അമേരിക്ക എന്ന വന്മരം വീണോ? ലോകശാക്തിക സമവാക്യങ്ങള്‍ പൊളിച്ചെഴുത്തിലേക്കോ? ഇറാന്-അമേരിക്ക വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ വിലയിരുത്തുകയാണിവിടെ.
അമേരിക്കയുടെ”അജയ്യന്‍” എന്ന പരിവേഷം തകരുന്നു.
സോവ്യറ്റ് യൂണിയന്റെ തകര്ച്ചയ്ക്കുമുമ്പുവരെ ലോകം രണ്ടു ചേരികളിലായി തിരിഞ്ഞാണ് നിന്നിരുന്നത്. എന്നാല്‍ സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്ക ഏകശക്തിയായി ഉയര്‍ന്നു. ലോകപൊലീസെന്ന നിലയിലേക്ക് അമേരിക്ക മാറി. പുടിന്റെ കീഴില്‍ റഷ്യ ഉയര്ത്തെണീറ്റെങ്കിലും പഴയ സോവ്യറ്റ് യൂണിയന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്താനായില്ല.
എന്നാല്‍ സെനിക ശക്തിയും സാമ്പത്തിക പ്രാബല്യവും നയതന്ത്ര സ്വാധീനവും ചേര്‍ന്ന് അമേരിക്ക രൂപപ്പെടുത്തിയ ”അജയ്യന്‍” എന്ന പ്രതിഛായ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാനുമായുള്ള പുതിയ വെടിനിര്‍ത്തല്‍ കരാറും അതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ രാഷ്ട്രീയ പരിണാമങ്ങളും ഈ ചോദ്യത്തെ കൂടുതല്‍ ശക്തമാക്കുന്നു. റഷ്യക്ക് യുക്രയിനില്‍ നിന്നു കിട്ടുന്ന തിരിച്ചടിയെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മൂന്നുനാള്‍ കൊണ്ട് യുക്രയിനിനെ കീഴടക്കി പഴയസോവ്യറ്റ് യൂണിയനെപ്പോലെയായി മാറാമെന്ന പുടിന്റെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.
ഈ രണ്ട് സംഭവങ്ങള്‍ നല്കുന്ന സൂചന, ഇനിയങ്ങോട്ട് ലോകം പഴയതുപോലെയായിരിക്കില്ലെന്നതാണ്. ലോകപൊലീസെന്ന വ്യാജേനയുള്ള അമേരിക്കയുടെ വിലസലുകള്ക്കും അന്ത്യമായേക്കും. ചെറിയപ്രാദേശിക കക്ഷികള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിന്റെ രീതിയിലായിരിക്കും ഇനിയങ്ങോട്ടുള്ള പോക്ക്. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചപ്പോള്‍ ലോകസമ്പദ് വ്യവസ്ഥയെ തന്നെ അത് ബാധിച്ചത് കാണാതെ പോകരുത്. നേരേ ചെന്ന് അതുതുറക്കാന്‍ കഴിയാതെ പോയിടത്തു തുടങ്ങി അമേരിക്കയുടെ പതനം. അത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണാനാകാതെ പോയതാണ് ട്രംപിനേറ്റ പരാജയം. കളത്തില്‍ നേരിട്ടിറങ്ങാതെ വീമ്പടിയുമായി പുറത്തുനിന്നിരുന്നെങ്കില് അമേരിക്കയുടെ ദൗര്‍ബല്യങ്ങള്‍ പുറംലോകമറിയില്ലായിരുന്നു.
വെടിനിര്‍ത്തല്‍: ജയമോ, പരാജയമോ?
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒരു സമാധാന നീക്കമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ മറുവശത്ത് വീഴുന്ന രാഷ്ട്രീയ പരാജയത്തിന്റെ നിഴല്‍ കാണാതെ പോകരുത്.
അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ ആണവപരിപാടികളെ നിയന്ത്രിക്കുകയെന്നതാണ്.
ഇറാന്റെ ലക്ഷ്യം സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നേടുകയെന്നതാണ്.
വെടിനിര്‍ത്തല്‍ വഴി ഇരു പക്ഷങ്ങളും ”മുഖം രക്ഷിച്ചു” എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, നിര്‍ണ്ണായകമായ വിജയം ആരും നേടിയില്ല.
ഇത് ലോകത്തിന് നല്കുന്ന സന്ദേശം വ്യക്തമാണ്. വന്‍ശക്തികള്‍ക്കും പരിമിതികളുണ്ടെന്നതാണത്.
ട്രംപിന്റെ നയതന്ത്രത്തിലെ വീമ്പടികളും യാഥാര്‍ത്ഥ്യവും
ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലത്ത് കടുത്ത സമ്മര്ദനയങ്ങളിലൂടെ ഇറാനെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ഉപരോധങ്ങളും സൈനിക ഭീഷണികളും ചേര്‍ന്ന ഒരു കര്‍ശന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാല്‍ സംഭവിച്ചത് എന്താണ്?
ഇറാന് പിന്നോട്ട് പോയില്ലെന്നു മാത്രമല്ല ഉപരോധങ്ങള്‍ക്കിടയിലും പ്രതിരോധം ശക്തമാക്കുകയും മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പ്രാദേശിക സ്വാധീനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.
ട്രംപിന്റെ വീമ്പും രാഷ്ട്രീയ ശൈലിയും ഇപ്പോള്‍ അമേരിക്കയെ തന്ത്രപരമായ കുടുക്കിലാക്കിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അമേരിക്കയുടേത് അഹംഭാവത്തിന്റെ രാഷ്ട്രീയം.
”ശക്തിയുടെ പ്രകടനം” എന്ന രീതിയിലാണ് അമേരിക്കയുടെ വിദേശനയം പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. മസിലുപെരുപ്പിച്ചുകാട്ടി ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന രീതി. കാലംമാറിയത് അമേരിക്ക അറിഞ്ഞില്ല. നമ്മുടെ നാട്ടിന്‍പുറത്തെ ഗുണ്ടകളുടെ രീതികള്‍ മാറിയത് ശ്രദ്ധിക്കുക. ചോരക്കണ്ണുകളും കൊമ്പന്മീശയും കുടവയറുമായി മടക്കുപിച്ചാത്തികൊണ്ട് കവിളില്‍ ചൊറിഞ്ഞുനില്ക്കുന്നവരായിരുന്നു പണ്ടത്തെ ഗുണ്ടകള്‍. ഇന്നോ, മെലിഞ്ഞ് നരുന്തുപോലിരിക്കുന്ന പയ്യന്മാര്. ഒരു നല്ലവനായ ഉണ്ണിയുടെ പരിവേഷം. പണ്ടത്തെ ഗുണ്ട കത്തിവീശും. ഇന്നത്തെ ക്വട്ടേഷന്ഗുണ്ടയ്ക്ക് വീശലില്ല, കുത്തേയുള്ളു. നാട്ടിന്പുറത്തുള്ളവര് തിരിച്ചറിഞ്ഞ ഇക്കാര്യങ്ങളൊന്നും ബഹിരാകാശത്ത് സിസികാമറ വെച്ച് ഭൂമിയിലുള്ളവരെ നിരീക്ഷിക്കുന്ന സായ്പന്മാര് അറിഞ്ഞില്ലെന്നത് പരിതാപകരമാണ്.
ഇന്നത്തെ ലോകത്തെ സങ്കീര്‍ണമാക്കുന്നതിനു പല കാരണങ്ങളുണ്ട്. ചൈനയുടെ ഉയര്‍ച്ച, റഷ്യയുടെ പ്രതിരോധ നയം, ഇറാന്റെ പ്രദേശിക സ്വാധീനം…ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് അമേരിക്കയുടെ ഏകാധിപത്യ സ്വാധീനം കുറയ്ക്കുന്നു. പുതിയ ചേരികള്‍ രൂപം കൊണ്ടേക്കാം. അത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ കുടക്കീഴിലായിരിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. പരസ്പരം അംഗീകരിക്കുന്ന തുല്യശക്തികളുടെ കൂടിച്ചേരലുകളായിരിക്കും. ചൈനയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ആരാണ് വലിയവന്‍ എന്ന ചോദ്യമുണ്ടാകുന്നില്ല. ഇത്തരം കൂട്ടുകെട്ടുകളായിരിക്കും ഇനി മുന്നോട്ട്.
റഷ്യ-യുക്രയ്ന് യുദ്ധത്തില്‍ നിന്നുള്ള പാഠങ്ങള്‍ മനസിലാക്കാനായില്ലെന്നതാണ് അമേരിക്കയ്ക്കു സംഭവിച്ച പരാജയം.
റഷ്യ യുക്രെയിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുദ്ധം നീണ്ടുപോവുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ യുക്രെയിന് ലഭിച്ചതോടെ റഷ്യക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല
ഇത് ലോകത്തിനു ഒരു സന്ദേശം നല്‍കുന്നുണ്ട്. ഇനിയങ്ങോട്ട് സൈനിക ശക്തി മാത്രം മതിയാവില്ലെന്നതാണത്.
ഈ സാഹചര്യത്തില്‍ ഒരു പ്രധാന ചോദ്യം ഉയരുന്നുണ്ട്. വന്‍ശക്തികള്‍ പരാജയപ്പെടുകയാണോ, അല്ലെങ്കില്‍ അവരുടെ ശക്തിയുടെ പരിമിതികളാണോ വെളിപ്പെടുന്നത്.
ഇവിടെ രണ്ട് വാദങ്ങള്‍ ഉയരുന്നുണ്ട്.:
- പരാജയം എന്ന വാദം:
അതായത് ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നതും അതിനെ തുടര്‍ന്ന് പ്രതിയോഗികള്‍ കൂടുതല്‍ ശക്തരായെന്നതുമാണത്. - പരിമിതികളുടെ വെളിപ്പെടുത്തല്‍:
ആധുനിക യുദ്ധം സങ്കീര്‍ണ്ണമാണ്. അതില്‍ സാമ്പത്തികവും നയതന്ത്രവുമായ ഘടകങ്ങള്‍ നിര്‍ണ്ണായകമാണ്.
ഇറാനെ മര്യാദപഠിപ്പിക്കാനിറങ്ങി പുറപ്പെട്ട ട്രംപിന് ഇനി നേരിടേണ്ടത് വൈറ്റ് ഹൗസിലെ ആഭ്യന്തര സംഘര്ഷത്തെയാണെന്നതാണ് ഏറെ രസകരം.
വൈറ്റ്ഹൗസിനുള്ളില്‍ പോലും യുദ്ധനയത്തെക്കുറിച്ച് ഭിന്നതകള്‍ ശക്തമാകുകയാണ്. സൈനിക ഇടപെടല്‍ ന്യായമെന്ന് ഒരുകൂട്ടരും നയതന്ത്ര പരിഹാരം വേണമെന്ന മറ്റൊരു പക്ഷത്തിന്റെ നിലപാടുകളുമാണ് മറനീക്കി പറത്തുവരുന്നത്.
ഈ ഭിന്നതകള്‍ അമേരിക്കയുടെ നയതന്ത്ര തീരുമാനങ്ങളെ ബാധിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയും ഇറാനുമായുള്ള യുദ്ധവും വെടിനിര്‍ത്തലും ഒരുപോലെ ബാധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്. സൗദി അറേബ്യ, ഖത്തര്‍, യുഎഇപോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ഒരേസമയം അവസരവും ആശങ്കയും പ്രദാനം ചെയ്യുന്നു:
അവസരങ്ങള്‍:
യുദ്ധഭീഷണി കുറയുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് കാരണമാകുന്നു
എണ്ണവിലയില്‍ നിയന്ത്രണം
വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സാധ്യത
ആശങ്കകള്‍:
ഇറാന്റെ പ്രാദേശിക സ്വാധീനം വര്‍ധിക്കുമോ?
അമേരിക്കയുടെ സുരക്ഷാ കവചം കുറയുമോ?
അമേരിക്കയെ ഇനിയങ്ങോട്ട് എത്രമാത്രം ആശ്രയിക്കാമെന്ന ആശങ്ക
അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന പുതിയ സമീപനം, ഒരു പക്ഷത്തോട് മാത്രം ചേര്‍ന്നിരിക്കാതെ, എല്ലാരുമായും ബന്ധം സൂക്ഷിക്കുക എന്നതായിരിക്കും.
ഇസ്രായേലിന്റെ നിലപാടുകള്‍:
അമേരിക്കയെ ഇറാനെതിരായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേലാണെന്നത് പകല്‍പോലെ വ്യക്തമായ ഒരു സത്യമാണ്. ഇറാന്റെ ആണവപരിപാടികളിലുള്ള ആശങ്കയാണ് ഇസ്രായേലിനെ ഇതിനു പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവഴി ഇറാന് കൂടുതല്‍ ശക്തമാകുമോയെന്നതാണ് ഇസ്രായേലിനെ ഭയപ്പെടുത്തുന്നത്.
ഇസ്രായേലിന്റെ അടുത്ത നീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇസ്രായേല്‍ മുന്നോട്ട് പോകാന്‍ സാധ്യതയുള്ള വഴികള്‍ ഇവയൊക്കെയാണ്: - അമേരിക്കയുമായി ബന്ധം കൂടുതല്‍ ശക്തമാക്കല്‍. അതുവഴി അമേരിക്കയുമായി സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുക
- രഹസ്യ ഓപ്പറേഷനുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ രഹസ്യ നീക്കങ്ങള്‍ തുടരുക.
- ഗള്‍ഫ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് യുഎഇയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക.
വരും നാളുകളില്‍ മിഡില്‍ ഈസ്റ്റില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ സാധ്യതയുള്ളതെന്നു നോക്കാം.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍തമ്മിലുള്ള സഹകരണം മെച്ചപ്പെടും.
അമേരിക്കയെ മാത്രം ആശ്രയിക്കാതെ റഷ്യയും ചൈനയുമായും കൂടുതല്‍ അടുക്കാന്‍ അവര്‍ ശ്രമിക്കും.
ഗള്‍ഫ് രാജ്യങ്ങളുടെ മനംമാറ്റം അമേരിക്കയ്ക്ക് തിരിച്ചടിയാകും. കാരണം പെട്രോഡോളര്‍ സംവിധാനം തകര്‍ന്നാല്‍ അത് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കും.
മിഡില്‍ ഈസ്റ്റിലെ മാറുന്ന ശക്തിസമവാക്യങ്ങള്‍ ഇങ്ങനെ ചുരുക്കാം:
ഇറാന്-അമേരിക്ക ബന്ധത്തിലെ മാറ്റമായിരിക്കും മിഡില്‍ ഈസ്റ്റിലെ ശക്തിസമവാക്യത്തെ മാറ്റുന്ന പ്രധാനഘടകം.
ഇറാന് ശക്തമായ പ്രാദേശിക കളിക്കാരനായി തുടരും.
സൗദി അറേബ്യയും മറ്റു രാജ്യങ്ങളും പുതിയ കൂട്ടുകെട്ടുകള്‍ അന്വേഷിക്കും.
അമേരിക്കയുടെ സ്വാധീനം കുറയും.
ഇതൊക്കെ ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചേക്കാം.
”മള്‍ട്ടി-പോളാര്‍ ലോകം”എന്ന പുതിയ യാഥാര്‍ത്ഥ്യത്തെ എല്ലാവരും ഉള്‍ക്കൊള്ളേണ്ടിവരും.
നാളത്തെ ലോകം ഇനി ഏതെങ്കിലുമൊരു രാജ്യത്തിന്റെ ശക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല.. പല ശക്തികള്‍ ചേര്‍ന്ന ഒരു ”മള്‍ട്ടി-പോളാര്‍” ഘടനയിലേക്ക് ലോകം മാറുകയാണ്. അമേരിക്ക- ഇറാന് ഏറ്റുമുട്ടല്‍ ലോകത്തിനു നല്കിയ സംഭാവനയായി ഇതിനെ കണക്കാക്കാം. സോവ്യറ്റ് ചേരിയുടെ തകര്‍ച്ചയ്ക്ക് ഗോര്‍ബച്ചേവ് കാരണക്കാരനായതുപോലെ പുതിയലോകക്രമത്തിനു കാരണമായ തകര്‍ച്ചയിലേക്ക് അമേരിക്കയെ നയിച്ചതിന്റെ കാരണഭൂതനായി ട്രംപിനെ ചരിത്രം വിധിയെഴുതിയേക്കാം.
അമേരിക്ക
ചൈന
റഷ്യ
യൂറോപ്യന്‍ യൂണിയന്
ഇന്ത്യ
തുടങ്ങിയവയായിരിക്കും പ്രധാന ശക്തികളായി മാറുന്ന രാജ്യങ്ങള്‍.
ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഈ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സ്വാധീനം നേടിയേക്കാം.
ഈ മാറ്റങ്ങള്‍ ഇന്ത്യയ്ക്ക് വലിയ അവസരങ്ങളാണ് നല്‍കുക.
നയതന്ത്ര സ്വാതന്ത്ര്യം, സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍, ആഗോള വേദിയില്‍ കൂടുതല്‍ പങ്കാളിത്തം തുടങ്ങി ഇന്ത്യയുടെ ”സ്ട്രാറ്റജിക് ബാലന്‍സിംഗ്” നയം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.
ലോകത്തിന്റെ ഭാവി: യുദ്ധമോ, നയതന്ത്രമോ?
ലോകം ഇപ്പോള്‍ ഒരു വഴിത്തിരിവിലാണ്: സൈനിക സംഘര്‍ഷങ്ങള്‍ തുടരുമോ? അതല്ലെങ്കില്‍ നയതന്ത്ര നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുമോ?
ഇറാന്-അമേരിക്ക വെടിനിര്‍ത്തല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഒരു ഇടക്കാല ഉത്തരമായി കണക്കാക്കാം.
കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍:
അമേരിക്ക എന്ന വന്മരം വീണെന്നു പറയാനാവുമോ?
ലൂസിഫര്‍ എന്ന സിനിമയിലെ ഡയലോഗിനെ അനുസ്മരിച്ചുകൊണ്ട് ”അമേരിക്ക എന്ന വന്മരം വീണു” എന്നു പറയാമെങ്കിലും യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
അമേരിക്ക വീണെന്നു പറയാനാവില്ല, എന്നാല്‍ പഴയപോലെയുള്ള പോലീസുകളിയും വീരസ്യം പറച്ചിലും ഇനി നടക്കില്ല.
ലോകം ഇനി ഒരൊറ്റ ശക്തിയുടെ നിയന്ത്രണത്തിലായിരിക്കില്ല. പകരം, നിരവധി ശക്തികള്‍ ചേര്‍ന്ന ഒരു സമവാക്യമാണ് രൂപപ്പെട്ടേക്കാവുന്നത്. ആയുധബലം മാത്രമായിരിക്കില്ല ലോകത്തെ നിയന്ത്രിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള വിപണികള്‍ക്കായുള്ള പോരാട്ടമായിരിക്കും വരാന്‍പോകുന്നത്.
യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്ന തിരിച്ചറിവിലേക്കും ലോകമെത്തിയേക്കാം. എന്നാല്‍ അമേരിക്കയ്ക്ക് അത്തരമൊരു തിരിച്ചറിവുണ്ടാകണമെങ്കില്‍ അവരുടെ മണ്ണില്‍ യുദ്ധത്തിന്റെ കെടുതികളെത്തണമെന്നുമാത്രം.
ഇതുവഴി ലോകത്തിനെന്തു സംഭവിക്കുംമെന്നത് ഒരു ചോദ്യമാണ്.
കൂടുതല്‍ അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ?
അതോ ശാന്തസുന്ദരമായ ലോകമോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും അടുത്ത ദശാബ്ദത്തെ നിര്‍ണ്ണയിക്കുക.


