സിജെപിയുടെ ഡിജിറ്റല്‍ വിപ്ലവം പരാജയപ്പെട്ടോ? വാങ്ചുകിന്റെ നിരാഹാരത്തെ കേന്ദ്രം അവഗണിക്കുന്നതെന്ത്?

Date:

ഒരു മനുഷ്യന്‍. 18 ദിവസമായി അയാള്‍ നിരാഹാരത്തിലാണ്. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് മരണത്തോട് മല്ലിടുകയാണ്. ഡോക്ടര്‍മാര്‍ പറയുന്നു, അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിക്കഴിഞ്ഞു. ഏതു നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം.

പക്ഷേ, ഡല്‍ഹിയുടെ അധികാര ഇടനാഴികളില്‍ നിന്ന് ഒരു പ്രതികരണവുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ സമരത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. ഒരു ചര്‍ച്ചയ്ക്ക് പോലും അവര്‍ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണ് ഈ നിശബ്ദത? സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പിന്തുണച്ച ഒരു സമരം, ഇന്ന് ഡല്‍ഹിയുടെ തെരുവില്‍ ഒറ്റപ്പെട്ടുപോയോ?

പ്രക്ഷോഭത്തിന് പിന്നില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി എന്ന കൂട്ടായ്മയാണ്. ചീഫ് ജസ്റ്റീസ്ിന്റെ ഒരു പാരമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിന്നാണ് കോക്കറോച്ച് ജനത പാര്‍ട്ടിയുടെ തുടക്കം. സോഷ്യല്‍മീഡിയയില്‍ ഒരു മീമായി തുടക്കം. പിന്നെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ അതേറ്റെടുക്കുകയായിരുന്നു. സ്ഥാപകന്‍ അഭിജിത് ദിപ്‌കെ സോഷ്യല്‍ മീഡിയയില്‍ താരമായി. തുടര്‍ന്ന് നീറ്റ് പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ രംഗത്തിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഈ സമരം തുടങ്ങിയത്. വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയുള്ള പോരാട്ടമായി അതുമാറി.

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ആളുകള്‍ ഈ ക്യാമ്പയിന്‍ ഏറ്റെടുത്തു. അങ്ങനെയാണ് ആ ഡിജിറ്റല്‍ വിപ്ലവം ജന്തര്‍ മന്ദിറിലെ തെരുവിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുന്നത്.

അമേരിക്കയില്‍ നിന്നും അഭിജിത് ദിപ്‌കെയുടെ വരവും ജന്തര്‍മന്തിറിലെ പ്രക്ഷോഭത്തിന്റെ പ്രഖ്യാപനവുമൊക്കെയായി തുടക്കത്തില്‍ വലിയ ആവേശമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ലൈക്കുകളും ഷെയറുകളും സമരപ്പന്തലില്‍ ആളുകളായി മാറിയില്ല. ഓണ്‍ലൈനില്‍ പിന്തുണച്ചവര്‍ ആരും സമരപന്തലിലേകക്കെത്തിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ഈ അവഗണന സഹിക്കവയ്യാതെയാണ് സിജെപിയെ പിന്തുണച്ചെത്തിയ സോനം വാങ്ചുക് നേരിട്ട് നിരാഹാര സമരത്തിലേക്ക് ഇറങ്ങിയത്.

ഇന്ന് നിരാഹാരം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. എന്നിട്ടും ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ പോലും അദ്ദേഹത്തെ വന്ന് കണ്ടിട്ടില്ല. സമരക്കാര്‍ ചോദിക്കുന്നത് ഒന്നേയുള്ളൂ: ‘ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഞങ്ങളോട് ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറാകാത്തത്?’

ഇവിടെയാണ് നമ്മള്‍ പ്രധാനപ്പെട്ട ഒരു കാര്യം ചിന്തിക്കേണ്ടത്. ഇത് വെറുമൊരു അശ്രദ്ധയല്ല. ഇതൊരു കൃത്യമായ തന്ത്രമാണ്. ‘അവഗണിച്ചു തളര്‍ത്തുക’ എന്ന തന്ത്രം.

സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനെ വിടുകയോ, ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്താല്‍ അത് വലിയ വാര്‍ത്തയാകും. അന്താരാഷ്ട്ര തലത്തില്‍ നാണക്കേടാകും. അതിലും എളുപ്പമുള്ള വഴി എന്താണ്? ഒട്ടും ‘മൈന്‍ഡ്’ ചെയ്യാതിരിക്കുക.

സമരക്കാരെ പൂര്‍ണ്ണമായി അവഗണിക്കുക. അവരുമായി ഒരു ചര്‍ച്ചയ്ക്കും പോകാതിരിക്കുക. അപ്പോള്‍ എന്ത് സംഭവിക്കും? ദിവസങ്ങള്‍ കഴിയുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത അല്ലാതാകും. ക്യാമറകള്‍ പന്തല്‍ വിട്ടുപോകും. പൊതുജനങ്ങള്‍ക്ക് താല്പര്യം കുറയും. ഒടുവില്‍ സമരം ചെയ്യുന്നവര്‍ തനിയെ തളര്‍ന്ന് പിന്മാറും. ഈ തന്ത്രമാണ് ഇപ്പോള്‍ സിജെപിക്കു നേരെയും പ്രയോഗിക്കുന്നത്.

രണ്ടാമത്തെ കാരണം, സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യതയാണ്. ഓണ്‍ലൈനില്‍ കോളിളക്കം ഉണ്ടാക്കാന്‍ എളുപ്പമാണ്. പക്ഷെ, അത് വോട്ടായി മാറില്ല എന്ന് സര്‍ക്കാരിന് നന്നായി അറിയാം. ഡിജിറ്റല്‍ പിന്തുണയെ ഭരണകൂടം ഭയപ്പെടുന്നില്ല. തെരുവില്‍ വന്‍ ജനക്കൂട്ടം ഉണ്ടായാല്‍ മാത്രമേ ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ അനങ്ങൂ. സിജെപിയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. ഓണ്‍ലൈനിലെ തരംഗം നേരിട്ടുള്ള സമരത്തില്‍ കാണാത്തതുകൊണ്ട് സര്‍ക്കാര്‍ ഇതിനെയൊരു ഭീഷണിയായി കാണുന്നില്ല.

കൂടാതെ, മുഖ്യധാരാ മാധ്യമങ്ങളും ഈ സമരത്തെ കൈവിട്ടു. വലിയ ചാനലുകളോ പത്രങ്ങളോ സോനം വാങ്ചുകിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിക്കുന്നില്ല. മാധ്യമങ്ങള്‍ കൂടെയില്ലെങ്കില്‍ സമരം ജനങ്ങളിലേക്ക് എത്തില്ല എന്ന് സര്‍ക്കാരിന് കൃത്യമായ ഉറപ്പുണ്ട്.

പക്ഷേ, ഈ അവഗണന ഇങ്ങനെ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമരക്കാര്‍ അടുത്ത നീക്കം പ്രഖ്യാപിച്ചുകഴിഞ്ഞു. 20-ന് ജന്തര്‍ മന്ദിറില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഒരു വന്‍ മാര്‍ച്ച് നടക്കാന്‍ പോവുകയാണ്.

ഇത്രയും ദിവസം സമാധാനപരമായിരുന്ന ഒരു സമരം, ശക്തമായ പ്രതിഷേധത്തിലേക്ക് മാറിയേക്കാം. സോനം വാങ്ചുകിന്റെ ജീവന്‍ അപകടത്തിലായാല്‍, അത് രാജ്യത്തുടനീളമുള്ള യുവാക്കളെ തെരുവിലേക്ക് ഇറക്കും. അങ്ങനെയുണ്ടായാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.

ഒരു ഇന്ത്യന്‍ പൗരന്‍ തെരുവില്‍ നിരാഹാരം കിടക്കുമ്പോള്‍ അയാള്‍ എന്തിനുവേണ്ടി അവിടെ കിടക്കുന്നുവെന്ന് ആരായേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അക്രമരഹിതമായ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുന്ന ഒരുകൂട്ടര്‍ക്കുനേരെ ഭരണകൂടം കണ്ണടയ്ക്കുമ്പോള്‍ വരുംതലമുറയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെടും. പ്രതികരിച്ചിട്ട് കാര്യമില്ല, സര്‍ക്കാര്‍ ഒന്നും കേള്‍ക്കില്ല എന്ന ചിന്ത യുവാക്കളില്‍ പടരും. അത് ഭീകരമായ അവസ്ഥയാണ്.

ഭരണാധികാരികള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്താല്‍ മാത്രം പോരാ, അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാണ് ജനാധിപത്യം എന്ന് പറയുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...

പാകിസ്താന്‍ ചിതറുന്നു! ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; പിഒകെയില്‍ തെരുവ് യുദ്ധം!

ലോക സമാധാനത്തിന്റെ വലിയ ദൂതന്മാരായിട്ടാണ് അവര്‍ വിമാനം കയറിയത്. അമേരിക്കയും ഇറാനും...

ഇറാനെ കീഴടക്കാന്‍ അമേരിക്കയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ട്?

ലോകം ഇതുവരെ കാണാത്ത ഒരു സാമ്പത്തിക മഹാദുരന്തത്തിലേക്കാണോ നീങ്ങുന്നത്? അതിവേഗത്തിലാണ് കാര്യങ്ങള്‍...