ചേട്ടനും ചേടത്തിയും
എപ്പിസോഡ്-24
ചേട്ടന്‍ വീട്ടിലേക്ക് ധൃതിയില്‍ വരുന്നു.
ചേട്ടന്‍: എടിയേ..വേഗം നീ ആ ഫോണിങ്ങെടുത്തോണ്ടു വന്നേ…
ചേടത്തി: (അകത്തുനിന്നും) എന്നാത്തിനാ…
ചേട്ടന്‍: ഹോ…ഒരു ആപ്പെടുക്കണം…വേഗം വേണം…
ചേടത്തി അകത്തുനിന്നും ആപ്പുമായി വരുന്നു.
ചേടത്തി: ചെറിയൊരു ആപ്പാ ഇതുമതിയോ….
ചേട്ടന്‍: (തലയില്‍ കൈവെച്ച്) ന്റെ ദൈവമേ…ഇതിനെക്കൊണ്ടുഞാന്‍ തോറ്റു…
ചേടത്തി: ങാഹാ…നിങ്ങള് പഴയപരിപാടിക്കിറങ്ങിയതാ അല്ലേ…നാട്ടിലെ എല്ലാ പരിപാടിക്കും ആപ്പുവെച്ച്…ആപ്പുവെച്ച് നാട്ടുകാരുടെ മുഴുവന്‍ തെറികേട്ടു….എന്നിട്ടും നിര്‍ത്താറായില്ലേ..
ചേട്ടന്‍ ചേടത്തിയുടെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നടക്കുകയാണ്.
ചേട്ടന്‍: ന്റെ പൊന്നോ നമിച്ചു…ഞാന്‍ മൊബൈല്‍ ആപ്പിന്റ കാര്യമാ പറഞ്ഞത്…
ചേടത്തി: അതേ…. മൊബൈലേ വിളിച്ച് ആര്‍ക്കിട്ടേലും ആപ്പുവെക്കാനായിരിക്കും.
ചേട്ടന്‍: ന്റെ ദൈവമേ ഈ സാധനത്തിന് ആപ്പെന്നു പേരിട്ടതെന്തിനാണോ…വേറെ എന്തെങ്കിലും പേരിടാന്‍മേലായിരുന്നോ…
ചേടത്തി: ഇന്നാ മൊബൈല് പിടി…ആള്‍ക്കാര് തെറി വിളി തുടങ്ങുമ്പം മൊബൈല് എന്റെ കയ്യില്‍ തന്നേക്കരുത്…(മൊബൈല് കൊടുത്തിട്ട് പോകാന്‍ തുടങ്ങുന്നു)
ചേട്ടന്‍: എടീ പൊട്ടുപിടിച്ചതേ…പോകാന്‍വരട്ടെ…ഈ മൊബൈലില്‍ നമ്മള് ഓരോ കാര്യങ്ങള് നോക്കുന്ന സംവിധാനങ്ങളുണ്ട്..അതിനാണ് ആപ്പെന്ന് പറയുന്നത്…അല്ലാതെ നാട്ടുകാര്‍ക്കിട്ട് പണികൊടുക്കുന്നതല്ല.
ചേടത്തി: ഹോ…നിങ്ങള് വലിയ ഐടി വിദഗദ്ധന്‍…നമ്മക്കിതൊന്നും അറിയില്ലേ…
ചേട്ടന്‍: അറിയാന്‍മേലെങ്കില്‍ എന്റെ കൂടെയിരുന്ന് ഇതൊക്കെ കണ്ടുംകേട്ടും പഠിക്കണം.
ചേടത്തി: നിങ്ങളു കാണിക്കുന്നതൊന്നും കണ്ടുപഠിക്കാനിടയാകരുതേയെന്നാ എന്റെ പ്രാര്‍ത്ഥന. ആട്ടെ….നിങ്ങളിതിപ്പം എന്നാ പരിപാടിക്കാ…
ചേട്ടന്‍: എടീ വീട്ടിലിരുന്ന് കാശുണ്ടാക്കാനുള്ള ഒരു പരിപാടിയാ….കുഞ്ഞപ്പനാ എനിക്കു പറഞ്ഞത്…
ചേടത്തി: ദേ…ആവശ്യമില്ലാത്തതിലൊന്നും പോയി തലയിടരുത് കേട്ടോ…ആ കുഞ്ഞപ്പനെ വിശ്വസിക്കാന്‍ കൊള്ളില്ല…ഉഡായിപ്പിന്റെ കൂടാ…
ചേട്ടന്‍: എടീ ഇത് അവന്‍ നടത്തുന്നതൊന്നുമല്ല…സായിപ്പിന്റെ പരിപാടിയാ…അവനോട് വേറേ ആരാണ്ടു പറഞ്ഞതാ…അവനിപ്പം അയച്ചുതരും…
ചേട്ടന്‍: സൂക്ഷിക്കണം…ഉഡായിപ്പുള്ള പരിപാടിക്കൊക്കെ കുഞ്ഞപ്പന്‍ കാണും….അതുകൊണ്ടു പറഞ്ഞതാ..
ചേട്ടന്‍: (ഫോണില്‍ നോക്കിക്കൊണ്ട്) ശ്ശെ..അവന്‍ ലിങ്ക് അയച്ചില്ലല്ലോ….ഒന്നു വിളിച്ചേക്കാം….(വിളിക്കുന്നു) എടാ..കുഞ്ഞപ്പാ…നീ ഒന്നയച്ചേ…വേഗം…ഞാനും പത്തുകാശുണ്ടാക്കട്ടെ….ങാ…ശരി..ശരി…(ഫോണ്‍ വെച്ചിട്ട് ചേടത്തിയോട്) ഇപ്പം അയയക്കും.
ചേടത്തി: ഞാന്‍ വീണ്ടും പറയുവാ…കുഞ്ഞപ്പനെ വിശ്വസിക്കരുത്…
ചേട്ടന്‍: നീ ഒന്നെണീറ്റുപോ…ഞാനെന്തെങ്കിലും വേണ്ടീട്ട് ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പം അവിടെല്ലാം തടസവുമായിട്ട് വരും…(ഫോണിലേക്ക് നോക്കി) ങാ..വന്നല്ലോ..ഇനി ഇന്‍സ്റ്റാള്‍ ചെയ്യണം…
(ചേട്ടന്‍ മൊബൈലേല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ചേടത്തിയെ വിജയഭാവത്തില്‍ നോക്കുന്നു. വായിച്ചു നോക്കുന്നു)
ചേട്ടന്‍: ഇതൊരു ക്വിസ് പോലെയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മള് ഉത്തരം പറയുന്നു. അതിന് സമ്മാനങ്ങള്‍.
ചേടത്തി: അതുകൊള്ളാമല്ലോ…സമ്മാനം കിട്ടുമോ…പക്ഷേ ഉത്തരമൊക്കെ ശരിയാകണ്ടെ….
ചേട്ടന്‍: നമ്മടെ അഡ്രസും കാര്യങ്ങളും കൊടുക്കണം..(കൊടുക്കുന്നു)
ചേടത്തി: അവസാനം വീട്ടിലാളുവരുമോ….
ചേട്ടന്‍: (നോക്കിയിട്ട്) ങേ…പൈസ കൊടുക്കണോ….
ചേടത്തി: എന്നാ വേണ്ട…പൈസ കൊടുത്തുള്ള പരിപാടിയൊന്നും വേണ്ട…
ചേട്ടന്‍: നീ പെടയ്ക്കാതെ…ഞാനൊന്നു പഠിക്കട്ടെ… (വായിക്കുന്നു) ആദ്യം 10 രൂപ രജിസ്‌ട്രേഷന്‍.. അതുകഴിഞ്ഞ് 100 രൂപ അടയ്ക്കണം ആദ്യ സ്റ്റെപ്പിന്…അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം.
ചേടത്തി: അതിന് നി്ങ്ങള്‍ക്ക് ഉത്തരമെല്ലാം ടൈപ്പ് ചെയ്യാനറിയാമോ…
ചേട്ടന്‍: അതൊന്നും വേണ്ട…ഉത്തരം ടിക്ക് ചെയ്താല്‍മതി…
ചേടത്തി: ങാഹാ…അതുകൊള്ളാമല്ലോ…അപ്പം പൈസ എപ്പം കിട്ടും….
ചേട്ടന്‍: നൂറു രൂപ അടച്ചുകഴിഞ്ഞുള്ള ഉത്തരങ്ങള്‍ ശരിയായാല്‍ 500 രൂപ സമ്മാനം…അഞ്ഞൂറ് അടച്ചുകഴിഞ്ഞാല്‍ ഉത്തരം ശരിയായാല്‍ 1000 രൂപ സമ്മാനം…ആയിരം അടച്ചാല്‍ പതിനായിരം….അതുകഴിഞ്ഞാല്‍ ബമ്പറാണ് അമ്പതിനായിരം അടച്ചാല്‍ ഒരു ലക്ഷം…..അങ്ങനെ കേറിപ്പോകും…
ചേടത്തി: ഇത് കേരള ലോട്ടറി അടിക്കുന്നതിനേക്കാള്‍ നേട്ടമാണല്ലോ…നമുക്ക് ആദ്യമുതല്‍ മുടക്കെന്നു പറയാന്‍ 50രൂപായേയുള്ളോ…
ചേട്ടന്‍: യെസ്..കറക്ട്….നിനക്കതു മനസിലായി…കൊള്ളാം…50രൂപ മുടക്കി ലക്ഷങ്ങള്‍ നേടുന്നു…
ചേട്ടന്‍: കുഞ്ഞപ്പനെ ഒന്നുകൂടി വിളിച്ചിട്ടു തുടങ്ങാം…(ഫോണ്‍ വിളിക്കുന്നു) ഹലോ..കുഞ്ഞപ്പാ…ഇതെങ്ങനെയാ…പൈസയൊക്കെ ചോദിക്കുന്നുണ്ടല്ലോ…ങേ…കിട്ടിയോ…(ആഹ്ലാദത്തോടെ) എന്നാ നീ വെച്ചോ…ഞാനും പത്തുകാശുണ്ടാക്കട്ടെ… (ഫോണ്‍ വെച്ചിട്ട്) എടീ…കുഞ്ഞപ്പന് അയ്യായിരം രൂപ കിട്ടിയെന്ന്…അവന്‍ പിന്നെയും പരീക്ഷയെഴുതുവാന്ന്….
ചേടത്തി: (ദൂരോട്ട് നോക്കി) ആണ്ട്..വരുന്നുണ്ട്…കുര്യാപ്പി…ഇവിടെ എന്തെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പം…കൃത്യസമയത്ത് വരും…
ചേട്ടന്‍: യ്യോ..വരുന്നുണ്ടോ…ഇക്കാര്യം ഒന്നുംമിണ്ടിയേക്കരുത്…നാട്ടില്‍മൊത്തം പാട്ടാക്കും…
കുര്യാപ്പി നടന്നു വരുന്നു.
കുര്യാപ്പി: ഇതെന്നാ ചേട്ടനും ചേടത്തിയും കൂടി ഒരു സൊള്ളല്‍…
ചേടത്തി: ഓ…സൊള്ളാന്‍ പറ്റിയ പ്രായം…ആയകാലത്ത് സൊള്ളിയിട്ടില്ല….പിന്നെയാ ഇനി…
കുര്യാപ്പി: ഇതൊക്കെ ഒരു പ്രായമാണോ…ആസ്വദിച്ചു ജീവിക്കുക അതാണെന്റ് പോളിസി…
ചേട്ടന്‍: കുര്യാപ്പിക്ക് ആസ്വാദനമൊക്കെ പറ്റും…മക്കള് യൂകെയിലും കാനഡായിലുമൊക്കെ അല്ലേ…ചുമ്മാ ആസ്വദിച്ചാല്‍ മതിയല്ലോ…
കുര്യാപ്പി: ഹോ…ഒരു ബിപിഎലുകാരന്‍ വന്നിരിക്കുന്നു…ബാങ്കിലെ ഫികസ്ഡിന്റെ പലിശ രണ്ട് യുകെക്കാരുടെ ഫലം ചെയ്യും…
ചേട്ടന്‍: കേള്‍ക്കുമ്പം ഒരു സുഖമുണ്ട്…രണ്ട് യുകെക്കാരുടെ പൈസയുണ്ട് പലിശ…ബാങ്കീന്ന് കടംമേടിച്ചതിന്റെ…
ചേടത്തി: ഞാന്‍ അടുക്കളേലൊട്ട് ചെല്ലട്ട്…കഞ്ഞി അടുപ്പത്തുകിടക്കുവാ…നിങ്ങള് വര്‍ത്തമാനം പറഞ്ഞിരിക്ക്… (പോകുന്നു)
കുര്യാപ്പി: പിന്നെ എന്നാ ഉണ്ട് വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ…
ചേട്ടന്‍:(വലിയ താത്പര്യമില്ലാത്തതുപോലെ) എന്നാ പറയാനാ…അങ്ങനെ ഇരുണ്ടു വെളുത്തുപോകുന്നു.
കുര്യാപ്പി: എന്നാ ഒരു ക്ഷീണം…പനിയോ മറ്റോ ആണോ…
ചേട്ടന്‍: യ്യോ..കുര്യാപ്പി പറഞ്ഞപ്പോഴാ ഓര്‍ത്തത്…ഒരു ചെറിയ പനിക്കോള്…ഇച്ചിര വിക്‌സ് തേച്ച് ഒന്നു കിടക്കാമെന്നു കരുതിയിരുന്നപ്പഴാ കുര്യാപ്പി വന്നതാ….(എണീറ്റു കൊണ്ട്) എന്നാ കുര്യാപ്പി പൊക്കോ…ചെലപ്പം പനി പകരും…
ചേട്ടന്‍ അകത്തേക്ക് നടക്കുന്നു.
കുര്യാപ്പി: ( അല്‍പം നടന്നിട്ട് തിരിഞ്ഞുനിന്ന്.) അതേയ്…കുഞ്ഞപ്പന്‍ വല്ലതും പറഞ്ഞായിരുന്നോ….
ചേട്ടന്‍: (തിരിഞ്ഞുനിന്ന്) ഹേയ്…ഇല്ല….ഒന്നും പറഞ്ഞില്ല…
കുര്യാപ്പി: അതല്ല…എന്തോ പൈസ കിട്ടുന്ന കാര്യം…
ചേട്ടന്‍: ഞാന്‍ അവനെ ഒന്നു ഫോണ്‍ വിളിച്ചിട്ടുതന്നെ നാളുകളായി…അവനൊന്നും നമുക്ക് പറ്റിയ കമ്പനിയല്ല…
കുര്യാപ്പി: ഫോണേല്‍്ക്കൂടി ഏതാണ്ട് പൈസ കിട്ടുന്ന പരിപാടിയുണ്ട്…തന്റെയടുത്ത് ചെന്നാല്‍ പറഞ്ഞുതരുമെന്ന് പറഞ്ഞു…..
ചേട്ടന്‍: (ചിരിച്ചുകൊണ്ട്) കുര്യാപ്പിയല്ലാണ്ട് ആരെങ്കിലും അവന്‍ പറയുന്നത് വിശ്വസിക്കുമോ…കുര്യാപ്പി ഇത്രയ്ക്ക് ശുദ്ധനായിപ്പോയല്ലോ….ശരി…ശരി..ഞാനൊന്നു കിടക്കട്ടെ…(അകത്തേക്ക് പോകുന്നു)
കുര്യാപ്പി: (ആലോചിച്ച് നടക്കുന്നു) എന്തോ കള്ളത്തരമുണ്ട്…കണ്ടുപിടിച്ചിട്ട് തന്നെ കാര്യം…(ചുറ്റുംനോക്കി) ഇവിടെ പമ്മാം….(കയ്യാലയ്ക്കു പിന്നില്‍ ഒളിക്കുന്നു)
ചേട്ടന്‍ വാതിലു പാതി തുറന്ന് എത്തി നോക്കുന്നു.
ചേട്ടന്‍: (അകത്തേക്കു നോക്കി) അയാള് പോയെടീ…നീ വാ നമുക്ക് ഉത്തരമയയ്ക്കാം…
രണ്ടുപേരും കൂടി മൊബൈലേല്‍ ചെയ്യുന്നു.
ചേട്ടന്‍: അങ്ങനെ രജിസ്റ്റര്‍ ചെയ്തു…ഇനി വരട്ടെ ചോദ്യങ്ങള്‍ വരട്ടെ….ദാണ്ടെ വന്നു…
ചേടത്തി: യ്യോ..എത്ര സ്പീഡിലാ കാര്യങ്ങള്…
ചേട്ടന്‍: പിന്നല്ലാണ്ട്…സായിപ്പിന്റെ കാര്യങ്ങളെല്ലാം അങ്ങനെയാ…ആദ്യത്തെ പൈസ അടയ്ക്കാം…പോയി…ദാ വന്നു…
ചേടത്തി: നോക്കിക്കേ…എളുപ്പമുള്ള ചോദ്യങ്ങളാണോ…
ചേട്ടന്‍: ഹാ..ഇതു സിംപിള്…ഒന്നും ഒന്നും എത്ര…ഇന്ത്യയുടെ തലസ്ഥാനം…അമേരിക്കയിലെ കറന്‍സിയുടെ പേര്….ഹാ…എത്ര സിംപിള്‍…(കൈകൊണ്ടു കുത്തിക്കൊണ്ട്) അങ്ങോട്ടു ചെല്ലട്ട് ഉത്തരം…ദേണ്ടെ… വന്നു പൈസ….
ചേടത്തി:യ്യോ …ഇത്ര പെട്ടെന്ന് പൈസ കിട്ടിയോ…എന്നാ അടുത്തത് അയയ്ക്ക്…
ഉത്തരമെഴുതുന്നതിന്റെയും പൈസ അയയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍.
ചേട്ടന്‍: (കൈകളുയര്‍ത്തി വീശി) കിട്ടി പതിനായിരം….നിനക്കല്ലായിരുന്നോ സംശയം…പൈസ കിട്ടുമോയെന്ന്….
കുര്യാപ്പി: (ഒളിച്ചിരുന്ന്) അമ്പടാ ഭയങ്കരാ കാശു വാരുവാ അല്ലേ…എനിക്കും കൂടി രണ്ടുകാശു കിട്ടാന്‍ സമ്മതിക്കുകേല…നേരെ കയറിച്ചെന്നാലോ…വേണ്ട ഒരു ലക്ഷം കിട്ടട്ടെ..അന്നേരം കയറിച്ചെല്ലാം….
ചേടത്തി: എന്നാലിനി അമ്പതിനായിരം അടയ്ക്ക്…എന്നാല്‍ ഒരു ലക്ഷം കിട്ടുകേലെ….ചോദ്യമൊക്കെ നിസാരമല്ലേ…അതുകൊണ്ട് കിട്ടും….
ചേട്ടന്‍: കിട്ടാതെ എവിടെ പോകാന്‍…ഇനി വേറെ ഒരു പരിപാടിയും ഇല്ല…എല്ലാ ദിവസവും രാവിലെ മൊബൈലെടുക്കുന്നു കാശുവാരുന്നു….പത്തുദിവസം കൊണ്ട് പത്തുലക്ഷമാ കിട്ടുന്നത്…പിന്നെ നമുക്ക് വാഗമണില്‍ റിസോര്‍ട്ടെടുത്ത് ഉത്തരമെഴുതാം…ഇവിടെയിരുന്നാല്‍ ഒരു മൂഡു കിട്ടില്ല…
ചേടത്തി: നിങ്ങള് ഉള്ള മൂഡു പോകുന്നതിനു മുന്നേ കാശ് അയയ്ക്ക്…..
ചേട്ടന്‍; ദാ..ബമ്പറടിക്കാന്‍ പോകുന്നു…അയച്ചു…വരട്ടെ ..ചോദ്യം വരട്ടെ…ചോദ്യം വരട്ടെ….
ചേടത്തി: ഇതെന്നാ താമസിക്കുന്നത്….നേരത്തെ പെട്ടെന്ന് പെട്ടെന്ന് വരുമായിരുന്നല്ലോ….
ചേട്ടന്‍: ഒരു ലക്ഷം രൂപേടെ ചോദ്യമല്ലേ…ഇത്തിരി താമസിക്കും…വരട്ടെ….
ചേടത്തി: വരട്ടെ…വരട്ടെ…(സംശയത്തോടെ) ഇനി വരാതിരിക്കുമോ…
ചേട്ടന്‍: കരിനാക്കു വളച്ചൊന്നും പറയാതെടീ…അമ്പതിനായിരം രൂപയാ സായിപ്പിന്റെ കയ്യിലോട്ടു പോയത്…യ്യോ…ദേ എല്ലാം പോയി…കറുപ്പു നിറം …ഒന്നും കാണുന്നില്ല…
ചേടത്തി: കാണിച്ചേ….യ്യോ…ചെയ്‌തോണ്ടിരുന്നതെല്ലാം എന്തിയേ…
ചേട്ടന്‍: എനിക്കൊന്നുമറിയില്ലേ….നീ കുഞ്ഞപ്പനെ വിളിച്ചേ…എന്റെ കണ്ണിലിരുട്ടു കയറുന്നു….
ചേടത്തി: (ഫോണെടുത്തു വിളിക്കുന്നു) കുഞ്ഞപ്പന്‍ എടുക്കുന്നില്ല…
ചേട്ടന്‍ കസേരയില്‍ പുറകോട്ടു മറിയുന്നു.
ചേടത്തി: (ചേട്ടന്‍ പുറകോട്ടു മറിയുന്നത് കണ്ടിട്ട്) യ്യോ…ആരെങ്കിലും ഓടിവരണേ…ചേട്ടന്‍ പോയേ….
കുര്യാപ്പി ഒളിഞ്ഞിരിക്കുന്നിടത്തുനിന്നും ചാടിവരുന്നു.
കുര്യാപ്പി: എന്നാ പറ്റി…കാശുകാരനായോ…
ചേട്ടന്‍: (കണ്ണുതുറന്ന്) കാശുകാരന്‍ തന്റെ…..(തല വശത്തോട്ട് ചെരിച്ച്) എന്റെയെല്ലാം പോയേ…താനിവിടെ പാത്തിരിപ്പുണ്ടായിരുന്നല്ലേ…
കുര്യാപ്പി: (പത്രമെടുത്ത് ചേട്ടനെ വീശുന്നു) ഒരാവശ്യം വന്നാല്‍ ഓടിവരണമല്ലോയെന്നു കരുതി ഇരുന്നതാ…
ഫോണ്‍ ബെല്ലടിക്കുന്നു.
ചേടത്തി: ദേണ്ട്…കുഞ്ഞപ്പന്‍ വിളിക്കുന്നു…
ചേട്ടന്‍: എനിക്കൊന്നും മിണ്ടാന്‍ പറ്റുകേല…നീയെടുക്ക്…ഞാനങ്ങോട്ടു വരുവാന്ന് പറ…
ചേടത്തി:(ഫോണെടുത്ത്) ദേ..ചേട്ടനിവിടെ വീണു കിടക്കുവാ…എണീറ്റാല്‍ ഉടനേ അങ്ങോട്ടുവരും..,..ങേ…ങാ…ശരി പറഞ്ഞേക്കാം…
ചേട്ടന്‍: (കൈകൊണ്ട് ആംഗ്യം കാണിച്ച്) എന്നതാ അവന്‍ പറഞ്ഞത്….
ചേടത്തി: അങ്ങോട്ടു ചെല്ലണ്ടെന്ന്…കുഞ്ഞപ്പന്റെകാശും പോയി…അയാള് അടുത്ത പഞ്ചായത്തിലെത്തി…വീട്ടില്‍ ഭാര്യ അരിവാളുമായിട്ട് നില്‍ക്കുവാന്ന്….
കുര്യാപ്പി: കുഞ്ഞപ്പന്റെ ഭാര്യ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നതാ…
ചേട്ടന്‍: (ക്ഷീണസ്വരത്തില്‍) അതെന്നാ തനിക്കിതിനു മുന്നേ അനുഭവം വല്ലതുമുണ്ടോ… (ഭാര്യ എണീറ്റു പോകുന്നത് കണ്ടിട്ട്) നീ എവിടെ പോകുവാ…
ചേടത്തി: അരിവാളെടുക്കാന്‍…
ചേട്ടന്‍: എന്റെ കാര്യത്തില്‍ ഇന്നു തീരുമാനമായി…(വീശുന്ന കുര്യാപ്പിയുടെ കൈപിടിച്ച്) താനിപ്പം പോകരുത്…കുറച്ചുനേരം അവിടെ നില്‍ക്ക്….
കുര്യാപ്പി: (കൈവിടുവിച്ച് നടന്നുകൊണ്ട്) മോട്ടര്‍ ഓണാക്കിയിട്ടിട്ടാ വന്നത്…നിര്‍ത്തണം….(ഓടിയിട്ട് തിരിഞ്ഞ് നിന്ന്) അല്ലേലും ചോര കണ്ടാല്‍ എനിക്കു തലകറങ്ങും.
ചേട്ടന്‍: സായിപ്പും കുഞ്ഞപ്പനും കൂടി എന്നെ വഴിയാധാരമാക്കിയേ….(തളര്‍ന്നു വീഴുന്നു)