ആ രാത്രി കാറിനുള്ളില്‍ സംഭവിച്ചതെന്ത്?

Date:

സ്‌നേഹിച്ച പുരുഷനോടൊപ്പം, തന്റെ ഉദരത്തില്‍ വളരുന്ന ജീവന്റെ തുടിപ്പറിഞ്ഞ് അവള്‍ യാത്ര ചെയ്യുകയായിരുന്നു. അവളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കഷ്ടിച്ച് മിനിറ്റുകളുടെ ആയുസ്സേ ഉള്ളെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ റോഡില്‍ ആ കറുത്ത രാത്രിയില്‍ കത്തിയമര്‍ന്ന കാറില്‍ നിന്നുയര്‍ന്ന തീനാളങ്ങള്‍. അതില്‍ പിടഞ്ഞുമരിച്ച ഒരമ്മയും അവളുടെ ഉദരത്തില്‍ ലോകത്തിന്റെ വെളിച്ചത്തിലേക്ക് പിറക്കാന്‍ കൊതിച്ചിരുന്ന ഒരു പിഞ്ചുകുഞ്ഞും.
പേരാമ്പ്ര പാലേരി കല്ലിക്കണ്ടി വീട്ടില്‍ സോനയെന്ന ഇരുപത്തിയെട്ടുകാരിയുടെ മരണം വെറുമൊരു അപകടമല്ല, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുമ്പോള്‍… കേരളം ഞെട്ടലോടെ ചോദിക്കുന്നു… ആരാണ് സോനയെ കൊന്നത്? പ്രണയവഞ്ചനയുടെ ഇരയാണോ അവള്‍? ആ രാത്രിയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്.
മേയ് 15, വെള്ളിയാഴ്ച രാത്രി ഏകദേശം ഒന്‍പതര മണി. കോഴിക്കോട്ടെ പ്രശസ്ത ഗൈനക്കോളജിസ്റ്റിനെ കണ്ട് സന്തോഷത്തോടെ ഭര്‍ത്താവ് രജിന്‍ലാലിനൊപ്പം മടങ്ങുകയായിരുന്നു സോന. വീടെത്താന്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ വെച്ച് ആ മാരുതി സ്വിഫ്റ്റ് കാറില്‍ നിന്ന് പെട്ടെന്ന് ഒരു സ്‌ഫോടന ശബ്ദം കേള്‍ക്കുന്നത്.
തൊട്ടടുത്ത നിമിഷം കാറിനുള്ളില്‍ നിന്ന് ആളിപ്പടര്‍ന്ന തീപ്പന്തം കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. വസ്ത്രത്തില്‍ തീപിടിച്ച നിലയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഭര്‍ത്താവ് രജിന്‍ലാല്‍ പുറത്തേക്ക് ചാടി. സമീപത്തെ തോട്ടിലേക്ക് ചാടിയാണ് അയാള്‍ ശരീരത്തിലെ തീ അണച്ചത്. നാട്ടുകാര്‍ ഓടിക്കൂടി വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും ആരും അറിഞ്ഞിരുന്നില്ല… ആ കാറിന്റെ പിന്‍സീറ്റിനടിയില്‍ ഒരു ജീവന്‍ കരിഞ്ഞു തീരുകയായിരുന്നുവെന്ന്!
ആദ്യം ഇതൊരു സാധാരണ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ നേരം പുലര്‍ന്നതോടെ കഥ മാറി. സംഭവസ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും ഒരേ സ്വരത്തില്‍ പറഞ്ഞു- ‘ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല!’
സാധാരണയായി കാറിന് തീപിടിച്ചാല്‍ ബോണറ്റിനടിയിലെ എന്‍ജിന്‍ ഭാഗത്ത് നിന്നാണ് പുക ഉയരുക. എന്നാല്‍ ഇവിടെ കാറിന്റെ എന്‍ജിനോ, എയര്‍ കണ്ടീഷണറോ, റേഡിയേറ്ററോ കത്തുകപോലും ചെയ്തിട്ടില്ല. കാറിന്റെ ഇന്ധന ടാങ്ക് സുരക്ഷിതമാണ്. തീ പടര്‍ന്നത് കാറിന്റെ പിന്‍ഭാഗത്തുനിന്നാണ്. അങ്ങനെയെങ്കില്‍ ആ കാറിനുള്ളില്‍ ആരാണ് തീ ഒളിച്ചുവെച്ചത്? കാറിനുള്ളില്‍ മാരകമായ എന്തോ കത്തുന്ന ദ്രാവകം മനഃപൂര്‍വം വെച്ച് കത്തിച്ചതാണോ എന്ന സംശയം ഫോറന്‍സിക് സംഘവും തള്ളിക്കളയുന്നില്ല.
രജിന്‍ലാല്‍-സോന ദാമ്പത്യത്തിന്റെ ഭൂതകാലത്തിലേക്ക് നോക്കിയാല്‍ ദുരൂഹതകളുടെ മറ്റൊരു അധ്യായം തുറക്കും. രജിന്‍ലാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്താണ് സോഷ്യല്‍ മീഡിയ വഴി സോനയുമായി പ്രണയത്തിലാകുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷം നാട്ടിലെത്തിയ രജിന്‍ലാല്‍ സോനയെ ചതിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സോന വടകരയില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. അന്ന് നാട്ടുകാരും റെയില്‍വേ പൊലീസും ചേര്‍ന്നാണ് അവളെ രക്ഷിച്ചത്.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിന്‍ലാല്‍ സമ്മതിക്കുന്നത്. അങ്ങനെ 2023-ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹശേഷവും അവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ മുളപൊട്ടി. അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടോ എന്ന് സോന സംശയിച്ചിരുന്നതായും, പലദിവസങ്ങളിലും താന്‍ പട്ടിണിയിലായിരുന്നുവെന്നും സോന പറഞ്ഞിരുന്നതായി കുടുംബം വെളിപ്പെടുത്തുന്നു.
സോനയെ ഒഴിവാക്കാനായി രജിന്‍ലാല്‍ കൃത്യമായി പ്ലാന്‍ ചെയ്ത കൊലപാതകമാണിതെന്നാണ് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ ആരോപിക്കുന്നത്.
മരണവിവരമറിഞ്ഞിട്ടും രജിന്‍ലാലിന്റെ കുടുംബക്കാര്‍ ആരും തന്നെ സോനയുടെ വീട്ടിലേക്ക് വരികയോ വിവരങ്ങള്‍ തിരക്കുകയോ ചെയ്തിട്ടില്ല. ഈ നിസ്സംഗത കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നിലവില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനാല്‍ പൊലീസിന് ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ കമ്മീഷനും ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണ് സോനയുടെ കുടുംബം.
സ്‌നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാന്‍ കൊതിച്ച്, ഒടുവില്‍ ഗര്‍ഭപാത്രത്തിലെ കുഞ്ഞുമൊത്ത് കരിഞ്ഞുതീരേണ്ടി വന്ന സോനയുടെ മരണം ഒരു ആസൂത്രിത കൊലപാതകമാണോ? അതോ ദാരുണമായ അപകടമോ? സോനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന്റെ തുടരന്വേഷണവും ഈ ചോദ്യങ്ങള്‍ക്ക് വൈകാതെ ഉത്തരം നല്‍കും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സില്‍വര്‍ ലൈന്‍ ഒടുവില്‍ പൂട്ടി! ഇനി കേരളത്തിന് എന്ത് സംഭവിക്കും?

കേരളം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത, ലക്ഷങ്ങള്‍ ചെലവഴിച്ച, 'സില്‍വര്‍ലൈന്‍' പദ്ധതി ഔദ്യോഗികമായി...

കോക്രോച്ച് ജനത പാര്‍ട്ടി (CJP): ഡിജിറ്റല്‍ കാലത്തെ ‘പാറ്റ’ വിപ്ലവം!

ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. ഭൂമിയില്‍ ഒരു ആണവയുദ്ധം ഉണ്ടായാല്‍,...

നമ്പര്‍ 13: പുതിയ മന്ത്രിമാരും, ലോകം പേടിക്കുന്ന ‘Triskaidekaphobia’-യും!

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. വണ്ടികളൊക്കെ റെഡിയാണ്. ഒന്നാം...

റഷ്യന്‍ എണ്ണയുടെ ലാഭം എവിടെ പോയി?

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരിക്കുകയാണ്.ഇന്ന് പെട്രോളിന്...