കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ അടിത്തറ ഇളക്കാന്‍ പോന്നൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ്. അധികാരം കിട്ടി അധികനാള്‍ കഴിയുന്നതിന് മുന്‍പ് വി.ഡി സതീശന്‍ നേരിടുന്ന ഒന്നാമത്തെ അഗ്‌നിപരീക്ഷ. അതാണ് പുതിയ മദ്യനയം.
സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ഒരേപോലെ വിമര്‍ശനം. നിയമസഭ സമ്മേളന കാലയളവില്‍ തന്നെ തങ്ങള്‍ക്കു വീണു കിട്ടിയ വിഷയത്തില്‍ ശക്തമായി നീങ്ങാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒടുവില്‍ സതീശന്‍ ഈ മദ്യചതുപ്പില്‍ വീഴുമോ, അതോ വീര്യം കൂട്ടി തിരിച്ചുവരുമോ?
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?
സംഭവം ലളിതമാണെന്നു തോന്നാമെങ്കിലും അതിന് പിന്നിലെ രാഷ്ട്രീയം സങ്കീര്‍ണ്ണമാണ്. സര്‍ക്കാരിന്റെ പുതിയ ബജറ്റ് വന്നപ്പോള്‍ അതിലൊരു വലിയ പ്രഖ്യാപനമുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ്.
വീര്യം കുറഞ്ഞതും റെഡി-ടു-ഡ്രിങ്ക് വിഭാഗത്തില്‍പ്പെടുന്നതുമായ മദ്യത്തിന്റെ നികുതി ഘടനയിലാണ് കാര്യമായ ഇളവ് വരുത്തിയത്. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കുന്നതിലൂടെ യുവജനങ്ങളെ മാരകമായ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
പക്ഷേ, ബോംബ് പൊട്ടിയത് അതിന് ശേഷമാണ്. ഈ നികുതിയിളവ് പ്രഖ്യാപിച്ച കാര്യം സംസ്ഥാനത്തെ എക്‌സൈസ് മന്ത്രി പോലും അറിഞ്ഞിരുന്നില്ല! ധനവകുപ്പ് നേരിട്ടാണ് ഈ തീരുമാനമെടുത്തത്. വകുപ്പുകള്‍ തമ്മിലുള്ള ഈ ഏകോപനമില്ലായ്മ സര്‍ക്കാരിനെ അപ്പാടെ പ്രതിരോധത്തിലാക്കി.
ഇതോടെ കഥ മാറി. ‘കേരളത്തില്‍ മദ്യമൊഴുക്കാന്‍ സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’ എന്ന രീതിയില്‍ വലിയ പ്രചരണം തുടങ്ങി. മദ്യത്തിന്റെ ലഭ്യത കൂടുമെന്നും യുവതലമുറ തകരുമെന്നുമുള്ള ആശങ്കകള്‍ പരന്നു.
പ്രതിപക്ഷം സമരം ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ സതീശനെ ശരിക്കും ഞെട്ടിച്ചത് സ്വന്തം ക്യാമ്പില്‍ നിന്നുള്ള വെടിയൊച്ചകളാണ്.
പാര്‍ട്ടിയിലും യു.ഡി.എഫ് മുന്നണിയിലും ഈ മദ്യനയത്തിനെതിരെ കടുത്ത അമര്‍ഷമാണ് പുകയുന്നത്. പരമ്പരാഗതമായി മദ്യവര്‍ജ്ജനത്തിനും മദ്യനിരോധനത്തിനും വേണ്ടി വാദിക്കുന്ന വി.എം സുധീരനെപോലെയുള്ള വലിയൊരു വിഭാഗം കോണ്‍ഗ്രസിനകത്തുണ്ട്. മദ്യനയത്തില്‍ ഇളവ് വരുത്തിയത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അവരുടെ വാദം.
അതിലും വലിയ പ്രശ്‌നം ഘടകകക്ഷികളാണ്. സമുദായ സംഘടനകളുടെയും വോട്ട് ബാങ്കിന്റെയും പിന്തുണയുള്ള കക്ഷികള്‍ സതീശനെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ‘ഈ നയവുമായി മുന്നോട്ട് പോയാല്‍ വലിയ വില നല്‍കേണ്ടി വരും’ എന്നാണ് അവരുടെ താക്കീത്. ചുരുക്കത്തില്‍, പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും സതീശന് ഈ വിഷയത്തില്‍ കാര്യമായ പിന്തുണയൊന്നുമില്ല. അദ്ദേഹം തനിച്ചാവുകയാണ്.
ഇനി നമ്മള്‍ ചിന്തിക്കേണ്ടത്, എന്തുകൊണ്ടാണ് ഈ വിഷയം ഇത്രത്തോളം ഗൗരവമുള്ളതാകുന്നത്? ഇതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?
ഇവിടെയാണ് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പുറത്തുവരുന്നത്. ഇന്ന് സതീശന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷം, അവര്‍ ഭരണത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത്?
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കുകയും ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്തതെന്നും, ഈ നയത്തിന്റെ സാങ്കേതികമായ തുടര്‍ച്ചയും നികുതി നിശ്ചയിക്കലുമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അന്ന് അവര്‍ ചെയ്തതും ഇന്ന് അവര്‍ പറയുന്നതും രണ്ട് തീരങ്ങളിലാണ് നില്‍ക്കുന്നത്. തികഞ്ഞ രാഷ്ട്രീയ അജണ്ട.
പക്ഷേ, സതീശന് അങ്ങനെ കൈകഴുകാന്‍ പറ്റില്ല. കാരണം, പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതു,ര്‍ക്കാരിന്റെ മദ്യനയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായി വാദിച്ച നേതാവാണ് വി.ഡി. സതീശന്‍. അതുകൊണ്ട് തന്നെ, ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് മദ്യത്തിന് നികുതി കുറയ്ക്കുമ്പോള്‍ ജനങ്ങള്‍ ചോദ്യം ചെയ്യും. അത് സതീശന്റെ വ്യക്തിപരമായ പ്രതിച്ഛായയെ ബാധിക്കും.
ഭരണത്തിലേറിയ ശേഷം സതീശന്‍ നേരിടുന്ന ഏറ്റവും വലിയ, ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയാണിത്. ഇത് വെറുമൊരു നികുതി പ്രശ്‌നമല്ല, സതീശന്റെ രാഷ്ട്രീയ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.
അങ്ങനെയെങ്കില്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? സതീശന്‍ ഈ പ്രതിസന്ധിയെ എങ്ങനെ നേരിടും?
സതീശനു മുന്നില്‍ മൂന്ന് വഴികളുണ്ട്.
ഒന്നാമത്തെ വഴി: സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുക. ഐടി, ടൂറിസം മേഖലകളുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. പാര്‍ട്ടി എതിര്‍ത്താലും മുന്നോട്ട് പോവുക.
രണ്ടാമത്തെ വഴി: പാര്‍ട്ടിയിലെയും മുന്നണിയിലെയും സമ്മര്‍ദ്ദത്തിന് വഴങ്ങുക. പ്രഖ്യാപിച്ച നികുതിയിളവുകള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ ഭേദഗതി ചെയ്യുക.
മൂന്നാമത്തെ വഴി: ഒരു സമവായ ചര്‍ച്ചയിലൂടെ എക്‌സൈസ് വകുപ്പിനെയും കൂടെക്കൂട്ടി, നയത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തി മുഖം രക്ഷിക്കുക.
സതീശന്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് സാധ്യതയെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കാരണം, പിന്മാറിയാല്‍ അത് വലിയൊരു രാഷ്ട്രീയ പരാജയമായി വ്യാഖ്യാനിക്കപ്പെടും. സതീശന്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കും.
പക്ഷേ, മുന്നണി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണയില്ലാതെ സതീശന് എങ്ങനെ മുന്നോട്ട് പോകാനാകും?
മദ്യനയം വി.ഡി. സതീശന്റെ വീര്യം കൂട്ടുമോ അതോ കുറയ്ക്കുമോ? കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത് അതിലേക്കാണ്.
തീരുമാനങ്ങള്‍ കടുപ്പമുള്ളതാകുമ്പോഴാണ് യഥാര്‍ത്ഥ നേതാക്കള്‍ ജനിക്കുന്നത്. സതീശന്‍ ഒരു മികച്ച അഡ്മിനിസ്‌ട്രേറ്ററാണോ അതോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന വെറുമൊരു രാഷ്ട്രീയക്കാരനാണോയെന്ന് ഈ മദ്യനയ വിവാദം തെളിയിക്കും.
മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?
Date:


