‘എന്താടോ പൊലീസേ നന്നാവാത്തേ’

0
103

ഒരു പഴയ കഥ പറയാം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. കവലേലുള്ള ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവായിരുന്നു. തലകുമ്പിട്ട് വിനീത വിധേയനായി അങ്ങനെയിരിക്കുന്നു. താഴേക്ക് മുറിഞ്ഞുവീഴുന്ന മുടിചുരുളുകള്‍. പെട്ടെന്ന് പുറത്ത് ഒരു ജീപ്പുവന്ന് ചവുട്ടിനിന്നു. കടത്തിണ്ണയില്‍ സൊറ പറഞ്ഞിരുന്നവര്‍ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേല്‍ക്കുന്നതിന്റെ ബഹളം. തലയിലൂടെയുള്ള കത്രികയുടെ പാച്ചിലും നിലച്ചു. തലയുയര്‍ത്തിപ്പോള്‍ അങ്ങേരും പുറത്തേക്ക് നോക്കി നില്‍ക്കുവാ. കുനിഞ്ഞിരുന്നു വേദനിച്ച കഴുത്തുതിരിച്ച് പുറത്തേക്കു നോക്കി. യ്യോ…ഒരു പൊലീസ് ജീപ്പ്.

ജീപ്പിനുള്ളില്‍ നിന്നും ഒരു മുഴങ്ങുന്ന ശബ്ദം കടത്തിണ്ണയിലിരിക്കുന്നവരോട് വഴി ചോദിക്കുകയാണ്.

‘ഇതിലേ കേറി നേരെ പോയാല്‍ മതി സാറേ.. ആദ്യം കാണുന്ന വീടാ.’ നാട്ടിലെ ധൈര്യശാലിയുടെ ഭവ്യതയോടെയുള്ള ശബ്ദം.

ദൈവമേ അതെന്റെ വീടാണല്ലോ. ഞാന്‍ ഞെട്ടി. പോലീസ് ജീപ്പു മുന്നോട്ടെടുത്തുപോയി.

പൊലീസ് ജീപ്പ് കാണാമറയത്തെത്തിയതോടെ പുറത്ത് നാട്ടിലെ വീരന്മാരുടെ സ്വരം വീണ്ടുമുയര്‍ന്നു…

‘ഹോ…ഞാന്‍ ഞെട്ടിപ്പോയി.’

‘കണ്ടതേ ഞാന്‍ ചാടിയെണീറ്റു…’

‘തലേല്‍ക്കെട്ടൂരാന്‍ ധൃതിക്കിടെ ഞാന്‍ മറന്നു പോയി. ഭാഗ്യത്തിന് ഏമാന്‍ ശ്രദ്ധിച്ചില്ല…’

മഴപെയ്തിട്ടുള്ള മരംപെയ്യല്‍ പോലെ പൊലീസുകാരുടെ വരവ് കടത്തിണ്ണയെ പ്രകമ്പനം കൊള്ളിക്കുകയാണ്.

‘തന്റെ വീട്ടിലോട്ടാണല്ലോടെ പൊലീസ് പോയിരിക്കുന്നത്.’ മുടിവെട്ടുന്നതിനിടയില്‍ കടക്കാരന്‍ ചോദിച്ചു. അതൊന്നും കേള്‍ക്കാനുള്ള ശക്തിയെനിക്കില്ലായിരുന്നു. എന്റെ ചങ്കു കിടന്നു പടപടാന്ന് ഇടിക്കുകയാണ്. ശരീരമാകെ വിയര്‍ക്കുന്നു. മുടിവെട്ടുകഴിഞ്ഞു പുറത്തോട്ടിറങ്ങി. ഒളിത്താവളത്തില്‍നിന്നു പിടികിട്ടാപ്പുള്ളി പുറത്തിറങ്ങിയതുപോലെ കടത്തിണ്ണയിലിരിക്കുന്നവര്‍ നോക്കുന്നതായാണ് തോന്നല്‍. നിരവധി കണ്ണുകള്‍ പിന്തുടരുന്നപോലെ. ചെവിയില്‍ ആരുടെയൊക്കെയോ ശബ്ദങ്ങള്‍ മുഴങ്ങുന്നു. കണ്ണുകളില്‍ ഇരുട്ടുകയറുന്നു.

പൊലീസുകാരാണ് വീട്ടിലേക്ക് പോയിരിക്കുന്നത്. ഇനി എന്തൊക്കെ സംഭവിക്കും. ജയിലില്‍ കിടന്ന് ഞങ്ങളെല്ലാം ഇടികൊണ്ട് നിലവിളിക്കുന്നതാണ് കണ്‍മുന്നില്‍. വീട്ടിലെത്തിയപ്പോള്‍ നാലോളം പൊലീസുകാര്‍ മുറ്റത്തുനില്‍പ്പുണ്ട്. രണ്ടുപേര്‍ പറമ്പില്‍. ഞാന്‍ ഒരു റബര്‍മരത്തിന്റെ പിന്നിലൊളിച്ചു… നോക്കുമ്പോള്‍ മുറ്റത്തുകൂടി വട്ടുണ്ട പോലിരിക്കുന്ന ഒരു പൊലീസുകാരന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ചുവന്നുരുണ്ട കണ്ണുകളും കൊമ്പന്‍ മീശയുമുള്ള ഒരു തടിയന്‍. റബറിന്റെ ടാപ്പിംഗ് ഷെയിഡുപോലെ മുന്നോട്ടുന്തി നില്‍ക്കുന്ന അയാളുടെ നിക്കറിനുള്ളില്‍ കറുത്തുരുണ്ടു തടിച്ച തുടകള്‍ നടത്തത്തിനിടയില്‍ തുള്ളിക്കളിക്കുന്നു. നോക്കിയപ്പോള്‍ വീടിനു പുറകില്‍ പെങ്ങന്മാര്‍ പേടിച്ചു പാത്തുനില്‍പ്പുണ്ട്. അവരെന്നെ കണ്ടു. പേടി മറയ്ക്കാന്‍ മൂത്രമൊഴിക്കുന്നതുപോലെ കുറച്ചുനേരം അവിടെ നിന്നിട്ട് ഞാനും അവരുടെ കൂടെ കൂടി. കാര്യമറിഞ്ഞപ്പോള്‍ സംഗതി നിസ്സാരം. റബര്‍ സ്ലോട്ടറിനു കൊടുത്തിരുന്നു. കരാറുകാരന്‍ അറിയാതെ ടാപ്പിംഗുകാര് രണ്ട് മരം മുറിച്ചുവിറ്റു. അതിന് കരാറുകാരന്‍ കേസുകൊടുത്തിട്ടാണ് പൊലീസെത്തിയത്. പൊലീസുകാരുടെ വരവ് സൃഷ്ടിച്ച പ്രകമ്പനം ഒരാഴ്ചയോളം ഞങ്ങളുടെയിടയില്‍ നിന്നു.

പൊലീസ് സൃഷ്ടിക്കുന്ന ഒരു ഫസ്റ്റ് ഇംപ്രഷന്‍ ഇന്നും ഇങ്ങനെതന്നെയാണ്. അത് കാലങ്ങളായി അങ്ങനെതന്നെ. ദേവാസുരത്തിലെ ഡയലോഗുപോലെ ‘എന്താടോ താന്‍ നന്നാവാത്തേ’, എന്ന് ആരും ചോദിക്കാഞ്ഞിട്ടല്ല, ചോദിച്ചവനൊക്കെ ഒറ്റചോദ്യം കൊണ്ടു നിര്‍ത്തി.

എപ്പോഴും ഭരണകൂടത്തിന്റെ ഒപ്പം സഞ്ചരിക്കുന്നവരാണ് പൊലീസുകാര്‍. ഭരണകൂടത്തിന്റെ കാവല്‍ നായ എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. രാജഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലത്തും പിന്നീടു വന്ന ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്തും പൊലീസിനെ തങ്ങളുടെ മര്‍ദന ഉപകരണമാക്കിത്തന്നെ സൂക്ഷിച്ചു. സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ സേനയുടെ തലപ്പത്തു കൊണ്ടുവരുന്നതിനാണ് പ്രഥമപരിഗണന.

ജനങ്ങളിലെ ഭീതി മാറ്റാന്‍ പൊലീസും ശ്രമിക്കുന്നില്ല. അതങ്ങനെ തന്നെ തുടര്‍ന്നില്ലെങ്കില്‍ ഇവിടുത്തെ ക്രമസമാധാനം തകരുമെന്നായിരിക്കാം ധാരണ. ജനമൈത്രി പോലീസൊക്കെ വന്നെങ്കിലും പലപ്പോഴും ‘മൈത്രി’ പൊലീസ് സ്റ്റേഷന്റെ ബോര്‍ഡില്‍ മാത്രം ഒതുങ്ങി. ഓപ്പറേഷന്‍ സക്സസ്, പക്ഷേ കുട്ടി മരിച്ചുപോയി എന്നു പറയുന്ന അവസ്ഥ. സ്റ്റേഷന്റെ പെയിന്റു മാറ്റിയും ഓഫീസര്‍മാരുടെ തസ്തികകളുടെ പേരുമാറ്റിയുമൊക്കെയുള്ള നന്നാക്കലു പരിപാടി ഇപ്പോഴും തുടരുന്നുണ്ട്. സേനയ്ക്കുള്ളിലും അവരുടെ ട്രയിനിംഗ് രീതികളിലുമാണ് മാറ്റങ്ങള്‍ വരേണ്ടത്. ഇംഗ്ളീഷുകാര്‍ തങ്ങളുടെ മേല്‍ക്കോയ്മ അടിച്ചുറപ്പിക്കുന്നതിനായി കൊണ്ടുവന്ന പരിശീലനമുറകളാണ് കാലങ്ങള്‍ക്കുശേഷം ഇപ്പോഴും തുടരുന്നത്. സേനയ്ക്കുള്ളിലെ സമീപനരീതിയെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെ,’ മുകളിലുള്ളവര്‍ എന്നെ ചവിട്ടും… ചീത്തവിളിക്കും…. ഞാന്‍ എന്റെ താഴെയുള്ളരെ ചവിട്ടും ചീത്തവിളിക്കും….. അവരത് താഴോട്ടുകൊടുക്കും….’

പൊലീസ് സ്റ്റേഷനിലേക്ക് കയറിവരുന്ന ആരോടും പ്രതിയോടെന്ന മട്ടിലാകും അവരുടെ പെരുമാറ്റം. ഉംംം…എന്നാ..,. എന്ന താടിയുര്‍ത്തിയുള്ള ആദ്യ ചോദ്യം തന്നെ വരുന്നയാളുടെ മേല്‍ ആധിപത്യം നേടാനുള്ള സൈക്കോളജിക്കല്‍ മൂവാണ്. രാഷ്ട്രീയക്കാരുടെയോ നാട്ടിലെ പ്രമാണിയുടെയോ അകമ്പടിയില്ലാതെ സ്റ്റേഷനിലെത്തി നീതി നേടി തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍ അന്ന് ഇവിടെ പുതുയുഗം പുലരും.

പണ്ടൊക്കെ നാട്ടിലെ പ്രമാണിമാര്‍ക്കായിരിക്കും പൊലീസ് സ്റ്റേഷനില്‍ സ്വാധീനം. മാറിമാറിവരുന്ന എസ്ഐ ഏമാനേയും ഏഡങ്ങത്തെയും അവര്‍ ഇടയ്ക്കിടെ വീട്ടില്‍ വിരുന്നൊരുക്കി തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കും. കാലം മാറിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ആ റോള്‍ ഏറ്റെടുത്തു. ഭരണപക്ഷത്തിന്റെ ഏറാന്‍ മൂളികളായും ദല്ലാള്‍മാരായും മാറുകയാണ് പൊലീസിലെ വലിയൊരു വിഭാഗം. അതിന്റെ കാഴ്ചകളാണ് നമ്മുടെ കണ്‍മുന്നിലൂടെ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

സോഷ്യല്‍മീഡിയ എന്ന നവമാധ്യമത്തിന്റെ വരവോടെയാണ് പൊലീസിന്റെ പല ജനവിരുദ്ധനയങ്ങളും സമൂഹമധ്യത്തിലേക്കെത്താനും ജനരോഷമുയരാനും കാരണമാകുന്നത്.

പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അത് മാറ്റിയെടുക്കാന്‍ സര്‍ക്കാരിനാവുന്നുമില്ല. പൊലീസിന്റെ ഭാഷ്യം തന്നെയാണ് പലപ്പോഴും സര്‍ക്കാരിന്റെ വിശദീകരണമായി വരുന്നത്. പൊലീസിന്റെ ഭീകരമര്‍ദനങ്ങള്‍ക്ക് ഇരകളായിട്ടുള്ള നേതാക്കള്‍ പോലും അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അക്കഥയെല്ലാം മറക്കും.

നാടിനു വേണ്ടത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ രണ്ടു മുഖങ്ങളുള്ള പൊലീസിനെയാണ്. കുറ്റവാളികളുടെ മുന്നില്‍ കാര്‍ക്കശ്യത്തിന്റെയും ഇരകളുടെ മുന്നില്‍ സൗമ്യതയുടെയും. അങ്ങനെയൊരു ‘കിനാശ്ശേരി’ നമുക്ക് സ്വപ്നം കാണാം. നടക്കുവോ…ആാാാ….

Leave A Reply

Please enter your comment!
Please enter your name here