ലോകവ്യാപാരത്തിന്റെ നെടുംതൂണായ ചെങ്കടല്‍ പാത ഇനി അടഞ്ഞുകിടക്കുമോ? ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് യെമനില്‍ നിന്ന് ആ ഭീഷണി വന്നുകഴിഞ്ഞു. ചെങ്കടലിലെ ഏറ്റവും നിര്‍ണ്ണായകമായ കപ്പല്‍പ്പാതയായ ‘ബാബ് അല്‍ മന്ദബ്’ ഇടുക്ക് അടച്ചുപൂട്ടുമെന്നാണ് യെമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്.
ഒരു വശത്ത് ഇറാന് ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഭീതി നിലനില്ക്കുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ബാബ് അല്‍ മന്ദബും അടയ്ക്കുമെന്ന ഭീഷണി വരുന്നത്. ആഗോള സമ്പദ്വ്യവസ്ഥയുടെ ശ്വാസം മുട്ടിക്കാന്‍ പോന്നൊരു നീക്കമാണിത്.
ആദ്യം നമുക്ക് ബാബ് അല്‍ മന്ദബ് എന്താണെന്ന് നോക്കാം. അറബിയില്‍ ഇതിനര്‍ത്ഥം ‘കണ്ണീരിന്റെ കവാടം’ എന്നാണ്. പേര് പോലെ തന്നെ അപകടം പിടിച്ച ഒരു ഇടുക്കാണിത്. ചെങ്കടലിനെയും അറബിക്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പാത. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ വഴി പോകുന്ന എല്ലാ കപ്പലുകളും ഈ ബാബ് അല്‍ മന്ദബ് കടന്നു വേണം പോകാന്‍. അതായത് ലോകത്തെ ആകെ ചരക്കുനീക്കത്തിന്റെ 10 മുതല്‍ 12 ശതമാനം വരെ ഈ വഴിയിലൂടെയാണ്.
ഇതിന്റെ ഒരു വശത്ത് ആഫ്രിക്കന്‍ രാജ്യങ്ങളായ ജിബൂട്ടിയും എറിത്രിയയുമാണ്. മറുവശത്ത് യെമനും.
നിലവില്‍ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും, പ്രത്യേകിച്ച് ചെങ്കടല്‍ തീരങ്ങളും നിയന്ത്രിക്കുന്നത് ഇറാന്റെ ശക്തമായ പിന്തുണയുള്ള ഹൂത്തി വിമതരാണ്. ഔദ്യോഗികമായി യെമനില്‍ മറ്റൊരു സര്‍ക്കാരുണ്ടെങ്കിലും സന ഉള്‍പ്പെടെയുള്ള പ്രധാന അധികാരകേന്ദ്രങ്ങളെല്ലാം ഹൂത്തികളുടെ കൈയിലാണ്. ഇസ്രയേലിനും അവര്‍ക്ക് പിന്തുണ നല്കുന്ന അമേരിക്കയ്ക്കും എതിരെയാണ് ഹൂത്തികള്‍ ഇപ്പോള്‍ ചെങ്കടലില്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. തങ്ങളെ ലക്ഷ്യം വെച്ചാല്‍ കപ്പല്‍പ്പാത പൂര്‍ണ്ണമായി അടയ്ക്കുമെന്നാണ് അവരുടെ ഭീഷണി.
യെമനിലെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമുണ്ട്. പ്രധാനമായും സൗദി അറേബ്യയും യെമനിലെ ഹൂത്തികളും തമ്മിലായിരുന്നു വര്‍ഷങ്ങളായി പോരാട്ടം. ഹൂത്തികള്‍ ഷിയാ വിഭാഗക്കാരാണ്. അവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇറാന്റെ സ്വാധീനം തങ്ങളുടെ അതിര്‍ത്തിയില്‍ വരുന്നത് തടയാനാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ ഇടപെട്ടത്.
ഹൂത്തികളെ പൂര്‍ണ്ണമായി അമര്‍ത്താന്‍ സൗദിക്ക് കഴിഞ്ഞില്ല. തങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ സൗദി തുടര്‍ന്നാല്‍ ബാബ് അല്‍ മന്ദബ് പാത അടയ്ക്കുമെന്നാണ് ഹൂത്തികളുടെ ഭീഷണി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ഹൂത്തികളും പ്രശ്നത്തില്‍ നേരിട്ടിടപെടുമെന്ന് ഇതോട് ഉറപ്പായിരിക്കുകയാണ്. ബാബ് അല്‍ മന്ദബ് പാത അടച്ചായിരിക്കും അവരുടെ ഇടപെടല്‍. കൂടാതെ സൗദിയുമായി ഒരു യുദ്ധമുഖം തുറക്കുകയും ചെയ്തേക്കാം. ഇറാന് നല്കുന്ന അത്യാധുനിക ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹൂത്തികളുടെ ഭീഷണി. ഇതോടെ മേഖലയില്‍ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്.
ഹോര്‍മുസിന് പിന്നാലെ ബാബ് അല്‍ മന്ദബ് കൂടി അടയ്ക്കുന്നതോടെ ലോകം ഒരു വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴും. ഗള്‍ഫില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന പാതയാണ് ഇറാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്ക്. അത് ഇറാന് അടയ്ക്കുകയും, ചെങ്കടലിലെ ബാബ് അല്‍ മന്ദബ് ഹൂത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ലോകം നേരിടേണ്ടിവരുന്നത് ചിന്തിക്കാനാവാത്ത പ്രതിസന്ധിയാണ്.
പിന്നെ കപ്പലുകള്‍ക്ക് യൂറോപ്പിലെത്താന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം മുഴുവന്‍ ചുറ്റി, ‘കേപ്പ് ഓഫ് ഗുഡ് ഹോപ്പ്’ വഴി പോകേണ്ടി വരും. അങ്ങനെ വന്നാല്‍, കപ്പല്‍ യാത്രയ്ക്ക് 10 മുതല്‍ 14 ദിവസം വരെ കൂടുതല്‍ എടുക്കും. ഇന്ധനച്ചെലവ് ഇരട്ടിയാകും. കപ്പല്‍ വാടക കുത്തനെ കൂടും.
ഇതിന്റെ ഫലമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില ഉയരും. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാകും. ആഗോളതലത്തില്‍ വലിയൊരു വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇത് കാരണമാകും.
ഒരു വശത്ത് ഇറാന്റെ ഹോര്‍മുസ്, മറുവശത്ത് യെമന്റെ ബാബ് അല്‍ മന്ദബ്. ഈ രണ്ട് വാതിലുകളും അടയ്ക്കപ്പെട്ടാല്‍ ലോകം ഇരുട്ടിലാകും. വരും ദിവസങ്ങളില്‍ ചെങ്കടലില്‍ എന്ത് സംഭവിക്കും എന്നത് ലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യമാണ്.


