‘എന്റെ അപ്പനെന്തിയേന്ന്’ തള്ളപ്പശുവിന്റെ മുഖത്തുനോക്കി കിടാരി

0
127

നീണ്ട പച്ചപ്പുല്ലിന്റെ തണ്ട് വായിലാക്കുന്ന സമയത്തുതന്നെ അടുത്ത പുല്ലില്‍ കണ്ണുവെച്ച് ആവേശത്തോടെ മുന്നോട്ട് കാലെടുത്തുവെക്കവെ പിന്നിലൊരു ശബ്ദം കേട്ട് തള്ളപ്പശു തിരിഞ്ഞുനോക്കി. തൊട്ടപ്പുറത്തുള്ള റബറില്‍ കെട്ടിയിട്ടിരുന്ന കിടാരി വെറുതെ വട്ടത്തില്‍ കറങ്ങുകയാണ്. കടിച്ചെടുത്ത പുല്ല് വായിലിട്ട് ചവച്ചുകൊണ്ട് തള്ളപ്പശു അലറി: ‘എടീ കൊച്ചെ…അങ്ങനെ വട്ടത്തില്‍ കിടന്നു കറങ്ങാതെ…ആ റബറിന്റെ തൊലി പോകും…’

കിടാരി കലിപ്പിലാണ്. കറക്കം നിര്‍ത്താതെ തള്ളപ്പശുവിനുനേരെ മുഖം വെട്ടിച്ച് കിടാരി മുരണ്ടു: ‘ഇച്ചിര തൊലി പോകട്ടെ…എത്രനേരമായി…രാവിലെ കൊണ്ടുവന്നു കെട്ടിയിട്ടിട്ട് പോയതാ…..വിശക്കുന്നു…ദാഹിക്കുന്നുമുണ്ട്…’

‘എടീ കാര്യമൊക്കെ ശരിയാ…റബറിന്റെ തൊലി പോയാല് മുതലാളി വന്ന് നല്ല ചീത്ത വിളിക്കും….തല്ലുംകിട്ടും…ഇതിനകത്ത് പിന്നെ പുല്ലുതിന്നാന്‍ കൊണ്ടുവരില്ല…ആ വെയിലത്തെങ്ങാനും കൊണ്ടുപോയികെട്ടും…’ കിടാരിയുടെ അടുത്തേക്ക് ചുവടുകള്‍ വെച്ച് തള്ളപ്പശു അവളെ മയപ്പെടുത്താന്‍ ശ്രമിച്ചു.

‘ങാ…ഇവിടെയാണേല്‍ നല്ല തണലുണ്ട്….ഇന്നെന്നാ മാറ്റിക്കെട്ടാന്‍ കൊച്ചമ്മയെ കാണാത്തത്…’ കാര്യം മനസിലായ കിടാരി കറക്കം നിര്‍ത്തി.

‘രാവിലെ ബാഗും തോളേലിട്ട് പോകുന്നത് കണ്ടായിരുന്നു…അന്നേരെ ഞാനോര്‍ത്തു ഇന്നത്തെ കാര്യം കട്ടപ്പൊകയാകുമെന്ന്…’ കുറെനേരമായിട്ടും അഴിച്ചുമാറ്റിക്കെട്ടാത്തതിന്റെ നിരാശയുണ്ട് പശുവിന്റെ ശബ്ദത്തില്‍.

‘എന്റമ്മോ…വല്ല ധ്യാനത്തിനും പോയതാണേല്‍ വൈകീട്ടത്തേക്കിനേ വരൂ…പച്ചവെള്ളം പോലും കിട്ടുകേല….’ പണികിട്ടിയേക്കുമെന്ന ഉത്കണ്ഠയിലായി കിടാരി.

‘ഒന്നമറിനോക്കിയാലോ…ആ പയ്യന്‍ വീട്ടിലുണ്ടേല്‍ വന്ന് മാറ്റിക്കെട്ടും…’ തൊട്ടപ്പുറത്തുള്ള പുല്ലെത്തിപ്പിടിക്കാനായി നാക്കുനീട്ടിക്കൊണ്ട് പശു പറഞ്ഞു.

പശുവിന്റെ ഐഡിയാ അപ്പോള്‍ത്തന്നെ കിടാരി ചെവിയാട്ടി തള്ളി. ‘അവനെങ്ങും കേള്‍ക്കുകേല…ചെവിയില്‍ മൊബൈലും തിരുകി ഇരിക്കുകയായിരിക്കും…ഞാനിന്നാളും കയ്യാലേന്നു താഴെപോയിട്ട് കിടന്നു വലിയവായിലേ കാറിയിട്ടുപോലും കേട്ടില്ല….’ ഇഷ്ടക്കേട് തീര്‍ക്കാന്‍ കിടാരി മുന്‍കാലുകൊണ്ട് നിന്നിടത്തെ മണ്ണുമാന്തി.

‘അന്നവനിട്ട് കൊച്ചമ്മേടെ കയ്യീന്ന് തല്ലുകിട്ടിയായിരുന്നു….ങാ…ഇനി കയ്യാലേടെ അരികില്‍ നിന്ന് സൂക്ഷിച്ചേ പുല്ലുതിന്നാവുള്ളു…അന്നു കഷ്ടിച്ചാ നീ രക്ഷപ്പെട്ടത്….’

‘ഈ കയറേല്‍ കെട്ടിയിടാതിരിക്കുവാണേല്‍ നമുക്ക് ഇഷ്ടം പോലെ കറങ്ങി നടന്നു വല്ലതുമൊക്കെ തിന്നാന്‍മേലെ…’

‘ഇന്നാള് കിട്ടിയതു മറന്നുപോയോ…നീ കയറുപൊട്ടിച്ച് അപ്പുറത്തെ പറമ്പില്‍ കയറി കപ്പേം വാഴയുമെല്ലാം തിന്നത്…അവിടുത്തെ തള്ളേം കൊച്ചമ്മേംകൂടി എന്നാ തെറിവിളിയായിരുന്നു…’

‘അതെനിക്കറിയാവായിരുന്നോ….വല്ലോരുടെയുമാന്ന്….എനിക്കു നല്ലവിശപ്പായിരുന്നു…’

‘നമ്മുടെ ജീവിതം ഈ കയറിന്‍തുമ്പേ തീരത്തേയുള്ളു…’ തള്ളപ്പശുവിന്റെ ശബ്ദത്തില്‍ നിരാശ നിഴലിച്ചിരുന്നു.

‘അമ്മ പറഞ്ഞിട്ടില്ലേ…മൃഗങ്ങളുടെ ലോകം കാടാണെന്ന്…നമുക്കൊരു ദിവസം കയറും പൊട്ടിച്ച് കാട്ടിലോട്ടുപോയാലോ…’ കിടാരി പ്രതീക്ഷയോടെ തള്ളയെ നോക്കി.

കിടാരിയുടെ വര്‍ത്തമാനം കേട്ട് പശുവിന് കലി കയറി. ‘മിണ്ടാതിരിയെടീ…തിന്ന തീറ്റയ്ക്ക് നന്ദിവേണം….ഇവിടെയായതുകൊണ്ട് മനസാമാധാനമായിട്ട് കിടക്കാം…ഇല്ലേല്‍ ജീവനും കയ്യിപിടിച്ചോണ്ട് വേണം എപ്പഴും നടക്കാന്‍…വല്ല പുലിയുടെയും കടുവയുടെയും വായില്‍ കയറുന്നത് എപ്പഴാന്ന് അറിയത്തില്ല…’ കിടാരിയുടെ ചിന്തകള്‍ തള്ളപ്പശു മുളയിലേ നുള്ളി.

തള്ളപ്പശുവിന് മുഖം കൊടുക്കാതെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയാണ് കിടാരി.

കിടാരിയുടെ ഭാവമാറ്റം തള്ളപ്പശു ശ്രദ്ധിച്ചു. ഡിപ്രഷനിലേക്കെങ്ങാനും മകളുപോകുമോയെന്ന ചിന്ത തള്ളപ്പശുവിനെ ആധിപിടിപ്പിച്ചു. കെട്ടിയിട്ടിരുന്ന റബര്‍മരത്തിന് വട്ടം ചുറ്റി കിടാരിയുടെ അടുത്തെത്തി പശു ചോദിച്ചു: ‘എന്നാ മോളേ പെട്ടെന്ന് മൂഡൗട്ടായത്…’

‘ഓ…ഞാനോര്‍ക്കുവായിരുന്നു…അമ്മേ…നമ്മള്‍ക്കെന്നാ ഈ മനുഷ്യരേപ്പോലെ കുടുംബജീവിതം ഇല്ലാത്തത്….അവര് അപ്പനും മക്കളുമെല്ലാം കൂടി എത്രസന്തോഷമായിട്ടാ കഴിയുന്നത്…’

കിടാരി പറഞ്ഞു തീര്‍ക്കുന്നതിനുമുന്നേ ഇടയ്ക്കു കയറി തള്ളപ്പശു: ‘നമ്മള്‍ക്ക് കല്യാണമൊക്കെ കഴിച്ച് അങ്ങനെയൊരു കുടുംബജീവിതം വിധിച്ചിട്ടില്ല മക്കളെ….’ പശുവിന്റെ ശബ്ദത്തിലും നിരാശയുണ്ടായിരുന്നു.

‘അതെന്നാ…എന്റെ അപ്പനെന്തിയേന്ന് ഞാനെത്രനാളായി ചോദിക്കുന്നു…’ കിടാരി തള്ളപ്പശുവിന്റെ നേരെ മുഖമുയര്‍ത്തി.

ഇവളെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുമെന്ന പ്രയാസത്തിലായി പശു. ‘മോളെ…അതൊന്നും മനസിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല…’ മനുഷ്യരുടെ അടവുതന്നെ പുറത്തെടുത്തു.

പക്ഷേ, കിടാരി അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ‘പിന്നെ…എനിക്ക് ആറുമാസമായെന്ന് ഇന്നലേം കൊച്ചമ്മ പറേന്ന കേട്ടല്ലോ…’

‘എടീ കൊച്ചേ…നമ്മളെയൊക്കെ മനുഷ്യര് അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാ വളര്‍ത്തുന്നത്….അല്ലാതെ പുണ്യത്തിനല്ല…’ അരിശം വന്നിട്ട് തികട്ടിവന്ന പുല്ല് വായിലിട്ടു ചവച്ചരച്ചുകൊണ്ട് തള്ളപ്പശു പല്ലിറുമ്മി.

‘എന്നാലെന്നാ ഒരു സ്വാതന്ത്രോമില്ല….’ നിരാശയോടെ കിടാരി പിറുപിറുത്തു.

‘സ്വാതന്ത്രമില്ലെങ്കിലെന്താ ജീവിതം സുഖമല്ലേ…തീറ്റയും വെള്ളവും മരുന്നുമെല്ലാം സമയാസമയം അവര് കൊണ്ടുവന്നുതരും…പേടിക്കാതെ ജീവിക്കുകയും ചെയ്യാം…’

‘ങാ…ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ടാ എന്നും കയറേല്‍ കിടക്കേണ്ടിവരുന്നത്….’ പുച്ഛരസത്തോടെ ഓള്‍ഡ്‌ജെന്‍ തള്ളയെ കിടാരി നോക്കി.

ന്യൂജെന്‍ പിള്ളേരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ പശു മുട്ടുകുത്തി കിടന്നുകൊണ്ട് മകളെ ഉപദേശിച്ചു:’ നീ ചുമ്മാ ചിന്തിച്ചുകൂട്ടാതെ അങ്ങോട്ടെങ്ങാനും മാറിക്കിടന്ന് അയവിറക്ക്…വലിച്ചുവാരി തിന്നതെല്ലാം ദഹിക്കട്ടെ….മുന്നോട്ടാഞ്ഞ് മുട്ടുകുത്തി പിന്നിലേക്ക് ചെരിഞ്ഞ് തള്ളപ്പശു ദീര്‍ഘനിശ്വാസം വിട്ടു.

തള്ളപ്പശുവിന്റെ സംസാരവും കിടപ്പും കിടാരിക്കത്ര പിടിച്ചില്ല. ‘പിന്നെ…രാവിലെ രണ്ടു കവിള് പുല്ലുതിന്നു…അതങ്ങ് വയറ്റില്‍ ചെല്ലാന്‍മാത്രമില്ലായിരുന്നു….അതാണോ ഇനി തിരിച്ചുവിളിച്ച് അയറേണ്ടത്…’ അരിശം തീര്‍ക്കാന്‍ കിടാരി റബറിന്റെ ചുറ്റുമുള്ള വട്ടംചുറ്റല്‍ തുടര്‍ന്നു. ഇവളോട് പറഞ്ഞിട്ടു കാര്യമില്ലെന്ന് തള്ളപ്പശു മനസിലോര്‍ത്തു. അറിയാത്ത പിള്ള ചൊറിയുമ്പം അറിയുമെന്ന തിരിച്ചറിവോടെ പാതികണ്ണടച്ച് തള്ളപ്പശു ഇരുകവിളിലേക്കും അയവിറക്കിക്കൊള്ളിച്ച് താളത്തില്‍ ചവച്ചുതുടങ്ങി.

Leave A Reply

Please enter your comment!
Please enter your name here