ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. ഭൂമിയില്‍ ഒരു ആണവയുദ്ധം ഉണ്ടായാല്‍, മനുഷ്യരടക്കം സകല ജീവികളും ചത്തുപോയാലും ഒരൊറ്റ ജീവി മാത്രം അവശേഷിക്കും. നമ്മുടെയൊക്കെ അടുക്കളയിലെ നിത്യസന്ദര്‍ശകനായ ‘പാറ്റ’! അവ/ുടെ അതിജീവന ശേഷി അത്രയ്ക്കാണ്.
പക്ഷേ, ഈ പാറ്റകള്‍ അടുക്കളയില്‍ നിന്ന് നേരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മാര്‍ച്ച് ചെയ്താല്‍ എങ്ങനെയിരിക്കും? കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം, പക്ഷേ സംഭവം സീരിയസാണ്! ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു പുതിയ ഡിജിറ്റല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പേര്: ‘കോക്രോച്ച് ജനത പാര്‍ട്ടി’ (Cockroach Janta Party – CJP).
ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഒക്കെ നിങ്ങള്‍ ഈ പേര് ഇപ്പോള്‍ കാണുന്നുണ്ടാകും. കേവലം മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഈ പാര്‍ട്ടിയില്‍ മെമ്പര്‍മാരായത്! ഇന്‍സ്റ്റാഗ്രാമില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ്! ഒരു പരസ്യവുമില്ലാതെ, കോടികള്‍ ഒഴുക്കാതെ, ഇന്ത്യയിലെ വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഈ ‘പാറ്റ പാര്‍ട്ടി’ എങ്ങനെയാണ് ഇത്ര വലിയ തരംഗമായത്? ഇതിന് പിന്നിലെ യഥാര്‍ത്ഥ കഥയെന്താണ്? വെറുമൊരു തമാശയ്ക്കപ്പുറം ഈ ഡിജിറ്റല്‍ വിപ്ലവം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ജനനത്തിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകും. കോക്രോച്ച് ജനത പാര്‍ട്ടിയുടെ ജനനത്തിന് കാരണമായത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ സുപ്രീം കോടതിയില്‍ നടന്ന ഒരു സംഭവമാണ്.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഒരു കേസ് പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. വാദപ്രതിവാദങ്ങള്‍ക്കിടയില്‍, കോടതി ഒരു സുപ്രധാന നിരീക്ഷണം നടത്തി. ജോലിയില്ലാതെ, സമൂഹത്തിന് ഒരു സംഭാവനയും നല്‍കാതെ നടക്കുന്ന ചില യുവാക്കളെക്കുറിച്ച് പരാമര്‍ശിക്കവെ, ‘അവര്‍ സമൂഹത്തിലെ പാറ്റകളെപ്പോലെയാണ്, പരാന്നഭോജികളാണ് ‘ എന്ന രീതിയില്‍ ഒരു പരാമര്‍ശം ഉണ്ടായി.
കോടതി യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി സിസ്റ്റത്തെ പറ്റിക്കുന്ന വലിയൊരു മാഫിയയെക്കുറിച്ചായിരുന്നു. പക്ഷേ, വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ‘ജോലിയില്ലാത്ത യുവാക്കള്‍ പാറ്റകളാണ്’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
അനാവശ്യ ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയും സോഷ്യല്‍ മീഡിയ വഴി നീതിന്യായ വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്ന വ്യാജ യോഗ്യതയുള്ള ആളുകളെ ലക്ഷ്യം വെച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും, അത് രാജ്യത്തെ യുവതലമുറയ്‌ക്കോ തൊഴിലില്ലാത്തവര്‍ക്കോ എതിരല്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് പിന്നീട് വ്യക്തമാക്കി. വ്യാജ ഡിഗ്രികള്‍ ഉപയോഗിച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെയാണ് താന്‍ വിമര്‍ശിച്ചതെന്ന് അദ്ദേഹം പറയുന്നു.
എന്തായാലും… നമ്മുടെ രാജ്യത്തെ ‘Chronically Online’ ആയ യുവാക്കള്‍, അതായത് 24 മണിക്കൂറും ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ജീവിക്കുന്ന Gen Z ആന്‍ഡ് മില്ലേനിയല്‍സ് ഇത് അങ്ങനെയങ്ങ് വിട്ടുകളയാന്‍ തയാറായില്ല! അവര്‍ ചിന്തിച്ചു: ‘ജോലിയില്ലെന്ന് കരുതി ഞങ്ങളെ പാറ്റകളെന്ന് വിളിക്കാമോ? എങ്കില്‍പ്പിന്നെ ആ പേര് ഞങ്ങള്‍ അങ്ങ് ഏറ്റെടുക്കുന്നു!”
ഈ പ്രതിഷേധത്തിന് കൃത്യമായ ഒരു രാഷ്ട്രീയ രൂപം നല്‍കിയത് പ്രമുഖ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ അഭിജീത് ദിപ്‌കെ ആണ്. കോടതിയുടെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെ അദ്ദേഹം ഒരു എക്‌സ് പോസ്റ്റ് ഇട്ടു: ‘എന്നാല്‍ പിന്നെ നമുക്ക് ജോലിയില്ലാത്ത യുവാക്കള്‍ക്കായി ഒരു പാര്‍ട്ടി തുടങ്ങിയാലോ? കോക്രോച്ച് ജനത പാര്‍ട്ടി!’
ആദ്യം എല്ലാവരും ഇതൊരു മീം ആയിട്ടാണ് എടുത്തത്. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ കളി മാറി. ആളുകള്‍ ഇത് ഏറ്റെടുത്തു. അഭിജീത് വെറുതെ പറയുക മാത്രമല്ല ചെയ്തത്, സി.ജെ.പി (CJP) എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ഒഫീഷ്യല്‍ പേജുകള്‍ തുടങ്ങി. പാര്‍ട്ടിക്കൊരു കിടിലന്‍ ലോഗോയും ഉണ്ടാക്കി.
പിന്നെ കണ്ടത് ചരിത്രമായിരുന്നു. വലിയ പരസ്യ ബോര്‍ഡുകളോ, പണക്കൊഴുപ്പോ ഒന്നുമില്ലാതെ, ഇന്ത്യയിലെ ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിക്കും സ്വപ്നം കാണാന്‍ കഴിയാത്ത വേഗതയില്‍ സി.ജെ.പി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിച്ചു. പേജ് തുടങ്ങി കേവലം 72 മണിക്കൂര്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഫോളോവേഴ്‌സ് ആയത്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഈ പാറ്റ പാര്‍ട്ടി ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി
ഇനി നമുക്ക് ഏറ്റവും രസകരമായ ഭാഗത്തേക്ക് വരാം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റേതായ ആദര്‍ശങ്ങളും, ചേരാനുള്ള യോഗ്യതകളും കാണുമല്ലോ. കോക്രോച്ച് ജനത പാര്‍ട്ടിക്കും ഉണ്ട് അങ്ങനെ ചില കടുത്ത നിയമങ്ങള്‍! നിങ്ങള്‍ക്കും ഇതില്‍ അംഗമാകണമെന്നുണ്ടെങ്കില്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം:
ഒന്നാം യോഗ്യത: നിങ്ങള്‍ ഒരു ‘ലെയ്‌സി പേഴ്‌സണ്‍’ അഥവാ കടുത്ത മടിയനായിരിക്കണം. രാവിലെ എണീക്കാന്‍ മടി, പണിക്ക് പോകാന്‍ മടി, ഇരുന്നിടത്ത് നിന്ന് മാറാന്‍ മടി… അങ്ങനെ മടി നിങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കണം.
രണ്ടാം യോഗ്യത: നിങ്ങള്‍ നിലവില്‍ ഒരു ജോലിയും ഇല്ലാത്ത ആളായിരിക്കണം. വീട്ടുകാരുടെ വക ‘ഒരു പണിയുമില്ലാതെ നടക്കുന്നു’ എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന!
മൂന്നാം യോഗ്യത: നിങ്ങള്‍ 24 മണിക്കൂറും ഫോണില്‍ തന്നെ ആയിരിക്കണം. ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍ ചെയ്ത് തള്ളവിരലിന് തഴമ്പ് വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് പാര്‍ട്ടിയുടെ ഉയര്‍ന്ന പദവികളില്‍ എത്താം.
നാലാം യോഗ്യത: സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും കയറി അഭിപ്രായം പറയുകയും, എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഒരു കാര്യവും ചെയ്യാതിരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരിക്കണം.
പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി പ്രഖ്യാപിച്ചിരിക്കുന്നത് ഇതാണ്: ‘സെക്യുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്… ആന്‍ഡ് എക്‌സ്ട്രീമിലി ലെയ്‌സി!’ (മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ… പിന്നെ അതിഭയങ്കര മടിയന്മാരുടെ പാര്‍ട്ടി).
നമുക്കിനി ഇതിന്റെ സീരിയസ് വശത്തേക്ക് വരാം. കോക്രോച്ച് ജനത പാര്‍ട്ടി എന്നു കേള്‍ക്കുമ്പോള്‍ ഒരു വലിയ കോമഡിയായി തോന്നാം. ഒരു മീം പേജ് പോലെ ആളുകള്‍ ചിരിച്ചു തള്ളുന്നുണ്ടാകാം. പക്ഷേ, ഇതിന് പിന്നില്‍ ഇന്ത്യയിലെ ഇന്നത്തെ യുവതലമുറയുടെ കനത്ത നിരാശയും ദേഷ്യവുമുണ്ട്.
ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് എന്താണ്? അത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ്. ലക്ഷക്കണക്കിന് രൂപ കൊടുത്ത് ബിരുദവും എഞ്ചിനീയറിംഗും ഒക്കെ പാസായി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യമായ ജോലികള്‍ ലഭിക്കുന്നില്ല. വര്‍ഷങ്ങളോളം പരീക്ഷകള്‍ക്കായി പഠിച്ചിട്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം പരീക്ഷകള്‍ റദ്ദാക്കപ്പെടുന്നു.
ഇതിനിടയിലാണ് സിസ്റ്റത്തിന്റെ ഭാഗത്തുനിന്ന് ‘നിങ്ങള്‍ മടിയന്മാരാണ്, പാറ്റകളാണ്’ എന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ വരുന്നത്. ഒരു വശത്ത് ജോലി തരാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല, മറുവശത്ത് ചോദ്യം ചോദിക്കുന്ന യുവാക്കളെ അപമാനിക്കുകയും ചെയ്യുന്നു.
ഇവിടെയാണ് കോക്രോച്ച് ജനത പാര്‍ട്ടി ഒരു ശക്തമായ ആയുധമാകുന്നത്. തങ്ങളെ പരിഹസിക്കാന്‍ ഉപയോഗിച്ച ‘പാറ്റ’ എന്ന വാക്കിനെത്തന്നെ അവര്‍ തങ്ങളുടെ ആയുധമാക്കി മാറ്റി. ഇതിനെയാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ പരിഹാസത്തിലൂടെയുള്ള പ്രതിഷേധം എന്ന് പറയുന്നത്. പ്ലക്കാര്‍ഡും പിടിച്ച് തെരുവില്‍ മുദ്രാവാക്യം വിളിക്കുന്ന പഴയ സമരമുറകളില്‍ നിന്നും മാറി, ഡിജിറ്റല്‍ യുഗത്തിലെ യുവാക്കള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇതാണ്-ഈ പാര്‍ട്ടി വെറുമൊരു ഓണ്‍ലൈന്‍ ട്രെന്‍ഡ് മാത്രമായി ഒടുങ്ങുമോ, അതോ യഥാര്‍ത്ഥ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?
പാര്‍ട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെ പറയുന്നത്, ഇത് വെറുതെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഒതുക്കാനുള്ളതല്ല എന്നാണ്. വരാനിരിക്കുന്ന ചില ഉപതെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് ബിഹാറിലെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും ഇവര്‍ ആലോചിക്കുന്നുണ്ട്!
യഥാര്‍ത്ഥത്തില്‍ ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത്, ചിഹ്നമൊക്കെ വാങ്ങി മത്സരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ഈ പാര്‍ട്ടി ഉണ്ടാക്കുന്ന രാഷ്ട്രീയ ബോധം വളരെ വലുതാണ്. വോട്ട് ചോദിച്ചുവരുന്ന നേതാക്കളോട് ‘ഞങ്ങളുടെ തൊഴിലവസരങ്ങള്‍ എവിടെ?’ എന്ന് ചോദിക്കാനുള്ള ഒരു വേദിയായി ഈ ഡിജിറ്റല്‍ കൂട്ടായ്മ മാറും എന്നതില്‍ തര്‍ക്കമില്ല.
ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ വിറപ്പിക്കുന്ന ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ കഥ. സോഷ്യല്‍മീഡിയായിലെ പതിവു ചിരിക്കുള്ള വകയായാണ് പലരും ഇതിനെ കാണുന്നത്. പക്ഷേ ചിരിക്കു പിന്നില്‍ കരച്ചിലുണ്െന്ന് തിരിച്ചറിയാതെ പോകരുത്.
ലോഹിതദാസിന്റെ ജോക്കര്‍ എന്ന സിനിമയില്‍ ജോക്കറുടെ മുഖംമൂടിവെച്ച് അതിനുള്ളില്‍ കരഞ്ഞുകൊണ്ടു കഥാപാത്രം പാടി അഭിനയിക്കുന്ന ഒരു സീന്‍ ഉണ്ട്. കാഴ്ചക്കാര്‍ മുഖംമൂടിയിലെ ചിരി മാത്രമേ കാണുന്നുള്ളു. അതിനുള്ളിലെ കരച്ചില്‍ കാണുന്നില്ല. സോഷ്യല്‍മീഡിയയില്‍ ജെന്‍ സിയുടെ ചിരിച്ചുല്ലസിക്കുന്ന മുഖം മാത്രമേ എല്ലാവരും കാണുന്നുള്ളു. തൊഴിലില്ലായ്മയും സാമൂഹികഅസ്ഥിരതയും മുന്നോട്ടുള്ള വഴിയിലെ ശൂന്യതയും അവരുടെ ഉള്ളിലുണ്ടാക്കുന്ന കരച്ചില്‍ ആരും കാണുന്നില്ല. അത് പുറത്തുവരുന്നത് ഇത്തരം പ്രതിഷേധങ്ങളിലൂടെയാണ്, അത് കണ്ടില്ലെന്നു നടിക്കരുത്.
കോക്രോച്ച് ജനത പാര്‍ട്ടി (CJP): ഡിജിറ്റല്‍ കാലത്തെ ‘പാറ്റ’ വിപ്ലവം!
Date:


