വിഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തിയതോടെ കോണ്‍ഗ്രസിലെ അധികാര രാഷ്ട്രീയതര്‍ക്കം അവസാനിച്ചോ?
ഇല്ല.
യഥാര്‍ഥ കഥ തുടങ്ങുന്നത് ഇനിയാണ്.
കാരണം പോരിനിറങ്ങിയവര്‍ ഇനിയും കളമൊഴിഞ്ഞിട്ടില്ല.
രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തോറ്റാലും കളി പിന്തിരിയുന്നവരല്ല.
അവര്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
പക്ഷേ അധികാരത്തിന്റെ മറ്റെല്ലാ വാതിലുകളും ഇപ്പോഴും തുറന്നുകിടക്കുന്നു.
മുഖ്യമന്ത്രി സതീശനായാലും ഭരണത്തിന്റെ ചരടുകള്‍ മറ്റൊരിടത്തുനിന്ന് നിയന്ത്രിക്കപ്പെടുന്ന സാഹചര്യമാണോ ഇനി കേരളം കാണാന്‍ പോകുന്നത്?
ഭരണത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ കസേര ഏതാണ്?
ഉത്തരം ഒന്ന് മാത്രം.
ആഭ്യന്തര വകുപ്പ്.
പോലീസ്. ഇന്റലിജന്‍സ്. അന്വേഷണ ഏജന്‍സികള്‍. വിജിലന്‍സ്. ഇവയെല്ലാം കൈവശമുള്ള ആളാണ് സര്‍ക്കാരിന്റെ യഥാര്‍ഥ ശക്തികേന്ദ്രം.
അങ്ങനെ നോക്കുമ്പോള്‍…
ആഭ്യന്തരവും വിജിലന്‍സും രമേശ് ചെന്നിത്തല കൈപ്പിടിയിലൊതുക്കുമ്പോള്‍ എന്താകും?
മുഖ്യമന്ത്രി സതീശനാണെങ്കിലും അധികാരത്തിന്റെ നാഡീകേന്ദ്രം ചെന്നിത്തലയുടെ കയ്യിലേക്കു പോകും.
വെറും ഒരു മന്ത്രിസ്ഥാനം മാത്രമാകില്ല ചെന്നിത്തലയുടേത്.
ഒരു രാഷ്ട്രീയ നിയന്ത്രണ കേന്ദ്രമാകും.
കാരണം ചെന്നിത്തലയുടെ രാഷ്ട്രീയം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം അല്ല.
അത് ഒത്തുതീര്‍പ്പുകളുടെ, മധ്യസ്ഥതയുടെ, സമവായത്തിന്റെ രാഷ്ട്രീയമാണ്.
കടുത്ത നിലപാടുകളിലേക്ക് പോകാതെ എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന, അല്ലെങ്കില്‍ വിവാദങ്ങള്‍ ഒതുക്കിതീര്‍ക്കുന്ന ശൈലിയാണ് ചെന്നിത്തലയുടേത്.
പല നിര്‍ണായക ഘട്ടങ്ങളിലും മുമ്പ് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
പക്ഷേ…
വി.ഡി. സതീശന്‍ അതിന്റെ മറുവശമാണ്.
അദ്ദേഹം പോരാട്ടത്തിന്റെ രാഷ്ട്രീയക്കാരനാണ്.
തന്നെ എതിര്‍ത്തവരെ ഓര്‍ത്തുവയ്ക്കുന്ന രാഷ്ട്രീയ സ്വഭാവം.
പൊതുവേദികളില്‍ തുറന്നടിക്കുന്ന ശൈലി.
രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം പലപ്പോഴും തയ്യാറാകാറില്ല. ശത്രുക്കളെ അവരുടെ പാളയത്തില്‍ പോയി നേരിടുന്ന ശൈലിയാണ് സതീശന്റേത്.
അതുകൊണ്ട് തന്നെ…
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയിലേക്ക് നീങ്ങുമോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് തൊട്ടുതാഴെ അല്ലെങ്കില്‍ മുഖ്യമന്ത്രിയേക്കാള്‍ ശക്തമായി നിഴല്‍ ഭരണം നടത്താന്‍ ചെന്നിത്തലയ്ക്ക് തന്റെ വകുപ്പുകളിലൂടെ സാധിക്കും. ഇതിനുപുറമേ, കോണ്‍ഗ്രസിനുള്ളില്‍ ‘അനുരഞ്ജനം’ എന്ന തന്ത്രപരമായ വാക്ക് ഉപയോഗിച്ച് തന്റെ ഇഷ്ടക്കാരെയും വിശ്വസ്തരെയും സുപ്രധാനമായ മറ്റ് സര്‍ക്കാര്‍ പദവികളില്‍ പ്രതിഷ്ഠിക്കാനും ചെന്നിത്തല നീക്കം തുടങ്ങിക്കഴിഞ്ഞു. കോര്‍പ്പറേഷന്‍ പദവികള്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എന്നിവയിലെല്ലാം ആര്‍.സി പക്ഷത്തിന്റെ ആളുകള്‍ നിറയുമ്പോള്‍, സതീശന് സ്വന്തം താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ചെന്നിത്തലയുടെ ഈ നീക്കം സതീശന്റെ കൈകാലുകള്‍ കെട്ടിയിടുന്നതിന് തുല്യമാണ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കൈകളില്‍ അല്ലാതിരിക്കുന്നത് എപ്പോഴും ഭരണ തലപ്പത്ത് ഒരു ഇരട്ട അധികാരകേന്ദ്രം സൃഷ്ടിക്കും. അത് സതീശന്റെ ആജ്ഞാശക്തിയെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കാം.
മറുഭാഗത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഉള്ളത്. ചെന്നിത്തല കേരളത്തില്‍ നേരിട്ട് കളം നിറയുമ്പോള്‍, വേണുഗോപാലിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം ഇനി കേരള രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ സാധ്യതയില്ല. പകരം ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുക.
തന്റെ വിശ്വസ്തരായ വലിയൊരു വിഭാഗം നേതാക്കളെയും യുവ എം.എല്‍.എമാരെയും മന്ത്രിസഭയിലും മറ്റ് പദവികളിലും വേണുഗോപാല്‍ ഉള്‍പ്പെടുത്തും. ഡല്‍ഹിയിലെ തന്റെ സ്വാധീനമുപയോഗിച്ച് ഹൈക്കമാന്‍ഡ് വഴി സതീശന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണുഗോപാലിന് എളുപ്പമാണ്. അതായത്, സതീശന്‍ മന്ത്രിസഭയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് മന്ത്രിമാരും കെ.സി പക്ഷത്തോട് കൂറുള്ളവരായിരിക്കും.
ഫലത്തില്‍, സതീശന്‍ എടുക്കുന്ന ഏതൊരു മന്ത്രിസഭാ തീരുമാനവും ഡല്‍ഹിയില്‍ ഇരുന്ന് കെ.സി വേണുഗോപാലിന് തന്റെ ആളുകളിലൂടെ സ്വാധീനിക്കാന്‍ കഴിയും. മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സതീശന്, കെ.സി പക്ഷക്കാരായ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നിസ്സഹകരണം വലിയ തലവേദനയായി മാറും എന്നതില്‍ തര്‍ക്കമില്ല.
ഈ ഒരു സാഹചര്യത്തില്‍ വി.ഡി. സതീശന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മറ്റൊന്നാണ്. സ്വന്തം എന്ന് പറയാന്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ വലിയൊരു പടയില്ല എന്നതാണത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി ജനപ്രീതി നേടിയാണ് അദ്ദേഹം വന്നതെങ്കിലും, സ്വന്തം ആളുകളെ തിരുകിക്കയറ്റാന്‍ സതീശന് ശക്തി കുറവാണ്. ഇതിനെല്ലാം പുറമെ അദ്ദേഹം വിശ്വസിച്ച പലരും അദ്ദേഹത്തെ കൈവിട്ടു എന്നതുമാണ് യാഥാര്‍ത്ഥ്യം.
തന്റെ ഏറ്റവും അടുത്ത ആളെന്നും വിശ്വസ്തനെന്നും കരുതിയ ഷാഫി പറമ്പിലിനെപ്പോലുള്ള യുവനേതാക്കള്‍ കെ.സി പക്ഷത്തേക്ക് ചേക്കേറിയത് വി.ഡി സതീശന്‍ ഞെട്ടലോടെയാണ് കണ്ടത്. പാര്‍ട്ടിയില്‍ തനിക്ക് പ്രതിരോധം തീര്‍ക്കാന്‍ ഒപ്പമുണ്ടാകും എന്ന് കരുതിയവര്‍ പലരും അധികാര സമവാക്യങ്ങള്‍ വന്നപ്പോള്‍ കൂറുമാറുന്നത് സതീശന് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായി.
തനിക്ക് മന്ത്രിപദവി ചോദിക്കാനോ, പ്രധാന സ്ഥാനങ്ങളിലേക്ക് നിര്‍ദ്ദേശിക്കാനോ സ്വന്തം ആളുകളായി അധികമാരുമില്ലാത്ത അവസ്ഥയിലാണ് സതീശന്‍. വിശ്വസിച്ചവരുടെ ഈ മാറ്റം സതീശനെ വ്യക്തിപരമായും രാഷ്ട്രീയമായും വലിയ രീതിയില്‍ ഉലച്ചിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിനകത്ത് സതീശന്‍ ഇങ്ങനെ ഒറ്റപ്പെടുമ്പോഴും, യു.ഡി.എഫ് മുന്നണിയില്‍ അദ്ദേഹത്തിനുള്ള ശക്തമായ പിന്തുണ ആരും കാണാതെ പോകരുത്. പ്രത്യേകിച്ച് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാട് ഇവിടെ നിര്‍ണായകമാണ്.
ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ശക്തമായ പിന്തുണയായിരിക്കും വരും നാളുകളില്‍ സതീശന്റെ ഏറ്റവും വലിയ ബലം. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ ഘടകകക്ഷികളുമായി മികച്ച ബന്ധമാണ് സതീശന്‍ പുലര്‍ത്തുന്നത്. കോണ്‍ഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് പോരില്‍ തളരാതെ സതീശനെ താങ്ങിനിര്‍ത്താന്‍ ലീഗ് മുന്നോട്ട് വരും. സതീശനെ വ്യക്തിപരമായി ആക്രമിക്കാനോ ഭരണത്തില്‍ അനാവശ്യമായി വരിഞ്ഞുമുറുക്കാനോ കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിച്ചാല്‍, ലീഗ് അതിനെ ശക്തമായി ചെറുക്കും.
കാരണം, മുന്നണിയുടെ സുരക്ഷിതത്വവും ഭരണത്തിന്റെ സുഗമമായ പോക്കും ലീഗിന് അനിവാര്യമാണ്. കോണ്‍ഗ്രസിലെ ആര്‍.സി-കെ.സി ഗ്രൂപ്പുകളുടെ അമിത കടന്നുകയറ്റത്തിനെതിരെ ഒരു കവചമായി നില്‍ക്കാന്‍ ലീഗിന് സാധിക്കും എന്നത് സതീശന് നല്‍കുന്ന ആശ്വാസം ചെറുതല്ല.
ചുരുക്കത്തില്‍, വരും നാളുകളില്‍ കേരളം കാണാന്‍ പോകുന്നത് കേവലമൊരു ഭരണമല്ല. മറിച്ച്, സതീശന്റെ നേതൃത്വത്തില്‍ ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികളും കോണ്‍ഗ്രസിലെ ശക്തമായ ആര്‍.സി, കെ.സി ഗ്രൂപ്പുകളും തമ്മിലുള്ള കടുത്ത ബലാബലമായിരിക്കും.
ഇതൊരു വലിയ അധികാര യുദ്ധമാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന്‍ എടുക്കുന്ന തീരുമാനങ്ങളെ ഗ്രൂപ്പ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചെന്നിത്തലയും വേണുഗോപാലും ചോദ്യം ചെയ്യുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ഘടകകക്ഷികള്‍ രംഗത്തിറങ്ങും. ഭരണത്തില്‍ ഓരോ ഫയലിലും, ഓരോ നിയമനത്തിലും ഈ രണ്ട് ശക്തികള്‍ തമ്മിലുള്ള വടംവലി പ്രകടമാകും.
മുന്നണിയിലെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് ഈ ഗ്രൂപ്പ് പോര് വളര്‍ന്നേക്കാം. സതീശന്‍ തന്റെ മുഖ്യമന്ത്രി പദവിയുടെ അധികാരം ഉപയോഗിച്ച് ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അത് കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു പൊട്ടിത്തെറിക്ക് കാരണമാകുകയും ചെയ്യും.
പക്ഷേ, ഇവിടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. വി.ഡി. സതീശന്‍ ഈ കസേരയില്‍ എത്തിയത് ആരുടെയും ഔദാര്യം കൊണ്ടല്ല, മറിച്ച് ശക്തമായ ജനവികാരത്തിന്റെ പിന്‍ബലത്തിലാണ്. ആ ജനവികാരം തിരിച്ചറിഞ്ഞ് അധികം കളിക്ക് പോകാതിരുന്നാല്‍ ആര്‍.സിക്കും കെ.സിക്കും അതുവഴി കോണ്‍ഗ്രസിനും കൊള്ളാം.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചപ്പോള്‍, അതിന് നേതൃത്വം നല്‍കിയ മുഖമാണ് വി.ഡി സതീശന്‍. ആ ജനവികാരത്തെ വെല്ലുവിളിച്ചുകൊണ്ട് സതീശനെ വെറുമൊരു നിഴല്‍ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍, അത് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കും. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നേതാവിനെ സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകള്‍ കാരണം ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്ന പ്രതിച്ഛായ ഉണ്ടായാല്‍, അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
അതുകൊണ്ട്, സതീശന്റെ ജനപ്രീതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍.സി, കെ.സി ഗ്രൂപ്പുകള്‍ക്ക് സ്വയം കുഴിതോണ്ടുന്നതിന് തുല്യമായിരിക്കും. ജനവികാരത്തിനൊപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തില്‍ പ്രധാനം എന്ന് നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
മുഖ്യമന്ത്രി സതീശനെ വരിഞ്ഞുമുറുക്കാന്‍ ചെന്നിത്തലയും വേണുഗോപാലും തന്ത്രങ്ങള്‍ മെനയുമ്പോള്‍, ജനവികാരത്തിന്റെ കരുത്തിലും ഘടകകക്ഷികളുടെ പിന്തുണയിലും അതിനെ നേരിടാന്‍ സതീശനും ഒരുങ്ങിക്കഴിഞ്ഞു.
ഭരണത്തിന്റെ ചരടുകള്‍ ആരുടെ കൈകളിലായിരിക്കും? സതീശന്‍ ഒരു ശക്തനായ മുഖ്യമന്ത്രിയായി മാറുമോ, അതോ ഗ്രൂപ്പ് പോരുകളുടെ ഇരയായി മാറുമോ?
സതീശന്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കിയതിനുശേഷം രാഷ്ട്രീയകേരളം കണ്ടത് നേതാക്കളുടെ കളിയും ചിരിയും കെട്ടിപ്പിടിക്കലുമൊക്കെയാണ്.
പക്ഷേ ഓരോ ചിരിയുടെയും പിന്നില്‍ സംശയമുണ്ടാകും.
ഓരോ കൈകോര്‍ക്കലിന്റെയും പിന്നില്‍ കണക്കുകൂട്ടലുണ്ടാകും.
ഓരോ തീരുമാനത്തിന്റെയും പിന്നില്‍ പോരാട്ടമുണ്ടാകും.
കാരണം…
ഇത് വെറും ഒരു മുഖ്യമന്ത്രിയുടെ കഥയല്ല.
അധികാരത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ്. ആ കഥ തുടരും…
ആര്‍സിയും കെസിയും സതീശനെ വരിഞ്ഞുമുറുക്കുമോ?
Date:


