സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

Date:

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പുകയുന്നത് വലിയൊരു തര്‍ക്കമാണ്. ‘ആരായിരിക്കും അടുത്ത മുഖ്യമന്ത്രി?’

ഒരു വശത്ത് നിയമസഭയില്‍ പ്രതിപക്ഷത്തെ നയിച്ച് പാര്‍ട്ടിയെ വിജയതീരത്തെത്തിച്ച വി.ഡി. സതീശന്‍. മറുവശത്ത് ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനും ദേശീയ രാഷ്ട്രീയത്തിലെ അതികായനുമായ കെ.സി. വേണുഗോപാല്‍. സതീശനെ വെട്ടി കെ.സി മുഖ്യമന്ത്രിയാകുമോ? അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണോ? കേരള രാഷ്ട്രീയം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് നീങ്ങുകയാണോ? ചോദ്യങ്ങള്‍ നിരവധിയാണ്.

ജനവികാരം ആര്‍ക്കൊപ്പം?
കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം വി.ഡി. സതീശനായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാളി. സോളാര്‍ മുതല്‍ ലൈഫ് മിഷന്‍ വരെയും, എഐ ക്യാമറ മുതല്‍ മാസപ്പടി വിവാദം വരെയും അക്കമിട്ട് നിരത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സതീശന് സാധിച്ചു.

സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സതീശന് വലിയൊരു സ്വീകാര്യതയുണ്ട്. ‘യുദ്ധം നയിച്ചവന്‍ തന്നെ നാട് ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം അണികള്‍ക്കിടയില്‍ ശക്തമാണ്. സതീശനെ മാറ്റുന്നത് ജനവികാരത്തിന് എതിരാകുമെന്ന ഭയം യുഡിഎഫിലെ ഘടകകക്ഷികള്‍ക്കുമുണ്ട്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സതീശന്റെ നേതൃത്വത്തില്‍ തൃപ്തരാണ്. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണ ചോരാന്‍ കാരണമായേക്കാം.

ഡല്‍ഹിയിലെ കരുത്തന്‍ കേരളത്തിലേക്ക് വരുമ്പോള്‍
എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയ തലത്തില്‍ കരുത്തനായ കെ.സി. വേണുഗോപാലിന് എംഎല്‍എമാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള പിന്തുണ കെ.സിക്ക് ലഭിക്കുമ്പോള്‍, സതീശന്‍ ക്യാമ്പ് പ്രതിരോധത്തിലാവുകയാണ്.

പക്ഷേ, ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങുന്നത്. കെ.സി. വേണുഗോപാല്‍ നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ തന്റെ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. അതോടൊപ്പം ആറ് മാസത്തിനകം ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും വേണം. ഇതിനായി ഒരു സിറ്റിംഗ് എംഎല്‍എ രാജിവെക്കേണ്ട സാഹചര്യം വരും.

ഉപതെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ വെല്ലുവിളി

കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ കേരളം നേരിടാന്‍ പോകുന്നത് രണ്ട് പ്രധാന ഉപതെരഞ്ഞെടുപ്പുകളെയാണ്.
ആലപ്പുഴ ലോക്‌സഭാ മണ്ഡലം: കെ.സി ഒഴിയുന്ന സീറ്റ്.
ഒരു നിയമസഭാ സീറ്റ്: കെ.സിക്ക് മത്സരിക്കാനായി ഒരു എംഎല്‍എ രാജിവെക്കുന്ന സീറ്റ്.
ഇതൊരു നിസ്സാര കാര്യമാണോ? ഒരിക്കലുമല്ല. ഭരണത്തിലേറിയ ഉടനെ സ്വയംവരുത്തിവെക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ നേരിടുന്നത് ഏത് മുന്നണിക്കും വെല്ലുവിളിയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കലഹം തെരുവില്‍ നില്‍ക്കുമ്പോള്‍. സതീശനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാര്‍ പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് വിട്ടുനിന്നാല്‍ യുഡിഎഫിന് ഈ രണ്ട് സീറ്റുകളിലും കനത്ത തിരിച്ചടി നേരിടേണ്ടി വരും.

വോട്ടുമറിക്കല്‍ തന്ത്രവുമായി എല്‍ഡിഎഫും ബിജെപിയും ഒത്താല്‍
ഇവിടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഒരു അപകടം മണക്കുന്നത്. കോണ്‍ഗ്രസിലെ ഈ ആഭ്യന്തര തര്‍ക്കം മുതലെടുക്കാന്‍ എല്‍ഡിഎഫും ബിജെപിയും രഹസ്യമായി കൈകോര്‍ത്താല്‍ അത് യുഡിഎഫിന്റെ പതനത്തിന് കാരണമാകും. ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന നയം അനുസരിച്ച്, യുഡിഎഫിനെ തകര്‍ക്കാന്‍ ബിജെപിയും സിപീഎമ്മും രഹസ്യ ധാരണയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് മറിച്ചും, ബിജെപിക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ എല്‍ഡിഎഫിനെ സഹായിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചേക്കാം.

പിണറായിക്കൊരു പിടിവള്ളി
ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ വഴി പിണറായി വിജയന് സിപീഎമ്മില്‍ തന്റെ നഷ്ടപ്പെട്ട കരുത്ത് വീണ്ടെടുക്കാന്‍ അവസരം ലഭിക്കും. യുഡിഎഫിന്റെ പരാജയം പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു തിരിച്ചുവരവായി മാറും. തനിക്കേറ്റ തിരിച്ചടിയില്‍ നിന്നും പാര്‍്ട്ടിയുടെയും ജനങ്ങളുടെയും ശ്രദ്ധതിരിക്കാന്‍ പിണറായിക്കു സാധിക്കും.

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തമോ?
ചുരുക്കത്തില്‍, ജനപിന്തുണയുള്ള സതീശനെ വെട്ടി കെ.സി വേണുഗോപാലിനെ പ്രതിഷ്ഠിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ചാവേര്‍ നീക്കമായി മാറാന്‍ സാധ്യതയുണ്ട്.

താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നിരാശരാകും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഉപതെരഞ്ഞെടുപ്പുകളുടെ സമ്മര്‍ദ്ദം ഭരണസ്ഥിരതയില്ലായ്മയെന്നു എതിരാളികള്‍ക്ക് ആരോപിക്കാനിടയാകും.

‘അധികാരത്തിന് വേണ്ടി കടിപിടി കൂടുന്നവര്‍ എന്ന പ്രതിപക്ഷ ആക്ഷേപം ശരിവെക്കപ്പെടും.

ജനവികാരം മാനിക്കാതെ എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ മുന്‍പും പടുകുഴിയില്‍ വീഴ്ത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കെ.മുരളീധരന്‍ മന്ത്രിയായതും ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും മറക്കരുത്. ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. എരിതീയിലെണ്ണയൊഴിക്കാന്‍ പുറത്ത് ആളുകള്‍ തയാറായി നില്‍പ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം മറക്കരുത്.

ഹൈക്കമാന്‍ഡ് അറിയാന്‍
അധികാര കൈമാറ്റം സുഗമമായില്ലെങ്കില്‍ വിജയം ഒരു പരാജയത്തിന് തുല്യമായി മാറും. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ജനവികാരത്തെ ഹൈക്കമാന്‍ഡ് തള്ളുമോ? അതോ കെ.സി. വേണുഗോപാല്‍ എന്ന ‘ഡല്‍ഹി ഘടകം’ കേരളത്തെ നയിക്കുമോ? എംഎല്‍എമാരെ നിരത്തി നിര്‍ത്തി ഭൂരിപക്ഷം തെളിയി്കകാനുള്ള നേതാക്കളുടെ നീക്കം അപഹാസ്യമാണ്. ജയിപ്പിച്ചുവിട്ട ജനങ്ങള്‍ക്കിനി ഇതിലൊന്നും ഒരു പങ്കാളിത്തവുമില്ലേ….

വേണുഗോപാലിന് ഒരു മുന്നറിയിപ്പ്
കെ.സി വേണുഗോപാലിനോടൊരു വാക്ക്. ഇല്ലത്തു നിന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന അവസ്ഥയിലാകരുത്. ഡല്‍ഹിയില്‍ കസേര ഒഴിയാന്‍ കാത്തിരിക്കുകയാണ് ആളുകള്‍. തിരിച്ചു ചെന്നാല്‍ അത് കിട്ടിയില്ലെന്നുവരും. ഒടുവില്‍ അവിടെയുമിവിടെയുമില്ലാത്ത അവസ്ഥ വരരുത്….നോക്കിയും കണ്ടും നില്‍ക്കണമെന്ന് വേണുഗോപാലിന് ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ…

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...

തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്‌യുടെ ‘മാസ്റ്റര്‍ പ്ലാന്‍’

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ദളപതി വിജയ്യുടെ തമിഴക...