കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.
ഇരുപക്ഷവും ഒരിഞ്ചുപോലും പിന്നോട്ടില്ല. ശക്തമായ ആക്രമണമാണ് നടക്കുന്നത്. സമാധാന ചര്‍ച്ചകളെല്ലാം പൂര്‍ണമായി പരാജയപ്പെട്ടു. എന്താണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം? ഒന്നുമാത്രം. ‘സമ്പൂര്‍ണ വിജയം’. അതില്‍ കുറഞ്ഞതൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ല.
പക്ഷേ, ട്രംപ് ഇപ്പോള്‍ കടുത്ത സമ്മര്‍ദത്തിലാണ്. കാരണം, വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. മറുവശത്ത് ഇറാന്‍ കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു. അമേരിക്കയുടെ പ്രതിരോധ കോട്ടകള്‍ ഒന്നൊന്നായി തകരുകയാണ്. ഈ താവളങ്ങള്‍ തകരുന്നത് പശ്ചിമേഷ്യയെ ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് വേഗത്തില്‍ തള്ളിവിടും.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഏറ്റവും അവിടെ രണ്ട് എണ്ണ ടാങ്കറുകള്‍ ഇറാന്റെ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. എണ്ണ നീക്കം സ്തംഭിച്ചതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്കാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 90 ഡോളര്‍ കടന്നു കുതിക്കുകയാണ്! ഇത് എവിടെപ്പോയി നില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ല.
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇന്ധനവില കൂടിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയാകും. വിമാന സര്‍വീസുകള്‍ മുടങ്ങും. ഓഹരി വിപണികള്‍ തകര്‍ന്നടിയും. ഇതുവരെ കാണാത്ത ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം നീങ്ങുന്നത്.
ഏറ്റവും ഭയപ്പെടുത്തുന്ന മറ്റൊരു സാഹചര്യം കൂടിയുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള റഷ്യയോ ചൈനയോ ഈ യുദ്ധത്തില്‍ ഒരു പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ എന്ത് സംഭവിക്കും? ഇറാന്‍ വീഴുകയും അമേരിക്ക അവിടെ ആധിപത്യമുറപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് റഷ്യയെയും ചൈനയെയുമാണ്.
അമേരിക്കയെയും ഇസ്രായേലിനെയും നേരിടാന്‍ ഇറാനെ റഷ്യയും ചൈനയും പരസ്യമായി പിന്തുണച്ചാല്‍, ഈ പശ്ചിമേഷ്യന്‍ യുദ്ധം മിനിറ്റുകള്‍ക്കകം ‘മൂന്നാം ലോകമഹായുദ്ധമായി’ മാറും. ആണവായുധങ്ങള്‍ കൈവശമുള്ള മഹാശക്തികള്‍ നേര്‍ക്കുനേര്‍ വരും. ലോകം സാങ്കേതികമായും സാമ്പത്തികമായും പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകും. ഇതൊരു ഭാവനയല്ല, നിലവിലെ സാഹചര്യത്തില്‍ നടക്കാന്‍ സാധ്യതയുള്ള കടുത്ത യാഥാര്‍ത്ഥ്യമാണ്.
ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണോ? ലോകരാജ്യങ്ങളുടെ ഇടപെടലുകള്‍ ഫലം കാണുന്നില്ല. ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായി നില്‍ക്കുന്നു. ട്രംപിന്റെ വാശിയും ഇറാന്റെ പ്രതിരോധവും ലോകത്തെ എങ്ങോട്ടാണ് നയിക്കുന്നത്?


