Sunday, November 16, 2025

സാറും ശിഷ്യനും മറക്കാത്ത ഒരു അടിക്കഥ

അങ്ങനെ ഒരു ഓണവും കൂടി പടിവാതില്‍ കടന്നു എത്തി. മഴ കാരണം ഒരു ഓളം ഇല്ലായ്മ ഫീല്‍ ചെയ്യുന്നുണ്ട് .എങ്കിലും..ഓണം അല്ലെ ആഘോഷം തന്നെ. എല്ലായിടത്തും റെഡി മെയ്ഡ് ഓണം പൂക്കളം .കലാ പരിപാടികള്‍ ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ബാങ്കുകളിലോ മാളുകളിലോ എവിടെ ചെന്നാലും പൂക്കളം കുട്ടികളുടെ ഡാന്‍സോ പാട്ടോ റെഡിമെയ്ഡ് പായസം സദ്യ എല്ലാമാണ് . ഇന്നലെ കലക്ടറേറ്റില്‍ ചെന്ന് അവിടെയും ഓണാഘോഷം തകര്‍ത്തു വാരുന്നു..മൈക്കും കളികളും.. ഏതായാലും നൂറ്റാണ്ടുകള്‍ ആയിട്ടും ഓണവും മാവേലിസവും ആക്റ്റീവ് ആണ് എന്നതില്‍ സന്തോഷം . ഇടയ്ക്കു മാവേലിക്കിട്ടും ചിന്ന പണികള്‍ ഒക്കെ വരുന്നുണ്ട്.. പോടാ പുല്ലേ എന്ന് പറഞ്ഞങ്ങേര് നെഞ്ചും വിരിച്ചു നടക്കുന്നു. പക്ഷെ എനിക്ക് സ്മരണകളില്‍ കുട്ടിക്കാലവും അന്നത്തെ ഓണവും ആണ്. .ഇപ്പോഴത്തെ ഒരു കെട്ടുകാഴ്ചകളും മനസ്സില്‍ പതിയുന്നില്ല.. ഒരു പക്ഷെ ഓണം ചാനല്‍ നിയന്ത്രിതമായിരുന്നില്ലെങ്കില്‍ ഇന്നും മണ്ണില്‍ ചേര്‍ന്ന് പ്രകൃതിയോട്
സല്ലപിച്ചു ഓണം തനതായ കളറില്‍ നില നിന്നേനെ ..നമ്മുടെ പാരമ്പര്യ ആഘോഷങ്ങളും ബന്ധങ്ങളും സംസ്‌കാരവും എല്ലാം തകര്‍ക്കുന്നതില്‍
ടീ വി ചാനലുകളുടെ പങ്കു അനിഷേധ്യം ആണ്. കുട്ടികള്‍ ടീവിയുടെ മുന്നില്‍ അവതാരികയുടെയും കോമഡി താരങ്ങളുടെയും ചീഞ്ഞ കളികള്‍ ആസ്വദിച്ചു തുടങ്ങിയതോടെ പരമ്പരാഗത ആഘോഷങ്ങള്‍ വെറും ഇവന്റുകള്‍ മാത്രമായി.

പണ്ട് ഓണ പരീക്ഷ കഴിഞ്ഞു ഓണാഘോഷങ്ങള്‍ക്കായി തുള്ളി തെറിച്ചു കുട്ടികള്‍ വീടുകളില്‍ നിന്ന് തൊടിയിലേയ്ക്കും കളികളങ്ങളിലേയ്ക്കും ഇറങ്ങും.. കുട്ടിയും കോലും , തലേല്‍ പൊങ്ങന്‍, ഒറ്റ പെട്ട , ഗോലി കളി ഒക്കെ കൊണ്ട് അല്‍പ്പം നിരപ്പായ സ്ഥലങ്ങള്‍ മുഴുവനും നിറയും.. സ്‌കൂള്‍ ,പള്ളി , മൈതാനങ്ങള്‍ , റബ്ബര്‍ തോട്ടം. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ ഒക്കെ കുട്ടികളും കളികളും കൊണ്ട് നിറഞ്ഞിരുന്നു.. എല്ലാ വീട്ടു മുറ്റങ്ങളിലും പൂക്കളം ഉണ്ടാകുമായിരുന്നു.. ഇന്നത്തെ പോലെ ഡിസൈന്‍ ചെയ്ത ഐറ്റം അല്ല.. മുറ്റത്തെ മണല്‍നീക്കി ആണ് ഇടുന്നതു. ചില വീടുകളില്‍ പൂക്കളം ഇടുന്ന ഇടം ചാണകം മെഴുകി തിരിച്ചു ഇടും.പറമ്പുകളിലും വീട്ടിലെ ഉദ്യാനങ്ങളിലും ഉള്ള പൂക്കള്‍ പൂചെടിയുടെ ഇല, കപ്പ തോട്ടത്തില്‍ വിരിയുന്ന പ്ലാക്കാടി മുതല്‍ ചെത്തിപൂ ചെമ്പരത്തിപൂ കോളാമ്പി പൂ, കമ്മല്‍ ചെടിയുടെപൂ. വാടാമുല്ല , ബന്ദി, സൂര്യകാന്തി.റോസാ , ബാര്‍സം , തെങ്ങിന്‍ പൂക്കുലയുടെ അരി ,പിന്നെ ഒരു നീല നിറം ഉള്ള കോളാമ്പി പോലത്തെ പൂ , ഇവയൊക്കെ ചേര്‍ന്ന് ആണ് കളം നിറച്ചിരുന്നത് .

ഓണ ദിവസം പെണ്‍കുട്ടികള്‍ രാവിലെ പൂക്കളം ഒരുക്കും..സ്ത്രീകള്‍ ഊണിനു വേണ്ട കലവറ പരിപാടികളില്‍ ഏര്‍പ്പെടും മുതിര്‍ന്ന പുരുഷന്മാര്‍ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കല്‍ അന്ന് ഗ്യാസ് ഐറ്റം ആയിരുന്നില്ല വിറകു കീറല്‍ ഒക്കെ നടത്തും. ഉച്ചയ്ക്ക് റേഡിയോയില്‍ ഒരു മണിക്കൂര്‍ ചലച്ചിത്ര ഗാനങ്ങള്‍ ആയിരുന്നു പ്രധാന കലാ പരിപാടി . അക്കാലത്തു കര്‍ക്കിടകം കഴിഞ്ഞു മഴയും ഓണാവ
ധിക്കുപോകുമായിരുന്നു.കുട്ടികള്‍ കളിക്കട്ടെ , പൂക്കളം കളയേണ്ട എന്നൊക്കെ മഴ മാനേജര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.. ഇന്നെല്ലാം റെഡി മെയ്ഡ് ഇന്‍ഡോര്‍ ഐറ്റങ്ങള്‍ ആയതു കൊണ്ട് മഴ മാനേജര്‍ക്ക് ഇതൊന്നും കണ്‍സിഡര്‍ ചെയ്യേണ്ടതില്ല .ഓണാവധി തുടങ്ങിയാല്‍ കളിക്കാന്‍ പോകുന്നതിനു അമ്മമാരുടെ അനുമതി വാങ്ങേണ്ട പ്രോട്ടോക്കോള്‍ ആരാണുണ്ടാക്കിയത് എന്നറിയില്ല ഈ അനുമതിക്കായി വിറകു ശേഖരിക്കണം കപ്പ തോട്ടത്തിലെ കള പറിക്കണം..തുടങ്ങിയ ചില പരിപാടികള്‍ ഉണ്ടായിരുന്നു. എന്റെ നാട്ടില്‍ പ്രധാന പാചക ഇന്ധനം റബ്ബര്‍ വിറകു ആണ്….

ഓണ പരീക്ഷ കഴിഞ്ഞിരിക്കുന്നതിനാല്‍ പോയിരുന്നു പഠിക്കെടാ എന്നാരും പറയാറില്ലായിരുന്നു..ഓണാവധി കഴിയാറാകുന്ന ദിവസങ്ങളില്‍ എത്ര വിഷയത്തിന് തോല്‍ക്കുമേഡാ എന്ന് ചോദ്യം വരുമായിരുന്നു..കണക്കും ഇങ്ങളീഷും ഹിന്ദിയും ഉറപ്പായിരുന്നു എങ്കിലും മറുപടി പറയാറില്ലായിരുന്നു. .റബ്ബര്‍ തോട്ടങ്ങളില്‍ കയറി തോട്ടി കൊണ്ട് വിറകു ഓടിക്കും… മരം കയറുന്നതു ഒരു ഇഷ്ട വിനോദം ആയിരുന്നു.. വേനല്‍ അവധിക്കു മിക്കവാറും ഏതെങ്കിലും ആനി മരത്തിന്റെ മുകളില്‍ തന്നെ ആയിരുന്നു..വാസം. അല്ലെങ്കില്‍ മാവിന്‍ ചുവടു കേന്ദ്രീകരിച്ചു കറങ്ങി നടക്കും… ഓണക്കാലത്തും ആനിക്ക വിള മാങ്ങ ഒന്നും ഇല്ല. അതിനാല്‍ വിറകു ഉള്ള റബറിന്റെ മണ്ടയ്ക്ക് കയറും . ഉണങ്ങിയ കമ്പുകള്‍ ചവിട്ടി ഓടിക്കും. അല്ലെങ്കില്‍ വെട്ടിയിടും. ഏറ്റവും മുകളില്‍ കയറി മൂത്രം ഒഴിച്ച് രസിക്കും.. മൂത്രം ചീറ്റി ഇലകളില്‍ കൂടി തുള്ളി തെറിച്ചു വീഴുന്നത് കാണുന്നതും രസം ആയിരുന്നു.അന്നത്തെ മിക്കവാറും കുട്ടികള്‍ക്ക് ഉന്നതങ്ങളില്‍ കയറി താഴേയ്ക്ക്
വീശുന്ന പരിപാടി ഉണ്ടായിരുന്നു.താഴെ കൂടെ പോകുന്നവരുടെ ദേഹത്ത് വീഴുക.. ചിലപ്പോള്‍ മുകളിലേയ്ക്ക് നോക്കി ആള്‍ക്കാര്‍ കല്ലും പുളിച്ച തെറിയും കൊണ്ട് തിരിച്ചെറിയുക ഇതൊക്കെ സാധാരണയായിരുന്നു.

വേനല്‍ കാലങ്ങളില്‍ റബ്ബറിന് തുരിശ് അടിക്കുന്ന പരിപാടി ഉണ്ടായിരുന്നു. താഴെ നിന്നും പമ്പു ചെയ്യുന്ന തുരിശ് വെള്ളം മുകളില്‍ കയറി ഇരുന്നു തൊട്ടിയിലൂടെ ഇലകളിലേയ്ക്ക് സ്‌പ്രേ ചെയ്യുകയാണ് .. അവധിക്കാലത്തു തുരിശടിക്കുന്ന തോട്ടങ്ങളില്‍ കറങ്ങി നടന്നു. പണിക്കാരുടെ കണ്ണ് വെട്ടിച്ചു മെല്ലെ തോട്ടി എടുത്തു ചെറിയ മരങ്ങളില്‍ പൂശും. അത് കണ്ടു പണിക്കാര്‍ വന്നു തെറിവിളിച്ചു ഓടിക്കും.അതില്‍ നിന്നുള്ള ആവേശം കൊണ്ടാണ് മരത്തിനു മുകളില്‍ കയറുന്നതു. ഒരിക്കല്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കയറി കൂടി .ഒരിക്കല്‍ സ്‌കൂളില്‍ പെയിന്റിങ് നടക്കുന്ന സമയമായിരുന്നു.. മൂന്നാം നിലയില്‍ സ്റ്റെപ്പിന് മുകളില്‍ ഒരു നില കൂടി ഉണ്ട് അവിടെ ഒരു കൊടി കെട്ടുന്ന പൈപ്പ് ഒക്കെ ഫിറ്റ് ചെയ്തിട്ടുണ്ട്.

ഓണ പരീക്ഷ കഴിഞ്ഞു സ്‌കൂള്‍ മൈതാനത്തു കറങ്ങി നടക്കുമ്പോള്‍ പെയിന്റടിക്കാരെ കണ്ടു അങ്ങോട്ട് വച്ച് പിടിച്ചു..ഒരു താത്കാലിക ഗോവണി കയറി മുകളില്‍ .കൊടി മരത്തില്‍ പിടിച്ചു നിന്ന് ചുറ്റും ഉള്ള പ്രകൃതി ഭംഗി ഞാന്‍ കാര്യമായി ആസ്വദിച്ചു.ഏറ്റവും ഉയര്‍ന്ന സ്ഥലത്തു നിന്ന് കൊണ്ടാണ് ഞാന്‍ .ഇടമറ്റം എന്ന എന്റെ ഗ്രാമത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതു. അധികം ആര്‍ക്കും ഈ ഭാഗ്യം അങ്ങിനെ കിട്ടിയിട്ടില്ല. ഇളം കാറ്റു കൊണ്ട് അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍ ,ചെറിയ മൂത്ര ശങ്ക ഉണ്ടായത് പോലെ തോന്നിയൊ.. ??എന്നു ഒരു സംശയം ഞാന്‍ ഒരു കൈ പൈപ്പില്‍ മുറുകെ പിടിച്ചു നിന്ന് കൊണ്ട് താഴേയ്ക്ക് മുള്ളി വിട്ടു.കഷ്ട കാലത്തിനു സ്‌കൂള്‍ ജങ്ഷനില്‍ നിന്ന ഏതോ തെണ്ടി അത് കണ്ടു പിടിച്ചു . വണ്ടി കയറാന്‍ കാത്തു നിന്ന ഡൊമിനിക് സാറിനെ വിളിച്ചു കാണിച്ചു കൊടുത്തു.

ആസ്വദിച്ചു മുള്ളുന്നതിനിടയില്‍ ഡൊമിനിക് സാര്‍ ഗെയിറ്റ് കടന്നു പാഞ്ഞു വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു . അപകട മണം ഉള്ളില്‍ നുരഞ്ഞു പൊങ്ങി മിന്നല്‍ വേഗത്തില്‍ ഞാന്‍ താഴേയ്ക്ക് ഓടി ഇറങ്ങി..ആ സമയം കൊണ്ട് സ്റ്റാഫു റൂമില്‍ നിന്ന് ഒരു ചൂരലും സംഘടിപ്പിച്ചു സാര്‍ താഴത്തെ ഗോവണി പടിയിലും എത്തി.. സാറിനെ കണ്ടു തിരിച്ചു കയറുന്നത്തിനു ഒരു വിഫല ശ്രെമം നടത്തിയെങ്കിലും ഇറങ്ങി വാടാ എന്നുള്ള വിളിയില്‍ ഞാന്‍ കീഴടങ്ങി..അവസാന നടയില്‍ കാലു കുത്താന്‍ പുള്ളി അനുവദിച്ചില്ല എന്നെ പൊക്കിയെടുത്തു വരാന്തയുടെ നടുവില്‍ കുത്തി ആഞ്ഞു ഒരടി അല്ല .രണ്ടെണ്ണം പക്ഷെ ഒരെണ്ണം കഴിഞ്ഞു അടുത്ത അടി അന്തരീക്ഷത്തിലൂടെ എന്റെ കുണ്ടിയിലേയ്ക്ക് വരും മുന്‍പേ സച്ചിന്റെ ബാറ്റില്‍ നിന്ന് സിക്‌സര്‍ പൊങ്ങും പോലെ ഞാന്‍ മുറ്റത്തേയ്ക്ക് ചാടി രണ്ടോ മൂന്നോ ചാട്ടം കൊണ്ട് ഞാന്‍ സ്‌കൂള്‍ മൈതാനം കടന്നു .

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം രാവിലെ സാര്‍ എന്നോട് വര്‍ത്താനം പറഞ്ഞു നില്കുന്നു.. എതിര്‍ സൈഡില്‍ റോഡിലൂടെ ഒരു ആള്‍ സാറിനെ അഭിവാദ്യം ചെയ്തു കടന്നു പോയി .. സാര്‍ എന്നോട് പറഞ്ഞു അതൊരു വൈദ്യന്‍ ആണ്.. പണ്ട് നിനക്കിട്ടു ഞാന്‍ ഒരു അടി അടിച്ചതാ.. .ഒരടി കിട്ടി നീ മുങ്ങി . മറ്റേ അടി എങ്ങും കൊള്ളാതെ ചുമ്മാ വീശി പോയി പക്ഷെ എന്റെ കൈ ഇടറി പോയി. കൊഴ തെറ്റേണ്ടതായിരുന്നു.. വൈകിട്ട് കൈ വല്ലാതെ നീര് വച്ച് .. അന്ന് രാത്രി ഇങ്ങേരുടെ അടുത്ത് പോയി കുഴമ്പിട്ടു രണ്ടു ദിവസ്സം കെട്ടി വച്ചു … ഇപ്പോഴും കൈ ഒന്നിളകിയാല്‍ വേദനയാകും.. അങ്ങേരെ പോയി കാണും തിരുമ്മും . ആ അടി എന്റെ ചന്തിയില്‍ കൊണ്ടായിരുന്നെങ്കിലോ… ??. എന്നോര്‍ത്ത് കൊണ്ട് ..ഞാന്‍ ചുമ്മാ സഹതപിച്ചു..അല്ലാണ്ട് എന്നാ ചെയ്യാനാ.

spot_img

Explore more

spot_img

മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നകാലം; യക്ഷികള്‍ വാണിരുന്ന രാത്രികാലങ്ങള്‍

അന്നത്തെ കാരണവന്മാര്‍ മടക്കു പിച്ചാത്തിയും തൊപ്പിയില്‍ വെറ്റിലയും ചുണ്ണാമ്പും കരുതുമായിരുന്നു. യക്ഷി വന്നാല്‍ ചുണ്ണാമ്പ് ചോദിക്കും. വെറ്റില മടക്കില്‍ നിന്ന് പിച്ചാത്തിയില്‍ തോണ്ടി ചുണ്ണാമ്പ് നീട്ടും യക്ഷി സ്‌കൂട്ടാകും. ഇതൊക്കെ അന്നത്തെ ക്ലാസ്‌മേറ്റ്...

ആന ഇടഞ്ഞ ഒരു ഉത്‌സവക്കാലത്തിന്റെ മങ്ങാത്ത ഓര്‍മകള്‍…

ഉത്സവങ്ങളുടെ കാലമാണ്. ഇന്നലെയും ഒരു ഉത്സവ ഘോഷയാത്രയില്‍ ട്രാഫിക്കില്‍ പെട്ട് കുറെ നേരം കിടന്നു. വര്‍ണ്ണശബളമായ ഘോഷയാത്ര ആസ്വദിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഉത്സവങ്ങളോ പെരുന്നാളോ ആകട്ടെ അതിന്റെ ഏറ്റവും മനോഹരമായ ഘടകം പ്രദക്ഷിണം...

ക്രിസ്മസ് നാളിലെ പടക്കംപൊട്ടിക്കലും വികൃതികളും

ക്രിസ്മസ് ഓര്‍മ്മകള്‍ ആണ് ഏറ്റവും കൂടുതല്‍ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഉത്സവം. നിഷ്‌കളങ്കമായ ബാല്യകാല ക്രിസ്മസ് ഓര്‍മ്മകള്‍. എല്ലാ ക്രിസ്മസും മനസ്സില്‍ വലിയ സന്തോഷം ആണ് ഉണ്ടാക്കുക. സത്യന്‍ അന്തിക്കാട് സിനിമയിലേതു പോലെ ഒരു...

അധ്യാപകര്‍ വടിയെടുത്തകാലം; ‘മ’ വില്ലനായ കഥ

ഒരു വര്‍ഷം പേമാരി പോലെ പെയ്‌തൊഴിഞ്ഞു. എന്താന്നറിയില്ല, പതിവിന് വിപരീതമായി ആരും ഹാപ്പി ന്യു ഈയര്‍ പറയാന്‍ വിളിച്ചില്ല.. ആശംസകളും വളരെ കുറവാണ്. കോവിഡ് കാലം മുതലുള്ള ആശംസകള്‍ ചാക്കില്‍ കെട്ടി വച്ചിരിക്കുന്നത്...

പുതുവത്സരാഘോഷത്തിന് വാങ്ങിയ മദ്യവുമായി മുങ്ങിയ സുഹൃത്തിനുള്ള വാട്‌സാപ്പ് സന്ദേശം

പുതുവത്സരാഘോഷത്തിന് സുഹൃത്തിന്റെ കൈവശം ഒരു കുപ്പി മദ്യം ഏല്‍പ്പിച്ചതാണ്. പക്ഷേ ന്യൂ ഈയര്‍ കഴിഞ്ഞിട്ടും കുപ്പിയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും വിവരമില്ല. ഒരു വക്കീല്‍ ഗുമസ്തന്‍ കൂടിയായ ഇദ്ദേഹം തന്റെ സുഹൃത്തിന് വിവരങ്ങള്‍ ആരാഞ്ഞ് അയച്ച...