ഒരു ചായ കുടിച്ചാലോ എന്ന ചോദ്യം ചോദിക്കാത്തവരോ കേള്‍ക്കാത്തവരോ കാണില്ല. ആവി പൊങ്ങിപ്പറക്കുന്ന ചായ ഊതിയൂതി കുടിച്ച് എല്ലാം മറന്നങ്ങനെയുള്ള ഇരുപ്പ്…അതൊരു വല്ലാത്ത ഫീലിംഗാണ്. ചിലര്‍ക്ക് പാല്‍ച്ചായ ആയിരിക്കാം മറ്റു ചിലര്‍ക്ക് കട്ടന്‍ ചായ ആയിരിക്കാം പ്രിയം. സ്‌ട്രോംഗ്, ലൈറ്റ്, മീഡിയം, വെള്ളം കൂട്ടി, അടിക്കാത്തത്, സുലൈമാനി, ഗ്രീന്‍ ടീ എന്നിങ്ങനെ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ച് ചായകള്‍ പലവിധം.
ചായയുടെ മേക്കിംഗിലാണ് കാര്യം. തലപ്പൊക്കത്തില്‍ വീശിയടിക്കുന്ന നാട്ടിന്‍പുറത്തെ ചായയടിക്കാര്‍ ഇന്നും ഒരു അത്ഭുതകാഴ്ചയാണ്. ഒരു തപസ്യപോലെയാണ് ചിലര്‍ക്ക് ചായയുണ്ടാക്കല്‍. തങ്ങളുടെ ചായ മേക്കിംഗിനെക്കുറിച്ച് നെടുനീളന്‍ ഉപന്യാസങ്ങളെഴുതിയവരുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയമാണ് ചായ. ദിവസം മുപ്പതിലേറെ കപ്പ് ചായ കുടിക്കുന്നവരുണ്ട്.
തേയിലയുടെയും ചായയുടെയും പിറവിയുടെ ഐതീഹ്യം ചെന്നെത്തി നില്‍ക്കുന്നത് ചൈനയിലാണ്.
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ഒരു വേനല്‍ക്കാലത്ത് കാട്ടില്‍ വേട്ടക്കു പോയി. വേട്ടയാടി തളര്‍ന്നപ്പോള്‍ കുറച്ചു വെള്ളം ചൂടാക്കാനായി അടുപ്പുകൂട്ടി. വെള്ളം തിളച്ചുകൊണ്ടിരുന്നപ്പോള്‍ കുറച്ച് ഉണങ്ങിയ ഇലകള്‍ ഈ വെള്ളത്തില്‍ വീണു. വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച ചക്രവര്‍ത്തിക്ക് ഉന്മേഷം തോന്നി. ഇതാണ് ചായയുടെ പിറവിയുടെ കഥ. ഏതായാലും ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്. ചൈനയില്‍ നിന്ന് ജപ്പാനിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും തുടര്‍ന്ന് ബ്രിട്ടീഷ് കോളനികളിലേക്കുമായി തേയിലയും ചായകുടിയും ലോകമെങ്ങും വ്യാപിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ അസമിലും.
ഇന്ന് മെയ് 21 അന്തര്‍ദേശീയ ചായദിനം.