ഓണ്‍ലൈന്‍ പണം തട്ടിപ്പില്‍ പുരോഹിതന് 1.40 കോടി രൂപ നഷ്ടമെന്ന് വാര്‍ത്ത. വായിച്ചിട്ട് ഒരു ഞെട്ടലും ഉണ്ടായില്ല. കാരണം ഇത്തരം വാര്‍ത്ത വായിച്ച് ഞെട്ടാനുള്ള ശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരം ഒരു തട്ടിപ്പില്‍പെട്ട് ദേശീയ ഉപഭോക്തൃ കമ്മീഷന്‍ ചെയര്‍മാന്റെ കോടിക്കണക്കിന് പണം നഷ്ടപ്പെട്ടുവെന്നത് ഹൃദയഹാരിയായ വാര്‍ത്ത തന്നെയായിരുന്നു.
കോടിക്കണക്കായ തന്റെ സ്വത്തുക്കള്‍ ഹൃദയാലുവായ ഒരു മനുഷ്യനെ ഏല്‍പ്പിക്കണമെന്ന് വില്‍പ്പത്രം എഴുതിവച്ചശേഷം കെനിയക്കാരിയായ ഒരു വല്യമ്മച്ചി ഹൃദയംപൊട്ടി മരിച്ചുപോലും. ഉടന്‍ തന്നെ ആ അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ആ മകള്‍ കെനിയ മുഴുവന്‍ ഹൃദയാലുവായ ഒരു മനുഷ്യനെ അന്വേഷിച്ചു, പക്ഷെ കണ്ടെത്തിയില്ല. ആഫ്രിക്കവന്‍കര മുഴുവന്‍ അന്വേഷിച്ചു…. കണ്ടെത്തിയില്ല. അന്വേഷണം ഇന്ത്യന്‍ വന്‍കരയിലേക്കെത്തി.
അവിടെയാണ് അക്കാലത്ത് ഇന്ത്യാ മഹാരാജ്യത്തെ ഉപഭോക്തൃകമ്മീഷന്‍ ചെയര്‍മാനെ കണ്ടെത്തിയത് . ഇത്രയും വലിയ ഹൃദയാലു ലോകത്ത് മറ്റൊരിടത്തും ഇല്ല! പണം കെനിയയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴി ഇന്ത്യയിലെത്തും. പക്ഷേ ചെറിയൊരു പ്രശ്‌നം ഇതിന്റെ ഔദ്യോഗിക രേഖകള്‍ തയ്യാറാക്കുന്നതിനായി കെനിയയില്‍ കുറെ ഫീസുകള്‍ അടയ്ക്കണം. അതിനായി തുച്ഛമായ ഏതാനും കോടി രൂപ അയച്ചു കൊടുക്കണം. കോടാനുകോടി പണമായതിനാല്‍ ഫീസും നല്ല തുക അടയ്ക്കണം. ഫീസ് അടയ്ക്കാന്‍ കെനിയയിലേക്ക് പണം അയച്ചു കാത്തു കാത്തിരുന്നു നമ്മുടെ ചെയര്‍മാന്‍…പക്ഷേ പണം ഒന്നും വന്നില്ല. കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കി അവസാനം പോലീസിനെ സമീപിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിയിലെത്തിയത്.
പല കാര്യങ്ങളിലും ഒന്നാം നമ്പര്‍ എന്ന് പുളകം കൊള്ളുന്ന കേരളം കബളിപ്പിക്കപ്പെടാന്‍ തയ്യാറായി ക്യൂ നില്‍ക്കുന്നവരുടെ കാര്യത്തിലും ഒന്നാം നമ്പര്‍ ആണ്. വളരെ നാള്‍ സിബിഐക്ക് വേണ്ടി കേസ് വാദിച്ചിരുന്ന തിരുവനന്തപുരത്തെ ഒരു പ്രമുഖ ആഭിഭാഷകന്‍ രണ്ടു കോടിയില്‍ പരം രൂപ നഷ്ടപ്പെടുത്തിയ കഥ ഈയിടെ പുറത്തുവന്നിരുന്നു.
റിട്ടയര്‍ ചെയ്ത ജഡ്ജിയും ഒട്ടും കുറയ്ക്കാതെ ഏതാണ്ട് നാല് കോടിയോളം രൂപ തട്ടിപ്പുകാരുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി. രണ്ടരക്കോടിയില്‍ പരം രൂപ സംഭാവന നല്‍കി ഡോക്ടര്‍മാരുടെ അഭിമാനം കാത്ത ഒരു ഡോക്ടറുമുണ്ട്. അടുത്ത ഊഴം ബിഷപ്പിന്റേതായിരുന്നു. ബിഷപ്പ് വീണ കുഴിയില്‍ വീഴേണ്ടത് തന്റെ കടമയായി കണ്ട് ചില പുരോഹിതരും ആ കുഴിയില്‍ തന്നെ പോയി വീണു. നാലാഴ്ച കൊണ്ട് നിക്ഷേപിക്കുന്ന പണത്തിന് 850 ശതമാനം പലിശ നല്‍കാമെന്ന് ഒരു കമ്പനി വാഗ്ദാനം ചെയ്തത് കൊണ്ടാണ് താന്‍ പണം നല്‍കിയതെന്ന വളരെ നിഷ്‌കളങ്കമായ ഒരു മൊഴിയാണ് ഇത്തരമൊരു കേസില്‍ ഒരു ഡോക്ടര്‍ പോലീസിനു നല്‍കിയത്..
ഇത്തരം തട്ടിപ്പുകളെ പറ്റി എല്ലാ മാധ്യമങ്ങളും സ്ഥിരമായി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഫോണ്‍ വിലിക്കാന്‍ ഡയല്‍ ചെയ്തു കഴിഞ്ഞാലുടന്‍ വരുന്ന ശബ്ദസന്ദേശവും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നുള്ളതാണ്. എന്തൊക്കെയായാലും ഞങ്ങള്‍ തട്ടിപ്പ് സംഘങ്ങളുടെ കുഴിയില്‍ പോയി വീണേ അടങ്ങൂവെന്ന് ഒരുപാട് വിദ്യാഭ്യാസം കൂടുതല്‍ ലഭിച്ച ചില മാന്യന്മാര്‍ നിര്‍ബന്ധം പിടിക്കുന്നതായി കാണുന്നു.
ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ ഉണ്ട്.
- ഇവരില്‍ മിക്കവരും സര്‍ക്കാര്‍ ചെലവില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. എന്നാല്‍ അവര്‍ നേടിയ വിദ്യാഭ്യാസത്തിന്റെ യാതൊരു ഗുണവും അവര്‍ പ്രകടിപ്പിക്കാത്തതിനാല്‍ അവര്‍ക്കായി ഖജനാവില്‍ നിന്നും മുടക്കിയ പണം തിരികെ പിടിക്കണം,
- ഇത്തരക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി സംസ്ഥാനത്തുടനീളം പഞ്ചായത്തുകള്‍തോറും താമസസൗകര്യത്തോടുകൂടിയ വിവരദോഷ പരിഹാര പാഠശാലകള്‍ സ്ഥാപിക്കുകയും ഒരു മാസമെങ്കിലും തുടര്‍ച്ചയായി അവിടെ താമസിപ്പിച്ച് നിര്‍ബന്ധിത ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. 90 നു മുകളില്‍ പ്രായമെത്തിയവരും ഒരിക്കലും അക്ഷരാഭ്യാസം നേടാത്തവരുമായ ആള്‍ക്കാരെ കണ്ടെത്തി ഗുരുക്കന്മാരായ നിയമിച്ച് ഇവര്‍ക്കായി ഒരു ഗുരുകുല സമ്പ്രദായം നടപ്പാക്കണം.
- കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നിയമത്തിന്റെ മുന്നില്‍ തെറ്റായിരിക്കുന്നുവെന്ന് നിര്‍വചിച്ചിരിക്കുന്നത് പോലെ യാതൊരു ആലോചനയും കൂടാതെ തട്ടിപ്പില്‍ ചെന്ന് ചാടുന്നവരെയും തട്ടിപ്പുകാരോടൊപ്പം ശിക്ഷാര്‍ഹരായി പ്രഖ്യാപിക്കണം. വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ചെന്നുപെടുന്നവരുടെ സ്വത്തുക്കള്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക റിസീവര്‍ മാരെ നിയമിക്കണം. അല്ലെങ്കില്‍ അവര്‍ ബാക്കി സ്വത്തുക്കളും ഇങ്ങനെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറും.
ഇക്കാര്യങ്ങളൊക്കെ നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ഈ ബജറ്റില്‍ തന്നെ നീക്കി വയ്ക്കണമെന്ന് സര്‍ക്കാരിനോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.