അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരിക്കുകയാണ്.
ഇന്ന് പെട്രോളിന് ലിറ്ററിന് 86 പൈസയും, ഡീസലിന് 83 പൈസയുമാണ് വര്‍ധന.
കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് രൂപ കൂട്ടിയതിന്റെ പിന്നാലെയാണ് പുതിയ വര്‍ധനവ്.
കൊച്ചിയില്‍ ഇപ്പോള്‍ പെട്രോളിന് 109 രൂപ 73 പൈസ.
ഡീസലിന് 98 രൂപ 63 പൈസ.
പക്ഷേ ഇത് അവസാന വര്‍ധനയല്ല.
ഇതു തുടക്കം മാത്രമാകാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രശ്നം ഇന്ത്യയില്‍ അല്ല. അങ്ങ് പശ്ചിമേഷ്യയിലാണ്.
പക്ഷേ ഒരു വലിയ ചോദ്യം ഇവിടെ സാധാരണക്കാരന് ഉയര്‍ത്തുന്നുണ്ട്.
റഷ്യയില്‍ നിന്ന് ഇന്ത്യ വിലക്കുറവില്‍ എണ്ണ വാങ്ങിയില്ലേ?
ആ ലാഭം എവിടെ പോയി?
സര്‍ക്കാരിന് അതുപയോഗിച്ച് വില നിയന്ത്രിക്കാമായിരുന്നില്ലേ?
ഇനി മറ്റൊരു ചോദ്യം കൂടിയുണ്ട്.
പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ പറഞ്ഞ ”ത്യാഗം”, ”പ്രതിസന്ധി”, ”ആത്മനിര്‍ഭര്‍”, ”ചില കഷ്ടതകള്‍ സഹിക്കണം” എന്നിങ്ങനെയുള്ള വാക്കുകള്‍… അതെല്ലാം ഇന്ധനവില വര്‍ധനവിന്റെ മുന്‍കൂര്‍ ജാമ്യമായിരുന്നോ?
ഇന്ത്യ ഒരു എണ്ണ ഉല്‍പ്പാദക രാജ്യമല്ല. നമ്മള് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 85 ശതമാനവും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത്:
റഷ്യ
ഇറാഖ്
സൗദി അറേബ്യ
യുഎഇ
അമേരിക്ക
കുവൈത്ത്
എന്നിവിടങ്ങളില്‍ നിന്നാണ്.
പക്ഷേ 2022 ന് ശേഷം ഒരു വലിയ മാറ്റം സംഭവിച്ചു.
റഷ്യ-ഉക്രൈന് യുദ്ധത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചു.
അവിടെയാണ് ഇന്ത്യയ്ക്ക് ലോട്ടറി അടിച്ചത്.
റഷ്യ വലിയ ഡിസ്കൗണ്ടില്‍ ഇന്ത്യയ്ക്ക് എണ്ണ നല്കാന് തുടങ്ങി.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, അന്താരാഷ്ട്ര വിപണിയേക്കാള്‍ ബാരലിന് 15 മുതല്‍ 25 ഡോളര്‍ വരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങിയത്.
അതോടെ റഷ്യന്‍ എണ്ണ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.
പക്ഷേ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്..
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എണ്ണ ഇന്ത്യയിലെ റിഫൈനറികളില്‍ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു.
അങ്ങനെ ഇന്ത്യക്കും സ്വകാര്യ എണ്ണക്കമ്പനികള്‍ക്കും വന്‍ ലാഭം ലഭിച്ചു.
അപ്പോള്‍ ജനങ്ങളുടെ ചോദ്യം സ്വാഭാവികമാണ്.
”ആ ലാഭം എവിടെ പോയി?’
റഷ്യന്‍ എണ്ണ വിറ്റുകിട്ടിയ ലാഭം എവിടെ പോയി എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ചര്‍ച്ച.
ജനങ്ങളുടെ ലോജിക്ക് വളരെ ലളിതമാണ്.
”കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയതല്ലേ?
അപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില കുറയേണ്ടതല്ലായിരുന്നോ?”
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില തീരുമാനിക്കുന്നത് പല ഘടകങ്ങളാണ്.
ക്രൂഡ് ഓയില്‍ വില
ഡോളറിനെതിരായ രൂപയുടെ മൂല്യം
കേന്ദ്ര എക്സൈസ് നികുതി
സംസ്ഥാന നികുതി
റിഫൈനിംഗ് ചെലവ്
ഗതാഗത ചെലവ്
ഓയില്‍ കമ്പനികളുടെ മാര്‍ജിന്‍
ഇതെല്ലാം ചേര്‍ന്നാണ് അവസാന വില.
ഇവിടെ പ്രധാന പ്രശ്നം നികുതിയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ വലിയൊരു വിഹിതം നികുതിയാണ്. അതായത്, ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും സര്‍ക്കാര്‍ നികുതി കുറച്ചില്ലെങ്കില്‍ ഉപഭോക്താവിന് വലിയ ആശ്വാസം കിട്ടില്ല.
റഷ്യയില്‍ നിന്ന് ലഭിച്ച കുറഞ്ഞവില എണ്ണയുടെ ഗുണം കൂടുതലായി ലഭിച്ചത് ഇന്ത്യന്‍ റിഫൈനറികള്‍ക്കും സ്വകാര്യ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാരിന്റെ വിദേശനാണ്യ ശേഖരത്തിനുമാണ്. ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുറയ്ക്കാന്‍ ഇത് സഹായിച്ചു. വിലക്കുറവിന്റെ മുഴുവന്‍ ഗുണവും ഉപഭോക്താവിലേക്ക് എത്തിയില്ല.
ഇപ്പോള്‍ വിമര്‍ശകര്‍ ചോദിക്കുന്നത് ഇതാണ്:
”ആ സമയത്ത് ലഭിച്ച അധിക ലാഭം കരുതി വെച്ചിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധിയില്‍ വില നിയന്ത്രിക്കാന്‍ ഉപയോഗിക്കാമായിരുന്നില്ലേ?”
ചില രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്.
അതായത്, എണ്ണവില കുറയുമ്പോള്‍ സര്‍ക്കാര്‍ അധിക വരുമാനം ശേഖരിക്കും.
വില കൂടുമ്പോള്‍ ആ ഫണ്ട് ഉപയോഗിച്ച് വില നിയന്ത്രിക്കും.
പക്ഷേ ഇന്ത്യയില്‍ ഇത്തരമൊരു സിസ്റ്റം ഇപ്പോഴില്ല.
മന്മോഹന് സിംഗിന്റെ കാലത്ത് എണ്ണവില കൂടുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ‘ഓയില്‍ പൂള് അക്കൗണ്ടുകള്‍’ ഉണ്ടായിരുന്നു. ഓയില്‍പൂള്‍ അക്കൗണ്ടുകള്‍ ഇല്ലാതായതിനുശേഷം സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ ഇറക്കി എണ്ണ വില നിയന്ത്രിച്ചിരുന്നു. പക്ഷേ, അത് വന്കടബാധ്യതയായി മാറി. പിന്നീട് വന്ന മോദി സര്‍ക്കാരാണ് ആ കടവും പലിശയും തീര്‍ത്തത്.
എന്നാല്‍ ഇന്ന് വിപണി പൂര്‍ണ്ണമായും എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ റഷ്യന്‍ എണ്ണയിലൂടെ കമ്പനികള്‍ ഉണ്ടാക്കിയ ലാഭം വിപണിയിലെ വില കുറയ്ക്കാന്‍ ഉപയോഗിക്കാന്‍ ഇന്നത്തെ സിസ്റ്റത്തില്‍ എളുപ്പമല്ല.
വിലകുറച്ച് വാങ്ങുമ്പോഴുള്ള ലാഭം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ നിയമപരമായി എണ്ണക്കമ്പനികള്‍ക്ക് ബാധ്യതയില്ല. ആഗോള വിപണിയില്‍ നേരത്തെ വില കൂടിയപ്പോള്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താനും, പുതിയ റിഫൈനറികള്‍ സ്ഥാപിക്കാനും, കടങ്ങള്‍ വീട്ടാനുമാണ് കമ്പനികള്‍ ഈ തുക ഉപയോഗിക്കുന്നത്.
കമ്പനികളില്‍ നിന്നുള്ള നികുതിയും മറ്റും കേന്ദ്ര സര്‍ക്കാരിലേക്കാണ് പോകുന്നത്. ആ തുക വില നിയന്ത്രണത്തിന് ഉപയോഗിക്കുന്നതിന് പകരം മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സബ്സിഡികള്‍ക്കുമായാണ് സര്‍ക്കാര്‍ മാറ്റിവെക്കുന്നത്.
പെട്രോള്‍ വിലയേക്കാള്‍ അപകടകരമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. കാരണം ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.
ചരക്കുകൂലി വര്‍ധനവ്:
ഇന്ത്യയില്‍ 70%-ത്തിലധികം ചരക്കുനീക്കവും നടക്കുന്നത് റോഡ് മാര്‍ഗ്ഗമാണ്, അതായത്, ലോറികളിലാണ്. ഡീസല്‍ വില കൂടുമ്പോള്‍ ലോറി വാടക കൂടും. ഇത് പച്ചക്കറി, പലചരക്ക്, മരുന്നുകള്‍ തുടങ്ങിയ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാകും.
കൃഷിച്ചെലവ്:
കര്‍ഷകര്‍ ട്രാക്ടറുകള്‍ക്കും വാട്ടര്‍ പമ്പുകള്‍ക്കും ഉപയോഗിക്കുന്നത് ഡീസലാണ്. ഇന്ധനവില കൂടുമ്പോള്‍ ഉത്പാദനച്ചെലവ് കൂടുകയും അത് വീണ്ടും ഭക്ഷ്യവിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.
യാത്രക്കൂലി:
ബസ് ചാര്‍ജ്, ഓട്ടോ-ടാക്സി നിരക്കുകള്‍ എന്നിവ വര്‍ധിക്കുന്നത് സാധാരണക്കാരായ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് ബാധിക്കും.
ചുരുക്കത്തില്‍, നിങ്ങള്‍ക്ക് സ്വന്തമായി വാഹനമില്ലെങ്കില്‍ പോലും ഇന്ധനവില വര്‍ധനവ് നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തും.
അതായത് ഡീസല്‍ വില കൂടുമ്പോള്‍:
ലോറി ചാര്‍ജ് കൂടും
പച്ചക്കറി വില കൂടും
മീന്‍വില കൂടും
പാലിന്റെ വില കൂടും
ഓണ്‍ലൈന്‍ ഡെലിവറി ചെലവ് കൂടും
ബസ് ചാര്‍ജ് കൂടും
ഓട്ടോ നിരക്ക് കൂടും
അങ്ങനെ എല്ലാത്തിന്റെയും വില കൂടും. അതായത് ഇത് വെറും ”ഇന്ധനവില വര്‍ധന” അല്ല. ഒരു ചെയിന്‍ റിയാക്ഷനാണ്.
മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയും ഇപ്പോള്‍ സജീവമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ ആഗോളതലത്തിലുള്ള യുദ്ധസാഹചര്യങ്ങളെക്കുറിച്ചും ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ചും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. ആഗോള വിപണിയിലെ അസ്ഥിരത ഇന്ത്യയെയും ബാധിച്ചേക്കാം എന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു. അതോടൊപ്പം പ്രതിസന്ധികളെ നേരിടുന്നതിന് ചില നിര്‍ദേശങ്ങള്‍, ഉപദേശങ്ങളും മോദി നല്‍കിയിരുന്നു.
വിമര്‍ശകര്‍ ആരോപിക്കുന്നത്, രാജ്യത്ത് വരാനിരിക്കുന്ന വലിയൊരു ഇന്ധനവില വര്‍ധനവിന് മുന്നോടിയായുള്ള ഒരു ‘മുന്‍കൂര്‍ ജാമ്യം’ എടുക്കലായിരുന്നു മോദിയുടെ പ്രസംഗങ്ങള്‍ എന്നാണ്.
രാജ്യാന്തര വിപണിയിലെ പ്രതിസന്ധികള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും, വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ആഗോള സാഹചര്യങ്ങളുടെ മേല്‍ കെട്ടിവെക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണിതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന വാദം.
എന്നാല്‍, രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ വാദം.
ഇനി കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
മൂന്ന് സാധ്യതകളാണുള്ളത്.
സാധ്യത-1 യുദ്ധം അവസാനിച്ചാല്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷം നിയന്ത്രണത്തിലായാല്‍ എണ്ണവില വീണ്ടും കുറയാം.
അപ്പോള്‍ ഇന്ത്യയിലും വിലസ്ഥിരത ഉണ്ടാകും. പക്ഷേ, കൂട്ടിയ വില കുറയ്ക്കുമോയെന്നുള്ളത് വേറേ കാര്യം.
സാധ്യത-2 ഹോര്‍മുസ് പ്രതിസന്ധി രൂക്ഷമായാല്‍
ഇതാണ് അപകടകരമായ സ്ഥിതി.
എണ്ണവില ബാരലിന് 120-150 ഡോളര്‍ വരെ പോകാമെന്ന മുന്നറിയിപ്പുകള്‍ ഉണ്ട്.
അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍:
പെട്രോള്‍ 120 കടക്കാം
ഡീസല്‍ 110 കടക്കാം
പണപ്പെരുപ്പം ഉയരും
രൂപ ദുര്‍ബലമാകും
സാധ്യത-3 സര്‍ക്കാര്‍ നികുതി കുറച്ചാല്‍
ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കും.
പക്ഷേ സര്‍ക്കാരിന്റെ വരുമാനം കുറയും.
അതുകൊണ്ട് കേന്ദ്രവും സംസ്ഥാനങ്ങളും പലപ്പോഴും നികുതി കുറയ്ക്കുന്നതില്‍ മടിക്കുന്നു. കേരളത്തില്‍ ചുമതലയേറ്റ സതീശന് സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.
ഏതായാലും ഒരുകാര്യം വ്യക്തമാണ് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ തീരുമാനമല്ല, ട്രംപ് എടുക്കുന്ന നിലപാടായിരിക്കും ഇന്ധനവിലയെ സ്വാധീനിക്കുക.


