ഒരു വശത്ത് സര്‍ക്കാരിന്റെ സകല സജ്ജീകരണങ്ങളും പോലീസും. എതിര്‍ശബ്ദങ്ങളെ കേള്‍ക്കാറില്ലെന്ന് പേരെടുത്ത ഒരു ഭരണം.
മറുവശത്തോ? കൈയില്‍ ഭരണഘടനയും ചുണ്ടില്‍ ദേശീയഗാനവുമായി തെരുവിലിറങ്ങിയ കുറച്ചു പിള്ളേര്‍.
തീര്‍ന്നു. കഥ അവിടെ തീര്‍ന്നു എന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാജിവെക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒടുവില്‍ രാജി എഴുതികൊടുത്തു.
മോദി സര്‍ക്കാര്‍ ആദ്യമായി ഒരു ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കി.
ഇത് കേവലം ഒരു മന്ത്രിയുടെ രാജിയല്ല. സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ഐതിഹാസികമായ സമരത്തിന്റെ വന്‍ വിജയമാണ്. രാഷ്ട്രീയ ചതുരംഗക്കളരിയില്‍ കരുക്കള്‍ നീക്കി ശീലിച്ച കേന്ദ്ര രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിജയം!
എങ്ങനെയാണ് ഈ കുട്ടികള്‍ ഇത്ര വലിയൊരു ഭരണകൂടത്തെ പിടിച്ചുലച്ചത്? ‘പാറ്റകള്‍’ എന്ന് വിളിച്ച് കളിയാക്കിയവര്‍ക്ക് മുന്‍പില്‍ അവര്‍ എങ്ങനെ ഒരു മഹാപ്രളയമായി മാറി?
ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ചരിത്രമാണ് ജന്തര്‍ മന്തിറില്‍ എഴുതിത്തുടങ്ങുന്നത്.
ജന്തര്‍ മന്തിറില്‍ തുടങ്ങിയ സമരത്തെ ആദ്യം ഭരണകൂടം ഒരു തമാശയായിട്ടാണ് കണ്ടത്. നാല്‍പത് വയസ്സ് കഴിഞ്ഞവര്‍ മാത്രമേ രാഷ്ട്രീയവും സമരവും ചിന്തിക്കൂ എന്നായിരുന്നു ഡല്‍ഹിയിലെ രാഷ്ട്രീയ പണ്ഡിതന്മാരുടെ വിചാരം. കുട്ടികള്‍ നാല് ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് മടുത്ത് വീട്ടില്‍ പൊയ്‌ക്കോളും എന്ന് അവര്‍ കരുതി.
പക്ഷേ, അവര്‍ക്ക് തെറ്റി.
പരസ്ഥിതി പ്രവര്‍ഡത്തകന്‍ സോനം വാങ് ചുക്ക് സമരത്തെ പിന്തുണച്ച് ജന്തര്‍ മന്തിറില്‍ നിരാഹാരം തുടങ്ങി. നിരാഹരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. പാര്‍ലമെന്റ് മാര്‍ച്ചിനു തലേന്ന് വാങ് ചുക്കിനെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി. ആ ദൃശ്യങ്ങള്‍ രാജ്യമെങ്ങും പരന്നതോടെ പിറ്റേന്നത്തെ പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് കുട്ടികള്‍ ഒഴുകിയെത്തി. പതിവുപോലെ ഭരണകൂടം അടിച്ചമര്‍ത്തല്‍ തന്ത്രം പുറത്തെടുത്തു. കര്‍ഷകസമരത്തെ കൈകാര്യം ചെയ്തതുപോലെ പോലീസിനെയും ബാരിക്കേഡുകളും ഇറക്കി. ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രതിഷേധിച്ച കുട്ടികളെ റോഡിലൂടെ വലിച്ചിഴച്ചു.
പക്ഷേ, അതു വിപരീതഫലമാണ് ഉണ്ടാക്കിയത്. പോലീസിന്റെ ഓരോ ലാത്തിച്ചാര്‍ജ്ജിന്റെയും ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും ലക്ഷണക്കണക്കിന് ആളുകളിലേക്ക് നിമിഷനേരം കൊണ്ട് എത്തി.
ഇതോടെ കഥ മാറി!
ഡല്‍ഹിയിലെ തെരുവുകളിലേക്ക് ഇന്‍ഡ്യയുടെ എല്ലാ കോണുകളില്‍ നിന്നും യുവാക്കള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ‘പാറ്റകള്‍’ എന്ന് ചിലര്‍ കളിയാക്കി വിളിച്ചവര്‍ ഡല്‍ഹി നഗരത്തെ കീഴടക്കി.
ഇവിടെയാണ് ഡല്‍ഹി കണ്ട ഏറ്റവും വലിയ ഹൈടെക് സമരം പിറവിയെടുക്കുന്നത്.
അമിത് ഷായുടെയും ഡല്‍ഹി പോലീസിന്റെയും സകല കരുനീക്കങ്ങളെയും തോല്‍പ്പിക്കുന്ന സാങ്കേതിക ബുദ്ധിയാണ് ഈ പുതുതലമുറ പുറത്തെടുത്തത്.
സമരക്കാര്‍ക്ക് ഭക്ഷണം കിട്ടാതിരിക്കാന്‍ വഴികള്‍ അടച്ചപ്പോള്‍ രാജ്യമെമ്പാടുമുള്ള ആളുകള്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ജന്തര്‍ മന്ദിറിലേക്ക് ഭക്ഷണവും വെള്ളവും ഓര്‍ഡര്‍ ചെയ്തു നല്‍കി. ഡെലിവറി ബോയ്‌സ് നിരനിരയായി സമരപ്പന്തലിലേക്ക് എത്തി.
ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ നോക്കിയപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ മറികടക്കുന്ന വിപിഎന്‍ ആപ്പുകളും മെഷ് നെറ്റ്വര്‍ക്കുകളും ഉപയോഗിച്ച് കുട്ടികള്‍ ആശയവിനിമയം നടത്തി.
സര്‍ക്കാര്‍ അനുകൂല പ്രൊപ്പഗാന്‍ഡക്കാര്‍ പതിവുപോലെ തന്ത്രം മാറ്റി. ‘ഇവര്‍ക്ക് വിദേശ ഫണ്ട് വരുന്നുണ്ട്’, ‘ഇവര്‍ രാജ്യദ്രോഹികളാണ്’ എന്നൊക്കെ തള്ളിമറിക്കാന്‍ നോക്കി.
പക്ഷേ, ജനങ്ങള്‍ അത് വിശ്വസിച്ചില്ല. കാരണം, കുട്ടികളുടെ കയ്യില്‍ തോക്കില്ലായിരുന്നു. ബോംബില്ലായിരുന്നു. പകരം ഇന്ത്യയുടെ ദേശീയപതാകയും ഭരണഘടനയുമായിരുന്നു. അവര്‍ പാടിയത് ഇന്ത്യയുടെ ദേശീയഗാനമായിരുന്നു. ഒരു പ്രൊപ്പഗാന്‍ഡയ്ക്കും തകര്‍ക്കാന്‍ കഴിയാത്ത രാജ്യസ്‌നേഹം!
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതൊരു വലിയ വഴിത്തിരിവാണ്.
ഒന്നാമതായി: കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരുപാട് എതിര്‍പ്പുകളും പ്രതിഷേധങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ, ഭൂരിഭാഗം സമയത്തും അതിനെയെല്ലാം അവഗണിക്കുകയോ അല്ലെങ്കില്‍ അടിച്ചമര്‍ത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആദ്യമായാണ് ഒരു ജനകീയ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നതും ഒരു കേന്ദ്രമന്ത്രിക്ക് രാജി വെക്കേണ്ടി വരുന്നതും.
രണ്ടാമതായി: രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഞെട്ടിച്ചത് ഇന്‍സ്റ്റഗ്രാമിന്റെയും പുതിയ തലമുറയുടെയും കരുത്താണ്. സോഷ്യല്‍ മീഡിയ എന്നാല്‍ വെറുമൊരു വിനോദോപാധിയല്ല, അതിന് ഒരു ഭരണകൂടത്തെപ്പോലും പിടിച്ചുകുലുക്കാന്‍ ശേഷിയുണ്ടെന്ന് അവര്‍ തെളിയിച്ചു.
മൂന്നാമതായി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്തതാണ് ഈ കുട്ടികള്‍ ചെയ്തത്. ഒരു പാര്‍ട്ടിയുടെയും കൊടിയോ പിന്‍ബലമോ ഇല്ലാതെ, പരസ്പരം സംഘടിച്ച് അവര്‍ ഡല്‍ഹിയെ നിശ്ചലമാക്കി.
പതിവുപോലെ സമരം നീട്ടിക്കൊണ്ടുപോയി തണുപ്പിക്കാം എന്നായിരുന്നു ബിജെപിയുടെ പ്ലാന്‍. എന്നാല്‍ ഇത്തവണ അത് നടപ്പിലായില്ല. കാരണം, ഇന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ നാളെ ഡല്‍ഹി നഗരം കണ്ട ഏറ്റവും വലിയ യുവജന മുന്നേറ്റത്തിന് തലസ്ഥാനം സാക്ഷ്യം വഹിക്കുമായിരുന്നു. അത് കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോകാന്‍ ഇടയാക്കും എന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞു.
ഇതൊരു തുടക്കം മാത്രമാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പഴഞ്ചന്‍ സമവാക്യങ്ങള്‍ ഇതോടെ തകര്‍ന്നു വീണിരിക്കുകയാണ്. ‘യുവതലമുറയ്ക്ക് രാഷ്ട്രീയമില്ല, അവര്‍ റീല്‍സ് കണ്ടു സമയം കളയുന്നവരാണ്’ എന്ന് വിചാരിച്ച നേതാക്കള്‍ക്ക് കിട്ടിയ ശക്തമായ താക്കീതാണിത്.
ഇനി ഒരു സര്‍ക്കാരിനും യുവാക്കളുടെ ആവശ്യങ്ങളെയും ചോദ്യങ്ങളെയും വളരെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയില്ല. തൊഴിലില്ലായ്മയാകട്ടെ, വിദ്യാഭ്യാസ മേഖലയിലെ അനീതിയാകട്ടെ, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാകട്ടെ… ഭരിക്കുന്നവര്‍ക്ക് ഇനി കുട്ടികളുടെ ചോദ്യങ്ങളെ ഭയന്നേ മതിയാകൂ.
കാരണം, അവരെ ആശയപരമായി നേരിടാന്‍ പഴയ പ്രൊപ്പഗാന്‍ഡ മെഷീനുകള്‍ക്ക് കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.
ഈ സമരം നല്‍കുന്ന സന്ദേശം വ്യക്തമാണ്: ജനപ്രതിനിധികള്‍ ജനങ്ങളെ ഭരിക്കാനല്ല, സേവിക്കാനാണ് അവിടെ ഇരിക്കുന്നത്. അത് മറന്നാല്‍, അതിശക്തമായി തിരിച്ചടിക്കാന്‍ ഈ നാടിന്റെ യുവത്വത്തിന് അറിയാം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം നിലനില്‍ക്കുന്നത് ഇന്ത്യയിലാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.
ഭയമില്ലാത്ത, ചോദ്യങ്ങള്‍ ചോദിക്കുന്ന, അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു പുതിയ ഇന്ത്യയുടെ വിജയം!


