില്‍ ബാങ്കില്‍ എല്ലാം സമര്‍പ്പിച്ചു. ബ്രാഞ്ചിലല്ല ഇതു പരിശോധിക്കുന്നതെന്നും പാലായിലുള്ള SBIയുടെ റാസ്‌മെക് (ലോണുകള്‍ procsse ചെയ്യുന്ന ഓഫീസ്)ലാണെന്നും അവിടെനിന്നും വിളിക്കുമെന്നും എത്രയും പെട്ടെന്ന് ലോണ്‍ ശരിയാകുമെന്നും ഓഫീസര്‍ പറഞ്ഞു.

ഒരു സംരംഭകനാകുന്നത് സ്വപ്നം കണ്ട് എന്റെ പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകി ദിവസങ്ങള്‍ നീങ്ങവെ എസ്ബിഐ ഓഫീസില്‍ നിന്നും ഒരു വിളിയെത്തി. ഒരു ലേഡിയായിരുന്നു. ടെലി ഇന്റര്‍വ്യൂവിന് വിളിച്ചതാണെന്ന് അവര്‍ പറഞ്ഞു. പ്രോജക്ടിനെക്കുറിച്ചും അതിന്റെ ്viabilityയെക്കുറിച്ചും അവര്‍ ചോദിച്ചു. ഞാന്‍ ഉത്തരങ്ങളും നല്‍കി. അതുകഴിഞ്ഞുള്ള അവരുടെ ചോദ്യങ്ങളുടെയും എന്റെ ഉത്തരങ്ങളുടെയുംഏകദേശരൂപം ഇങ്ങനെ:

ഓഫീസര്‍: താങ്കള്‍ ഇതിന് കൊളാട്രല്‍ സെക്യൂരിറ്റി എന്താണ് തരുന്നത്.

ഞാന്‍: ഈ സ്‌കീമിന് കൊളാ്ട്രല്‍ സെക്യൂരിറ്റി വേണ്ടല്ലോ മാഡം.

ഓഫീസര്‍: ഇത്രവലിയ തുകയുടെ ലോണ്‍ ആയതിനാല്‍ വര്‍ഷംതോറും രണ്ടു ശതമാനം പലിശ എക്സ്ട്രാ തരേണ്ടിവരും.

ഞാന്‍: സ്‌കീമിലും അക്കാര്യങ്ങള്‍ വിവരിക്കുന്ന സൈറ്റിലും ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പറയുന്നില്ലല്ലോ മാഡം..

ഓഫീസര്‍: നിങ്ങള്‍ക്കിത് തിരിച്ചടയ്ക്കാന്‍ പറ്റുമോ…

ഞാന്‍: ഇതേ പോലെയുള്ള ഇ കൊമേഴ്സ് സൈറ്റുകള്‍ വിജയകരമായി ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടല്ലോ. ഇതു കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി മാത്രമാണെന്നതാണ് ഒരു പ്രത്യേകത. പിന്നെ രണ്ടു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയവും ഉണ്ടല്ലോ. അതിനുള്ളില്‍ വിജയകരമാക്കാന്‍ സാധിക്കും.

ഓഫീസര്‍: രണ്ടു വര്‍ഷമൊന്നും മോറട്ടോറിയം തരാന്‍ സാധിക്കില്ല..

ഞാന്‍: AIF പറയുന്നത് രണ്ടു വര്‍ഷം മോറട്ടോറിയം ഉണ്ടെന്നാണല്ലോ…

ഓഫീസര്‍: ബാങ്കിന്റെ രീതികള്‍ ഇങ്ങനെയാണ്.

ഇതേരീതിയില്‍ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു സംസാരിച്ചിട്ട് അതങ്ങനെ അവസാനിച്ചു. AIF ന്റെ സ്‌കീമില്‍ പറഞ്ഞിരിക്കുന്നതിന് നേര്‍വിരുദ്ധമാണ് ബാങ്കിന്റെസമീപനമെന്ന് വ്യക്തമായി. ലോണെടുക്കാന്‍ വരുന്നവരോടുള്ള പുച്ഛം അവരുടെ സംസാരത്തില്‍ ഉടനീളം നിഴലിച്ചിരുന്നു.

20-10-22 വൈകുന്നേരം 5ന് നേരത്തെ വിളിച്ച ലേഡി ഓഫീസര്‍ വീണ്ടും വിളിച്ചു. ഒരു മെയില്‍ അയച്ചിട്ടുണ്ടെന്നും അതിന് സമ്മതംമൂളി മറുപടി അയക്കണമെന്നുമായിരുന്നു ആവശ്യം. മെയിലിന്റെ ഉള്ളടക്കം ഇങ്ങനെ: താങ്കളുടെ പ്രോജക്ട് വിദഗ്ദ്ധനെക്കൊണ്ട പരിശോധിപ്പിക്കണമെന്നും അതിന് അയാള്‍ക്കു ഫീസായി 10000രൂപയില്‍ കൂടാത്ത തുക അടയ്ക്കണമെന്നും. ലോണ്‍ പാസായാലും ഇല്ലേലും ഈ തുക ബാങ്ക് ഈടാക്കും. അതിന് ഞാന്‍ സമ്മതം മൂളിയാല്‍ മാത്രമേ അവര്‍ മുന്നോട്ടുപോകൂ.

ഞാന്‍ ഇങ്ങനെ മറുപടി എഴുതി: വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിന് എനിക്കു സമ്മതമാണ്. ലോണ്‍ പാസായാല്‍ എന്റെ ലോണ്‍തുകയില്‍ നിന്നും മേല്‍പ്പറഞ്ഞ തുക ഈടാക്കാം. ലോണ്‍ പാസാകാതിരുന്നാല്‍ ഇത്രയും തുക ഞാന്‍ വെറുതെ ബാങ്കിന് എന്തിനു നല്‍കണം. ഇത് കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സ്‌കീമാണ്. ഇത്തരം സ്‌കീമുകളില്‍ ബാങ്ക് ഇങ്ങനെയുള്ള ഫീസുകള്‍ കാലേക്കൂട്ടി മേടിക്കരുത്.

സ്‌കീമിലില്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഡല്‍ഹിയില്‍ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിനെ(PMU) അറിയിക്കണമെന്ന് എനിക്കുതോന്നി. ഞാന്‍ ഇക്കാര്യങ്ങള്‍ വിശദികരിച്ച് PMU ന് ഒരു മെയില്‍ അയച്ചു. മറുപടിയൊന്നും വന്നില്ല. പക്ഷേ രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ബ്രാഞ്ചില്‍ നിന്നും വിളിച്ച്, സാര്‍ പരാതി കൊടുത്തത് മോശമായിപ്പോയെന്നു പറഞ്ഞു. ഞാന്‍ പരാതിയല്ല കൊടുത്തതെന്നും ഇങ്ങനെയൊക്കെയാണോ ഈ സ്‌കീം പ്രവര്‍ത്തിക്കുന്നതെന്ന് ക്ലാരിഫിക്കേഷന്‍ തേടിയതാണെന്നും മറുപടി പറഞ്ഞു. പിറ്റേന്ന് വൈകുന്നേരം പാലായിലെ ചീഫ് ഓഫീസില്‍ നിന്നും ഓഫീസര്‍ വിളിച്ചു. സാറിന്റെ പ്രൊജക്ട് സ്‌പെഷ്യല്‍ കേസായി എടുത്ത് പരിശോധിക്കാന്‍ എക്‌സ്‌പേര്‍ട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞു. ലോണ്‍ പാസായാല്‍ ഞാന്‍ ഫീസ് അടച്ചുകൊള്ളാമെന്ന് വീണ്ടും പറഞ്ഞു. സാര്‍ ബാങ്കിനെതിരെ പരാതികൊടുത്തത് മോശമായി പോയെന്ന് ഓഫീസര്‍ പറഞ്ഞു. എന്റെ മറുപടി ഇങ്ങനെയായിരുന്നു: ഒന്നുകില്‍ ബാങ്ക് തീരുമാനിക്കുന്നതുപോലെയാണ് ലോണ്‍ എന്നു വ്യക്തമാക്കുക. അതല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ സ്‌കീമനുസരിച്ചാണ് ലോണ്‍ എന്നു പറയുക. രണ്ടിലേതെങ്കിലും ഒന്നേ പാടുള്ളു. സര്‍ക്കാര്‍ കര്‍ഷകനെ സഹായിക്കുന്നുവെന്നു പറയുകയും ബാങ്കുകളുടെ മുന്നിലേക്ക് അവരെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന രീതി ശരിയല്ല. സര്‍ക്കാര് ഒരു സ്‌കീം പറയും ബാങ്കില്‍ വരുമ്പോള്‍ അതിനു കടകവിരുദ്ധവും, അതുശരിയല്ല. ഏറെ നേരം തര്‍ക്കിച്ച ശേഷം സംഭാഷണം അവസാനിച്ചു.

അപ്പോഴേക്കും എനിക്ക് ഒരുകാര്യം വ്യക്തമായി. ലോണ്‍ എങ്ങനെ കൊടുക്കാതിരിക്കണമെന്നതിനാണ് ബാങ്ക് ശ്രമിക്കുന്നത്. കൊളാക്ട്രല്‍ സെക്യൂരിറ്റി വെച്ച് ലോണ്‍ പാസാക്കാനാണെങ്കില്‍ എനിക്ക് PMUവിനെ സമീപിക്കേണ്ട കാര്യമില്ലല്ലോ, നേരിട്ട് ബാങ്കിനെ സമീപിച്ചാല്‍ പോരേ.

07-11-22ന് ബാങ്കില്‍ നിന്നും എനിക്ക് അടുത്തമെയില്‍ വന്നു. അതിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്: 1. വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ തരില്ല. 2. കെട്ടിടത്തിന്റെ സെക്യൂരിറ്റി തിരിച്ചുകിട്ടുന്നതായതിനാല്‍ അതു തരില്ല. 3. മാര്‍ക്കറ്റിംഗ് എങ്ങനെ എന്നു തുടങ്ങി ഏതാനും കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം വേണം.

അവര്‍ പറഞ്ഞ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഞാന്‍ വീണ്ടും പ്രോജക്ട് സമര്‍പ്പിച്ചു.

AIFന്റെ സ്‌കീമില്‍ പറഞ്ഞിരിക്കുന്നത് പ്രോജക്ടിന്റെ 10 ശതമാനം സംരംഭകനെടുക്കണമെന്നും ബാക്കി ബാങ്ക് ലോണ്‍ തരുമെന്നുമാണ്.

24-11-22ന് എനിക്ക് ഒരു മെസേജ് വന്നു. താങ്കളുടെ പ്രോജക്ട് റിജെക്ട് ചെയ്തിരിക്കുന്നു. പ്രോജക്ടില്‍ പറഞ്ഞിരിക്കുന്നതൊന്നും വ്യക്തമല്ലെന്നാണ് AIFന്റെ സൈറ്റില്‍ തള്ളാനുള്ള കാരണമായി ബാങ്ക് പറയുന്നത്. പിന്നാലെ ബാങ്കില്‍ നിന്നും വിളിച്ചു. ലോണ്‍ പ്രപ്പോസല്‍ തള്ളിയെന്നും പ്രോജക്ട് പാലായില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ തിരികെ മേടിച്ചോണ്ടു പോകണമെന്നും പറഞ്ഞു. രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ ബാങ്കില്‍ പോയി ഫയല്‍ തിരികെ വാങ്ങി. ഫയലിലുള്ള ലോണ്‍ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വായിച്ച് ഞാന്‍ ഞെട്ടി. AIFന്റെ സൈറ്റില്‍ ലോണ്‍ തള്ളിയത് 24-11-22ന്. എനിക്കു തന്ന ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ കമ്മിറ്റി കൂടി ലോണ്‍ തള്ളിയത് 5-12-22ന് 11 മണിക്ക്. പ്രോജക്ട് തള്ളാനുള്ള കാരണമായി അതില്‍ AIF സൈറ്റില്‍ കൊടുത്തതിനേക്കാള്‍ ഒരു കാരണം കൂടിയുണ്ട- ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിന് പൈസ കൊടുക്കാന്‍ ഇയാള്‍ വിസമ്മതിച്ചു.

പൈസ കൊടുക്കാത്തതിനാണ് തള്ളുന്നതെങ്കില്‍ ബാങ്ക് എന്തിനാണ് ഈ നാടകമെല്ലാം കളിച്ചത്.

ഈ വിവരങ്ങളെല്ലാം കാണിച്ച് ഞാന്‍ PMUവിന് വീണ്ടും എഴുതി. നാളിതുവരെയായിട്ടും എനിക്ക് ഒരു മറുപടി അവിടെ നിന്നും കിട്ടിയില്ല.

ഇതുപോലെ എത്രയോ പേര്‍ക്ക് ഇങ്ങനെ അനുഭവങ്ങളുണ്ടായിക്കാണും. പ്രധാനമന്ത്രി മോഡിക്ക് ഇതിനെക്കുറിച്ച് എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം മോദിജിയുടെ കര്‍ഷകര്‍ക്കായുള്ള അഭിമാന പ്രോജക്ടാണല്ലോ ഇത്. ആ സകീമിനെ SBI അട്ടിമറിക്കുന്നതെങ്ങനെ എന്ന് അദ്ദേഹത്തെ അറിയിക്കേണ്ടത് എന്റെ കടമയായി എനിക്കു തോന്നി. Write to PM സൈറ്റില്‍ കയറി പരാതികൊടുത്താല്‍ ഉടന്‍ നടപടിയാണെന്നു വായിച്ചുള്ള അറിവാണ് ഇതിനു പ്രേരിപ്പിച്ചത്. വിശദമായി തന്നെ എഴുതി സൈറ്റില്‍ സബ്മിറ്റ് ചെയ്തു.

14-11ന് അയച്ച പരാതിക്ക് 17-11ന് നടപടിയായതായി മെസേജ് വന്നു. ഞാന്‍ അയച്ച പരാതി അവിടെ നിന്നുംനേരെ കേരളമുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് പോയി. ഒരു മാസത്തോളം അവിടെയിരുന്നു. 21-01-23ന് പരാതി കൃഷി വികസന ഡയറക്ടര്‍ക്ക് അയച്ചതായി സന്ദേശം വന്നു. 23-01-23ന് പരാതി കോട്ടയത്തെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അയച്ചതായി മെസേജ്. 03-02-23 ന് കോട്ടയത്തെ കൃഷി ഓഫീസറുടെ മെസേജെത്തി താങ്കളുടെ പരാതി പരിഹരിച്ചെന്ന്. തൊട്ടുപിന്നാലെ CMOയില്‍ നിന്നും മെസേജെത്തി താങ്കളുടെ പരാതി പരിഹരിച്ചതായിട്ട്. തൊട്ടുപിന്നാലെ PMO സൈറ്റില്‍ നിന്നും മെസേജെത്തി പരാതി പരിഹരിച്ചതായി. എല്ലാവരും പരിഹരിച്ചെന്നു പറയുമ്പോഴും എങ്ങനെയാണ് പരിഹരിച്ചതെന്ന് പരാതിക്കാരന് ഒരു വിവരവും ഇല്ല. അതു വിശദീകരിച്ചുകൊണ്ടുള്ള മെയിലോ മറ്റൊന്നുമോ ലഭിച്ചില്ല. അന്നുതന്നെ PMO യില്‍ നിന്നാണെന്നും പറഞ്ഞ് ഒരു ലേഡി വിളിച്ചു. താങ്കളുടെ പരാതി പരിഹരിച്ചെന്നും അതില്‍ താങ്കള്‍ തൃപ്തനാണോയെന്ന് ആരായുന്നതിനാണ് വിളിക്കുന്നതെന്നും പറഞ്ഞു. അതിന്റെ സാരാംശം ഇങ്ങനെ:

ഞാന്‍: മാഡം, പരാതി എങ്ങനെ, ഏതുരീതിയിലാണ് പരിഹരിച്ചതെന്നറിയാതെ ഞാന്‍ തൃപ്തനാണോയെന്നെങ്ങനെ പറയും. മാഡത്തിനു വല്ല വിവരവുമുണ്ടോ പരാതി പരിഹരിച്ചതെങ്ങനെയെന്ന്.

മാഡം: ഇവിടെ അതുസംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല.

ഞാന്‍: അതുശരി, പരാതി കൊടുത്തയിടത്ത് പരാതിയെങ്ങനെ പരിഹരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭ്യമല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ. ഞാന്‍ PMOയ്ക്ക പരാതി തന്നു, പരാതി പരിഹരിച്ചത് ഇവിടത്തെ കൃഷി ഓഫീസര്‍. കൃഷി ഓഫീസറുമായിട്ട് എന്റെ പരാതിക്ക് ഒരു ബന്ധവുമില്ല. എന്റെ പരാതി കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ഡ്രീം സ്‌കീം ഇവിടെ SBI അട്ടിമറിച്ചതിനെക്കുറിച്ചതാണ്.

മാഡം: അതു സാര്‍…

ഞാന്‍: ഏതായാലും നിങ്ങള്‍ വിളിച്ചതില്‍ വളരെ സന്തോഷം. എനിക്ക് ഇതു പറയാന്‍ സാധിച്ചല്ലോ. ഇക്കാര്യം പറയാനായിട്ട് എനിക്ക് ഡല്‍ഹിക്ക് വരാന്‍ പറ്റില്ലല്ലോ. ഇനി ഞാന്‍ ഇക്കാര്യം പറഞ്ഞ് വീണ്ടും പരാതി നല്‍കണോ…

മാഡം: അതായിരിക്കും നല്ലത്…

ഞാന്‍: ബാങ്കുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവിടെ കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നതിനും അതിനെക്കുറിച്ച് ഒരു പരാതി തന്നാല്‍ ്അതെങ്ങനെ അട്ടിമറിക്കുന്നുവെന്നതിനുമുള്ള ഏറ്റവും നല്ല ഉദാഹരണമാണിത്.

സംഭാഷണം അങ്ങനെ അവസാനിച്ചു.

04-02-23 ന് പരാതി പരിഹരിക്കപ്പെട്ടില്ല എന്നു കാണിച്ചും എനിക്കുണ്ടായ അനുഭവം കാണിച്ച് വീണ്ടും PMOയ്ക്ക് പരാതി നല്‍കി. ഇപ്രാവശ്യം അത് എന്തായാലും കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തില്ല. പിഎം ഓഫീസില്‍ Under secreatary യുടെ കീഴില്‍ നിന്നും പരാതി നേരേ കേന്ദ്ര ഫിനാന്‍സ് ബാങ്കിംഗ് വിഭാഗത്തിലേക്ക്. അവിടെ നിന്നും എസ്ബിഐ മുംബൈ ഓഫീസ് വഴി തിരുവനന്തപുരത്ത് എസ്ബിഐ ലോക്കല്‍ ഹെഡ് ഓഫീസിലേക്ക്. അവിടെ നിന്നും 15-02-23ന് കസ്റ്റമര്‍ കെയര്‍ അസി.ജനറല്‍മാനേജര്‍ വിളിച്ചു. താങ്കളുടെ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അയച്ചുതരണമെന്നായിരുന്നു അവരുടെ ആവശ്യം. അന്നു തന്നെ വിവരങ്ങള്‍ അവര്‍ക്ക് മെയില്‍ ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് 17-02-23ന് എസ്ബിഐ തിടനാട് ബ്രാഞ്ച് മാനേജരുടെ ഒരു മെയില്‍ എത്തി. അതിന്റെ ചുരുക്കം ഇങ്ങനെ: താങ്കളുടെ പരാതി ലഭിച്ചതനുസരിച്ച് ഒരു വിവരം ധരിപ്പിക്കുന്നു. താങ്കളുടെ പ്രോജക്ട് ഇവിടെ നിന്നും ഞങ്ങള്‍ Rasmec Pala യ്ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ അത് താഴെപ്പറയുന്ന കാരണങ്ങളാല്‍ തള്ളി. – തുടര്‍ന്ന് അന്ന് എനിക്ക് അയ്ച്ചു തന്ന കാരണങ്ങള്‍ നിരത്തിയിരിക്കുന്നു.
ഞാന്‍ അന്നു തന്നെ മാനേജര്‍ക്ക് ഒരു മറുപടി അയച്ചു. അതിങ്ങനെ: ഞാന്‍ താങ്കള്‍ക്ക് ഒരു പരാതിയും നല്‍കിയിട്ടില്ല. പിന്നെന്തിനാണ് പരാതി ലഭിച്ചെന്നും പറഞ്ഞ് എനിക്ക് മറുപടി തരുന്നത്. ഞാന്‍ പരാതി നല്‍കിയത് PMOയ്ക്കാണ്. അവര്‍ എനിക്കു മറുപടി തരട്ടെ. ഇത് പരാതി പരിഹരിച്ചുവെന്നും പറഞ്ഞ് വെബ്സൈറ്റില്‍ ഇട്ടിട്ട് പരാതി ക്ലോസ് ചെയ്യുവാനുള്ള നാടകത്തിന്റെ ഭാഗമാണെന്നും എന്റെ പരാതികള്‍ എന്തൊക്കെയായിരുന്നുവെന്നും ഞാന്‍മറുപടി മെയിലില്‍ വ്യക്തമാക്കി.

ഞാന്‍ ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. 23-02-23ന് പരാതി പരിഹരിച്ചുവെന്നും പറഞ്ഞ് എനിക്ക് മെസേജ് വന്നു. വെബ്സൈറ്റില്‍ കയറി നോക്കിയപ്പോള്‍ മാനേജര്‍ എനിക്കയച്ച കത്തിന്റെ കോപ്പിയാണ് പരാതി പരിഹരിച്ചതിന്റെ തെളിവായി കൊടുത്തിരിക്കുന്നത്. കൂടെ ഒരു Remark ഉം: The petitioner has been advised suitably, copy enclosed. ഇങ്ങനെയാണോ ഒരു പരാതി പരിഹരിക്ക്പ്പെടേണ്ടത്. എന്തിനേക്കുറിച്ചാണ് പരാതിപ്പെട്ടത്, അതിനെക്കുറിച്ച് നിശബ്ദത പാലിച്ചിരിക്കുന്നു. വെറുതെ ഒരു നാടകം. SBI Rasmec എന്നോടാവശ്യപ്പെട്ട അഞ്ചു കാര്യങ്ങള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടുന്നില്ല.

അവ ഇതാണ്: i. need collateral security, ii. SBI does not allow 90% of the project cost, iii. need extra 3% interest yearly, iv. no moratorium for repayment, v. .30% of the project cost as an expert fee.
ഫോണിലൂടെ Rasmec Palaയിലെ ഓഫീസര്‍ ആവശ്യപ്പട്ടതിന് ഞാന്‍ സമ്മതം മൂളാതിരുന്നതിനാണ് പ്രൊജക്ട് ശരിയല്ലെന്ന് പറഞ്ഞ് തള്ളിയത്. PMU വേരിഫൈ ചെയ്ത് ബാങ്കിലേക്ക് ഫോര്‍വേര്‍ഡ് ചെയ്ത പ്രോജക്ട് എങ്ങനെയാണ് viable അല്ലാത്തത് ആയത്. ബാങ്ക് ആണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെങ്കില്‍ PMU എന്തിനാണ്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, പരാതി പരിഹാരത്തില്‍ ഞാന്‍ തൃപ്തനല്ലെന്ന് കാണിച്ച് pgportal.gov.in ലൂടെ അപ്പലൈറ്റ് അതോറിറ്റിക്ക് 25-2-23ന് പരാതി നല്‍കി. 9-3-23 ന് എനിക്ക് Rasmecc അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ ഒരു മെയില്‍ വന്നു. അവര്‍ പൂര്‍ണമായും നല്ല പിള്ള ചമഞ്ഞുകൊണ്ടുള്ള മെയിലായിരുന്നു അത്. പ്രോജക്ട് തള്ളാന്‍ മൂന്നു കാരണങ്ങളാണ് അതില്‍ പറഞ്ഞത്. പ്രോജക്ടില്‍ അവ്യക്തതകളുണ്ടെന്നും പൂര്‍ണമായിട്ടില്ലെന്നുമായിരുന്നു അത്. (അങ്ങനെ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഞാന്‍ പ്രോജക്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ അതുപറഞ്ഞ് തള്ളാമായിരുന്നല്ലോ.) മൂന്നാമത്തെ കാരണം ഞാന്‍ ഐടി വിദഗ്ദ്ധനെ കൊണ്ട് പ്രോജക്ട് പരിശോധിപ്പിക്കാന്‍ സമ്മതം മൂളിയില്ലെന്നാണ്. (അത് തെറ്റാണ്. ഞാന്‍ സമ്മതംമൂളിയതാണ്.)

ഇത്തരം പ്രോജക്ടുകള്‍ പരിശോധിക്കാനുള്ള പാനല്‍ ബാങ്കുകള്‍ക്കുവേണം. അതിനല്ലെ ഈ ഉദ്യോഗസ്ഥരെയൊക്കെ അവിടെ വെച്ചിരിക്കുന്നത്. അല്ലെങ്കില്‍ അതിനു കഴിവുള്ള ഉദ്യോഗസ്ഥരെ വെക്കണം. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരണം. പ്രോജക്ട് പരിശോധനയ്ക്കായി ഭീമമായ തുക നല്‍കാന്‍ കഴിയില്ലെന്നേ ഞാന്‍ പറഞ്ഞുള്ളു. പ്രോജക്ട് പാസായാല്‍ പണം തരാമെന്നും പറഞ്ഞു. അതല്ലെങ്കില്‍ ഇതുപോലെ എ്ന്തെങ്കിലും കാരണം പറഞ്ഞ് അവര്‍ തട്ടിക്കളയും. എന്റെ പൈസയും പോകും. ഇവിടെ അതുമല്ല കാര്യം, ഇത് കേന്ദ്ര സര്‍്ക്കാരിന്റെ പ്രത്യേക സ്‌കീമാണ്. പതിവു സ്‌കീമുകളില്‍ നിന്നു വ്യത്യസ്തമായി ഇതിന് PMU (പ്രൊജക്ട് മോണിറ്ററിംഗ് യൂണിറ്റ്) എന്നൊരുസംവിധാനമുണ്ട്. അവിടെ പരിശോധന കഴിഞ്ഞിട്ടാണ് ബാങ്കുകളിലേക്ക് കര്‍ഷകരുടെ പ്രോജക്ടുകള്‍ ചെ്ല്ലുന്നത്. എസ്ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നതുപോലെയാണെങ്കില്‍ PMU എന്നു പറയുന്ന സംവിധാനത്തിന്റെ ആവശ്യമില്ലല്ലോ.

ബാങ്കിന്റെ ഭാഗത്തുനിന്നുള്ള 5 പോയിന്റുകളും മെയിലില്‍ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്ന് എണ്ണിപ്പറയുന്നു. എത്രവിദഗ്ദ്ധമായിട്ടാണ് അവര്‍ ആടിനെ പട്ടിയാക്കുന്നതെന്ന് ഈ അഞ്ചു പോയിന്റുകള്‍ വായിച്ചാല്‍ മനസിലാകും. കേന്ദ്രഗവണ്‍മെന്റിന്റെ ഈ സ്‌കീമിന്റെ പ്രത്യേകതകള്‍ അതേപടി ആവര്‍ത്തിക്കുകയാണ് ബാങ്ക്. അവര്‍ മെയിലില്‍ വിവരിക്കുന്നതിന് നേര്‍വിപരീതമായിട്ടാണ് എന്നോട് പെരുമാറിയത്.

മെയിലിന്റെ അവസാനം ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന മട്ടില്‍ ഒരു കുറിപ്പ്: പ്രോജക്ട് ഞങ്ങള്‍ പറഞ്ഞ മാറ്റങ്ങളോടെ വീണ്ടും സബ്മിറ്റ് ചെയ്യാം.

ദൈവം നേരിട്ടിറങ്ങിവന്ന് ഒരു പ്രോജക്ട് സമര്‍പ്പിച്ചാലും ഒരു ബാങ്ക് ഓഫീസര്‍ക്ക് അതുതള്ളണമെന്ന് വിചാരിച്ചാല്‍ സാധിക്കുമെന്ന് എനിക്ക വ്യക്തമായ സ്ഥിതിക്ക് ഇനിയെന്തിന് അത്തരമൊരു പ്രഹസനത്തിന് ഇറങ്ങിപ്പുറപ്പെടണം.

13-3-23ന് എനിക്ക് pgportal-ല്‍ നിന്നും മറുപടി കിട്ടി. അതിങ്ങനെയായിരുന്നു: Your Appeal with Appeal Number has been Disposed of.

ശുഭം…!

ഇപ്പോള്‍ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നുന്നു. എന്റെ കഴിവും സമയവും, കുറച്ചു ഉദ്യോഗസ്ഥരുടെ കരുണയ്ക്കും ദയയ്ക്കും കെഞ്ചി പാഴാക്കിയല്ലോയെന്നോര്‍ത്ത്. ഈ നേരത്ത് പറമ്പിലിറങ്ങി കിളച്ചിരുന്നെങ്കില്‍ ശരീരത്തിനും മനസിനും നല്ലത്, അതിനുപുറമേ എന്തെങ്കിലും രണ്ടു ചക്രം പോക്കറ്റിലും വീണേനെ.

ഈ പ്രോജക്ടിന് അപേക്ഷിച്ചതുമുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ മനസിലാക്കേണ്ടിങ്ങനെ: പൂച്ച എലിയെതട്ടിക്കളിക്കുമ്പോലെ പെരുമാറിയ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും മാന്യതയും. അവരുടെ പിന്നാലെ ഭിക്ഷാംദേഹിയെ പോലെ വലഞ്ഞ എനിക്ക് അപമാനവും ധനനഷ്ടവും മനക്ലേശവും. അവരുടെ ചെലവഴിക്കപ്പെട്ട സമയത്തിന് അവര്‍ക്ക് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും, എന്റെ ചെലവഴിക്കപ്പെട്ട സമയത്തിന് ഒരു വിലയുമില്ലേ.

ഒടുവില്‍ കേരള കിസാന്‍ എന്ന പ്രോജക്ട് SBI Rasmec Pala യുടെ പടിവാതില്‍ക്കല്‍ സമര്‍പ്പിച്ച് ഞാന്‍ പിന്‍വാങ്ങി. പക്ഷേ, ഞാന്‍ പിന്നോട്ടു പോയി എന്നു തെറ്റിദ്ധരിക്കേണ്ട. പിന്നില്‍ നില്‍ക്കുന്നവര്‍ക്കേ പിന്‍തിരിഞ്ഞു നടക്കുന്നതായി തോന്നു. ഞാന്‍ മുന്നോട്ടു തന്നെയാണ് നടക്കുന്നത്.

അധികാരത്തിന്റെയും ഗര്‍വിന്റെയും മത്ത് തലയ്ക്ക് പിടിച്ച ഉദ്യോഗസ്ഥരോട് ഒരു വാക്ക്. നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം നിങ്ങളുടേതല്ല. ഒരു നാള്‍ അവിടെ നിന്ന് നിങ്ങള്‍ക്ക് പടിയിറങ്ങേണ്ടി വരും. റിട്ടയര്‍മെന്റിന്റെ നാളില്‍ ആഘോഷപൂര്‍വം സഹപ്രവര്‍ത്തകര്‍ നിങ്ങളെ വീട്ടിലാക്കി മടങ്ങുമ്പോള്‍ നിങ്ങള്‍ തനിച്ചാകും. പിറ്റേന്ന് മുതല്‍ പുലര്‍ച്ചെ എങ്ങും പോകാനില്ലാതാകും. ഒറ്റപ്പെടലിന്റെ വേദന തിരിച്ചറിയും. അപ്പോളായിരിക്കും വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുക. പിന്നിട്ട വഴികളില്‍ നിങ്ങളാല്‍ വീഴ്ത്തപ്പെട്ട കണ്ണീര്‍ച്ചാലുകളിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്ന സത്യം അപ്പോഴായിരിക്കും തിരിച്ചറിയുന്നത്. പിന്നെയുള്ള നാളുകള്‍ ഉരുകലിന്റേതാണ്. മറക്കരുത്…

Leave A Reply

Please enter your comment!
Please enter your name here