രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം പുതിയൊരു രൂപം കൈവരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിയായ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ ‘സിജെപി’ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സമരം തുടങ്ങി ഒമ്പത് ദിവസം പിന്നിടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. പ്രതിഷേധക്കാരുടെ എണ്ണം കുറയുമ്പോള്‍ സമരം ആറിത്തണുക്കുമെന്ന് കരുതി അധികൃതര്‍ കാത്തിരുന്നപ്പോഴാണ് ലഡാക്ക് സമരനായകന് സമരനായകന്, പ്രമുഖ സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്.
ജൂണ്‍ 27 നകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കില്‍ താന്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് വാങ്ചുക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പറഞ്ഞതുപോലെ തന്നെ, ജൂണ്‍ 28 ആയ ഇന്ന് സോനം വാങ്ചുക്ക് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു കഴിഞ്ഞു.
സീന്‍-2
നിരാഹാരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയും സോനം വാങ്ചുക്കും ഒന്നിച്ച് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു. അവിടെനിന്നാണ് നേരെ ജന്തര്‍മന്തറിലെ സമരപ്പന്തലിലേക്ക് എത്തിയത്. ‘പ്രധാന് ഗോ ബാക്ക്’ എന്ന പേരില്‍ സമരം ഇനി രാജ്യവ്യാപകമായി വിപുലമാക്കാനാണ് സിജെപിയുടെ തീരുമാനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരവേദിയില്‍ ആളുകളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ ഇന്ന് അവധി ദിനമായതിനാലും വാങ്ചുക്കിന്റെ വരവോടെയും ചിത്രം മാറി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കര്‍ഷക സംഘടനകളും ഇടതുപക്ഷ വനിതാ സംഘടനകളും സമരപ്പന്തലിലേക്ക് ഒഴുകിയെത്തി. യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു. ചില കര്‍ഷക നേതാക്കളെ ജന്തര്‍മന്തറില്‍ എത്താതിരിക്കാന്‍ പോലീസ് വീട്ടുതടങ്കലിലാക്കി എന്ന ഗുരുതരമായ ആരോപണവും സിജെപി ഉന്നയിക്കുന്നുണ്ട്.
സീന്‍-3:
സമരം ഒമ്പത് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ആരും സമരക്കാരോട് സംസാരിക്കാന്‍ തയാറായിട്ടില്ല. സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പോലും പോലീസ് ശ്രമിക്കുന്നില്ല. സമരക്കാര്‍ക്കെതിരെ അക്കരം നടപിചകള് സ്വീകരിച്ചാല്‍ അത് വലിയ മാധ്യമശ്രദ്ധ നേടും, സമരം കൂടുതല്‍ ശക്തമാകും എന്ന് പോലീസ് ഭയക്കുന്നു. സമരം ചെയ്യുന്നവര്‍ സ്വയം മടുത്തു പിരിഞ്ഞുപോകട്ടെ എന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
മാധ്യമങ്ങളും ഈ സമരത്തെ ഒരു പരിധിവരെ അവഗണിക്കുകയായിരുന്നു. വാര്‍ത്തകളില്‍ നിന്ന് ജന്തര്‍ മന്ദറിലെ പ്രതിഷേധം പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് സോനം വാങ്ചുക്ക് എന്ന ‘ടേണിംഗ് പോയിന്റ്’ ഉണ്ടാകുന്നത്.
ലഡാക്കിലെ പരിസ്ഥിതി പ്രശ്നങ്ങളിലും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും 21 ദിവസം വരെ നിരാഹാരം ഇരുന്ന് രാജ്യത്തെ ഞെട്ടിച്ച മനുഷ്യനാണ് സോനം വാങ്ചുക്ക്. അദ്ദേഹം ഒരു സമരത്തിലേക്ക് വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അത് അവഗണിക്കാനാവില്ല. നഷ്ടപ്പെട്ടുപോയ മാധ്യമശ്രദ്ധ തിരിച്ചുപിടിക്കാനും സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും വാങ്ചുക്കിന്റെ വരവോടെ സിജെപിക്ക് കഴിഞ്ഞു. ചുരുക്കത്തില്‍, ആറിത്തണുത്തു കിടന്ന ഒരു സമരക്കനല്‍ ആളിക്കത്തിക്കാന്‍ വാങ്ചുക്കിന്റെ നിരാഹാരത്തിന് കഴിയുമെന്നാണ് സിജെപിയുടെ കണക്കുകൂട്ടല്‍.
സീന്‍-4
അഭിജിത് ദീപ്കെയില്‍ നിന്ന് സോനം വാങ്ചുക്കിലേക്ക് സമരത്തിന്റെ ചുക്കാന്‍ മാറുമ്പോള്‍ ഡല്‍ഹിയിലെ സമരഭൂമിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും? ഇവിടെ രണ്ട് സാധ്യതകളാണുള്ളത്. ഒപ്പം വലിയൊരു ആശങ്കയും.
സാധ്യത 1: സമരം ജനകീയ പ്രക്ഷോഭമാകും
സോനം വാങ്ചുക്കിന്റെ സാന്നിധ്യം സമരത്തിന്റെ സ്വഭാവം മാറ്റിയേക്കാം. രാഷ്ട്രീയത്തിനതീതമായുള്ള പിന്തുണ വാങ്ചുക്കിനുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കര്‍ഷകരും സാധാരണക്കാരായ മാതാപിതാക്കളും കൂട്ടത്തോടെ ജന്തര്‍മന്തറിലേക്ക് എത്തിയേക്കാം. സമരം ഒരു വലിയ ജനകീയ മുന്നേറ്റമായി മാറിയാല്‍, വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വരികയോ, അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വരികയോ ചെയ്യാം.
സാധ്യത 2: ക്രമസമാധാന പ്രശ്നങ്ങള്‍
എന്നാല്‍ ഇതിനൊരു മറുപുറവുമുണ്ട്. സോനം വാങ്ചുക്കിന്റെ ലഡാക്കിലെ മുന്‍കാല സമരങ്ങള്‍ പലപ്പോഴും വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളിലേക്ക് വഴിമാറിയിരുന്നു. ഡല്‍ഹി പോലൊരു അതീവ സുരക്ഷാ മേഖലയില്‍, കര്‍ഷകരും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ഒത്തുചേരുമ്പോള്‍ അത് ക്രമസമാധാന നിലയെ എങ്ങനെ ബാധിക്കുമെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.
പോലീസ് ഇതുവരെ കൈയും കെട്ടി നോക്കിനിന്നു. എന്നാല്‍ കര്‍ഷക സംഘടനകള്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയാല്‍ പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തും. അത് സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമിച്ചാല്‍, അത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.
അധികൃതര്‍ വിചാരിച്ചതുപോലെ ഈ സമരം സ്വയം ഇല്ലാതാകില്ല. സോനം വാങ്ചുക്കിന്റെ നിരാഹാരത്തോടെ ജന്തര്‍മന്തര്‍ വീണ്ടും രാജ്യശ്രദ്ധ നേടുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സമരക്കാര്‍ക്ക് മുന്നില്‍ ഒടുവില്‍ അധികാരികള്‍ക്ക് തലകുനിക്കേണ്ടി വരുമോ? ഇതിനുള്ള ഉത്തരം വരും ദിവസങ്ങളില്‍ ലഭിക്കും.
സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍
Date:


