ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നത് റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയുടെ പ്രശസ്തമായ ഒരു കഥയാണ് അത്യാര്‍ത്തിക്കാരനായ ഒരു വ്യക്തി ഭൂമി വാങ്ങാന്‍ ഒരു വലിയ സ്ഥലമുടമയെ സമീപിക്കുന്നു. തന്റെ കൈവശമുള്ള തുക പരിഗണിച്ച് ഏറ്റവും വില കുറച്ച് പരമാവധി ഭൂമി നല്‍കണമെന്ന് അയാള്‍ സ്ഥലമുടമയോട് ആവശ്യപ്പെടുന്നു. ഭൂമിയുടെ ഉടമ ഒരു നിബന്ധന പറഞ്ഞു. സ്ഥലം വാങ്ങാനുള്ള ആള്‍ രാവിലെ മുതല്‍ സന്ധ്യവരെ ചുറ്റളവില്‍ നടന്നുതീര്‍ത്ത സ്ഥലം മുഴുവന്‍ അയാള്‍ക്ക് സ്വന്തമാക്കാമെന്ന വ്യവസ്ഥ.
സ്ഥലംവാങ്ങാനെത്തിയ ആള്‍ക്ക് വലിയ സന്തോഷമായി. അയാള്‍ പ്രഭാതം മുതല്‍ നടത്തം ആരംഭിച്ചു. സമയം നഷ്ടപ്പെടാതിരിക്കാന്‍ വെള്ളമോ ഭക്ഷണമോ കഴിച്ചില്ല. മുന്നോട്ടു നടക്കുംതോറും അയാള്‍ക്ക് ആര്‍ത്തികൂടി. അങ്ങനെ തുടങ്ങിയ ആ യാത്ര ഇരുള്‍ വീഴുംസമയം വരെ നീണ്ടു. അവസാനം വിദൂരമായ ഒരു സ്ഥലത്ത് അയാള്‍ മരിച്ചുവീണു. തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിച്ചേരണമെന്ന വ്യവസ്ഥ അയാള്‍ക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ടോള്‍സ്‌റ്റോയിയുടെ ഈ കഥയ്ക്ക് നൂറ്റാണ്ടില്‍ കൂടുതല്‍ പഴക്കമുണ്ട്. എന്നാല്‍ കഥയുടെ ഗുണപാഠം ലോകപ്രശസ്തരായ പലര്‍ക്കും ഇനിയും മനസിലായിട്ടില്ല എന്നു കരുതേണ്ടിയിരിക്കുന്നു.
എല്‍ആന്‍ഡ്ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യത്തിന്റെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയാകാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞായറാഴ്ച അവധി ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും പണിയെടുക്കണം, അതായത് ദിവസം ഏകദേശം 13 മണിക്കൂര്‍വീതം. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി നേരത്തെ ഇതിനുസമാനമായ ഒരു പ്രസ്താവന ചെയ്തിരുന്നു. ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതായത് ഒരു ദിവസവും അവധിയെടുക്കാതെ പണി ചെയ്താല്‍, ദിവസവും ശരാശരി 10 മണിക്കൂര്‍ .ഒരു ദിവസം അവധിയെടുത്ത് ബാക്കി ദിവസങ്ങളില്‍ ജോലിചെയ്താല്‍ ഒരു ദിവസം 12 മണിക്കൂര്‍.
ഒരു മനുഷ്യന്‍ എന്തിനാണ് ജിവിക്കുന്നതെന്ന ചോദ്യം ഈ മഹാന്മാരുടെ മനസില്‍ ഇല്ലെന്നു തോന്നുന്നു. ഉറക്കം, വിനോദം, വിശ്രമം, ഭക്ഷണം, യാത്രകള്‍, സ്‌നേഹബന്ധങ്ങള്‍, വായന, കുടുംബം, സാമൂഹ്യജീവിതം, ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങള്‍ ഇങ്ങനെ എത്രയോ കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജീവിതം.
ഒരു കംപ്യൂട്ടറിനോ ഒരു ഹ്യൂമനോയ്ഡിനു പോലുമോ ഇവര്‍ പറഞ്ഞ രീതിയില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല. ജോലിഭാരം താങ്ങാനാവാതെ പ്രശസ്തമായ ഒരു അന്താരാഷ്ട്രസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന മലയാളി യുവതി മരണത്തിനു കീഴടങ്ങിയത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണല്ലോ. ഈ വിഷയം ഓഫീസ് ജോലികളെയോ ഐടിമേഖലയെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. ഫാക്ടറികളിലും ഫാമിംഗ് മേഖലകളിലുമെല്ലാം ഇതുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നഷ്ടപ്പെട്ട് 19ാം നൂറ്റാണ്ടിലെ ചൂഷണത്തിലേക്ക് നീങ്ങുന്ന അവസ്ഥ. ഭക്ഷണത്തിനും വിനോദത്തിനും വിശ്രമത്തിനും വളര്‍ച്ചയ്ക്കുമെല്ലാമുള്ള അവസരങ്ങളോടെ മനുഷ്യന് ജീവിക്കാനുള്ള അവകാശത്തില്‍ നിന്നുള്ള പിന്നോട്ടുപോകലാണ് ഇത്. ലാഭത്തിന്റെ മാത്രം കണക്കുനോക്കി കമ്പനികളെ വിലയിരുത്തുന്ന കോര്‍പ്പറേറ്റ് ലോകത്തിന്റെ അത്യാര്‍ത്തിയും വിവരക്കേടുമടങ്ങിയ വെളിപാടാണ് പലരും നടത്തുന്നത്.
2010ല്‍ ലോകശ്രദ്ധ നേടിയ മറ്റൊരു ആശയം പുറത്തുവന്നു. നിത്യഹരിത കോടീശ്വരന്‍ വാറന്‍ ബുഫറ്റ് ബില്‍ഗേറ്റ്‌സിനോടു ചേര്‍ന്നു നടത്തിയ ഒരു ആഹ്വാനമായിരുന്നു അത്. ലോകത്തിലെ ശതകോടീശ്വരന്മാര്‍ അവരുടെ സ്വത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നതായിരുന്നു ആഹ്വാനം. ദ ഗിവിംഗ് പ്ലഡ്ജ് (the giving pledge) എന്നാണ് ഈ പരിപാടി അറിയപ്പെട്ടത്. മാതൃകയായി ബഫറ്റ് തന്നെ അദ്ദേഹത്തിന്റെ സ്വത്തില്‍ 99ശതമാനവും സംഭാവന നല്‍കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകത്താകമാനം രണ്ടായിരത്തില്‍പരം ശതകോടീശ്വരന്മാര്‍ ഈ പാത പിന്തുടര്‍ന്നു. ഇന്ത്യയില്‍ വിപ്രോയുടെ അസിംപ്രേജിയുള്‍പ്പെടെ പലരും ഈ ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ചു. ഇത് ചിത്രത്തിന്റെ ഒരുവശമാണ്. അനേകം വശങ്ങളുള്ള ഒരു വിഷയമാണിത്. മനുഷ്യരുടെ രക്തമെല്ലാം ഊറ്റിയെടുത്ത് പണമായി സ്വരൂപിക്കുകയും പിന്നീട് അത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിനല്‍കുകയും ചെയ്യുന്നതിനേക്കാള്‍ ഈ ലോകത്തില്‍ എന്തു വിഡ്ഢിത്തരമാണ് ഉണ്ടാകാനുള്ളത്.
ഇനിയും തൊഴില്‍ സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ആധുനികകാലത്തിന് ഒട്ടുംനിരക്കുന്നതല്ല. യന്ത്രവത്കരണവും കംപ്യൂട്ടറും റോബോട്ടുകളും ഹ്യുമനോയ്ഡുകളും നിര്‍മിത ബുദ്ധികളുമെല്ലാം മനുഷ്യന്റെ അധ്വാനത്തെ കുറയ്ക്കുന്നതിനും കൂടുതല്‍ ഗുണപ്രദമായ ഒരു ജീവിതം നയിക്കുന്നതിനും മാനവരാശിയെ സഹായിക്കുന്നതാണ്. മാനവീയതയായിരിക്കണം പുരോഗതിയുടെ ഒരു അളവുകോല്‍. ഉത്പാദനം കൂടുതല്‍ ഉത്പാദനം, ലാഭം കൂടുതല്‍ ലാഭം എന്ന അര്‍ത്ഥശൂന്യമായ മുദ്രാവാക്യത്തില്‍ ലോകം മുങ്ങിപ്പോകാന്‍ പാടില്ല. കായികവും മനസികവുമായ അധ്വാനം കുറയ്ക്കുന്നതിനാവണം ശ്രദ്ധ. അല്ലാതെ ജോലി സമയം കൂട്ടി അതില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമമായിരിക്കരുത്.