കടക്ക് പുറത്ത്! പിണറായിക്കെതിരെ ഒളിയമ്പുമായി കേന്ദ്രകമ്മിറ്റി!

Date:

തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചുള്ള സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അവലനോകന റിപ്പോര്‍ട്ടില്‍ പറയാതെ പറയുന്നതെന്ത്? പരാജയത്തിന് കാരണം ക്യാപ്റ്റനോ? വൈകിയാണെങ്കിലും സിപിഎം കേന്ദ്രകമ്മിറ്റിയുടെ ഏറ്റുപറച്ചില്‍!
പുഴയിലെ വെള്ളം മുഴുവന്‍ ഒഴുകിപ്പോയി… അതിനുശേഷമാണ് ചിലര്‍ പുഴയില്‍ ചിറ കെട്ടാന്‍ ഇറങ്ങിയിരിക്കുന്നത്!
അതെ, സിപിഎം കേന്ദ്രകമ്മിറ്റി ഇപ്പോള്‍ പുറത്തുവിട്ട തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കാണുമ്പോള്‍ സാധാരണക്കാര്‍ക്കും അണികള്‍ക്കും തോന്നുന്ന ആദ്യത്തെ ചിന്ത ഇതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് ശേഷം, തോല്‍വിയുടെ കാരണങ്ങള്‍ തേടി കേന്ദ്രനേതൃത്വം തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല, നേതാക്കള്‍ക്ക് ആഡംബരഭ്രമമാണ്, ജനങ്ങളില്‍ നിന്ന് അകന്നുപോയി, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍…. അങ്ങനെ നീളുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
ഈ റിപ്പോര്‍ട്ടിനെ ആകെ മൊത്തം ഒറ്റ വാചകം ചുരുക്കി ഇങ്ങനെ പറയാം. ക്യാപ്റ്റന്‍ ബ്രാന്‍ഡ് പിണറായി വിജയന്റെ പരാജയം. ഇക്കാര്യം നേരേ മുഖത്തുനോക്കി പറയാന്‍ കേന്ദ്രകമ്മിറ്റിക്ക് സാധിക്കുന്നില്ലെന്നു മാത്രം.
പക്ഷേ ഇവിടെ ഉയരുന്ന വലിയൊരു ചോദ്യമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഈ കേന്ദ്രകമ്മിറ്റി എവിടെയായിരുന്നു? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും, പാര്‍ട്ടിയിലെ വന്‍ വീഴ്ചകളും തുറന്നുകാട്ടുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. അടിവേര് ഇളകിയ പരാജയം ത്തിന് ശേഷം ഒടുവില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഒരു റിപ്പോര്‍ട്ട് തയാറാക്കി. പാര്‍ട്ടി അണികളെയും വോട്ടര്‍മാരെയും ഞെട്ടിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് അതിലുള്ളത്.
കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്:
ഒന്നാമതായി: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റുതിരുത്തി മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിക്ക് മുകളിലായി സര്‍ക്കാര്‍ മാറി!
രണ്ടാമതായി: പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ആഡംബര ജീവിതവും അഹങ്കാരവും. ജനങ്ങളില്‍ നിന്ന് നേതാക്കള്‍ വല്ലാതെ അകന്നുപോയി.
മൂന്നാമതായി: താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നേതൃത്വം തയാറായില്ല. വിമര്‍ശിച്ചവരെ ഒതുക്കി.
നാലാമതായി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതികളും ബന്ധുനിയമനങ്ങളും പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു.
അവസാനമായി: സാമ്പത്തിക പ്രതിസന്ധിയും, പെന്‍ഷന്‍ മുടങ്ങിയതും, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ പാര്‍ട്ടിക്കെതിരെ തിരിച്ചു.
വാസ്തവത്തില്‍, ഈ റിപ്പോര്‍ട്ടില്‍ എവിടെയും പിണറായി വിജയന്റെ പേര് എടുത്ത് പറയുന്നില്ല. എന്നാല്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌വിരല്‍ ചൂണ്ടുന്നത് കൃത്യമായി മുഖ്യമന്ത്രി പിണറായി വിജയന് നേരെ തന്നെയാണ്!
ക്യാപ്റ്റന്‍ എന്ന പ്രതിച്ഛായ നിര്‍മ്മിച്ച് പാര്‍ട്ടിക്ക് മുകളില്‍ ഒരാള്‍ ഉയര്‍ന്നപ്പോള്‍, അദ്ദേഹത്തെ ക്യാപ്റ്റനെ ചോദ്യം ചെയ്യാന്‍ ആരുമില്ല ഉണ്ടായിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പോലും സര്‍ക്കാരിന്റെ വക്താവായി മാറി. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് കേന്ദ്രകമ്മിറ്റി അറിയുന്നത്, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നുവെന്ന്..
രോഗവും രോഗകാരണങ്ങളും എന്താണെന്ന് കേന്ദ്രകമ്മിറ്റി കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഈ രോഗം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ?
ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം പോലും പുതിയതല്ല! കേരളത്തിലെ സാധാരണ ജനങ്ങളും, പാര്‍ട്ടി വിരുദ്ധരും, എന്തിനേറെ പറയുന്നു-സാധാരണക്കാരായ സിപിഎം പ്രവര്‍ത്തകര്‍ പോലും കഴിഞ്ഞ 5-6 വര്‍ഷമായി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണിത്.
‘സഖാവേ, നിങ്ങള്‍ പോകുന്നത് തെറ്റായ വഴിക്കാണ്’ എന്ന് സ്വന്തം അണികള്‍ നിലവിളിച്ചു പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.
മൈക്കിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചു.
പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് കോടികളുടെ ധൂര്‍ത്ത് നടത്തിയപ്പോള്‍ ചോദ്യം ചെയ്തവരെ ‘വികസന വിരോധികള്‍’ എന്ന് ചാപ്പകുത്തി.
തങ്ങളിലേക്ക് അടുക്കുന്ന ജനങ്ങളെ തല്ലിയൊതുക്കുന്ന രീതിയിലേക്ക് പോലീസ് സംവിധാനം മാറി.
അപ്പോഴൊക്കെ ഈ കേന്ദ്രകമ്മിറ്റി എവിടെയായിരുന്നു? ഡല്‍ഹിയില്‍ എകെജി ഭവനില്‍ സുഖമായി ഉറങ്ങുകയായിരുന്നു.
ഇപ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. പാര്‍ട്ടിയുടെ കോട്ടകള്‍ തകര്‍ന്നു തരിപ്പണമായി. അധികാരം കൈവിട്ടുപോയി. അപ്പോഴാണ്, ‘നേതാക്കള്‍ക്ക് ആഡംബരഭ്രമമുണ്ട്, സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പറ്റിയില്ല’ എന്ന് പറഞ്ഞ് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ടുമായി വരുന്നത്!
അപകടം വരുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്ത നേതൃത്വം എന്ത് നേതൃത്വമാണ്?
പരാജയത്തിന്റെ ഉത്തരവാദിത്തം കേവലം വോട്ടര്‍മാരുടെ തലയില്‍ വച്ചുകെട്ടാന്‍ കഴിയില്ല. ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് അവര്‍ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചു. പക്ഷേ, രോഗം കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമുണ്ടോ? ചികിത്സ വേണ്ടേ?
ഡോക്ടര്‍ അടുത്തെത്തി, രോഗം ഇന്നതാണെന്ന് കൃത്യമായി ഡയഗ്‌നോസ് ചെയ്തു. പക്ഷേ മരുന്ന് കൊടുക്കാന്‍ ഡോക്ടര്‍ക്ക് ധൈര്യമുണ്ടോ?
റിപ്പോര്‍ട്ടില്‍ രോഗവും അതിനുള്ള കാരണങ്ങളും വ്യക്തമാണ്. എന്നാല്‍ ആരാണ് ഉത്തരവാദികള്‍ എന്ന് വ്യക്തമായി പറയാനോ, അവര്‍ക്കെതിരെ നടപടിയെടുക്കാനോ ഉള്ള ആര്‍ജ്ജവം കേന്ദ്രനേതൃത്വം കാണിക്കുന്നുണ്ടോ?
ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പരാജയത്തിന് പ്രധാന കാരണം പിണറായി വിജയന്റെ വ്യക്തികേന്ദ്രീകൃത ഭരണവും അഹങ്കാരവുമാണെന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നു. എന്നാല്‍ പിണറായിയോട് മാറിയിരിക്കാന്‍ പറയാന്‍ എംഎ ബേബിക്കും കൂട്ടര്‍ക്കും കഴിയുമോ? ഇല്ല! കാരണം, ഇപ്പോഴും പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറയും സ്വാധീനവും കേരള ഘടകത്തിന്റെ കൈയിലാണ്.
ഇതിനുമുമ്പും എത്രയോ തെറ്റുതിരുത്തല്‍ രേഖകള്‍ സിപിഎം പുറത്തിറക്കിയിട്ടുണ്ട്! അപ്പോഴൊക്കെ എന്താണ് സംഭവിച്ചത്? താഴെത്തട്ടിലെ കുഞ്ഞു നേതാക്കളെ നടപടിയെടുത്ത് പുറത്താക്കും. വന്‍ സ്രാവുകള്‍ സുരക്ഷിതരായി തുടരും. ഇത്തവണയും സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണ്.
പാര്‍ട്ടിയെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ച അതേ നേതാക്കള്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാന നേതൃത്വത്തിലും കേന്ദ്രകമ്മിറ്റിയിലും ഇരുന്ന് തീരുമാനങ്ങള്‍ എടുക്കുന്നത്. പരാജയത്തിന് കാരണക്കാരായവര്‍ തന്നെ തെറ്റ് തിരുത്താന്‍ ഇറങ്ങിയാല്‍ എന്ത് ഫലമാണ് ഉണ്ടാവുക?
രാഷ്ട്രീയത്തില്‍ സ്വയംവിമര്‍ശനം നല്ലതാണ്. പക്ഷേ അത് തിരിച്ചറിവോടെ ആയിരിക്കണം, വെറുമൊരു കണ്ണില്‍ പൊടിയിടല്‍ ചടങ്ങാവരുത്.
ഇപ്പോള്‍ പുറത്തുവന്ന ഈ അവലോകന റിപ്പോര്‍ട്ട്, അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണ്. ‘ഞങ്ങള്‍ തെറ്റുകള്‍ കണ്ടുപിടിച്ചു’ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു ശ്രമം.
രോഗത്തിന് കാരണം തങ്ങളാണെന്ന് അറിഞ്ഞിട്ടും, അത് ചികിത്സിക്കാന്‍ കഴിയാത്തവിധം പാര്‍ട്ടി തളര്‍ന്നുപോയിരിക്കുന്നു. പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങിപ്പോയതിന്റെ ദുരന്തഫലമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നത്.
വെള്ളം മുഴുവന്‍ ഒഴുകിപ്പോയി. ഇനി ഈ റിപ്പോര്‍ട്ട് എന്ന ചിറ കെട്ടിയതുകൊണ്ട് പോയ വെള്ളം തിരിച്ചുവരില്ല. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ വിശ്വാസ്യത തിരികെ പിടിക്കണമെങ്കില്‍ വാക്കുകളല്ല, പ്രവര്‍ത്തിയിലാണ് മാറ്റം വരേണ്ടത്.
പക്ഷേ, അതിനുള്ള ശേഷി ഇന്നത്തെ സിപിഎം നേതൃത്വത്തിനുണ്ടോ?
കേന്ദ്രകമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ട് വെറും ഒരു പ്രഹസനമാണോ? അതോ സിപിഎം ശരിക്കും തെറ്റ് തിരുത്തി തിരികെ വരുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...