കോട്ടിട്ട പാറ്റയ്ക്ക് എന്തു സംഭവിക്കും?

Date:

ഫോണ്‍ തുറന്നാല്‍ ഇപ്പോള്‍ ഒരൊറ്റ ശബ്ദമേയുള്ളൂ. കോക്രോച്ച് ജനതാ പാര്‍ട്ടി! അഥവാ സി.ജെ.പി. വെറുമൊരു ഇന്‍സ്റ്റഗ്രാം ട്രോളോ മീമോ ആയിട്ടാണ് ഇത് തുടങ്ങിയത്. എന്നാല്‍ കഥ ഇപ്പോള്‍ മാറി. ഈ പാറ്റാ പാര്‍ട്ടി ഇപ്പോള്‍ കളം നിറയുകയാണ്. സിജെപി ഇപ്പോള്‍ വെറുമൊരു അക്കൗണ്ടല്ല, അതൊരു ഡിജിറ്റല്‍ നെറ്റ് വര്‍ക്കായി മാറിക്കഴിഞ്ഞു.
‘കോക്രോച്ച് ജനതാ പാര്‍ട്ടി’ യുടെ വെബ് സൈറ്റ് പൂട്ടിച്ചതായി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. സി.ജെ.പിയുടെ സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് വെബ്‌സൈറ്റ് പൂട്ടിച്ച കാര്യം പുറത്തുവന്നത്.
നാളെ സി.ജെ.പിയുടെ പേരില്‍ ബാംഗളുരുവില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം വന്നിരിട്ടുണ്ട്. ഇതോടെ കര്‍ണാടക പൊലീസ് വലിയ ജാഗ്രതയിലാണ്. ഇതൊരു തമാശയല്ലെന്ന് അധികാരികള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു.
ഡിജിറ്റല്‍ ലോകത്ത് യുവാക്കളുടെ വലിയൊരു തരംഗമായി സിജെപി മാറിക്കഴിഞ്ഞു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവരുടെ വോയിസുകളും വീഡിയോകളും വരുന്നത്. കോട്ടിട്ട ഒരു പാറ്റ വന്ന് പ്രസംഗിക്കുന്നു. കേള്‍ക്കുമ്പോള്‍ ചിരി വരും. എന്നാല്‍ ആ പാറ്റ പറയുന്ന കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണ് ആ റീലുകളില്‍ നിറയുന്നത്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലിയില്ലാതെ അലയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ സങ്കടമാണ് ഈ പാറ്റകള്‍ വിളിച്ചുപറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് പൂട്ടിച്ചാല്‍, പകരം പത്ത് അക്കൗണ്ടുകളാണ് സി.ജെ.പിയുടെ പേരില്‍ പൊങ്ങിവരുന്നത്. ഡിജിറ്റല്‍ ലോകത്ത് ഇവരെ തളയ്ക്കുക അസാധ്യമായി മാറിയിരിക്കുന്നു.

എന്തുകൊണ്ട് ഇത് ഗൗരവമുള്ളതാകുന്നു?
എന്തുകൊണ്ടാണ് കോക്രോച്ച് പാര്‍ട്ടിക്ക് ഇത്രയും ജനപ്രീതി? കാരണം ലളിതമാണ്. അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നയങ്ങള്‍ യുവാക്കളുടെ ഹൃദയത്തിലേക്കാണ് തറച്ചുകയറുന്നത്.
അവര്‍ പറയുന്ന പ്രധാന ആവശ്യങ്ങള്‍ ഇതൊക്കെയാണ്:
അഴിമതിയില്ലാത്ത രാജ്യം.
വര്‍ഗീയതയില്ലാത്ത ഇന്ത്യ.
അതിവേഗത്തില്‍ നീതി ലഭിക്കുന്ന നിയമവ്യവസ്ഥ.
തൊഴിലില്ലായ്മ പൂര്‍ണ്ണമായി തുടച്ചുനീക്കുക.
സ്ത്രീകള്‍ക്ക് ഭരണതലത്തില്‍ 50 ശതമാനം സംവരണം.
ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും മൗലികാവകാശമാക്കുക.
ഇതൊക്കെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറന്നുപോയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ യുവാക്കള്‍ ഇതിനെ നെഞ്ചേറ്റി.
ഇപ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തംവിട്ടിരിക്കുകയാണ്. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അവര്‍ക്കറിയില്ല. ഒരു വ്യക്തിക്കെതിരെയാണെങ്കില്‍ കേസ് എടുക്കാം. ഒരു സംഘടനയാണെങ്കില്‍ നിരോധിക്കാം. എന്നാല്‍ ലക്ഷക്കണക്കിന് യുവാക്കള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന എഐ വീഡിയോകളെ എങ്ങനെ നേരിടും? ട്രോളുകളെ എങ്ങനെ തടയും? പരമ്പരാഗത രാഷ്ട്രീയക്കാരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റുകയാണ്.

എന്താണ് ഈ ജെന്‍സി വിപ്ലവം?
ഇവിടെയാണ് നമ്മള്‍ ‘ജെന്‍സി വിപ്ലവം’ എന്ന വാക്ക് ശ്രദ്ധിക്കേണ്ടത്. ആരാണ് ഈ ജെന്‍സി? 1990-കളുടെ അവസാനം മുതല്‍ 2010-വരെ ജനിച്ചവരാണ് ജെന്‍സി തലമുറ. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും കണ്ടാണ് ഇവര്‍ വളര്‍ന്നത്.
അതായത് മൊബൈലില്‍ വളര്‍ന്ന തലമുറ., റീലില്‍ രാഷ്ട്രീയം കാണുന്ന തലമുറ, മീമില്‍ സന്ദേശം വായിക്കുന്ന തലമുറ.
പഴയ തലമുറയെപ്പോലെ ജാതിയോ മതമോ നോക്കിയല്ല ഇവര്‍ വോട്ട് ചെയ്യുന്നത്. അവര്‍ പ്രതീക്ഷിക്കുന്നത് കൃത്യമായ തൊഴിലാണ്, മികച്ച ജീവിതസാഹചര്യമാണ്. പരമ്പരാഗത രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍ കേട്ട് ഇവര്‍ക്ക് മടുത്തു.
ഇതിനിടയിലാണ് പുതിയൊരു ചോദ്യം വരുന്നത്. ഇന്ത്യയിലെ യുവാക്കളെ ഇളക്കിവിടാന്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ ഇതിന് പിന്നില്‍ കളിക്കുന്നുണ്ടോ? ഇന്ത്യയില്‍ ഒരു ഭരണമാറ്റം അല്ലെങ്കില്‍ അസ്ഥിരത ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയെ ആരെങ്കിലും ആയുധമാക്കുകയാണോ?
ചില വിദേശ ഏജന്‍സികള്‍ മുന്‍പും പല രാജ്യങ്ങളിലും ഇത്തരം ഡിജിറ്റല്‍ വിപ്ലവങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല. ഇത്രയും പെട്ടെന്ന് ഒരു ട്രോള്‍ പേജ് വലിയൊരു രാഷ്ട്രീയ മുന്നേറ്റമായി മാറണമെങ്കില്‍ അതിനുപിന്നില്‍ വലിയ ആസൂത്രണമുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഒരുപക്ഷേ ഇങ്ങനെ സംഭവിച്ചാല്‍?
ഒരുപക്ഷേ ഈ കോക്രോച്ച് ജനതാ പാര്‍ട്ടി ശരിക്കുമൊരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയാല്‍ എന്ത് സംഭവിക്കും? അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയുണ്ടാകും?
ആദ്യമായി, ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കുതിച്ചുയരും. ഇതുവരെ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാതിരുന്ന യുവാക്കള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തും. പരമ്പരാഗത പാര്‍ട്ടികളുടെ വോട്ട് ബാങ്ക് തകരും. പണവും ഗുണ്ടാബലവും ഉപയോഗിച്ച് വോട്ട് പിടിക്കുന്ന രീതിക്ക് വലിയ തിരിച്ചടിയുണ്ടാകും.
എന്നാല്‍ ഇതിനൊരു മറുപുറവുമുണ്ട്. ഡിജിറ്റല്‍ ലോകത്തെ ആവേശം വോട്ടായി മാറുമോ? ഒരു റീലിന് ലൈക്ക് അടിക്കുന്നത് പോലെ എളുപ്പമല്ല ബൂത്തിലെത്തി വോട്ട് ചെയ്യുന്നത്. കൃത്യമായൊരു നേതാവോ ഘടനയോ ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെ രാജ്യം ഭരിക്കാന്‍ കഴിയും? ഇതൊരു വലിയ അരാജകത്വത്തിലേക്ക് വഴിമാറുമോ എന്ന ഭയവും ചിലര്‍ക്കുണ്ട്.

പാറ്റ പാര്‍ട്ടിയുടെ ഭാവി എന്താണ്?
എന്താണ് കോക്രോച്ച് പാര്‍ട്ടിയുടെ ഭാവി? സി.ജെ.പി എന്ന പേര് നാളെ മാറിയേക്കാം. ഈ പാറ്റയുടെ ചിത്രം നാളെ ഇല്ലാതായേക്കാം. എന്നാല്‍ ഇത് തുടക്കം കുറിച്ച ആ ഡിജിറ്റല്‍ രാഷ്ട്രീയം ഇവിടെത്തന്നെ ഉണ്ടാകും. യുവാക്കളെ ഇനി വെറും വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു.
ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, നാളെ ഇതേപോലെ നൂറുകണക്കിന് ഡിജിറ്റല്‍ പാര്‍ട്ടികള്‍ ഉയര്‍ന്നുവരും. ഇനി തെരുവിലിറങ്ങി സമരം ചെയ്യേണ്ടതില്ല, ഒരു സ്മാര്‍ട്ട്‌ഫോണും നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതി എന്ന് ഈ പാറ്റകള്‍ തെളിയിച്ചു കഴിഞ്ഞു.
ഇനി കാണാനുള്ളത് ഈ പാറ്റ റീലില്‍ മാത്രം ഓടുമോ…അതോ യഥാര്‍ത്ഥ രാഷ്ട്രീയത്തിലേക്കും കയറുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്: രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ച് ഇന്ധനവിലയില്‍ വീണ്ടും...

ബംഗാളില്‍ തെറ്റ്… കേരളത്തില്‍ ശരി?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ്...

മെലോണിയും മോദിയും; ‘മെലഡി’ ഡിപ്ലോമസി!

'മെലഡി ഇത്ത്‌നി ചോക്ലേറ്റി ക്യൂ ഹേ?' - വര്‍ഷങ്ങളായി നമ്മള്‍ ടിവിയില്‍...

തമാശയോ? ഡിജിറ്റല്‍ വിപ്ലവമോ? അഭിജീത് ദിപ്‌കെ ആര്?

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്ന് ഒരു പേരിന് പിന്നാലെയാണ്.'കോക്കറോച്ച് ജനതാ പാര്‍ട്ടി'.വെറും...