കേരള ലോട്ടറി ഇതര സംസ്ഥാനങ്ങളിലേക്ക്: ഉത്തരവിന്റെ മറവില്‍ ഗൂഢനീക്കമോ?

Date:

2005ലെ കേരള പേപ്പര്‍ ലോട്ടറി ചട്ടത്തില്‍ ഭേദഗതി വരുത്തി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഇന്ന് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. ലോട്ടറി വില്‍പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അംഗീകൃത ഏജന്റുമാര്‍ക്ക് കേരള ലോട്ടറി വില്‍പ്പന നടത്താം. വ്യക്തികള്‍ മുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വരെയുള്ളവര്‍ക്ക് ഏജന്റുമാരാകാം. ഇതാണ് വാര്‍ത്ത. പ്രത്യക്ഷത്തില്‍ ഇത് ഒരു കുഴപ്പംപിടിച്ച വാര്‍ത്തയല്ല. മാത്രമല്ല സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തെ സംബന്ധിച്ച് ഇതൊരു വലിയ ലോട്ടറി തന്നെ എന്നും സാധാരണക്കാര്‍ക്ക് തോന്നാം. ആ തോന്നലിന്റെ മറവില്‍ നടക്കുന്ന ഒരു വലിയ ഗൂഢനീക്കം തന്നെയാണിത്.

മുമ്പ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ ചില തല്‍പരകക്ഷികള്‍ വലിയതോതില്‍ ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തി. അതിനെ അന്ന് എതിരിട്ട് തോല്‍പ്പിച്ച പ്രധാന വ്യക്തി ശ്രീ വി.എസ് അച്യുതാനന്ദനാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം അതിനെതിരെ കേസുകള്‍ നടന്നു. നിയമവിരുദ്ധമായ ഒരു കാര്യം എന്നു മാത്രമല്ല ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത ഒരു ചൂതാട്ടവും കൂടി ആയിരുന്നു അത്. വലിയതോതില്‍ നികുതി വെട്ടിപ്പും നടന്നു. വെട്ടിപ്പ് നടന്ന ആ തുക ഇന്നും പൂര്‍ണമായി തിരിച്ചു പിടിക്കാനായി എന്നു തോന്നുന്നില്ല. ഒരു കേന്ദ്രഭരണ പ്രദേശത്തിനു വേണ്ടി ലോട്ടറി നടത്തിയ കമ്പനി കേസുകളും പാപ്പര്‍ ഹര്‍ജിയും എല്ലാമായി സംസ്ഥാന സര്‍ക്കാരിനെ നേരിട്ടു. അന്ന് ശ്രീ വിഎസ് അച്യുതാനന്ദന്‍ സ്വന്തം രാഷ്ട്രീയഭാവി വരെ ബലി കൊടുത്താണ് ഈ വലിയ തട്ടിപ്പിനെതിരെ പോരാടിയത്. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പ്രത്യേക നിയമം വരെ പാസാക്കുന്ന സ്ഥിതി ഉണ്ടായി. സുപ്രീം കോടതി വിധി ഭാഗികമായിട്ട് മാത്രമാണ് കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ അംഗീകരിച്ചത്. വാസ്തവത്തില്‍ നിയമത്തിലെ ചില സാങ്കേതിക വശങ്ങളുടെ ബലത്തില്‍ മാത്രമാണ് അന്യസംസ്ഥാന ലോട്ടറികളെ കേരളം പ്രതിരോധിച്ചു നിന്നത്. പിന്നീട് ജിഎസ്ടി കൗണ്‍സിലിലും ഈ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു. കേരള സംസ്ഥാനത്തിന്റെ ശക്തമായ പ്രതിരോധം മൂലമാണ് ലോട്ടറി രംഗം തുറന്നു കൊടുക്കുവാനുഉള്ള തീരുമാനം കൗണ്‍സില്‍ മാറ്റിവെച്ചത്.

എന്നാല്‍ വിചിത്രമായ ഒരു അവസ്ഥാവിശേഷമാണ് പുതിയ ഉത്തരവ് വഴി സംജാതമാകുന്നത്. ഇന്ത്യയില്‍ അപൂര്‍വ്വം ചില സംസ്ഥാനങ്ങളും ചില കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് ലോട്ടറി നടത്തുന്നത്. ലോട്ടറിയുടെ ഭീകരമായ സാമൂഹിക വിപത്ത് മനസ്സിലാക്കി അത് നിര്‍ത്തലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. ഇതേ കാരണത്താല്‍ തന്നെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ലോട്ടറി നിരോധിക്കപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ കേരള സര്‍ക്കാരിന്റെ പുതിയ ഉത്തരവുവഴി എന്താണ് സംഭവിക്കുക? കേരള സംസ്ഥാന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കാമെങ്കില്‍ മറ്റു സംസ്ഥാന ലോട്ടറികള്‍ കേരളത്തിലും വില്‍ക്കാം എന്നുള്ള സ്ഥിതി വരും. വിശ്വാസ്യതയുള്ളതും ഇല്ലാത്തതുമായ ലോട്ടറികളുടെ പ്രവാഹം ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലെ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയെന്നത് പ്രായോഗികമായി അസാധ്യമായിരിക്കും. ചുരുക്കം പറഞ്ഞാല്‍ കേരള ലോട്ടറിയുടെ വില്‍പ്പനയും വിശ്വാസ്യതയും താറുമാറാകുകയും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറികൊണ്ട് കേരളം നിറയുകയും ചെയ്യും. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും വരുമാനം കണ്ടെത്തി മുന്നോട്ടുപോകുന്ന കേരള സര്‍ക്കാര്‍ പാപ്പരാകും.

കേരള സര്‍ക്കാര്‍ ഇന്നുവരെ സ്വീകരിച്ച നിലപാടില്‍ നിന്ന് നേര്‍വിപരീതമായ ഈ നീക്കം ആര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നത്തിലേക്കും സാമ്പത്തിക നാശത്തിലേയ്ക്കും ഈ സംസ്ഥാനത്തെ എത്തിക്കും. ഒറ്റയക്കമായും ഇരട്ടയക്കമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കള്ളലോട്ടറി കൊണ്ട് കേരളം നിറയും. കേരള സമൂഹം മുഴുവന്‍സമയ ചൂതാട്ടക്കാരായി അരക്ഷിത തലമുറയായി മാറും. ഖജനാവ് പൂട്ടും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...