മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

0
40

സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കാര്യം നല്ലതോ ചീത്തയോ എഴുതാന്‍ സാധിക്കാത്ത കാലം. പണ്ടു കാര്‍ന്നവന്മാര്‍ കെട്ടകാലം വരുന്നുവെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. അത് ഈ കാലത്തെക്കുറിച്ചാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതിനെക്കുറിച്ചാണ്. തുടക്കത്തില്‍ സുഹൃത്തുക്കളുമായി വിവരങ്ങളും അഭിപ്രായങ്ങളും ഷെയര്‍ ചെയ്യുന്നതിനുള്ള ഒരു വേദിയായിട്ടാണ് എല്ലാവരും ഫെയ്‌സ് ബുക്കിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സുഹൃത്തുക്കളെ തങ്ങളുടെ അക്കൗണ്ടിലേക്ക് ഫ്രണ്ട്‌സ് ആയി ചേര്‍ക്കുകയും ചെയ്തു. അങ്ങനെ ചിരിച്ചും കലഹിച്ചും മുന്നോട്ടു പോകുമ്പോഴാണ് ട്രെയിനുകളിലെ ടോയ്‌ലറ്റിലെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ ഫെയ്‌സ് ബുക്കിലേക്കെത്തിയത്. അതോടെ എല്ലാം കൈവിട്ടു പോയി. ചീത്തവിളികളും ഗോഗ്വാവിളികളും മുഴങ്ങിത്തുടങ്ങി. തങ്ങള്‍ വിശ്വസിക്കുന്നതുമാത്രമാണ് ശരിയെന്നു ചിന്തിക്കുന്ന കുറെ രാഷ്ട്രീയ, മത അന്ധത ബാധിച്ചവര്‍കൂടി ഇവിടേക്കെത്തിയതോടെ എല്ലാം പൂര്‍ണമായി. ആരോഗ്യകരമായ വിമര്‍ശനം എന്നതു മറന്ന് എതിരഭിപ്രായം പറയുന്നവനെ തെറിവിളിച്ച് നിശബ്ദരാക്കാനുള്ള ശ്രമമായി. അതോടുകൂടി ആരോഗ്യകരമായ ചര്‍ച്ചകളോ തുറന്ന അഭിപ്രായം പറച്ചിലുകളോ ഇല്ലാതായി. തങ്ങളിടുന്ന പോസ്റ്റുകള്‍ക്കുതാഴെ മാന്യതയ്ക്കു നിരക്കാത്ത സംസാരവും കേട്ടാലറയ്ക്കുന്ന അശ്ലീലവും നിറയുന്നത് കാണാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്.

വന്നുവന്ന് ഇപ്പോള്‍ പ്രത്യേകിച്ച് ഒരു കാരണവും വേണ്ട തെറിവിളിക്ക്, എന്ന അവസ്ഥവന്നിരിക്കുകയാണ്. ഒരു കാര്യവുമില്ലാതെ തെറിവിളിയാണ്. ആരാ, എന്താ എന്നുപോലും നോക്കുന്നില്ല. കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലവും. പലതും ഫെയ്ക്ക് അക്കൗണ്ടുകളായിരിക്കും. മുഖം മറച്ചുവെച്ച്, ആരും കാണുന്നില്ലെന്ന് ഉറപ്പായാല്‍ തെറിവിളിക്കാനും കൂവാനും മലയാളി പണ്ടേ മിടുക്കനാണ്. പണ്ട് തിയേറ്ററില്‍ കറന്റു പോകുമ്പോള്‍ ഉയരുന്ന കൂവലുകള്‍ ഓര്‍ക്കുക. വീണ്ടും കറന്റുവരുന്ന ആ നിമിഷം എല്ലാവരും മാന്യന്മാരായി.

കുറച്ചുനാള്‍ മുമ്പ് സുഹൃത്ത് ഫെയ്‌സ് ബുക്കില്‍ ഒരു പോസ്റ്റിട്ടു. നാഗാലാന്‍ഡില്‍ മലയിടിഞ്ഞ് കാറുകളുടെ മുകളിലേക്ക് പാറക്കല്ലുകള്‍ വീഴുന്നതിന്റെ വാര്‍ത്തയുടെ വീഡിയോ ക്ലിപ്പും ഷെയര്‍ ചെയ്താണ് പോസ്റ്റിട്ടത്. കല്ലുകള്‍ വീണ് മറ്റു കാറുകള്‍ പപ്പടം പോലെ പൊടിഞ്ഞപ്പോള്‍ ടാറ്റാ ഹാരിയര്‍ മാത്രം അത്രതകര്‍ന്നില്ല. ടാറ്റായുടെ വാഹനങ്ങളുടെ സുരക്ഷിതത്വത്തെ പുക്‌ഴ്ത്തിയായിരുന്നു പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

ടാറ്റാ ഹാരിയര്‍ കാരണം യാത്രക്കാര്‍ ജീവനോടെ ഉണ്ട്… നാഗാലാന്‍ഡില്‍ ആണ് സംഭവം… രക്ഷപ്പെട്ടവരുടെ മാനസികാവസ്ഥ! രത്തന്‍ ടാറ്റക്ക് നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സന്ദേശ പ്രവാഹം ആണ്… സുരക്ഷിതമല്ലാത്ത, പപ്പടം പോലെ പൊടിയുന്ന വണ്ടികള്‍ വിറ്റ് കൊള്ളലാഭം കൊയ്യുന്ന മറ്റ് കമ്പനികള്‍ ഇനിയെങ്കിലും ടാറ്റയെ മാതൃകയാക്കുക… അതല്ലെങ്കില്‍ ഇതേ മാനദണ്ഡങ്ങള്‍ ഉള്ള വാഹനങ്ങള്‍ മതി എന്ന നിലയില്‍ മറ്റ് കമ്പനികള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരിക… കുറെ ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും…എന്തായാലും ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില മിക്കവാറും കുതിച്ചു കയറും…

ഇത്രയുമേയുള്ളു സുഹൃത്തിന്റെ പോസ്റ്റ്. എന്തെങ്കിലും അപാകതയുണ്ടോ. പക്ഷേ, അതിന്റെ ചുവടെയുള്ള കോലാഹലം കണ്ടാല്‍ ആരും മൂക്കത്തു വിരല്‍ വെയ്ക്കും. പരസ്പരം ചീത്ത വിളിയാണ്. പോസ്റ്റിലെ വിഷയത്തില്‍ നിന്നൊക്കെ അവര്‍ പോയി. അതിനിടയ്ക്ക് തെറിവിളിക്കണമെന്ന് ആഗ്രഹമുള്ളവരൊക്കെ ഇടയ്ക്ക് കയറുന്നുണ്ട്. എന്തിനാ, തെറി വിളിക്കുന്നതെന്നുമാത്രം ആരും ചോദിക്കുന്നില്ല. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ട് അവര്‍ അടുത്ത തെറിവിളിക്കായി അടുത്ത പോസ്റ്റിലേക്ക് പോകുന്നു. വേറൊരാളുടെ അക്കൗണ്ടില്‍ കയറിയാണ് ചീത്തവിളി എന്നതൊക്കെ അവര്‍ മറക്കുന്നു.

ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കുന്നതിനേക്കാള്‍ അപരനെ താറടിച്ച്, അപഹസിച്ച് ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനം. ഒരു കണക്കിനു നോക്കിയാല്‍ കൊലപാതകത്തിനു തുല്യമായ പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പക്ഷേ, ആരാണ് ഇവരെ നിയന്ത്രിക്കേണ്ടത്. നിയന്ത്രണങ്ങളേക്കാള്‍ നല്ലത് സ്വയം നന്നാകലാണ്. അതുണ്ടാകുമോ?

Leave A Reply

Please enter your comment!
Please enter your name here