നമുക്കും കേഡറാകാം, അണികളെ പറഞ്ഞാല്‍കേള്‍പ്പിക്കാം (വരച്ചവരേല്‍ നിര്‍ത്താം)

Date:

അടുത്ത സുഹൃത്തായ കോളേജധ്യാപകനെ അപ്രതീക്ഷിതസാഹചര്യത്തിലാണ് അന്നു രാത്രി കണ്ടുമുട്ടിയത്.
‘എന്താ ഇവിടെ…ഇങ്ങനെ?’
‘ഒരു ചെറിയ പാര്‍ട്ടി പരിപാടിയാ…’
‘ ഈ പാതിരായ്‌ക്കോ…മീറ്റിംഗ് ഇപ്പോഴാണോ…’
‘ മീറ്റിംഗ് ഒന്നുമല്ല…പാര്‍ട്ടീന്നുള്ള നിര്‍ദേശമനുസരിച്ചുള്ളതാ…വെളിപ്പെടുത്താനാവില്ല…’
‘അങ്ങ് തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദേശം വല്ലതുമാണോ.’ കളിയാക്കലിന്റെ ടോണ്‍, ശബ്ദത്തില്‍ ആവോളം ചേര്‍ക്കാന്‍ മറന്നില്ല.
‘ ഏയ്…ലോക്കലില്‍ നിന്നുള്ളതാ…’
ഗൗരവത്തോടെയുള്ള സുഹൃത്തേിന്റെ മറുപടി. പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ കിട്ടിയ അപൂര്‍വസൗഭാഗ്യത്തിന്റെ അഭിമാനം അയാളുടെ കണ്ണുകളില്‍ കാണാം.
‘ എങ്കില്‍ ശരി നടക്കട്ടെ…പകല്‍വെളിച്ചത്തില്‍ കാണാം…’
ഞാന്‍ മുന്നോട്ടു നീങ്ങവേ തന്നെ കാത്തുനില്‍ക്കുന്ന ചെറുഗ്രൂപ്പിന്റെയടുത്തേക്ക് അയാള്‍ മടങ്ങി.

ഉന്നതബിരുദങ്ങളുള്ള നല്ല ചുറ്റുപാടുകളുള്ള വീട്ടിലെ അംഗമാണ് കക്ഷി. ഒത്തുചേര്‍ന്നുള്ള ചര്‍ച്ചകളിലെല്ലാം തന്റെ സംഘടനയെ ന്യായീകരിച്ചും പുകഴ്ത്തിയും സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നയാള്‍. യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടുള്ള മനോഭാവം പലപ്പോഴും അലോസരം സൃഷ്ടിക്കാറുമുണ്ട്. ഏതോ നാലാം ക്ലാസുകാരന്‍ നേതാവു നയിക്കുന്ന തുക്കടാ കമ്മിറ്റിയുടെ നിര്‍ദേശമാണ് അങ്ങേര് ശിരസാവഹിച്ചു നടപ്പാക്കാന്‍ പോകുന്നത്. സന്ദേശം സിനിമയില്‍ ശങ്കരാടിയുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മിറ്റിയാണ് അപ്പോള്‍ മനസിലേക്ക് ഓടിയെത്തിയത്. തങ്ങള്‍ സംസാരിക്കുന്നതും നടപ്പാക്കുന്നതും എന്തോ മഹത്തായ കാര്യമെന്ന ചിന്തയിലാണ് ഇത്തരക്കാര്‍. വിവേകത്തിന്റെയും വീണ്ടുവിചാരത്തിന്റെ വാതിലുകള്‍ അവിടെ കൊട്ടിയടച്ചിരിക്കുകയാണ്.

ഇത്തരം ഒരു ചിന്താരീതിയിലേക്ക് തങ്ങളുടെ അണികളെ കൊണ്ടുവരാന്‍ ഒരു രാഷ്ട്രിയ സംഘടനയ്ക്ക് കഴിയുന്നതെങ്ങനെയാണ്. സംഘടനയുടെ ആശയങ്ങള്‍ അണികളുടെ തലച്ചോറിലേക്ക് നിറയ്ക്കുകയാണ്. അതോടൊപ്പം അച്ചടക്കം, അനുസരണ തുടങ്ങിയ വഴികളിലൂടെ അവരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ മാനസിക തലത്തില്‍ സംഘടനയുടെ അടിമകളായി ഇവര്‍ മാറുകയാണ്. പക്ഷേ, അത്തരമൊരു ചിന്ത തങ്ങളുടെ അണികളിലേക്ക് ഒരിക്കലും കടന്നുവരാതിരിക്കാന്‍ സംഘടന ശ്രമിക്കും. സംഘടനയുടെ കേഡര്‍ സ്വഭാവം എന്നപേരിലാണ് ഇതിനെ അവതരിപ്പിക്കുക. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലാണ് കേഡര്‍ സ്വഭാവം കൂടുതലുള്ളത്. കേഡര്‍ പാര്‍ട്ടിയെന്നുള്ളത് ഒരു അഭിമാനമായിട്ടാണ് അതിന്റെ നേതൃത്വവും അണികളും ഒരുപോലെ കാണുന്നത്. നേതൃത്വം എന്തുപറയുന്നുവോ അത് നടപ്പാക്കപ്പെടുകയാണ്. പാര്‍ട്ടിയ്ക്കുള്ളില്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും നേതൃത്വം ശക്തമാണെങ്കില്‍ അത്തരം ചര്‍ച്ചകള്‍ എങ്ങനെ പര്യവസാനിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തെ മറ്റു പാര്‍ട്ടികള്‍ അസൂയയോടെയാണ് കാണുന്നത്. പ്രത്യേകിച്ചും വ്യക്ത്യധിഷ്ഠിതമായ പാര്‍ട്ടികള്‍. അവരുടെ അസൂയയ്ക്കു കാരണം മറ്റൊന്നുമല്ല. തങ്ങള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വിചാരണ ചെയ്യപ്പെടുന്നു. വളര്‍ന്നു വരുന്ന ചെറുനേതാക്കള്‍ ചിലപ്പോള്‍ പാര്‍ട്ടിയെ പിളര്‍ത്തി അധികാരത്തിന്റെ അപ്പക്കഷണത്തിന്റെ ഒരു പാതിയുമായി പോകുന്നു. കേഡര്‍ സ്വഭാവം വരുകയാണെങ്കില്‍ എല്ലാവരെയും വരച്ചവരയില്‍ നിര്‍ത്താം. എതിര്‍പ്പുകളുടെ ചെറുമുളകളെ അച്ചടക്കത്തിന്റെ വാള്‍ വീശി തുടക്കത്തിലേ അരിഞ്ഞുകളയാം.

കോണ്‍ഗ്രസിന്റെ കേരളത്തിലെ പുതിയ നേതൃത്വം പാര്‍ട്ടിയില്‍ കേഡര്‍ സ്വഭാവം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും പാര്‍ട്ടിക്കുള്ളില്‍ സെമികേഡര്‍ സവഭാവം രൂപപ്പെടുത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ചശ്രമത്തിലാണ്. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന പാര്‍ട്ടിക്കുള്ളിലെ സ്വഭാവത്തിന് അറുതി വരുത്താനാണ് അവരുടെ ശ്രമം. അതിന്റെ പരിണിതഫലം എന്താണെന്ന് കണ്ടുതന്നെ അറിയണം. നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരുടെ വായ്മൂടിക്കെട്ടുന്നതിലൂടെ രാഷ്ട്രീയസംഘടനകളുടെ ജനാധിപത്യസ്വഭാവമാണ് നഷ്ടപ്പെടുന്നത്. നേതൃത്വത്തിന്റെ തെറ്റായ നീക്കങ്ങളെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള അവകാശം അണികള്‍ക്കുണ്ടാകണം. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്കും തിരുത്തലിനും അവസരമുണ്ടെന്നായിരിക്കും ഇതിനു പലപ്പോഴുമുള്ള മറുപടി. പക്ഷേ, നേതൃത്വത്തിന്റെ മൃഗീയഭൂരിപക്ഷത്തില്‍ പലപ്പോഴും ഇത്തരക്കാരുടെ വായ്മൂടിക്കെട്ടല്‍ എളുപ്പമാണ്. ഏകാധിപത്യസ്വഭാവമുള്ള ഒരുനേതൃത്വത്തിന്റെ പിടിയില്‍ സംഘടന അമര്‍ന്നാല്‍ വളരെ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് ഇതു നയിക്കും.

നമ്മുടെ കുടുംബങ്ങളില്‍ പണ്ട് കേഡര്‍ സ്വഭാവമായിരുന്നു. കൂട്ടുകുടുംബകാലത്ത് കാരണവരുടെ തീരുമാനം താഴേത്തട്ടുവരെ നടപ്പാക്കിയിരുന്നു. വിമതര്‍ക്കു സ്ഥാനം പുറത്തായിരുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നപ്പോഴും വീട്ടില്‍ അപ്പനുതന്നെയായിരുന്നു സ്ഥാനം. അപ്പന്റെ തീരുമാനമായിരുന്നു അവസാനവാക്ക്,. ഒരുതരത്തില്‍ പറഞ്ഞാല്‍ കൂട്ടുകുടുംബത്തിലെ കാരണവരെ അനുകരിക്കലായിരുന്നു ഇവിടെ. എന്നാല്‍ ഇന്ന് കഥമാറി. വീടുകളില്‍ അപ്പന്മാരുടെഏകാധിപത്യം അവസാനിച്ചു. എല്ലാവര്‍ക്കും തുറന്നു സംസാരിക്കാനും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനും സാധിക്കുന്നു. അപ്പനും മക്കളും കൂട്ടുകാരേപ്പോലെയായി. കൂട്ടായ തീരുമാനങ്ങളായി. സ്ത്രീകള്‍ വാതിലിനു പിന്നില്‍ നിന്നിറങ്ങി ഉമ്മറത്തേക്ക് വന്നു. ഗൃഹനാഥന്‍ റേഷന്‍കാര്‍ഡില്‍ നിന്നിറങ്ങി പകരം ഗൃഹനാഥ ഇരിപ്പിടത്തേിലേറി.

എന്തുകൊണ്ട് രാഷ്ട്രീയ, മതസംഘടനകള്‍ക്ക് തികച്ചും ജനാധിപത്യസ്വഭാവത്തിലേക്ക് വന്നുകൂടാ. കേഡര്‍ സ്വഭാവത്തിലൂടെ ഏകാധിപത്യരീതിയിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ നന്നാണത്. കൂടാതെ സമൂഹനന്മയ്ക്കുവേണ്ടിയാണ് തങ്ങളെന്ന പ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെയ്പായിരിക്കില്ലേ ഇത്. കാലത്തിനനുസരിച്ച് കോലം മാറണമെന്നാണ് പൊതുവേ പറയാറ്. പക്ഷേ, നമ്മുടെ രാഷ്ട്രീയ, മതസംഘടനകള്‍ കാലത്തിനു പിന്നിലേക്കു സഞ്ചരിക്കാനാണ് വെമ്പല്‍ കൊള്ളുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...