തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്, ഈശ്വരനോടുള്ള പൂര്‍ണ്ണ വിശ്വാസത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണം. ആ പണത്തിന്മേലാണ് കള്ളന്മാരുടെ കൈകള്‍ പതിഞ്ഞത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് ജീവനക്കാര്‍ തന്നെ ആസൂത്രിതമായി തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണ്ണവും വെള്ളിയും. ഉന്നതരെ രക്ഷിക്കാനായി അന്വേഷണം ജീവനക്കാരിലൊതുക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു കഴഞ്ഞു.
ഇത് വെറുമൊരു സാധാരണ മോഷണമല്ല. കോടിക്കണക്കിന് മനുഷ്യരുടെ ആത്മീയ വിശ്വാസത്തിനും സമര്‍പ്പണത്തിനും പുല്ലുവില കല്‍പിച്ച കൊടിയ വഞ്ചനയാണ്. ജനകോടികളുടെ ആത്മീയകേന്ദ്രമായ ക്ഷേത്രത്തിന്റെ കാവല്‍ക്കാരായി നിന്നവര്‍ തന്നെ കൊള്ളക്കാരായി മാറുന്ന കാഴ്ച.
എങ്ങനെയാണ് ഇത്രയും വലിയൊരു തട്ടിപ്പ് ഇത്രകാലം ആരും അറിയാതെ പോയത്? അത് മനസ്സിലാക്കാന്‍ നാം മെയ് മാസത്തിന്റെ അവസാന വാരത്തിലേക്ക് പോകണം. ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയും ക്ഷേത്രത്തിലെ കാണിക്കവഞ്ചികളില്‍ നിന്ന് ദിവസേന ലഭിക്കുന്ന കണക്കുകളും തമ്മില്‍ ഒത്തുനോക്കിയപ്പോഴാണ് ചില അപാകതകള്‍ ശ്രദ്ധയില്‍ പെട്ടത്. ഓരോ കാണിക്കവഞ്ചിയിലും സാധാരണയായി 7 മുതല്‍ 8 ലക്ഷം രൂപ വരെ ഉണ്ടാകാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറേ ആഴ്ചകളായി ബാങ്കില്‍ എത്തുന്ന 500 രൂപ നോട്ടുകളുടെ കെട്ടുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി.
തുടര്‍ന്ന് പണം എണ്ണുന്ന മുറിയില്‍ ചില രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു. ഈ രഹസ്യ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. സാധാരണ സിസിടിവി ക്യാമറകളുടെ കാഴ്ച മറച്ചുപിടിച്ചുകൊണ്ട്, നോട്ടുകെട്ടുകളില്‍ നിന്ന് ജീവനക്കാര്‍ പണം ചോര്‍ത്തുന്ന ദൃശ്യങ്ങള്‍ ഈ രഹസ്യ ക്യാമറകളില്‍ കൃത്യമായി പതിഞ്ഞു.
വളരെ ആസൂത്രിതമായാണ് ഈ സംഘം കൊള്ള നടത്തിയത്. പ്രധാനമായും രണ്ട് രീതികളാണ് ഇവര്‍ പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ചിരുന്നത്.
ഒന്നാമത്തെ രീതി: പണം എണ്ണുന്ന മുറിയില്‍ വെച്ച്, അവിടെയുള്ള പ്രധാന സിസിടിവി ക്യാമറകളുടെ കാഴ്ച ചില ജീവനക്കാര്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തും. ആ സമയം കൊണ്ട് മറ്റുള്ളവര്‍ നോട്ടുകെട്ടുകളില്‍ നിന്ന് പണം വേര്‍പെടുത്തി തങ്ങളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കും.
രണ്ടാമത്തെ രീതി: ഇത് അതിലും വിചിത്രമാണ്. നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഔദ്യോഗിക കണക്കില്‍ പെടുത്താതെ കുറച്ച് അധികം നോട്ടുകള്‍ ഇവര്‍ കെട്ടുകള്‍ക്കിടയില്‍ തിരുകിക്കയറ്റും. ഈ പണം ക്ഷേത്രത്തില്‍ നിന്ന് ബാങ്കിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് ഇവര്‍ കൈക്കലാക്കുന്നത്. ബാങ്കില്‍ എത്തുമ്പോള്‍ ഔദ്യോഗിക രേഖകളിലെ തുകയും ബാങ്കില്‍ നല്‍കുന്ന തുകയും കൃത്യമായിരിക്കും. എന്നാല്‍ ഈ രണ്ട് കണക്കിലും പെടാത്ത ‘അധിക തുക’ ജീവനക്കാരുടെ പോക്കറ്റിലെത്തും!
പണം മാത്രമല്ല, ഭക്തര്‍ സമര്‍പ്പിച്ച കമ്മലുകള്‍, മൂക്കുത്തികള്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങിയ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും ഔദ്യോഗിക രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ കടത്തിയിരുന്നു. പണം എണ്ണുന്ന മുറിയില്‍ നിന്ന് പുറത്തുപോകുന്ന ജീവനക്കാരെ കര്‍ശനമായി ദേഹപരിശോധന നടത്താനുള്ള സുരക്ഷാ സംവിധാനം ഇല്ലായിരുന്നു എന്നത് ഈ കൊള്ളക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
സംഭവം പുറത്തായതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. എസ്ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് മാത്രം 10 ലക്ഷം രൂപയോളം പോലീസ് കണ്ടെടുത്തു. ഇതുവരെ പ്രതികളില്‍ നിന്നായി ഏകദേശം 79.85 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിന്റെ ആകെ വ്യാപ്തി കോടികളുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഈ കവര്‍ച്ചയില്‍ ചില ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ഭക്തര്‍ സമര്‍പ്പിച്ച വെള്ളിക്കട്ടികള്‍ കാണാതായതിനെക്കുറിച്ചും ഇപ്പോള്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പൂര്‍ണ്ണമായ ചുമതല ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിനാണ്.
ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ ചമ്പത് റായിയുടെ ഡ്രൈവറാണ്. രാമക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും രാജി നല്‍കിയിരുന്നു. അയോധ്യക്ഷേത്രത്തിന്റെ ഭരണചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയിരിക്കുകയാണ്.
ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിഎച്ച്പി നേതൃത്വം ഇതിനെ എതിര്‍ക്കുകയാണ്. ചമ്പത് റായിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ക്ഷേത്ര നിര്‍മ്മാണ സമയത്ത് ലഭിച്ച വന്‍ തുകകള്‍ക്കും സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കൃത്യമായ സ്റ്റോക്ക് രജിസ്റ്ററുകള്‍ സൂക്ഷിച്ചിരുന്നില്ല. തങ്ങള്‍ നല്‍കിയ കിലോഗ്രാം കണക്കിന് വെള്ളിക്കട്ടികള്‍ക്കും മറ്റ് വഴിപാടുകള്‍ക്കും രസീത് ലഭിച്ചില്ലെന്ന് ചില പ്രമുഖ വ്യവസായികളും സംഘടനകളും പരാതിപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്.
ഈ സംഭവം കേവലമൊരു ക്രിമിനല്‍ കേസ് മാത്രമല്ല. രാഷ്ട്രീയമായി വലിയൊരു കൊടുങ്കാറ്റാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടാക്കിയിരിക്കുന്നത്. യുപിയില്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍, ഭരണകക്ഷിയായ ബിജെപിക്ക് ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അയോധ്യ ക്ഷേത്ര നിര്‍മ്മാണവും അതിന്റെ സുരക്ഷയും തങ്ങളുടെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയവര്‍ക്ക്, അവിടെത്തന്നെ ഇത്രയും വലിയൊരു കൊള്ള നടന്നു എന്നത് വലിയ തിരിച്ചടിയാണ്.
പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണോ ഈ എസ്ഐടി അന്വേഷണം എന്ന് പ്രതിപക്ഷം ചോദിക്കുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
ഇവിടെയാണ് നാം മറ്റൊരു കാര്യം ഓര്‍ക്കേണ്ടത്. സമാനമായ രീതിയിലുള്ള സംഭവം കേരളത്തിലുമുണ്ട്. ശബരിമലയില്‍ നിന്ന് കട്ടിളപ്പടിയോടെ സ്വര്‍ണം ഇളക്കികൊണ്ടുപോയി. അതിനെക്കുറിച്ചുള്ള അന്വേഷണവും തെളിവെടുപ്പുമൊക്കെ പുരോഗമിക്കുകയാണ്. പല ക്ഷേത്രങ്ങളിലും കാണിക്കപ്പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകള്‍ പാന്റിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച് പിടിയിലായിട്ടുണ്ട്. വിശ്വാസ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട്, യാതൊരു ഭയവുമില്ലാതെ സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ആസൂത്രിത കൊള്ളകള്‍ എല്ലാ വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഒരു ശാപമായി മാറുകയാണ്.
പക്ഷേ, ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം മറ്റൊന്നാണ്. ആചാര സംരക്ഷണത്തിന് വേണ്ടിയും, ക്ഷേത്ര വിശ്വാസങ്ങള്‍ക്ക് വേണ്ടിയും തെരുവിലിറങ്ങാന്‍ മടിക്കാത്തവര്‍, ഇത്തരത്തില്‍ ഭഗവാന്റെ ഭണ്ഡാരത്തില്‍ തന്നെ കയ്യിട്ടുവാരുന്ന കൊള്ളക്കാര്‍ക്കെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഈശ്വരനിലുള്ള പൂര്‍ണ്ണമായ വിശ്വാസത്തില്‍, തനിക്കുള്ളതില്‍ നിന്ന് ഒരു പങ്ക് കാണിക്കയായി സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ ഭക്തരെയാണ് ഈ കപടവിശ്വാസികള്‍ വഞ്ചിക്കുന്നത്. തങ്ങളുടെ വിയര്‍പ്പിന്റെ പണം ഭഗവാന് മുന്നില്‍ വെക്കുമ്പോള്‍, അതിന് സംരക്ഷകരായി നില്‍ക്കുന്നവര്‍ തന്നെ അത് മോഷ്ടിക്കുമെന്ന് ഏത് ഭക്തനാണ് ചിന്തിക്കുക?
ഇവിടെ ദൈവത്തെയോ മതത്തെയോ അല്ല പഴിക്കേണ്ടത്. തെറ്റ് ചെയ്യുന്നത് ഭക്തിയെ ബിസിനസ്സ് ആയും, മോഷണത്തിനുള്ള മറയായും ഉപയോഗിക്കുന്ന കാപട്യവും കുടിലതയും നിറഞ്ഞ ഒരുകൂട്ടം മനുഷ്യരാണ്. ഭക്തരോടുള്ള ഈ കൊടിയ വഞ്ചനയ്ക്ക് ഉത്തരവാദികളായവര്‍ മറുപടി പറഞ്ഞേ തീരൂ. നിയമത്തിന്റെ പരമാവധി ശിക്ഷ അവര്‍ക്ക് ലഭിക്കണം. എങ്കില്‍ മാത്രമേ, നാളെ ഒരു സാധാരണക്കാരന്‍ കരുളുരുകിയുള്ള പ്രാര്‍ത്ഥനയോടെ കാണിക്കവഞ്ചിയില്‍ ഒരു നാണയത്തുട്ടിടുമ്പോള്‍ അവന് ആത്മീയമായ ശാന്തി ലഭിക്കൂ.
അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍
Date:


