എല്ലാവര്‍ഷവും റിപ്പബ്ലിക്ദിന തലേന്ന് പ്രഖ്യാപിക്കുന്ന ഉന്നത ബഹുമതികളാണ് പത്മാ അവാര്‍ഡുകള്‍. സാമ്പ്രദായികമായ ഒരു അവാര്‍ഡ് ആണെങ്കിലും മിക്കപ്പോഴും കൗതുകം ഉണര്‍ത്തുന്ന ചില കാര്യങ്ങളും ഇതില്‍ ഉണ്ടാവാറുണ്ടായിരുന്നു. മോദി സര്‍ക്കാരിനു മുമ്പ് പൊതുവേ ഇതൊരു ആഢ്യശ്രീ അവാര്‍ഡ് ആയിരുന്നു.
ഈ നിരയിലെ ഒന്നാമത്തെ അവാര്‍ഡ് പത്മശ്രീഅവാര്‍ഡിന്റെ ലിസ്റ്റ് പലപ്പോഴും ചിരി ഉണര്‍ത്തുന്ന അവസ്ഥ വരെ ഉണ്ടാക്കാറുണ്ടായിരുന്നു. പത്മശ്രീ പ്രാഞ്ചിശ്രീ ആകുന്ന അവസ്ഥ. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സയിന്റ് എന്ന സിനിമയില്‍ ഇത് രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പത്മാ അവാര്‍ഡുകളുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായി. അര്‍ഹരായ ഒരുപാട് പേര്‍ക്ക് പത്മശ്രീ ലഭിച്ചു. വ്യത്യസ്തമായ പല മേഖലകളും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. പ്രത്യേകിച്ചും പത്മശ്രീ ഒരു ജനകീയശ്രീ ആയി മാറി. സ്ത്രീകള്‍ക്കും വലിയ പരിഗണന ലഭിച്ചു.
ഔദ്യോഗിക നാമ നിര്‍ദ്ദേശങ്ങളോടൊപ്പം ജനകീയ നാമനിര്‍ദ്ദേശങ്ങളും സ്വീകരിച്ചതു വഴിയാണ് മോദി സര്‍ക്കാര്‍ ഗുണപരമായ ഈ മാറ്റത്തിന് വഴിതെളിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തെ പത്മ ലിസ്റ്റ് പരിശോധിച്ചാല്‍ സാധാരണക്കാരായ ഒരുപാട് കലാകാരന്മാരെയും സാമൂഹിക സേവകരെയും ആ ലിസ്റ്റില്‍ കണ്ടെത്താന്‍ കഴിയും. കര്‍ണാടകയുടെ വനമുത്തശ്ശിമാരും പതിറ്റാണ്ടുകള്‍ കൊണ്ട് തനിയെ മലതുരന്ന് പാത വെട്ടിയ വ്യക്തിയും തെരുവിലെ പഴക്കച്ചവടത്തില്‍ നിന്ന് കിട്ടിയ പണം കൊണ്ട് സ്‌കൂള്‍ കെട്ടിപ്പൊക്കിയ നിരക്ഷരനും എല്ലാം ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ മാത്രം കാര്യം പറഞ്ഞാല്‍ തോല്‍പ്പാവ കലാകാരിയും ആദിവാസി വൈദ്യയും വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച ശാസ്ത്രജ്ഞയും എല്ലാം അംഗീകരിക്കപ്പെട്ടു.
എന്നാല്‍ ഇത്തവണത്തെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രത്‌നങ്ങളെ അധികം കാണാനില്ല. അവാര്‍ഡ് ലഭിച്ചവര്‍ മോശക്കാരാണെന്നല്ല. പരമ്പരാഗത അവാര്‍ഡ് ശ്രേണിയില്‍പെട്ടവരാണ് എന്ന് മാത്രം. അനര്‍ഹരായും ആരുമില്ല. എത്രയോ മുമ്പ് തന്നെ അവാര്‍ഡ് ലഭിക്കേണ്ടവരായിരുന്നു മിക്കവരും. എന്നാല്‍ ഇതാ ഒളിഞ്ഞിരുന്ന ഒരു രത്‌നം എന്ന് വിളിച്ചു പറയുന്ന ഒരു പേര് അതില്‍ ഇല്ലെന്ന് മാത്രം. ഇത്തവണത്തെ നാമനിര്‍ദേശങ്ങളില്‍ ജനകീയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നോ എന്ന് അറിയില്ല. എന്നാല്‍ ജനകീയ നിര്‍ദ്ദേശങ്ങള്‍ പത്മ അവാര്‍ഡുകളെ കഴിഞ്ഞ 10 വര്‍ഷങ്ങളായി മറ്റൊരു നിലവാരത്തില്‍ എത്തിച്ചിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം. ആ ഒരു നല്ല രീതി അടുത്ത വര്‍ഷങ്ങളില്‍ മടങ്ങിയെത്തും എന്നും ആശിക്കുന്നു.