കണക്കു പഠിക്കാത്തവനൊന്നും ജീവിതത്തില്‍ രക്ഷപ്പെടില്ലെന്നാണ് പൊതുവേ പറയാറ്. ഭദ്രന്റെ സിനിമയായ സ്ഫടികത്തില്‍ തിലകന്റെ കണക്കുമാഷ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അത് അടിവരയിട്ട് പറഞ്ഞു കൊടുത്തു. അങ്ങനെ കണക്കു പഠനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് തിലകന്റെ കണക്കുമാഷിന്റെ മുഖമായി. ഭൂമി കറങ്ങുന്നതു മാത്തമാറ്റിക്‌സിലാണെന്നാണ് അങ്ങേരു പറഞ്ഞുവെച്ചത്. ദൈവം ഏറ്റവും മികച്ച ഒരു മാത്തമാറ്റിക്‌സുകാരനാണെന്ന് ആരോ എവിടെയോ എഴുതിയതും ഓര്‍ക്കുന്നു.
പക്ഷേ, സ്‌കൂളിലേക്ക് പോകുന്ന ഏതൊരു പിള്ളേരോടും ചോദിക്കൂ. കണക്കെന്താണെന്ന് അവരു പറഞ്ഞു തരും. കണക്കെന്നു കേള്‍ക്കുമ്പോഴേ അവരുടെ നെറ്റി ചുളിയും. ആളെ കുഴപ്പിക്കാന്‍ മാത്രം എന്താണ് കണക്കില്‍ ഒളിച്ചിരിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് കുട്ടികളുടെ ബാലികേറാമലയാണ് കണക്ക്. കണക്കില്‍ തപ്പിത്തടഞ്ഞും മുടന്തിയിഴഞ്ഞുമാണ് ഒട്ടുമിക്കവരും സ്‌കൂള്‍ ജീവിതം തള്ളിനീക്കുന്നത്. പത്താം ക്ലാസു കഴിഞ്ഞ് തുടര്‍പഠനത്തിനായി കണക്ക് ഒഴിവാക്കുമ്പോഴാണ് പലരും ശ്വാസം നേരാംവണ്ണം വിടുന്നത്.
ഒന്നാം ക്ലാസുമുതലുള്ള പത്തുവര്‍ഷം ഈയുള്ളവന്റെ കണക്ക് ക്ലാസുകള്‍ ഇന്നും ഒരു ദു:സ്വപ്നംപോലെയാണ്. പത്താം ക്ലാസില്‍ കണക്ക് ഫസ്റ്റ് പേപ്പറിന് 11ഉം സെക്കന്‍ഡ് പേപ്പറിന്് ആറും മാര്‍ക്കോടെ സൂദീര്‍ഘമായ കണക്കു ജീവിതത്തിന് അന്ത്യം കുറിച്ചു. ഇന്ന് പിള്ളേരോട് കണക്കു പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വകയായി അത് മാറി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ആ പതിനേഴ് മാര്‍ക്ക് എങ്ങനെ കിട്ടിയെന്നത് അത്ഭുതമായി തുടരുന്നു.
എന്തുകൊണ്ടാണ് സ്‌കൂള്‍ പഠനകാലത്തു തന്നെ കണക്ക് ബാലികേറാമലയായി മാറുന്നത്. കണക്കെന്നല്ല ഒരു വിഷയത്തിലും ധാരണയില്ലാത്തവരായി ആരും പിറന്നുവീഴുന്നില്ലെന്നാണ് കൗണ്‍സിലിംഗുകാരനായ സുഹൃത്തിന്റെ അഭിപ്രായം. നമ്മളുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളുമാണ് പല വിഷയങ്ങളെയും കടിച്ചാല്‍ പൊട്ടാത്തതും വെറുപ്പിക്കുന്നതുമാക്കി മാറ്റുന്നതത്രേ. അങ്ങനെയെങ്കില്‍ എന്നെ കണക്കിന്റെ ശത്രുവാക്കിയ പ്രതിയെ കണ്ടുപിടിക്കാനായി ഞാന്‍ ഒന്നാം ക്ലാസു മുതല്‍ ഒന്നു കൂടി റീവൈന്‍ഡ് ചെയ്തുനോക്കി. വല്യപ്പന്‍ കണക്കില്‍ വിശാരദനായിരുന്നു. അങ്ങേരുടെ മുഖച്ഛായയും കഷണ്ടിയുമെല്ലാം എനിക്ക് അതേപടി കിട്ടിയിട്ടുണ്ട്. പിന്നെ കണക്കു മാത്രം എവിടെപ്പോയി. എന്നെ കണക്കിന്റെ ശത്രുവാക്കിയ പ്രതിയെ കയ്യോടെ പൊക്കണമെന്ന വാശിയായി.
അങ്ങനെ ചിന്തയില്‍ ഇരിക്കുമ്പോഴാണ് വലതുകൈത്തോളിലൊരു നീറ്റല്‍ പോലെ…എന്തുപറ്റിയെന്നു ഞെട്ടലോടെ തടവി നോക്കി. ഒന്നുമില്ല. പക്ഷേ ഒരു നീറ്റല്‍…അതുവീണ്ടും പഴയ ഒന്നാം ക്ലാസിലെ ബഞ്ചിലേക്ക് ഓര്‍മകളെ കൂട്ടിക്കൊണ്ടുപോയി. കണക്കു ടീച്ചറിന്റെ നുള്ളലിന്റെ നീറ്റലില്‍ ശരീരത്തിന്റെ വലതുഭാഗം മുകളിലേക്കുയരുന്നു. പട്ടിക തെറ്റിച്ചതിനായിരുന്നു ആദ്യ നുള്ളല്‍. തലേന്ന് നേരത്തെ കിടന്നുറങ്ങിപ്പോയതുകൊണ്ട് പഠിക്കാന്‍ മറന്നുപോയി. അതുകൊണ്ടാണ് പട്ടിക തെറ്റിയത്. പിന്നെ അതൊരു പതിവായി. കണക്കു പീരിയഡില്‍ ക്ലാസില്‍ നിന്നും നുള്ളലിന്റെ നീറ്റലില്‍ ഉയരുന്ന ശ്..ശ്..ശ്.. എന്ന സീല്‍ക്കാര ശബ്ദം പലഭാഗത്തുനിന്നും ഉയരുക പതിവായി. പിന്നെ വീട്ടില്‍ വന്ന് കണക്ക് ബുക്ക് എടുത്തു നിവര്‍ത്തുമ്പോഴേ ടീച്ചറിന്റെ മുഖവും നുള്ളലിന്റെ നീറ്റലുമാണ് കടന്നുവരുക. കുറച്ചു നേരം വലതുതോള്‍ തടവിയശേഷം ബുക്ക് മടക്കിവെയ്ക്കും. അന്നു സുല്ലിട്ടതാണ് കണക്കിനു മുന്നില്‍.
ടീച്ചര്‍ നുള്ളിനീറ്റിക്കാതെ പട്ടിക പഠിക്കാനുള്ള എളുപ്പവഴികളുമായി കണക്കു ക്ലാസിനെ രസകരമാക്കിയിരുന്നെങ്കില്‍ എത്ര കുട്ടികളുടെ ഭാവി രക്ഷപെട്ടേനേ. പക്ഷേ, കഥ തുടരുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും.



