കടക്ക് പുറത്തെന്ന് ജില്ലാ കമ്മിറ്റികള്‍: നാണംകെട്ട് പിണറായി!

Date:

സി.പി.എമ്മിനുള്ളില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മുമ്പെങ്ങും ആ പാര്‍ട്ടിയില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. ജനങ്ങള്‍ തള്ളിയ നേതാവിനെ പാര്‍ട്ടി തള്ളിപ്പറയാതെ പിടിച്ചുനിര്‍ത്തുകയാണ്.
തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും പിണറായി വിജയന്‍ രാഷ്ട്രീയമായി പിന്നോട്ടില്ല. മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. പക്ഷേ പാര്‍ട്ടിയുടെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല.
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അടപടലം പൊട്ടിയപ്പഴേ ഒരു ചോദ്യമുയര്‍ന്നിരുന്നു.
പ്രതിപക്ഷ നേതാവ് ആര്?
സ്വാഭാവികമായി നിയമസഭയിലെ പുതുമുഖങ്ങള്‍ക്കോ, സംഘടനാപരമായി സ്വീകാര്യതയുള്ള മറ്റേതെങ്കിലും നേതാവിനോ ആ സ്ഥാനം നല്‍കാമായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.
പാര്‍ട്ടി വീണ്ടും പിണറായി വിജയനെ തെരഞ്ഞെടുത്തു.
അതും ഏകകണ്ഠമായല്ല.
പാര്‍ട്ടിക്കുള്ളിലെ ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് തീരുമാനമുണ്ടായത്.
പത്തനംതിട്ടയും കൊല്ലവും പോലുള്ള ജില്ലാ കമ്മിറ്റികള്‍ തുറന്ന എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ വരെ കടുത്ത വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിലും പിണറായിക്കെതിരെ ശബ്ദമുയര്‍ന്നു.
എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്.
ഇത്ര വലിയ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷവും പൊതുവേദിയിലെന്നല്ല പാര്‍ട്ടിക്കുള്ളില്‍ പോലും”തോറ്റത് എന്തുകൊണ്ട്?” എന്ന ചോദ്യത്തിന് പിണറായി വിജയന്റെ ഭാഗത്തുനിന്നും വ്യക്തമായ മറുപടി വന്നിട്ടില്ല. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ചോദിച്ചു വാങ്ങുകയും ചെയ്തു.
‘കടക്ക് പുറത്ത്!…’ ഒരു കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പിണറായി വിജയന്‍ ആക്രോശിച്ച ഈ വാക്കുകള്‍ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് അദ്ദേഹത്തിന് നേരെ തന്നെ തിരിച്ചുവിളിക്കപ്പെടുകയാണോ? അണികള്‍ മാത്രമല്ല, വിശ്വസ്തരായ ജില്ലാ കമ്മിറ്റികള്‍ പോലും പിണറായി വിജയന് നേരെ വിരല്‍ ചൂണ്ടുന്നു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാന്‍ പാര്‍ട്ടി കാണിച്ച തിടുക്കം അണികളില്‍ വലിയ നീരസമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല. സാധാരണയായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയോ പ്രതിപക്ഷ നേതാവിനെയോ തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ്. ‘സംസ്ഥാന ഘടകം തീരുമാനിക്കട്ടെ’ എന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ കേന്ദ്ര നേതൃത്വം. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ പിണറായിക്കെതിരെ കടുത്ത ഭിന്നത രൂപപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയില്‍ സമവായമില്ലാതെ വന്നതോടെയാണ് വിഷയം പോളിറ്റ് ബ്യൂറോയ്ക്ക് വിട്ടത്. ഓണ്‍ലൈനായി ചേര്‍ന്ന പി.ബി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഏഴോളം മുതിര്‍ന്ന നേതാക്കള്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വത്തിന് എത്തേണ്ടി വന്നത്. പാര്‍ട്ടിയെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ക്യാപ്റ്റന്, സ്വന്തം കസേര ഉറപ്പിക്കാന്‍ പി.ബിയില്‍ വോട്ടുപിടിക്കേണ്ടി വന്നു എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്.
സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്തവിധമുള്ള വിമര്‍ശനങ്ങളാണ് വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഉയരുന്നത്. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ശൈലിക്കും ഭരണവിരുദ്ധ വികാരത്തിനുമാണെന്ന് ഈ കമ്മിറ്റികള്‍ തുറന്നു പറഞ്ഞു.
പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്:
ജനങ്ങളില്‍ നിന്നും അണികളില്‍ നിന്നും അകന്ന മുന്‍ മുഖ്യമന്ത്രിയുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തന ശൈലി പാര്‍ട്ടിയെ തകര്‍ത്തു.
പിണറായിയുടെ കീഴിലായിരുന്ന ആഭ്യന്തര വകുപ്പും പൊലീസിന്റെ വീഴ്ചകളും ജനങ്ങളെ പാര്‍ട്ടിക്കെതിരെ തിരിച്ചു.
സംസ്ഥാനം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്ഷേമ പെന്‍ഷനുകള്‍ വൈകിയതും താഴെത്തട്ടിലുള്ള വോട്ടര്‍മാരെ അകറ്റി.
ജില്ലാ യോഗങ്ങളില്‍ പിണറായിക്കെതിരെ അണികള്‍ ‘കടക്ക് പുറത്ത്’ എന്ന വികാരത്തോടെയാണ് സംസാരിക്കുന്നത്. എന്നാല്‍, ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റിയിലും ഉയര്‍ന്നിട്ടും സംസ്ഥാന സെക്രട്ടറിയോ പിണറായി വിജയനോ ഇതിനൊന്നും മറുപടി നല്‍കാന്‍ തയ്യാറായില്ല.
തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമായിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് പിണറായിയെ തിരുത്താന്‍ പാര്‍ട്ടിക്ക് സാധിക്കാത്തത്? ഇതിന് പിന്നില്‍ ചില കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി സി.പി.എമ്മിന്റെ എല്ലാ ഫണ്ടിംഗും ഭരണപരമായ അധികാരങ്ങളും പിണറായി എന്ന വ്യക്തിയിലേക്ക് ചുരുങ്ങിപ്പോയി. അദ്ദേഹത്തെ പെട്ടെന്ന് തള്ളിപ്പറഞ്ഞാല്‍ പാര്‍ട്ടി സംവിധാനം തന്നെ തകരുമെന്ന ഭയം കേന്ദ്രനേതൃത്വത്തിനുണ്ട്.
പിണറായിക്ക് പകരം പാര്‍ട്ടിയെ നയിക്കാന്‍ ജനസ്വാധീനമുള്ള, എല്ലാവര്‍ക്കും സ്വീകാര്യനായ മറ്റൊരു മുഖം നിലവില്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കാട്ടാനില്ല.
തോല്‍വിയുടെ കാരണങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ പരിശോധിച്ച ശേഷം അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ മറുപടി നല്‍കാമെന്നാണ് നേതൃത്വം പറയുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും സമയം നീട്ടിക്കിട്ടാനുമുള്ള ഒരു തന്ത്രം മാത്രമാണ്.
ഇവിടെയാണ് ഏറ്റവും നിര്‍ണായകമായ ചോദ്യം ഉയരുന്നത്. ജനങ്ങളും അണികളും ഒരുപോലെ തള്ളിപ്പറഞ്ഞിട്ടും, പാര്‍ട്ടിക്കുള്ളില്‍ ഇത്രയും വലിയ എതിര്‍പ്പുണ്ടായിട്ടും പിണറായി വിജയന്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു വേണ്ടി വാശി പിടിക്കുന്നു. കാബിനറ്റ് റാങ്കില്ലാതെ പിണറായിക്ക് മുന്നോട്ട് നീങ്ങാനാവില്ലേ?
പിണറായി വിജയനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന് കാബിനറ്റ് റാങ്കില്ലെങ്കിലും നിയമസഭയ്ക്കകത്തുംപുറത്തും വേണ്ട പരിഗണന ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പിണറായി വിജയനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ നേതാവ് എന്ന പദവിയും അതിലൂടെ ലഭിക്കുന്ന കാബിനറ്റ് പദവിയും വെറുമൊരു പദവി മാത്രമല്ല, അതൊരു രാഷ്ട്രീയ പ്രതിരോധ കവചമാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോള്‍ ഉയര്‍ന്നുവന്ന നിരവധി വിവാദങ്ങളും കേസുകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ലഭിക്കുന്ന പ്രോട്ടോക്കോളും നിയമപരമായ സുരക്ഷയും ചെറുതല്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണമായ സ്റ്റേറ്റ് പ്രോട്ടോക്കോളിലും കാബിനറ്റ് പദവിയിലും ജീവിച്ച പിണറായി വിജയന് പെട്ടെന്ന് ഒരു സാധാരണ എംഎല്‍എ മാത്രമായി ഒതുങ്ങുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
കാബിനറ്റ് റാങ്കുള്ള പദവിയില്‍ തുടരുമ്പോള്‍ മാത്രമേ നിയമസഭയ്ക്കുള്ളിലും പുറത്തും പാര്‍ട്ടിയിലെ അപ്രമാദിത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കൂ.
താഴേത്തട്ടില്‍ നിന്നുള്ള വിയോജിപ്പുകള്‍ അവഗണിക്കുന്നത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന് മുന്‍കാല ചരിത്രങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇതാണ്. അണികളുടെയും ജില്ലാ കമ്മിറ്റികളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ച്, നേരിയ ഭൂരിപക്ഷത്തില്‍ പി.ബിയിലൂടെ പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തുടരുമ്പോള്‍, അത് പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തിന്റെ മരണമാണോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരായുന്നു.
മൗനം പാലിക്കുന്നത് കൊണ്ട് മാത്രം ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അണികളുടെ രോഷത്തില്‍ നിന്നും ഒളിച്ചോടാന്‍ നേതൃത്വത്തിന് കഴിയില്ല. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന്‍ എന്ത് മറുപടി നല്‍കും? ഈ ആഭ്യന്തര കലഹം സി.പി.എമ്മിനെ എങ്ങോട്ടാണ് എത്തിക്കുക?
കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ ഒരു കാലഘട്ടമാണ്.
വിദ്യാര്‍ത്ഥി നേതാവില്‍ നിന്നും മുഖ്യമന്ത്രി വരെ നീണ്ട ശക്തമായ രാഷ്ട്രീയ യാത്ര.
കടന്നുവന്ന വഴികളില്‍ അദ്ദേഹത്തിന് വലിയ പിന്തുണയും ശക്തമായ വിമര്‍ശനവും ഒരുപോലെ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോള്‍ അദ്ദേഹം നേരിടുന്നത് മറ്റൊരു യുദ്ധമാണ്.
സ്വന്തം പാര്‍ട്ടിക്കുള്ളിലെ വിശ്വാസ പ്രതിസന്ധി.
ഇത് വെറും പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കമല്ല.
സി.പി.എമ്മിന്റെ ഭാവി രാഷ്ട്രീയ ദിശ തീരുമാനിക്കുന്ന പോരാട്ടമാണ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വെടിനിര്‍ത്തലിന് അഞ്ചിന നിബന്ധനകളുമായി അമേരിക്ക; 14 നിബന്ധനകളുമായി ഇറാനും

യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക...

റബർ വിലയിൽ റെക്കോർഡ് കുതിപ്പ്; പക്ഷെ കർഷകർക്ക് ലാഭമുണ്ടോ?

കേരളത്തിലെ റബർ കർഷകരെ ആവേശത്തിലാക്കിക്കൊണ്ട് ആഭ്യന്തര വിപണിയിൽ റബർ വില സർവ്വകാല...

ആര്‍സിയും കെസിയും സതീശനെ വരിഞ്ഞുമുറുക്കുമോ?

വിഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തിയതോടെ കോണ്‍ഗ്രസിലെ അധികാര രാഷ്ട്രീയതര്‍ക്കം അവസാനിച്ചോ?ഇല്ല.യഥാര്‍ഥ കഥ...

ശത്രുതയില്‍ നിന്ന് ഇടപാടിലേക്ക്: ട്രംപ് എന്തിന് ചൈനയിലെത്തി?

ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ബീജിംഗിലേക്കാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും...