കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ നിര്‍ണായകമായ ചില അന്വേഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ എസ്എഫ്‌ഐഒയ്ക്ക് നല്‍കിയ മൊഴികളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
സിഎംആര്‍എല്ലിന് ഐടി സേവനം നല്‍കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ചോദിച്ച അന്വേഷണ ഏജന്‍സിയോട്, ആശയവിനിമയങ്ങളെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖകളില്ലെന്നുമാണ് വീണ മറുപടി നല്‍കിയിരിക്കുന്നത്. കമ്പനി മേധാവി ശശിധരന്‍ കര്‍ത്തായുമായി നേരിട്ടായിരുന്നു ചര്‍ച്ചകള്‍ എന്നതിനാല്‍ യോഗങ്ങളുടെ മിനിറ്റ്‌സ് പോലും ലഭ്യമല്ല. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്‌സാലോജിക് കമ്പനി പൂട്ടിയതിനാല്‍ കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ തെളിവുകളും ഇല്ലെന്നാണ് വിശദീകരണം. ഒരു ഐടി കമ്പനി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ ഇടപാടില്‍ യാതൊരുവിധ രേഖകളോ ആശയവിനിമയങ്ങളോ ഇല്ലെന്ന ഈ വാദം സാധാരണ ജനങ്ങളില്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.
‘എല്ലാം നേരിട്ടായിരുന്നു’ എന്ന ലളിതമായ മൊഴികള്‍ കൊണ്ട് അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങളില്‍ നിന്നും, പൊതുസമൂഹത്തിന്റെ സംശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.


