• Home  
  • പിച്ചച്ചട്ടിയിലെ ഇംഗ്ലീഷ്; വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ
- Opinion

പിച്ചച്ചട്ടിയിലെ ഇംഗ്ലീഷ്; വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ

കഴിഞ്ഞ കുറെ നാളുകളായി കേരള സമൂഹത്തില്‍ ചില സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് പിച്ചച്ചട്ടി. ഇന്നലെ അതായത് 2025-ാം ആണ്ട് ജനുവരി ഒന്നാം തീയതി സമരഭൂമിയായ എറണാകുളത്തെ വഞ്ചി സ്‌ക്വയറില്‍ ഈ പിച്ചച്ചട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് നൂറോളം യുവതീയുവാക്കള്‍ ആണ് ഈ പിച്ചച്ചട്ടി സമരത്തില്‍ പങ്കെടുത്തത്. പിഎസ് സി പരീക്ഷ എഴുതുകയും ഇന്റര്‍വ്യൂവില്‍ പാസായി കേരളത്തിലെ ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കായുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്ന യുവതി യുവാക്കളാണ് ഇവര്‍. ദീര്‍ഘനാളായി റാങ്ക് ലിസ്റ്റില്‍ […]

കഴിഞ്ഞ കുറെ നാളുകളായി കേരള സമൂഹത്തില്‍ ചില സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് പിച്ചച്ചട്ടി. ഇന്നലെ അതായത് 2025-ാം ആണ്ട് ജനുവരി ഒന്നാം തീയതി സമരഭൂമിയായ എറണാകുളത്തെ വഞ്ചി സ്‌ക്വയറില്‍ ഈ പിച്ചച്ചട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് നൂറോളം യുവതീയുവാക്കള്‍ ആണ് ഈ പിച്ചച്ചട്ടി സമരത്തില്‍ പങ്കെടുത്തത്.

പിഎസ് സി പരീക്ഷ എഴുതുകയും ഇന്റര്‍വ്യൂവില്‍ പാസായി കേരളത്തിലെ ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കായുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്ന യുവതി യുവാക്കളാണ് ഇവര്‍. ദീര്‍ഘനാളായി റാങ്ക് ലിസ്റ്റില്‍ തുടര്‍ന്നെങ്കിലും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും ഇവര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നിയമനം നടത്തിയില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് നാമമാത്രം എണ്ണം നിയമനങ്ങള്‍ നല്‍കി. ലിസ്റ്റ് കാലാവധി കഴിഞ്ഞപ്പോള്‍ ബാക്കി പോസ്റ്റുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചു.

ഇങ്ങനെ നിയമനവും അവസാനത്തെ അവസരവും നിഷേധിക്കപ്പെട്ടിരിക്കുന്നവരാണ് പിച്ചച്ചട്ടിയുമായി സമരത്തിന് ഇറങ്ങിയത്. പ്രത്യക്ഷത്തില്‍ ഇത് നിയമനം കിട്ടാത്ത ഏതാനും ആള്‍ക്കാരുടെ പ്രശ്‌നം മാത്രമായി നമുക്ക് തോന്നാം. എന്നാല്‍ അങ്ങനെയല്ല. കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളെ സാരമായി ബാധിച്ച ഒരു പ്രശ്‌നത്തിന്റെ തല്‍സ്ഥിതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ഹൈസ്്കൂളുകളില്‍ കണക്ക് പഠിപ്പിക്കുന്നത് കണക്ക് മുഖ്യവിഷയമായി ബിരുദബിരുദാനന്തര തലത്തില്‍ പഠിച്ചവരാണ്. മറ്റെല്ലാ വിഷയങ്ങളും മറ്റെല്ലാ ഭാഷകളും പഠിപ്പിക്കുന്നവരും അവര്‍ പഠിപ്പിക്കുന്ന വിഷയം ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പഠിച്ചവരാണ്. അധ്യാപക പരിശീലനം ആയ ബിഎഡിനും ഇങ്ങനെ തരംതിരിവുണ്ട്.

എന്നാല്‍ ഇംഗ്ലീഷ് ഭാഷ ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിന് ഒരു അധ്യാപകന്‍ ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ചിരിക്കണമെന്നില്ലായിരുന്നു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നു. എന്നാല്‍ കോടതി ഉത്തരവുകളെ തുടര്‍ന്ന് ഇംഗ്ലീഷ് അധ്യാപക തസ്തിക ഈ അടുത്തകാലത്ത് വിജ്ഞാപനം ചെയ്യപ്പെട്ടു.

ഈ അടുത്ത കാലം വരെ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുന്നത് കെമിസ്ട്രി പഠിച്ചയാളോ, ഹിസ്റ്ററി പഠിച്ചയാളോ, കണക്ക് പഠിച്ചയാളോ ഒക്കെയാണ്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്തത് കേരളത്തിന് പുറത്തേക്ക് ജോലി തേടി പോകുന്നവരെ ബാധിക്കുന്ന ഒരു പ്രശ്‌നമായിട്ടാണ് സാധാരണക്കാര്‍ കാണുന്നത്. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു വശമുണ്ട്. ഇപ്പോഴും കേരളത്തിലെ സര്‍വകലാശാലാ തലത്തില്‍ ഏതാണ്ട് പൂര്‍ണമായതോതില്‍ തന്നെ പഠന ഭാഷ ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നു.

അങ്ങനെ ഇത് കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി നമ്മുടെ പഠനനിലവാരത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. മാര്‍ക്കുകള്‍ വാരിക്കോരി നല്‍കി ഇത് മറച്ചുവെക്കുവാന്‍ നമ്മള്‍ കുറെ നാളായി പണിപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം കേന്ദ്ര സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചിരുന്ന കാലത്ത് അവിടം മലയാളികളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ ഉന്നത പഠനത്തിന് പ്രവേശന പരീക്ഷകള്‍ വ്യാപകമായതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വലിയതോതില്‍ പുറന്തള്ളപ്പെടുന്നു.

സ്വാതന്ത്ര്യാനന്തരം കൂടുതല്‍ വ്യാപകമായി കോളേജുകള്‍ സ്ഥാപിക്കപ്പെട്ടു. ഈ കോളേജുകളില്‍ ആദ്യകാലങ്ങളില്‍ അധ്യാപകരായിരുന്ന പലരും വിദേശത്തു തന്നെ പഠിച്ചവരായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പഠിച്ചവരും അധ്യാപകരായി നമ്മുടെ കലാലയങ്ങളില്‍ ജോലി ചെയ്തു. ഇവരില്‍ പലരും ഇംഗ്ലീഷുകാരായ അധ്യാപകരുടെ കീഴില്‍ പഠിച്ചവരായിരുന്നു. അതിനാല്‍ തന്നെ അവരുടെ വ്യവഹാര ഭാഷയും മെച്ചമായിരുന്നു. എന്നാല്‍ ഇവര്‍ പോലും ഭാഷയെ ഭാഷയുടെ ശാസ്ത്രീയ വശങ്ങളോടെ പഠിച്ചവരായിരുന്നില്ല. ഇവരില്‍ നിന്നും ഇംഗ്ലീഷ് പഠിച്ചവരും അങ്ങനെ പഠിച്ചവരില്‍ നിന്ന് പരമ്പരയായി തുടര്‍ന്നുവന്ന് ഇംഗ്ലീഷ് പഠിച്ചവരും ശാസ്ത്രീയമായ ഭാഷാ പഠനത്തില്‍ നിന്നും വളരെ അകന്നു പോയി.

ഇത് നമ്മുടെ ആകമാനമുള്ള വിദ്യാഭ്യാസ നിലവാര തകര്‍ച്ചയുടെ ഒരു പ്രധാന കാരണമാണ്. കാരണം ഇന്ന് സ്റ്റേറ്റ് സിലബസിലും സെന്‍ട്രല്‍ സിലബസിലും പെട്ട മിക്ക സ്‌കൂളുകളിലും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മാധ്യമമായി പഠിക്കുന്നവരാണ്. കോളേജ് തലത്തില്‍ പഠന ഭാഷ ഏതാണ്ട് പൂര്‍ണമായിത്തന്നെ ഇംഗ്ലീഷ് ആണ്.

1970 കളുടെ ആരംഭത്തില്‍ തന്നെ ഈ വിഷയം സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഒരു പരിഹാരമുണ്ടായില്ല. ശ്രീ കെ ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഇംഗ്ലീഷ് അധ്യാപകരുടെ പോസ്റ്റ് നിശ്ചയിച്ച് നിര്‍ണായകമായ ഒരു ഉത്തരവിറക്കി. എന്നാല്‍ അത് നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ പല പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റുകളും കേരള ഹൈക്കോടതിയെ സമീപിച്ചു. മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രൈവറ്റ് മാനേജ്‌മെന്റുകളുടെ അട്ടിമറികള്‍ക്ക് കൂട്ടുനിന്നു. കൂടാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചും സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് തടയിട്ടു. സ്മാര്‍ട്ട് സ്‌കൂള്‍, ഹൈടെക് സ്‌കൂള്‍ എന്നെല്ലാമുള്ള പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് കേരള ചരിത്രത്തില്‍ ഒരുപക്ഷേ വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ തുക ചെലവഴിച്ചു. അപ്പോഴും ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് മാത്രം പണമില്ല എന്നു പറഞ്ഞു.

കേസുകള്‍ ഏകദേശം 30 വര്‍ഷത്തോളം നീണ്ടു. അവസാനം സുപ്രീംകോടതിയില്‍ നിന്നുവരെ വിധി വന്നു. എങ്കിലും ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് കൃത്യമായ നടപടിയില്ല. അവസാനത്തെ കോടതി ഉത്തരവും വിജ്ഞാപനവും വന്ന സമയത്തുപോലും ഇരുനൂറോളം ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഒഴിവുണ്ടായിരുന്നു. ആ ഒഴിവുകളില്‍ പോലും കുറച്ചു മാത്രം സ്ഥിര നിയമനം നടത്തി ബാക്കി സീറ്റുകള്‍ താല്‍ക്കാലിക നിയമനത്തിന് വിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതാണ് വഞ്ചി സ്‌ക്വയറിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ കാരണം.

പണം വാങ്ങി നിയമനം നടത്തുന്ന സ്വകാര്യ സ്‌കൂളുകാരുടെ താല്‍പര്യങ്ങളും, ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വരട്ട് തത്വവാദങ്ങളും, അതിശക്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലോബിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളും, വെണ്ണപ്പാളിയായി മാറിയ ഉദ്യോഗസ്ഥ രാഷ്ട്രീയ മേലാളന്മാരുടെ നികൃഷ്ട ചിന്തകളുമെല്ലാം ഈ ഒരു പ്രശ്‌നം പരിഹരിക്കാതെ തുടരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍ ഇത് ഏതാനും അധ്യാപകരുടെ നിയമനത്തിന്റെ പ്രശ്‌നമല്ല. കേരള സമൂഹത്തിന്റെ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്ന കുല്‍സിത പ്രവര്‍ത്തികളുടെ നേര്‍ചിത്രമാണ്.

Leave a comment

Your email address will not be published. Required fields are marked *