എന്താണ് ബെയ്‌ലി പാലം; പേരിനു പിന്നില്‍

Date:

മേപ്പാടി: ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍നിന്ന് നിര്‍മ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, സാവധാനം മാത്രമേ ഈ രക്ഷാപ്രവര്‍ത്തനം സാധിച്ചിരുന്നുള്ളൂ. മുണ്ടക്കൈയിലേക്ക് യന്ത്രസാമഗ്രികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കുന്നതും അസാധ്യമായിരുന്നു.

190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പാലം നിര്‍മ്മിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് വിമാനംവഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്.

വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇന്ന് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. നേരത്തെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ നിര്‍മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങള്‍. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം.

ഇന്ത്യയില്‍ ആദ്യമായി ബെയ്‌ലിപാലം നിര്‍മ്മിച്ചത് റാന്നിയില്‍ പമ്പാ നദിക്കു കുറുകെയാണ്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെക്കടന്നത്.

ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിത് നിര്‍മ്മിച്ചത്. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

1942ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാള്‍ഡ് ബെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം നിര്‍മ്മിച്ചത്. യുദ്ധകാലങ്ങളില്‍ പല രാജ്യങ്ങളും ഈ രീതിയിലുള്ള പാലത്തിന്റെ നിര്‍മാണങ്ങള്‍ നടത്തി. ഓരോരുത്തരും അവരവരുടേതായ മാറ്റങ്ങളും പാലത്തിന്റെ നിര്‍മാണത്തില്‍ വരുത്തി. ഇപ്പോള്‍ വളരെയധികം കാര്യങ്ങള്‍ക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇവ ഉപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെറുവാഹനങ്ങള്‍ക്കുള്ള പാലവും നിര്‍മ്മിക്കുന്നു. ബ്രിട്ടിഷ്, കനേഡിയന്‍, അമേരിക്കന്‍ കരസേനയാണിന്ന് ഇത്തരം പാലങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

ബെയ്ലി പാലത്തിന്റെ പ്രധാന മേന്മ എന്നുപറയുന്നത് ഇവ നിര്‍മ്മിക്കാന്‍ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലെന്നുള്ളതാണ്. കൂട്ടിച്ചേര്‍ക്കാന്‍ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും ഉരുക്കുകൊണ്ടും ചെറുഭാഗങ്ങളായാണ് നിര്‍മാണം. ഭാരം കുറഞ്ഞതും ചെറുതുമായതിനാല്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ട്രക്കില്‍ കൊണ്ടുപോകാന്‍ പ്രയാസമുണ്ടാകുന്നില്ല. ചേര്‍ത്തു പിടിപ്പിക്കുന്നതിന് ക്രെയിനിന്റെ ആവശ്യം വരുന്നില്ല, കൈ കൊണ്ട് തന്നെ എടുത്തുവെച്ച് പിടിപ്പിക്കാം. ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...

മോദിയുടേത് ഉപദേശങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ?

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,...

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...