അഞ്ചു ജില്ലകള്‍. 30 ലക്ഷം ജീവന്‍, മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ?

Date:

അഞ്ച് ജില്ലകള്‍… മുപ്പത് ലക്ഷത്തിലധികം മനുഷ്യര്‍… മഴക്കാലമായാല്‍ എല്ലാ രാത്രിയും ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത് ഒരൊറ്റ പേടിയോടെയാണ്. ആ പേടിയുടെ പേരാണ് മുല്ലപ്പെരിയാര്‍.

വര്‍ഷങ്ങളായി കേരളം ചോദിക്കുന്ന ചോദ്യമുണ്ട്. ഈ പഴക്കമുള്ള ഡാം സുരക്ഷിതമാണോ?

ഇപ്പോഴിതാ ആ പേടിക്ക് മുകളിലേക്ക് വീണ്ടും ഒരു ആഘാതം വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ പുതിയ ബജറ്റ് പ്രഖ്യാപനമാണ് കാരണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് പദ്ധതിയിടുന്നു! ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് പറയുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്.

കേരളത്തിന്റെ ആശങ്കകളെയും സുരക്ഷാ ആവശ്യങ്ങളെയും പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ പ്രഖ്യാപനം. ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുമ്പോഴാണ് തമിഴ്‌നാട് അടുത്ത പടിയിലേക്ക് കടക്കുന്നത്.

ഇത് വെറുമൊരു വെള്ളപ്പൊക്ക ഭീഷണിയല്ല. തലമുറകളായി നമ്മള്‍ ചുമക്കുന്ന ഒരു ബോംബിന്റെ തിരിക്ക് തീ കൊളുത്തുന്നതുപോലെയാണ്. തമിഴ്‌നാട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു? കേരളത്തിന്റെ പേടിയില്‍ ന്യായമുണ്ടോ?

ഈ ഡാമിന്റെ ചരിത്രത്തിലേക്ക് ഒന്ന് പോകാം. 1895-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഒരു ഡാമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് എന്‍ജിനീയര്‍ ജോണ്‍ പെന്നികുക്ക് ആണ് ഇത് നിര്‍മ്മിച്ചത്.

ഇതിന്റെ നിര്‍മാണ രീതി തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. ഇന്നത്തെക്കാലത്തെപ്പോലെ കോണ്‍ക്രീറ്റോ സ്റ്റീലോ ഒന്നുമല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പകരം, കല്ലുകളും സുര്‍ക്കിയുമാണ്. സുര്‍ക്കി എന്ന് പറഞ്ഞാല്‍ ചുണ്ണാമ്പ്, കളിമണ്ണ് ഉണക്കിപൊടിച്ചത്, ശര്‍ക്കര എന്നിവ ചേര്‍ത്തുള്ള മിശ്രിതം.

ഒരു ഡാമിന്റെ ആയുസ്സ് സാധാരണയായി 50 മുതല്‍ 100 വര്‍ഷം വരെയാണ് കണക്കാക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ 131 വര്‍ഷത്തെ പഴക്കമുണ്ട്.

അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുന്നുണ്ടെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോഴും, ഉള്ളിലെ അടിത്തറയ്ക്ക് പഴക്കം തട്ടിയിട്ടുണ്ട്. ഡാമിനുള്ളിലൂടെ വെള്ളം ഊറി ഇറങ്ങുന്നുണ്ട്. വര്‍ഷങ്ങള്‍ ചെല്ലുന്തോറും സുര്‍ക്കി മിശ്രിതം ഒലിച്ചുപോകാനും, ഉള്ളിലെ കല്ലുകള്‍ക്കിടയില്‍ വിടവുകള്‍ വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍, കാലാവധി കഴിഞ്ഞ ഒരു നിര്‍മ്മിതിയിലാണ് ഇത്രയും വലിയ ജലഭാരം താങ്ങിനിര്‍ത്തുന്നത്.

തമിഴ്‌നാടിന് വെള്ളം വേണം, അത് അവരുടെ ആവശ്യമാണ്. തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കൃഷിയും കുടിവെള്ളവും ഈ ഡാമിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതില്‍ തര്‍ക്കമില്ല.

പക്ഷേ, കേരളം എന്തുകൊണ്ടാണ് മുല്ലപ്പെരിയാറിനെ ഇത്രയധികം ഭയക്കുന്നത്?

ഒന്നാമതായി, ഇത് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയിലാണ്. ഈ പ്രദേശങ്ങളില്‍ ചെറിയ രീതിയിലുള്ള ചലനങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ വലിയ തീവ്രതയില്ലാത്ത ചലനങ്ങള്‍ പോലും ഇത്തരം ഒരു പഴക്കമുള്ള ഡാമിന് വലിയ ആഘാതമുണ്ടാക്കാം.

രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനം. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ മഴ പെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് അതിതീവ്ര മഴ പെയ്യുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. പെട്ടെന്ന് പ്രളയമുണ്ടായാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് വിടേണ്ടി വരും.

വലിയൊരു പ്രളയമുണ്ടായാല്‍ ഈ ഡാമിന് അത് താങ്ങാന്‍ കഴിയുമോ? ഇല്ല എന്നാണ് കേരളത്തിന്റെ ആശങ്ക. കേരളത്തിന്റെ ഈ പേടിയെ പക്ഷേ കേന്ദ്ര സര്‍ക്കാരോ തമിഴ്‌നാടോ വേണ്ടത്ര ഗൗരവത്തില്‍ എടുക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതികള്‍ ഡാം സുരക്ഷിതമാണെന്ന് പറയുമ്പോഴും, ജനങ്ങളുടെ ഉള്ളിലെ ഭയം മാറിയിട്ടില്ല.

ഇതൊരു ദുരന്ത സൂചനയല്ല, മറിച്ചു നമ്മള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരു നിമിഷം ആലോചിച്ചു നോക്കൂ… മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുക?

ഡാം തകര്‍ന്നാല്‍, നിമിഷങ്ങള്‍ക്കകം കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പെരിയാറിലൂടെ കുതിച്ചൊഴുകുക. ആദ്യത്തെ ആഘാതം ഏല്‍ക്കുന്നത് വള്ളക്കടവ്, ഉപ്പുതറ എന്നീ പ്രദേശങ്ങള്‍ക്കാണ്.

തുടര്‍ന്ന് ഈ വെള്ളം മുഴുവന്‍ ചെന്നുപതിക്കുന്നത് ഇടുക്കി ഡാമിലേക്കാണ്. ഇടുക്കി ഡാമിന് വലിയ സംഭരണശേഷിയുണ്ട് എന്നത് സത്യമാണ്. എന്നാല്‍ മുല്ലപ്പെരിയാറിലെ വെള്ളവും, അതിനൊപ്പം വരുന്ന ചെളിയും മരങ്ങളും അവശിഷ്ടങ്ങളും ഒരുമിച്ച് ഇടുക്കിയിലേക്ക് ഒഴുകിയെത്തിയാല്‍ ഇടുക്കി ഡാമിന്റെ സുരക്ഷ പോലും വലിയ ചോദ്യചിഹ്നമാകും.

ഇടുക്കി ഡാമിനും താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍… ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളെ വെള്ളം വിഴുങ്ങും. കൊച്ചി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാകും. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം മാത്രമല്ല, ലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്.

ഇതുകൊണ്ടാണ് കേരളം ഒരൊറ്റ ശബ്ദത്തില്‍ പറയുന്നത് – ‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ.’

ഇവിടെ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാന ചോദ്യമുണ്ട്. കേരള സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെയാണോ ഈ വിഷയം കൈകാര്യം ചെയ്യുന്നത്?

മഴക്കാലം വരുമ്പോഴും തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്താന്‍ തീരുമാനം എടുക്കുമ്പോഴും മാത്രം ചര്‍ച്ചയാകുന്ന ഒന്നായി മുല്ലപ്പെരിയാര്‍ മാറിയിട്ടുണ്ടോ? പുതിയൊരു ഡാം പണിയുക മാത്രമാണ് ഇതിനൊരു ശാശ്വത പരിഹാരം. പുതിയ ഡാം നിര്‍മ്മിച്ച് തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം നല്‍കാം എന്ന് കേരളം പറയുന്നുണ്ട്. പക്ഷേ, തമിഴ്‌നാട് അതിന് തയ്യാറല്ല.

നിയമപോരാട്ടങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും ഭരണകൂടങ്ങളുടെ പിടിവാശികളും തുടരുമ്പോള്‍, ഇവിടെ ബലിയാടാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

തമിഴ്‌നാടിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ വേഗത്തിലാകും. ഇതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ ശക്തമായ നീക്കങ്ങള്‍ നടത്താന്‍ കേരളത്തിന് കഴിയണം. കോടതി മുറികളിലെ വാദപ്രതിവാദങ്ങള്‍ക്കപ്പുറം, ജനങ്ങളുടെ ജീവനാണ് പ്രധാനം എന്ന് അധികാരികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അതുവരെ… പെരിയാറിന്റെ തീരത്തുള്ള മനുഷ്യര്‍ ഓരോ രാത്രിയും ഭയത്തോടെ തന്നെ കിടന്നുറങ്ങേണ്ടി വരും.

സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം വരുമോ? അതോ നിയമപോരാട്ടങ്ങളില്‍ ഈ മുന്നറിയിപ്പുകള്‍ മുങ്ങിപ്പോകുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....

മോദിയും അമിത് ഷായും പാര്‍ലമെന്റില്‍ വരാത്തതെന്ത്?

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം ഒരു ചോദ്യം...