പണ്ട്, കുറെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഗ്രാമഫോണ്‍ റെക്കോര്‍ഡിലൂടെ മുഹമ്മദ് റഫിയും കിഷോര്‍കുമാറും പാടിയിരുന്ന കാലം. റേഡിയോയിലൂടെ പി ബി ശ്രീനിവാസും എ എം രാജയും പിന്നെ യേശുദാസും പാടിയിരുന്ന കാലം. അത് പാട്ടുകളുടെ കാലമായിരുന്നു. നാട്ടിലുള്ള ചെറുപ്പക്കാരും പ്രായമായവരും ആണ്‍പെണ്‍ ഭേദമില്ലാതെ പാട്ടുപാടി നടന്നിരുന്ന കാലം. സിനിമാപാട്ടുകളും നാടകഗാനങ്ങളും രമണനിലെ ചില ഭാഗങ്ങളുമെല്ലാം നേരവും കാലവും ഒന്നും നോക്കാതെ ആള്‍ക്കാര്‍ പാടി നടന്നു.
എന്നാല്‍ പുതുതായി കേള്‍ക്കുന്ന പാട്ടുകളെല്ലാം ഒരു ഗായകന്റെ മാത്രം എന്ന സ്ഥിതി വന്നു. പുതിയ പാട്ടുകളില്‍ മിക്കവയും യേശുദാസിന്റെ പാട്ടുകള്‍. എത്ര രുചിയുള്ള ആഹാരമായാലും അതുതന്നെ എപ്പോഴും കഴിച്ചാല്‍ ഒരു മടുപ്പ് ഉണ്ടാവില്ലേ? മിക്കവയും രചനാ ഗുണം തികഞ്ഞ കവിത തുളുമ്പുന്ന ഹിറ്റ് ഗാനങ്ങള്‍. അപൂര്‍വമായ ഈണങ്ങള്‍. എങ്കിലും എവിടെയൊക്കെയോ ഒരു ചെറിയ മടുപ്പ്.
അക്കാലത്ത് ശ്രീലങ്ക റേഡിയോയില്‍ നിന്നും ചില സമയങ്ങളില്‍ മലയാള ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം ശ്രീലങ്ക റേഡിയോയില്‍ നിന്ന് ഒരു ഗാനം കേട്ടു… കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി…എന്ന ഗാനം. അതൊരു പുതിയ ശബ്ദമായിരുന്നു. അന്ന് ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. എങ്കിലും ആ ഗാനം മനസ്സില്‍ പതിഞ്ഞു. അത് വര്‍ഷം 1969. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. പാടിയ ഗായകന്റെ പേര് പി ജയചന്ദ്രന്‍. 1966ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി.. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… എന്ന ഹിറ്റ് ഗാനം അദ്ദേഹം പാടിയിരുന്നവെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം, പാട്ടിനോട് താല്പര്യമുള്ള മിക്കവര്‍ക്കും മനഃപാഠമായിരുന്നു. ജയചന്ദ്രന്‍ പിന്നെയും പാടിക്കൊണ്ടിരുന്നു സിനിമാഗാനങ്ങളെയും മറികടന്ന് ജനപ്രീതി നേടിയ ലളിതഗാനങ്ങള്‍ ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടിയെല്ലാം പാടി. ഹൃദയത്തോട് ചേര്‍ത്തു വയ്ക്കപ്പെട്ട ഒരുപിടി ഭക്തിഗാനങ്ങള്‍, അനേകം ഭാഷകളിലായി നൂറുകണക്കിന് സിനിമ ഗാനങ്ങള്‍. രാസാത്തി ഉന്നെ കാണാതെ നെഞ്ചം… എന്ന തമിഴ് ഹിറ്റ് ഗാനം പോലെ അനേകം അനേകം ഗാനങ്ങള്‍.
ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ… എന്ന ഗാനം ഒരുപാട് ഏകാന്തതകളെ അവിസ്മരണീയമാക്കി. സന്ധ്യാവേളകളില്‍ ക്ഷേത്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ട മനോഹരമായ ഗാനമായിരുന്നു വിഘ്‌നേശ്വരാ ജന്മ നാളികേരം… എന്ന ഭക്തിഗാനം. അറുപതാം വയസില്‍ പാടിയ യുഗ്മഗാനമായ പ്രായം നമ്മില്‍ മോഹം നല്‍കി…. എന്ന നിറത്തിലെ ഗാനവും 70കളില്‍ എത്തിയപ്പോള്‍ പാടിയ ഓലഞ്ഞാലിക്കുരുവി…. എന്ന പ്രണയഗാനവും മലയാളത്തിന്റെ യുവത്വം ഏറ്റെടുത്ത ഗാനങ്ങള്‍ ആയിരുന്നു.
പശ്ചാത്തല സംഗീതത്തില്‍ മുങ്ങിപോകാത്തതും എന്നാല്‍ അല്പം പതിഞ്ഞതുമായ ശബ്ദം. ഒരു വരി പാട്ട് കേട്ടാല്‍ അത് ജയചന്ദ്രന്‍ തന്നെയെന്ന് ഏതു കുട്ടിക്കും തിരിച്ചറിയാവുന്ന അപൂര്‍വ്വ ശബ്ദം. പാടി തുടങ്ങിയ കാലത്തുതന്നെ ലഭിച്ച ഭാവഗായകന്‍ എന്ന വിശേഷണം. ആദ്യഗാനം പാടിയതു മുതല്‍ 80 അടുത്ത പ്രായത്തില്‍ സ്റ്റേജില്‍ പാടുമ്പോള്‍ വരെ ആ സാന്ദ്ര ഭാവങ്ങള്‍ ആ ഗാനങ്ങളുടെ ഒപ്പം ഇഴപിരിയാതെ നിന്നു. ആ ഭാവഗാനങ്ങള്‍ ഇനിയും ഏറെ നാള്‍ കാതോരത്ത് മുഴങ്ങും. പി ജയചന്ദ്രന് പ്രണാമം