പ്രണയത്തിന് കണ്ണുംമൂക്കുമുണ്ട്; പക്ഷേ, ജാതിയും മതവുമില്ല

0
126

നേരം പുലര്‍ന്നു വരുന്നതേയുള്ളു. തലസ്ഥാനനഗരിയിലേക്കുള്ള ബസില്‍ തിരക്ക് കുറവാണ്. ടൗണ്‍ പിന്നിട്ടു കഴിഞ്ഞപ്പോഴുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു പെണ്‍കുട്ടി ബസിലേക്ക് കയറി. കൂടെ ഒരു വലിയ ബാഗുമായി മധ്യവസ്‌കനായ പിതാവും.

‘ ചേട്ടാ വിട്ടേക്കരുത്. ഞാന്‍ ഇറങ്ങാനുള്ളതാ.’ മകള്‍ക്ക് ഇരിക്കാനായി സുരക്ഷിതമായ സീറ്റ് കണ്ണുകളാല്‍ തിരയുന്നതിന്റെ ധൃതിയില്‍ അയാള്‍ കണ്ടക്ടറോട് പറഞ്ഞു. സീറ്റിനടിയിലേക്ക് ബാഗു തിരുകി ഇറങ്ങവേ അയാള്‍ മകളോട് കണ്ണുകളാല്‍ യാത്രപറഞ്ഞു. ആ കണ്ണുകള്‍ അപ്പോള്‍ ബസിലെ ചെറിയ പ്രകാശത്തില്‍ അസാധാരണമായി തിളങ്ങുന്നുണ്ടായിരുന്നു. മകളെ പിരിയുന്നതിന്റെ വേദനയുടെ, കരുതലിന്റെ, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ തിളക്കമായിരുന്നു അത്. ബസിനു പുറത്ത് ഉത്കണ്ഠയോടെ മകളെ എത്തിവലിഞ്ഞുനോക്കി അമ്മ നില്‍പുണ്ട്. അവരുടെ മുന്നോട്ടുള്ള ആഞ്ഞുനില്‍പു കണ്ടാല്‍ ഏതു നിമിഷവും അവരും ബസിനുള്ളിലേക്ക് കയറി മകളുടെ തൊട്ടടുത്ത് ഇരിപ്പുറപ്പിക്കുമെന്ന് തോന്നും. ബസ് മുന്നോട്ടെടുക്കവേ വിഷാദം കണ്ണുകളില്‍ നിറച്ച് മകള്‍ കൈയുയര്‍ത്തി അവര്‍ക്ക് യാത്രാമൊഴി നേര്‍ന്നു. ബസ് സ്‌റ്റോപ്പു വിട്ടിട്ടും അവള്‍ പിന്നിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളെ പിരിയുന്നതിന്റെ സങ്കടത്തിലാണെന്ന് കരുതിയിരിക്കവെ, പെട്ടെന്ന് ഒരു പയ്യന്‍ പിന്നില്‍ നിന്ന് മുന്നിലേക്ക് ധൃതിയില്‍ എണീറ്റുപോയി. അവനെ കണ്ടതും പെണ്‍കുട്ടി സീറ്റീന്റെ അരികിലേക്ക് ഒതുങ്ങി. അവന്‍ അവിടെയിരുന്നു. ഇഷ്ടം പോലെ സീറ്റ് ബസിലുണ്ടല്ലോ പിന്നെന്തിനാണ് അവന്‍ അവിടെ പോയിരിക്കുന്നതെന്ന് ചിന്തിക്കവേ, അവര്‍ ചിരിയും കളിയും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്തിരിനേരത്തിനുള്ളില്‍ അവര്‍ ഈച്ചയും ചക്കരയുമായി. അവരിരുവരും നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് യാത്ര തിരിച്ചവരാണെന്ന് വ്യക്തം. മകള്‍ ഒറ്റയ്ക്കുപോകുന്നതിന്റെ സങ്കടത്തില്‍ നെഞ്ചുപിടച്ചിലോടെ നിന്ന അപ്പനെയും അമ്മയെയും ഓര്‍ത്തപ്പോള്‍ സഹതാപമല്ല ചിരിയാണ് വന്നത്.

നമ്മുടെ സാമൂഹ്യകാഴ്ചപ്പാടുകള്‍ മാറുകയാണ്. പ്രത്യേകിച്ചും ആണ്‍-പെണ്‍ ഇടപെടലുകളില്‍. യുവതലമുറ പൂര്‍ണ സ്വാതന്ത്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനോട് എതിര്‍ത്തു നില്‍ക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ മുതിര്‍ന്നവര്‍ അതിനു വഴങ്ങിക്കഴിഞ്ഞു. തങ്ങളുടെ മക്കള്‍ വേണ്ടാത്തകാര്യങ്ങളിലേക്ക് വഴുതിവീഴില്ലെന്ന സ്വയം ആശ്വസിക്കലില്‍ അഭയം തേടുകയാണ് പലരും. അടിക്കുന്നവഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കുകയെന്ന പഴയനയം തന്നെ.

ഓരോ കാലത്തും പുതുതലമുറയുടെ ചിന്താരീതികളിലും പ്രവര്‍ത്തികളിലുമെല്ലാം മാറ്റങ്ങള്‍ പ്രകടമാകും. ഇപ്പോഴത്തെ ഓള്‍ഡ് ജനറേഷന്‍ ഒരു നാളില്‍ ന്യൂജനറേഷന്‍ ആയിരുന്നു. അന്നത്തെ പഴയതലമുറയെ വെല്ലുവിളിച്ചവരാണവര്‍. ഇപ്പോള്‍ പുതുതലമുറ അവരുടെ നയങ്ങളെ തിരുത്തുന്നു. അന്ന് പഴയതലമുറ എതിര്‍പ്പുകളെ വില്ലിച്ചുനിന്നെങ്കില്‍ ഇന്നത്തെ ഓള്‍ഡ് ജനറേഷന്‍ പൂര്‍ണമായും വഴങ്ങികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. കുട്ടികള്‍ എന്തുപറയുന്നുവോ അതുപോലെയാണ് പല വീടുകളിലെയും കാര്യങ്ങള്‍. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് മനോഭാവമാണ് എല്ലാവര്‍ക്കും. ഈ അനുകൂല സാഹചര്യത്തെ ചിലര്‍ ദുരുപയോഗിക്കുമ്പോഴാണ്് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

പഴയ തലമുറയുടെ വിപ്ലവം സിനിമ കാണലിലും സിഗരറ്റ് പുകയ്ക്കലിലും വായനശാലയിലെ രാത്രികാല ചര്‍ച്ചകളിലും കുറച്ചു വിപ്ലവചിന്തകളിലും ഒതുങ്ങി. എന്നാല്‍ പുതുതലമുറയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ എല്ലാ നിയന്ത്രണങ്ങളുടെയും ചരടുകള്‍ പൊട്ടിച്ചുകൊണ്ടാണ്. ചട്ടക്കൂടുകളിലും നിയമങ്ങളിലും തളച്ചിടേണ്ടവരല്ല തങ്ങളെന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്ര്യം, പാര്‍പ്പിട സ്വാതന്ത്ര്യം അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പട്ടിക നീളുകയാണ്. വിവാഹം, പ്രസവം എന്നിവയില്‍ നിന്നുള്ള മോചനം അടുത്ത തലമുറയ്ക്കായി ബാക്കിവെക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ജാതിമതചിന്തകളും ഏതാണ്ട് അപ്രസക്തമായിക്കഴിഞ്ഞു. കുറച്ചു തീവ്രമതനേതാക്കള്‍ തങ്ങളുടെ കാര്യലാഭത്തിനായി കൊണ്ടുനടക്കുന്ന അണികളെന്നു പേരിട്ടുവിളിക്കുന്ന ഗുണ്ടാസംഘങ്ങളെ വെച്ചുള്ള ചുടുചോര്‍മാന്തിക്കല്‍ പുതുതലമുറയില്‍ ആരോപിക്കപ്പെടുന്നുണ്ട്. മതത്തോടോ ആശയത്തോടോ ഉള്ള ആഭിമുഖ്യമല്ല മറിച്ച് തങ്ങളുടെ അക്രമവാസനകള്‍ പുറത്തെടുക്കാനുള്ള ഒരു വേദിയായിട്ടാണ് ഇത്തരം ഗുണ്ടാസംഘങ്ങള്‍ ഇതിനെ കാണുന്നത്.

ഇന്നത്തെ പ്രണയിതാക്കള്‍ക്ക് ജാതിയുമില്ല മതവുമില്ല. ആണെന്നും പെണ്ണെന്നും മാത്രം. വീട്ടിലേക്കെത്തുമ്പോള്‍ മാത്രമാണ് അവര്‍ ജാതിയുടെയും മതത്തിന്റെയും വേഷമെടുത്തു ധരിക്കുന്നത്. വീടിന്റെ പടി തിരിച്ചിറങ്ങുന്നതോടെ അവരെല്ലാം മറന്നു. പ്രണയത്തെ അവര്‍ വിവാഹത്തിലേക്ക് നയിക്കപ്പെടുന്ന ഒരു സംഭവമായിട്ടും കാണുന്നില്ല. ബ്രേക്ക് അപ്പുകള്‍ ആഘോഷിക്കപ്പെടുന്ന തലമുറയാണിന്നത്തേത്. പണ്ട് സിനിമയും മപ്രസിദ്ധീകരണങ്ങളുമാണ് യുവതലമുറയെ വഴിതെറ്റിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. ഇന്ന് അപ്പനും അമ്മയും സീരിയല്‍ കണ്ട് കണ്ണുനിറഞ്ഞിരിക്കുമ്പോള്‍ മക്കള്‍ തൊട്ടപ്പുറത്ത് മൊബൈലില്‍ വെബ്‌സീരിസുകളില്‍ മുഴുകുന്നു. ഏറെയും കൊറിയന്‍ വെബ് സീരീസുകള്‍. അതും ടീനേജ് പ്രായക്കാര്‍ കഥാപാത്രങ്ങളായി വരുന്നത്. അവിടെ ജാതിയില്ല, മതമില്ല, വിവാഹമില്ല, ഒന്നുമില്ല. പ്രണയവും ചിരിയും മാത്രം. സൗഹൃദത്തിന്റെ ആഘോഷങ്ങളും. അതുകണ്ടു വളരുന്ന ടീനേജുകാര്‍ അവരെ റോള്‍മോഡലുകളായി സ്വീകരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

യുവതലമുറയുടെ ഈ അനുകൂല സാഹചര്യത്തെ ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. വാണിഭങ്ങളിലേക്കും കൂട്ടിക്കൊടുപ്പുകളിലേക്കും റേവ് പാര്‍ട്ടികളിലേക്കും അത് വഴിമാറുന്നു. അത്തരം സാഹചര്യങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള കഴിവ് പുതുതലമുറയ്ക്കില്ലെന്നത് ഒരു സത്യമാണ്.

പെണ്‍കുട്ടികളെ ഉപരിപഠനത്തിനായി മറുനാട്ടിലേക്ക് അയയ്ക്കാന്‍ വിമുഖത കാണിക്കുന്നവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍. എന്നാല്‍ ഇന്ന് അതുമാറി. പഠനവും ജോലിയുമൊക്കെ പൂര്‍ണമായും മറുനാട്ടിലേക്ക് പറിച്ചുനടപ്പെട്ടു. അവര്‍ പുറത്തുപോയി പഠിച്ച് നാളെ ഒരു നിലയിലെത്തുമെന്നും അങ്ങനെ തങ്ങള്‍ക്ക് ഒരു തണലാകുമെന്നുമാണ് അവരുടെ ചിന്ത. എന്നാല്‍ മറുനാട്ടിലേക്ക് പോയവര്‍ക്കായി വഴിക്കണ്ണുമായി കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരായി തങ്ങള്‍ മാറുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴേക്ക് അവര്‍ അതിനോട് പൊരുത്തപ്പെട്ടുകഴിയും. മറുനാടിന്റെ സുഖശീതളിമയില്‍ അഭയം തേടുന്നവര്‍ പിന്നെ തിരിച്ചുവരവിന് തയാറല്ല. ഇപ്പോഴത്തെ തലമുറ വല്ലപ്പോഴും ഒന്നു വന്നുപോയാലായി. അടുത്ത തലമുറ തീര്‍ത്തും ഇവിടം മറക്കും.

Leave A Reply

Please enter your comment!
Please enter your name here