നാണംകെട്ട് ‘അമ്മ’! ജീവിതത്തിലും അഭിനയം; പുറത്തുവരുന്നത് നാണംകെട്ട കഥകള്‍

Date:

മലയാള സിനിമയിലെ വലിയേട്ടന്മാരും തമ്പുരാക്കന്മാരും ചേര്‍ന്ന് നടത്തുന്ന ‘അമ്മ’ എന്ന സംഘടന ഇപ്പോള്‍ വെറുമൊരു തട്ടിക്കൂട്ടു സംഘടനയായി മാറിയിരിക്കുന്നു. എന്തിനാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു താരസംഘടന രൂപീകരിച്ചത്? ആ ലക്ഷ്യം ഇവര്‍ എന്നോ മറന്നുപോയി. സാധാരണഅംഗങ്ങള്‍ക്ക് വേണ്ടി ഇവര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇല്ല എന്നുതന്നെ പറയാം.
കുറച്ചു താരങ്ങള്‍ വരുന്നു, എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന് കമ്മിറ്റി കൂടുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് വലിയ വാക്കുകളില്‍ ചിരിയും കളിയുമായി ഷോ നടത്തുന്നു. എല്ലാം വെറും അഭിനയം! വെള്ളിത്തിരയിലെ ആ പളപളപ്പും ജാഡയും സ്വന്തം ജീവിതത്തിലും കൊണ്ടുനടക്കാന്‍ ചിലര്‍ നടത്തുന്ന ചീഞ്ഞ നാടകങ്ങള്‍ മാത്രമാണിത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഇത്രയും വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും, ഇവര്‍ക്ക് ഒരു നാണവുമില്ലാതെ സ്വയം ന്യായീകരിച്ച് മെഴുകാന്‍ എങ്ങനെ സാധിക്കുന്നു? ‘അമ്മ’യ്ക്കുള്ളിലെ നാണംകെട്ട ആഭ്യന്തര കലഹങ്ങളുടെ ചുരുളഴിയുകയാണ്.

എന്തിനായിരുന്നു സംഘടന? ഇന്നത്തെ അവസ്ഥ എന്ത്?
മലയാള സിനിമയിലെ പാവപ്പെട്ട കലാകാരന്മാരെ സഹായിക്കാന്‍, അവര്‍ക്കൊരു തണലാകാന്‍ വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഘടന ഉണ്ടാക്കിയത്. രോഗബാധിതരായവര്‍ക്ക് ചികിത്സാസഹായം നല്‍കുക, പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങാകുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്.
ഇന്ന് സംഘടന വന്‍കിട മുതലാളിമാരായ കുറച്ചു താരങ്ങളുടെ അഹങ്കാരം കാണിക്കാനുള്ള വേദിയാണ്. താഴേത്തട്ടിലുള്ള അംഗങ്ങളോ എന്തിനേറെ പറയുന്നു… സ്വന്തം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പാവപ്പെട്ട വനിതാ അംഗങ്ങളോ അനുഭവിക്കുന്ന ദുരിതം കാണാന്‍ ഈ ‘അമ്മ’യ്ക്ക് കണ്ണില്ല. സ്വന്തം ഇമേജ് നിലനിര്‍ത്താനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളാകാനും മാത്രമാണ് ഭാരവാഹികള്‍ക്ക് താല്പര്യം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഒടുങ്ങാത്ത മെഴുക്കലും
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മലയാള സിനിമാ ലോകം മുഴുവന്‍ നാണിച്ചുപോയി. സിനിമയിലെ അണിയറകളില്‍ നടക്കുന്ന ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഏതൊരു സാധാരണക്കാരന്റെയും ചോര തിളയ്ക്കുന്ന വാര്‍ത്തകള്‍. എന്നിട്ടും ഈ സംഘടനയിലെ നേതാക്കള്‍ക്ക് ഒരു കുലുക്കവുമില്ലായിരുന്നു.
തെറ്റുകള്‍ തിരുത്തുന്നതിന് പകരം, ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം, കുറ്റവാളികളെ സംരക്ഷിക്കാനും സ്വയം ന്യായീകരിച്ച് മെഴുകാനുമാണ് ഇവര്‍ ശ്രമിച്ചത്. ‘ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല, ഞങ്ങളുടെ ഇടയില്‍ കാസ്റ്റിംഗ് കൗച്ചില്ല’ എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ ജനങ്ങളെ പുച്ഛിച്ചു തള്ളുന്നതിന് തുല്യമായിരുന്നു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന ബോധം പോലും ഇവര്‍ക്കില്ലാതെ പോയി.

പൊട്ടിത്തെറിക്ക് കാരണമായ അന്‍സിബയുടെ വെളിപ്പെടുത്തല്‍
ഈ മെഴുക്കലുകള്‍ക്കും നാടകങ്ങള്‍ക്കുമേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസന്റെ രാജി. സംഘടനയ്ക്കുള്ളില്‍ പുകയുന്ന വര്‍ഗീയതയും ഗ്രൂപ്പിസവും അന്‍സിബ പരസ്യമായി വിളിച്ച് പറഞ്ഞതോടെ ഈ താരങ്ങളുടെ പൊയ്മുഖം പൂര്‍ണ്ണമായും അഴിഞ്ഞുവീണു.
ടിനി ടോം തനിക്കെതിരെ മതപരമായ അധിക്ഷേപം നടത്തിയെന്നാണ് അന്‍സിബ വെളിപ്പെടുത്തിയത്. താന്‍ ഒരു ‘ജിഹാദി’ ആണെന്നും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നും ടിനി ടോം മറ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചതായി അന്‍സിബ പറയുന്നു. അന്‍സിബയ്‌ക്കെതിരെ വേറൊരു താരം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ സംഭവങ്ങളുടെയെല്ലാം അരങ്ങേറ്റം.
ഇതിനെതിരെ പ്രതികരിക്കേണ്ട, നടപടികളെടുക്കേണ്ട പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പക്ഷം ചേരാനും പരാതികള്‍ ഒതുക്കാനുമാണ് ശ്രമിച്ചത്.

തൊഴില്‍ പീഡനവും ഒതുക്കിതീര്‍ക്കലുകളും
ഇതൊക്കെ പോട്ടെ, സ്വന്തം ഓഫീസിലെ ഒരു വനിതാ ജീവനക്കാരിക്ക് പോലും ഈ സംഘടനയില്‍ സുരക്ഷിതത്വമില്ല. ട്രഷററായ നടന്‍ ഉണ്ണി ശിവപാലില്‍ നിന്നും തനിക്ക് കടുത്ത തൊഴില്‍ പീഡനവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നുവെന്ന് ആ ജീവനക്കാരി പരാതി നല്‍കിയിട്ടും എന്താണ് സംഭവിച്ചത്? ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ആ പരാതി പൂഴ്ത്തിവെക്കാന്‍ നോക്കി! ഒടുവില്‍ മറ്റ് അംഗങ്ങള്‍ ബഹളം വെച്ചപ്പോഴാണ് ഉണ്ണി ശിവപാലിനെ പേരിനൊന്ന് ലീവില്‍ വിട്ടത്.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ ചരിത്രത്തിലാദ്യമായി ഒരു വനിതാ ഭരണസമിതി വന്നപ്പോഴാണ് ഈ നാണംകെട്ട ഒതുക്കിതീര്‍ക്കലുകള്‍ നടക്കുന്നത് എന്നത് എത്രത്തോളം അപഹാസ്യമാണ്!

‘കമ്മിറ്റി പിരിച്ചുവിടൂ, അഭിനയം നിര്‍ത്തൂ!’
ബാബുരാജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഈ സംഭവങ്ങളില്‍ പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഈ ഭരണസമിതി നാണംകെട്ടതാണ്, ഇത് അടിയന്തരമായി പിരിച്ചുവിടണം’ എന്നാണ് അവരുടെ ആവശ്യം. അന്‍സിബയുടെ പരാതി വായിച്ചാല്‍ ആരുടെയും തല കറങ്ങിപ്പോകുമെന്ന് ബാബുരാജ് പറയുന്നു. ഈ പ്രതികരിക്കുന്ന മുതിര്‍ന്ന അംഗങ്ങളുടെയും മുന്‍കാല പ്രവര്‍ത്തനങ്ങള്‍ നിഴല്‍ വീണതാണ്.
വെള്ളിത്തിരയില്‍ നായകന്മാരായി വന്ന് ഡയലോഗ് അടിക്കുന്ന പലരുടെയും യഥാര്‍ത്ഥ മുഖം ഇതാണ്. ഉള്ളില്‍ മുഴുവന്‍ അസൂയയും ഗ്രൂപ്പ് കളിയും വര്‍ഗീയതയും വെച്ചുകൊണ്ട്, പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇവര്‍ ‘അമ്മ’ എന്ന പേരില്‍ വലിയ സ്‌നേഹം അഭിനയിക്കുകയാണ്.
മലയാള സിനിമയിലെ പ്രേക്ഷകരോടാണ്… ടിക്കറ്റെടുത്ത് തിയേറ്ററില്‍ പോയി നമ്മള്‍ കാണുന്ന ഈ താരങ്ങളുടെ യഥാര്‍ത്ഥ ജീവിതം വെറും പൊള്ളയാണ്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ടും തിരുത്താന്‍ തയ്യാറാകാത്ത, സ്വന്തം സഹപ്രവര്‍ത്തകരെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന ഇവരുടെ സംഘടനയ്ക്ക് ഇനി മുന്നോട്ടു പോകാന്‍ എന്ത് യോഗ്യതയാണുള്ളത്? ഈ ഭരണസമിതി പൂര്‍ണ്ണമായും പിരിച്ചുവിട്ട് പുതിയൊരു നേതൃത്വം വന്നില്ലെങ്കില്‍ ഈ സംഘടന തകര്‍ന്നടിയും എന്നതില്‍ ഒരു സംശയവുമില്ല.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്: രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ച് ഇന്ധനവിലയില്‍ വീണ്ടും...

ബംഗാളില്‍ തെറ്റ്… കേരളത്തില്‍ ശരി?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ്...

കോട്ടിട്ട പാറ്റയ്ക്ക് എന്തു സംഭവിക്കും?

ഫോണ്‍ തുറന്നാല്‍ ഇപ്പോള്‍ ഒരൊറ്റ ശബ്ദമേയുള്ളൂ. കോക്രോച്ച് ജനതാ പാര്‍ട്ടി! അഥവാ...

മെലോണിയും മോദിയും; ‘മെലഡി’ ഡിപ്ലോമസി!

'മെലഡി ഇത്ത്‌നി ചോക്ലേറ്റി ക്യൂ ഹേ?' - വര്‍ഷങ്ങളായി നമ്മള്‍ ടിവിയില്‍...