• Home  
  • നാളെ കേരളം ഭരിക്കും…പിന്നെ കേന്ദ്രം ഭരിക്കും…വേണ്ടിവന്നാല്‍ ലോകവും ഭരിക്കും…കേരള കോണ്‍ഗ്രസ് എന്നാ സുമ്മാവാ…!
- Opinion

നാളെ കേരളം ഭരിക്കും…പിന്നെ കേന്ദ്രം ഭരിക്കും…വേണ്ടിവന്നാല്‍ ലോകവും ഭരിക്കും…കേരള കോണ്‍ഗ്രസ് എന്നാ സുമ്മാവാ…!

ഉണര്‍ന്നിരുന്ന് സ്വപ്നം കാണുക, ഉന്നത ലക്ഷ്യങ്ങള്‍ നേടിയെന്ന് സ്വയം ആവര്‍ത്തിച്ചു പറയുക, നാളെ നേടാന്‍ പോകുന്ന ഉന്നതമായ അവസ്ഥയില്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഇന്നേ കണ്ടുവെക്കുക, ഇതെല്ലാം സമകാലിക കേരളത്തില്‍ മോട്ടിവേഷന്‍ പ്രഭാഷകര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളാണ്. പക്ഷേ, ഫീസ് കൊടുത്തും ഫ്രീ ആയുമെല്ലാം ഇതൊക്കെ കേള്‍ക്കുന്ന ശ്രോതാക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇതില്‍ എന്തെങ്കിലും നടപ്പാക്കുന്നതായി കാണുന്നുള്ളൂ. എന്നാല്‍ ഇതെല്ലാം വള്ളിപുള്ളി മാറാതെ അടിപൊളിയായി നടപ്പാക്കിയ ഒരു പ്രസ്ഥാനം അതും ഒരു രാഷ്ട്രീയ പ്രസ്ഥാനം […]

ഉണര്‍ന്നിരുന്ന് സ്വപ്നം കാണുക, ഉന്നത ലക്ഷ്യങ്ങള്‍ നേടിയെന്ന് സ്വയം ആവര്‍ത്തിച്ചു പറയുക, നാളെ നേടാന്‍ പോകുന്ന ഉന്നതമായ അവസ്ഥയില്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഇന്നേ കണ്ടുവെക്കുക, ഇതെല്ലാം സമകാലിക കേരളത്തില്‍ മോട്ടിവേഷന്‍ പ്രഭാഷകര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളാണ്.

പക്ഷേ, ഫീസ് കൊടുത്തും ഫ്രീ ആയുമെല്ലാം ഇതൊക്കെ കേള്‍ക്കുന്ന ശ്രോതാക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇതില്‍ എന്തെങ്കിലും നടപ്പാക്കുന്നതായി കാണുന്നുള്ളൂ. എന്നാല്‍ ഇതെല്ലാം വള്ളിപുള്ളി മാറാതെ അടിപൊളിയായി നടപ്പാക്കിയ ഒരു പ്രസ്ഥാനം അതും ഒരു രാഷ്ട്രീയ പ്രസ്ഥാനം നമ്മെ അമ്പരപ്പിച്ചുകൊണ്ട് നമ്മുടെ ഇടയില്‍ ഉണ്ട്. അത് ആര് എന്നല്ലേ? അതാണ് ശ്രീമാന്‍ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ്.

ഇന്നലെ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര യോഗം അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തു എന്ന വാര്‍ത്ത ഇന്ന് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ മകനുമാണ് അദ്ദേഹം.

പ്രോട്ടോകോള്‍ അനുസരിച്ച് അപുവിന് പാര്‍ട്ടിയില്‍ ആറാം സ്ഥാനമാണുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് എട്ടാം സ്ഥാനമാണ്. കാരണം കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള മറ്റ് ഏഴുപേര്‍ പാര്‍ട്ടിയില്‍ വേറെ ഉണ്ട്. ഇനി പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലെ അധികാര ശ്രേണി എങ്ങനെ എന്ന് നോക്കാം. ഏറ്റവും മുകളില്‍ ചെയര്‍മാന്‍. തൊട്ടുതാഴെ വര്‍ക്കിംഗ് ചെയര്‍മാന്‍. ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും പ്രവര്‍ത്തിക്കാന്‍ വയ്യാത്തവരായതു കൊണ്ടായിരിക്കാം കാര്യങ്ങള്‍ നടപ്പാക്കാനായി ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. തൊട്ടുതാഴെ സെക്രട്ടറി ജനറല്‍. സെക്രട്ടറിജനറലിനു താഴെ 3 ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍. ഇതിനും താഴെയാണ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍.

അതിനു താഴെ പിന്നെയും ഉണ്ട്. ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍, വെറും സെക്രട്ടറിമാര്‍, സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംസ്ഥാന കമ്മിറ്റി അങ്ങനെ അങ്ങനെ…. സത്യത്തില്‍ അത്യധികം ഭാവനയുള്ളവര്‍ക്ക് മാത്രമേ ഇത്തരം ഒരു പാര്‍ട്ടി ഘടന സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയൂ.

വാസ്തവത്തില്‍ ഒരു ലോകഗവണ്‍മെന്റ് ഉണ്ടാക്കിയാല്‍ പോലും ഇത്രയും ഭാരവാഹികളുടെ ആവശ്യമുണ്ടാവില്ല. അമേരിക്ക ഇപ്പോള്‍ ഭരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കോ ഉടന്‍ ഭരണം ഏറ്റെടുക്കാന്‍ പോകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കോ ഇതിന്റെ നൂറില്‍ ഒന്ന് സംവിധാനങ്ങള്‍ പോലുമില്ല . ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന ബിജെപിക്ക് ദേശീയ പ്രസിഡന്റായി ഉള്ളത് കേന്ദ്രമന്ത്രി സ്ഥാനം കൂടി വഹിക്കുന്ന ഒരാളാണ്.

അതെ, മേല്‍പ്പറഞ്ഞ പാര്‍ട്ടികളെല്ലാം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു കഴിഞ്ഞു. അവര്‍ക്ക് ഇനി ചട്ടക്കൂടുകളുടെ ആവശ്യമില്ല. പക്ഷേ കേരള കോണ്‍ഗ്രസിന് സ്വപ്നങ്ങളാണ് മുന്നിലുള്ളത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി, ആവശ്യം വന്നാല്‍ ലോകം തന്നെ ഭരിക്കുന്ന പാര്‍ട്ടി. അതിനുള്ള ഒരു പാര്‍ട്ടിചട്ടക്കൂടാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകാണുന്ന ചിലര്‍ക്ക് ഇതൊക്കെ ഒരു തമാശയായി തോന്നുന്നെങ്കില്‍ അവര്‍ മോട്ടിവേഷന്‍ പ്രഭാഷണങ്ങള്‍ കേട്ടിട്ടില്ല എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി.

Leave a comment

Your email address will not be published. Required fields are marked *