നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്നും തോല്‍വിയുടെ കാരണം എന്താണെന്നുമുള്ള അന്വേഷണം തുടരുകയാണ്.
സാധാരണ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു: തോല്‍വിക്കു കാരണമായത് ഭരണവിരുദ്ധ വികാരമാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള കടുത്ത അമര്‍ഷമാണ്.
എന്നാല്‍, സി പി എം നേതൃത്വം ഇത് സമ്മതിക്കാന്‍ തയ്യാറാകുന്നില്ല. കാരണം, ഭരണവിരുദ്ധ വികാരമാണെന്ന് സമ്മതിച്ചാല്‍ വിരല്‍ ചൂണ്ടുക നേതാക്കള്‍ക്ക് നേരെയാകും. ഭരണം നടത്തിയത് നേതാക്കളാണല്ലോ. അപ്പോള്‍ കുറ്റക്കാര്‍ അവരാകും.
അതുകൊണ്ട് നേതൃത്വം ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം പാവം അണികളുടെ തലയിലേക്ക് കെട്ടിവെക്കുക!
ഭരണ പരാജയമല്ല സംഭവിച്ചത്. മറിച്ച്, സര്‍ക്കാരിന്റെ വന്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല! ഇതാണ് ഇപ്പോള്‍ നേതൃത്വം കണ്ടെത്തിയിരിക്കുന്ന പുതിയ കണ്ടുപിടുത്തം.
ചുരുക്കത്തില്‍, നേതാക്കള്‍ ചെയ്തത് മുഴുവന്‍ ശരി. അണികള്‍ പ്രവര്‍ത്തിക്കാത്തതാണ് തോല്‍വിക്ക് കാരണം!
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സി പി എം താഴേത്തട്ടില്‍ വലിയ തോതില്‍ അവലോകന യോഗങ്ങള്‍ നടത്തിയിരുന്നു. പക്ഷേ,പ്രവര്‍ത്തകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. യോഗങ്ങളില്‍ ആളില്ല. വര്‍ഷങ്ങളായി പാര്‍ട്ടിക്കൊപ്പം നിന്ന പലരും യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. പങ്കെടുത്തവര്‍ ആകട്ടെ, നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.
അഴിമതി ആരോപണങ്ങള്‍, ധൂര്‍ത്ത്, ജനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ അകല്‍ച്ച… ഇതൊക്കെയാണ് താഴേത്തട്ടില്‍ ചര്‍ച്ചയായത്. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ നേതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞു. അവിടെ കേരളത്തിലെ സംസ്ഥാന നേതൃത്വം തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ക്ക് പിഴച്ചില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഇനി അണികള്‍ക്കിടയില്‍ നിന്ന് തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കണം. സെപ്റ്റംബറില്‍ വിശാലമായ സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. അതിനുമുമ്പ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ബോധവത്കരിക്കണം. അല്ലെങ്കില്‍ സംസ്ഥാന സമിതിയില്‍ നേതാക്കള്‍ക്ക് വലിയ പരുക്കേല്‍ക്കും.
അതിനായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.. വെറുമൊരു രാഷ്ട്രീയ യോഗമല്ല ഇത്. പാര്‍ട്ടി അംഗങ്ങളെ ഒരുമിച്ചിരുത്തി, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം. ഈ മേളകളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടി തോല്‍ക്കുമ്പോള്‍ അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അതാണ് ജനാധിപത്യം. എന്നാല്‍ ഇവിടെ തിരുത്തലിന് പകരം കുറ്റപ്പെടുത്തലാണ് നടക്കുന്നത്.
ഭരണവിരുദ്ധ വികാരം എന്നത് ജനങ്ങളുടെ പ്രതികരണമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പെന്‍ഷന്‍ മുടങ്ങല്‍, ഭരണസിരാകേന്ദ്രങ്ങളിലെ അഴിമതി… ഇതൊക്കെയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇതൊക്കെ തീരുമാനിക്കുന്നത് ആരാണ്? സര്‍ക്കാരും അത് നയിക്കുന്ന നേതാക്കളുമാണ്.
എന്നാല്‍ നേതൃത്വം പറയുന്നത് കേള്‍ക്കൂ: ‘ഞങ്ങള്‍ എല്ലാം ഭംഗിയായി ചെയ്തു. വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കി. പക്ഷേ, അത് ജനങ്ങളോട് പറയാന്‍ അണികള്‍ മറന്നുപോയി.’
എത്ര ലളിതമായാണ് നേതാക്കള്‍ കൈ കഴുകുന്നത്! പരാജയത്തിന്റെ മുഴുവന്‍ ഭാരവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ചുമലിലേക്ക് വെച്ചുകൊടുക്കുന്നു.
ഒരു പാര്‍ട്ടിയുടെ ജീവന്‍ അതിന്റെ അണികളാണ്. നേതാക്കളല്ല പാര്‍ട്ടിയെ ജയിപ്പിക്കുന്നത്, താഴേത്തട്ടില്‍ വീടുകള്‍ തോറും കയറിയിറങ്ങുന്ന പ്രവര്‍ത്തകരാണ്.
അവരെത്തന്നെ കുറ്റക്കാരാക്കുമ്പോള്‍, അവരുടെ ആവേശം ഇല്ലാതാകും. തിരുത്തലുകള്‍ മുകളില്‍ നിന്നാണ് ഉണ്ടാകേണ്ടത്. അത് താഴെ അണികളില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍ ജനങ്ങള്‍ കൂടുതല്‍ അകലുകയേ ഉള്ളൂ.
നേതാക്കള്‍ സുരക്ഷിതരാകുമായിരിക്കാം, എന്നാല്‍ പാര്‍ട്ടി തകരും. സ്വന്തം തെറ്റുകള്‍ മൂടിവെക്കാന്‍ അണികളെ ബലിയാടാക്കരുത്.
കേരളത്തിലെ സി പി എം ചരിത്രത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അധികാരം നിലനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ സ്വന്തം പദവികള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
സെപ്റ്റംബറിലെ വിശാലമായ സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുമായിരിക്കും. കുടുംബമേളകള്‍ നടത്തി താല്‍ക്കാലികമായി അണികളെ ശാന്തരാക്കുമായിരിക്കും. എന്നാല്‍ വോട്ടര്‍മാരുടെ മനസ്സിലെ അമര്‍ഷം മാറ്റാന്‍ ഈ മേളകള്‍ക്ക് കഴിയുമോ?


