ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള ബ്രിട്ടന്‍. ഇന്ന് സ്വന്തം പ്രധാനമന്ത്രിമാരെ നിലനിര്‍ത്താന്‍ ആ രാജ്യം പാടുപെടുകയാണ്. ഏറ്റവും പുതിയ വാര്‍ത്ത വരുന്നത്, ലേബര്‍ പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും രാജിവെച്ചിരിക്കുന്നതായാണ്.
എന്തുകൊണ്ടാണ് ബ്രിട്ടനില്‍ പ്രധാനമന്ത്രിമാര്‍ക്ക് ഇത്രയും ആയുസ്സ് കുറവ്? എന്തുകൊണ്ടാണ് അവിടെ ഭരണാധികാരികള്‍ തെറിച്ചുവീഴുന്നത്? ഡേവിഡ് കാമറൂണില്‍ തുടങ്ങി, തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക്… ഒടുവില്‍ കെയര്‍ സ്റ്റാര്‍മര്‍ വരെ എത്തിനില്‍ക്കുന്ന ഈ രാജിവെക്കല്‍ പരമ്പരക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെന്തൊക്കെയാണ്?
അടുത്തിടെ രാജിവെച്ചവരും അവര്‍ക്ക് കസേര നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളും പരിശോധിക്കാം:
2016ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ഡേവിഡ് കാമറൂണ്‍ രാജിവെച്ചു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ 2016 ജൂണില്‍ നടന്ന ചരിത്രപരമായ ബ്രെക്‌സിറ്റ് റഫറണ്ടം ആണ് കാമറൂണിന്റെ രാജിക്ക് കാരണമായത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാരനായിരുന്നു കാമറൂണ്‍. എന്നാല്‍ റഫറണ്ടത്തില്‍ ജനങ്ങള്‍ ബ്രെക്്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതോടെ അദ്ദേഹം പദവി ഒഴിഞ്ഞു.
2019ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരിയായ തെരേസ മേയ് രാജിവെച്ചു
ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ശേഷം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെത്തിക്കാനുള്ള കരാറുകള്‍ രൂപീകരിക്കുക എന്നതായിരുന്നു തെരേസ മേയുടെ പ്രധാന ദൗത്യം. എന്നാല്‍ അവര്‍ തയ്യാറാക്കിയ പിന്മാറ്റ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്ന് തവണ അവതരിപ്പിച്ചിട്ടും പാസാക്കാന്‍ സാധിച്ചില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ രാജി പ്രഖ്യാപിച്ചു
2022 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു
കോവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റില്‍ പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട വിവാദം (പാര്‍ട്ടിഗേറ്റ് അഴിമതി ) ജോണ്‍സന്റെ ജനപ്രീതി തകര്‍ത്തു. ഇതിന് പിന്നാലെ ലൈംഗികാരോപണം നേരിട്ട ക്രിസ് പിഞ്ചര്‍ എന്ന എംപിയെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇതോടെ മന്ത്രിമാരും സഹായികളും കൂട്ടത്തോടെ രാജിവെച്ചതിനെ തുടര്‍ന്ന് ജോണ്‍സന് അധികാരം ഒഴിയേണ്ടി വന്നു.
2022 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരിയായ ലിസ് ട്രസ് രാജിവെച്ചു
യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം (വെറും 49 ദിവസം) അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. അവര്‍ അവതരിപ്പിച്ച ‘മിനി ബജറ്റ്’ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടാക്കി. പൗണ്ടിന്റെ മൂല്യം ഇടിയുകയും പലിശനിരക്കുകള്‍ കുതിച്ചുയരുകയും ചെയ്തതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിശ്വാസം നഷ്ടപ്പെട്ട് അവര്‍ക്ക് രാജിവെക്കേണ്ടി വന്നു.
2024ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി്കകരനായ ഋഷി സുനക് രാജിവെച്ചു
ലിസ് ട്രസിന് ശേഷം അധികാരമേറ്റ സുനകിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. രാജ്യത്തെ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തിന് വെല്ലുവിളിയായി. 2024 ജൂലൈയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയതോടെ സുനക് പ്രധാനമന്ത്രി പദം രാജിവെച്ചു.
ഏറ്റവുമൊടുവില്‍ ലേബര്‍ പാര്‍ട്ടിക്കരനായ കെയ്ര്‍ സ്റ്റാര്‍മറുടെ രാജി
2024-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇപ്പോള്‍ അധികാരം ഒഴിയേണ്ടി വന്നിരിക്കുന്നത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, നികുതി വര്‍ദ്ധനവ്, കുടിയേറ്റ പ്രശ്‌നങ്ങള്‍, തകര്‍ച്ചയിലായ പൊതുസേവനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ സ്റ്റാര്‍മര്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമായി. 2026 മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ, പാര്‍ട്ടി എംപിമാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു
ഈ കസേരകളി പൂര്‍ണമായും മനസ്സിലാകണമെങ്കില്‍ ആദ്യം യുകെയിലെ ഭരണസംവിധാനവും തിരഞ്ഞെടുപ്പ് രീതിയും അറിയണം. യുകെയില്‍ നടക്കുന്നത് ഇന്ത്യയിലെ രീതിയിലുള്ള തിരഞ്ഞെടുപ്പാണ്. അതായത്, ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ ജയിക്കും. ആകെ 650 പാര്‍ലമെന്റ് സീറ്റുകളാണുള്ളത്. ഇതില്‍ 326 സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. ആ പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയാകുന്നത്.
ജനങ്ങള്‍ വോട്ട് ചെയ്യുന്നത് പ്രധാനമന്ത്രിക്കല്ല, മറിച്ച് തങ്ങളുടെ മണ്ഡലത്തിലെ എംപിമാര്‍ക്കാണ്. അതുകൊണ്ട് തന്നെ, ഒരു പ്രധാനമന്ത്രി രാജിവെച്ചാല്‍ രാജ്യം മുഴുവന്‍ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ല! ഭരണകക്ഷിക്ക് അവരുടെ പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാം. അതുകൊണ്ടാണ് ഒരൊറ്റ പൊതുതിരഞ്ഞെടുപ്പിന്റെ കാലാവധിക്കുള്ളില്‍ തന്നെ മൂന്നും നാലും പ്രധാനമന്ത്രിമാര്‍ മാറിമാറി വരുന്നത്.
വര്‍ഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയം എന്ന് പറയുന്നത് രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് ചുറ്റുമായിരുന്നു.
ഒന്ന്: വലതുപക്ഷ ചിന്താഗതിയുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.
രണ്ട്: ഇടതുപക്ഷ-മധ്യപക്ഷ ചിന്താഗതിയുള്ള ലേബര്‍ പാര്‍ട്ടി.
ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ഒക്കെ ഉണ്ടെങ്കിലും അധികാരം ഈ രണ്ട് വമ്പന്മാര്‍ക്കിടയില്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പൊള്‍ കഥ മാറിയിരിക്കുന്നു!
ഈ പരമ്പരാഗത പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് ഒരു മൂന്നാം ശക്തി അതിവേഗം വളര്‍ന്നുവരുന്നുണ്ട്. അതാണ് ‘റിഫോം യുകെ’. തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഈ പാര്‍ട്ടിയുടെ തലവന്‍ മറ്റാരുമല്ല, ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച നൈജല്‍ ഫരാഷ് ആണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും മാറിമാറി ഭരിച്ചിട്ടും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും കടുത്ത കുടിയേറ്റ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ മടുത്ത ജനങ്ങള്‍ക്ക് മുന്നിലേക്കാണ് നൈജല്‍ ഫരാഷ് കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും നികുതിയിളവ് വാഗ്ദാനങ്ങളുമായി എത്തിയത്. റിഫോം യുകെയുടെ ജനസ്വാധീനം ഇത്ര പെട്ടെന്ന് കൂടാന്‍ കാരണമിതാണ്.
പുറത്തുവരുന്ന ഏറ്റവും പുതിയ സര്‍വേകള്‍ അനുസരിച്ച് ലേബര്‍ പാര്‍ട്ടിയെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും പിന്നിലാക്കി 24%-ല്‍ അധികം വോട്ട് വിഹിതവുമായി റിഫോം യുകെ ഒന്നാം സ്ഥാനത്താണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത അത്രയും വലിയ അട്ടിമറിയാണിത്. പരമ്പരാഗത വോട്ടര്‍മാര്‍ കൂട്ടത്തോടെ റിഫോം യുകെയിലേക്ക് ചേക്കേറുകയാണ്.
പ്രധാനമന്ത്രിമാരുടെ അടിക്കടിയുണ്ടാകുന്ന മാറ്റം യുകെയിലെ ഭരണസംവിധാനങ്ങളെ ബാധിക്കുന്നുണ്ട്. പ്രധാനമന്ത്രിമാര്‍ ഇങ്ങനെ വീഴുമ്പോള്‍ രാജ്യത്തിന്റെ നയരൂപീകരണമാണ് പൂര്‍ണ്ണമായും സ്തംഭിക്കുന്നത്. ഒരു പ്രധാനമന്ത്രി വന്ന് ഒരു സാമ്പത്തിക നയം നടപ്പിലാക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്തയാള്‍ വരും. അതോടെ പഴയ പദ്ധതികള്‍ അട്ടിമറിക്കപ്പെടും.
ബ്രിട്ടനിലെ ജനങ്ങള്‍ ഇന്ന് നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്:
സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും ജനത്തെ വലയ്ക്കുകയാണ്. :
ആരോഗ്യ മേഖലയിലെ തകര്‍ച്ചയാണ് മറ്റൊന്ന്. യുകെയിലെ പ്രശസ്തമായ സൗജന്യ ആരോഗ്യ സംവിധാനമായ എന്‍.എച്ച്.എസ് ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഒരു ഡോക്ടറെ കാണാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ.
ആഗോള വിപണിയില്‍ യുകെയുടെ വിശ്വാസ്യത തകര്‍ന്നു. വിദേശ നിക്ഷേപകര്‍ യുകെയില്‍ പണം മുടക്കാന്‍ മടിക്കുന്നു. കാരണം, നാളെ ആരാണ് രാജ്യം ഭരിക്കുക എന്ന് ആര്‍ക്കും ഉറപ്പില്ല!
ചുരുക്കത്തില്‍, രാഷ്ട്രീയക്കാരുടെ കസേരകളി കാരണം ദുരിതത്തിലാകുന്നത് അവിടുത്തെ സാധാരണ ജനങ്ങളാണ്. അതില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ വംശജരുമുണ്ട്.
ഇനി അടുത്തതെന്താണ്? തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമോ? അടുത്ത പ്രധാനമന്ത്രി ആരാകും?
നിലവിലെ നിയമപ്രകാരം ഉടനടി ഒരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ട്. അവര്‍ പൊതുതിരഞ്ഞെടുപ്പിലേക്ക് പോയാല്‍ റിഫോം യുകെയോ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോ അധികാരം പിടിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ലേബര്‍ പാര്‍ട്ടി തങ്ങളുടെ പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാധ്യത.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായ ആന്‍ഡി ബേണ്‍ഹാം ലേബര്‍ പാര്‍ട്ടിയുടെ അടുത്ത തലവനാകാനും യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ട്. കെയര്‍ സ്റ്റാര്‍മര്‍ക്ക് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ആന്‍ഡി ബേണ്‍ഹാമിന് കഴിയുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രതീക്ഷ. 2026 സെപ്റ്റംബറോടെ യുകെയ്ക്ക് പുതിയൊരു പ്രധാനമന്ത്രിയെ ലഭിക്കും.
ഒരുപക്ഷേ, ആഭ്യന്തര കലഹം കാരണം ലേബര്‍ പാര്‍ട്ടിക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം ഒരു ഇടക്കാല പൊതുതിരഞ്ഞെടുപ്പിലേക്ക് പോയേക്കാം.
അങ്ങനെ സംഭവിച്ചാല്‍, ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. സര്‍വേകള്‍ സൂചിപ്പിക്കുന്നതുപോലെ നൈജല്‍ ഫരാഷിന്റെ ‘റിഫോം യുകെ’ അധികാരം പിടിക്കുകയോ, അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത ‘തൂക്കു പാര്‍ലമെന്റ്’ വരികയോ ചെയ്യാം. അത് ബ്രിട്ടനെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിടും.
ബ്രിട്ടന്റെ സാമ്രാജ്യത്വത്തിന്റെ നാളുകളിലെ അഹങ്കാരമെല്ലാം കാലം കാറ്റില്‍പ്പറത്തിയിരിക്കുന്നു. ഇന്ന് സ്വന്തം നാട് എങ്ങനെ ഭരിക്കണമെന്ന് അറിയാതെ ഉലയുകയാണ് ലണ്ടനിലെ ഭരണാധികാരികള്‍. കെയര്‍ സ്റ്റാര്‍മറുടെ രാജി യുകെയെ രക്ഷിക്കുമോ, അതോ കൂടുതല്‍ വലിയ തകര്‍ച്ചയിലേക്ക് നയിക്കുമോ?
പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?
Date:


