പിള്ളേരെ തടയരുത്….അവര്‍ മുന്നോട്ടു വരട്ടെ…

Date:

ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോ കറങ്ങുന്ന കേസരയിലിരിക്കാന്‍ പറ്റിയ ഒരു ജോലി. വലിയ ഓഫീസ് റൂം. നീളത്തിലുള്ള മേശ..അതിന്റെ പിന്നിലങ്ങനെ കസേരയുടെ കൈപിടിയില്‍ കൈകുത്തി തലപിന്നിലേക്ക് ചായ്ച്ച് കറങ്ങിത്തിരിഞ്ഞ് …അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് സുന്ദരിയായ സെക്രട്ടറിക്ക് ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനുള്ള പോയിന്റുകള്‍ പറഞ്ഞു കോടുക്കുക. ..ഹാ…ഈ മനോഹര സ്വപ്‌നം അന്നത്തെ തലമുറയില്‍ ഒട്ടുമിക്കവരും തന്നെ കണ്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. അന്നു കാണുന്ന സിനിമകളിലും വായിക്കുന്ന നോവലുകളിലുമെല്ലാം നായകന്റെയും വില്ലന്റെയും പ്രധാന ഇരിപ്പിടം ഈ കറങ്ങുന്ന കസേരയായിരുന്നു. മിക്ക സിനിമയിലും വില്ലന്റെ ഇന്‍ട്രോ സീന്‍ കറങ്ങുന്ന കസേരയില്‍ ചുണ്ടത്ത് കടിച്ചു പിടിച്ച പൈപ്പും ഒരു കില്ലാഡി ചിരിയുമായങ്ങനെ കറങ്ങിവരുന്നതാണ്. ജോസ്പ്രകാശിനും മറ്റും കറങ്ങുന്ന കസേരയില്‍ നിന്ന് എണീല്‍ക്കാന്‍ നേരമുണ്ടായിരുന്നില്ല. ഇനി ഇടയ്‌ക്കെങ്ങാനും എണീറ്റാലോ അത് സ്റ്റണ്ടിനായിരിക്കും. അതിനുമുണ്ട് ബ്രാന്‍ഡഡ് സ്റ്റൈല്‍. ഓവര്‍ കോട്ടിന്റെ രണ്ടും തുമ്പും പിന്നിലോട്ട് മാറ്റി എളിക്ക് രണ്ടു കൈയും കുത്തിയുള്ള ഒരു നില്‍പുണ്ട്. ഒരു കാലത്ത് തിയേറ്ററുകളെ ത്രസിപ്പിച്ച സ്റ്റൈലുകളാ ഇതൊക്കെ.

ങാ..അതൊക്കെ പോട്ടെ..നമ്മളു പറഞ്ഞുവന്നത് കസേരയുടെയും ഓഫീസിന്റെയുമൊക്കെ കാര്യമാണ്. ഇന്ന് ഓഫീസുകളുടെ സെറ്റപ്പെല്ലാം മാറി. അതുപിന്നെ, ഇന്ന് കമ്പനികളില്‍ മാനേജര്‍ പോസ്റ്റില്ലല്ലോ…പകരം ടീം ലീഡറാണ്. അതിപ്പോ ടീമിലെ എല്ലാവരും കൂടി നാല് കേസര വലിച്ചിട്ട് വട്ടത്തിലിരിക്കുന്നു. കസേര കിട്ടിയവന്‍ കേസരയില്‍, അല്ലാത്തവന്‍ നിലത്തുവേണമെങ്കിലും ഇരിക്കും…. അതാണ് സ്റ്റൈല്‍. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസറുടെ കാബിനിലേക്ക് മേ ഐ കമിന്‍ സാര്‍…എന്ന് കൊട്ടിക്കയറി കയറുന്ന കാലം പോയി. എന്തിനേറെ പറയുന്നു രണ്ടു നേരമുള്ള ചായയും കടിയും വരെ നിന്നു. പകരം സോഫ്റ്റ് ഡ്രിങ്‌സും ബര്‍ഗറുമായി.

ചുമ്മാ തെറ്റിദ്ധരിക്കരുതേ…ഈ പറയുന്നതൊക്കെ പ്രൊഫഷണല്‍ സ്ഥാപനങ്ങളെക്കുറിച്ചാ. കാലം മാറിയാലും കോലം മാറില്ലെന്നു പറഞ്ഞപോലെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ദോഷം പറയരുതല്ലോ കെട്ടിടങ്ങളെല്ലാം നല്ല അടിപൊളിയായി പുതുക്കി പണിതു. ടൈല്‍സൊക്കെ ഇട്ടു. ആധുനിക സജ്ജീകരണങ്ങള്‍ പലതുമായി. പുത്തന്‍ കംപ്യൂട്ടറുകള്‍ വന്നു. പക്ഷേ കസേരിലിരിക്കുന്നവരുടെ സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നില്ല. അവരിപ്പഴും കിട്ടാനുള്ള ഇന്‍ക്രിമെന്റുകളെക്കുറിച്ചും ലീവ് സറണ്ടറിനെക്കുറിച്ചുമുള്ള ചര്‍ച്ചകളിലാണ്. അതിനിടെ അങ്ങോട്ടുവരുന്ന ജനത്തെ അത്രപിടുത്തവുമില്ല. ഒരു മിനിറ്റുകൊണ്ടു സാധിച്ചുകൊടുക്കേണ്ട കാര്യങ്ങള്‍ക്ക് ഒരു മാസംനടത്തിക്കും. ജനത്തിന്റെ നികുതിപ്പണം കൊണ്ടു തികയാഞ്ഞിട്ട് കടവും മേടിച്ചാണ് ശമ്പളവും പെന്‍ഷനും കൊടുക്കുന്നത്. അതൊന്നും അവരത്ര കാര്യമാക്കുന്നില്ല. സര്‍ക്കാരിനും അതില്‍ പിണക്കമൊന്നുമില്ല. ഇടയ്ക്കിടെ ശമ്പളവും ആനുകൂല്യവുമെല്ലാം കൂട്ടികൊടുത്തു കൊണ്ടേയിരിക്കും. ഇനി ഇടയ്‌ക്കെങ്ങാനും ജീവനക്കാര് കെറുവിച്ചാല്‍ അന്നേരം തന്നെ എങ്ങനെയും പിണക്കം മാറ്റും. അക്കാര്യത്തില്‍ മുന്നണി വ്യത്യാസമൊന്നുമില്ല. എന്നാല്‍ പാവം ജനത്തോട് ഒരു വിട്ടുവീഴ്ചയുമില്ല, ദയയുമില്ല. അവര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രം.

ഇതിനൊക്കെ ഒരു മാറ്റം വരണമെങ്കില്‍ ഇച്ഛാശക്തിയും ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയാറുമുള്ള നേതൃത്വം വരണം. അതെങ്ങനെവരാനാ… നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട എന്നു പറയുന്നപോലെ ഇപ്പോഴുള്ളവരില്‍ നുിന്നും ഏറെയൊന്നും പ്രതീക്ഷിക്കേണ്ട. അവര് യജമാന ഭക്തിയുള്ള അനുസരണയുള്ള അനുയായികളായി ശിഷ്ട ജീവിതം കൂടി കഴിക്കാന്‍ വിധിക്കപ്പെട്ടവരാ.. നേതാവിന് ഹോയ്..വിളിച്ച് അവര്‍ കാലം കഴിക്കും. ആരെങ്കിലും മാറി ചിന്തിച്ചാല്‍ അവര്‍ അരാഷ്ട്രീയവാദികളായി. നേതാവ് എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങളും എല്ലും പങ്കിട്ടുള്ള രാഷ്ട്രീയത്തിലൂടെയേ നേരം പുലരൂവെന്നാണ് അവര്‍ കരുതുന്നത്.

നാട്ടിലെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ആരോ എന്നെയും പിടിച്ച് ചേര്‍ത്തു. അതില്‍ രാഷ്ട്രീയ അന്തിചര്‍ച്ചകളാണ് കൂടുതലും. അങ്ങോട്ടുമിങ്ങോട്ടും പറച്ചിലും ചെളിവാരിയേറുമാണ് പ്രധാന പരിപാടി. ഞങ്ങളാണ് ശരിയെന്ന് പറഞ്ഞുറപ്പിക്കലാണ് എല്ലാവരും. പെട്ടെന്ന് ഒരു ദിവസം കുറച്ചു ന്യൂജെന്‍പിള്ളേര് അതിലേക്ക് വന്നത്. അവര്‍ വന്നതോടെ ചിത്രം മാറി. രസമുള്ള കമന്റുകള്‍…ചര്‍ച്ചകള്‍..സ്‌പോര്‍ട്‌സ്…എന്തിന് പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ നിഗൂഢതകളെക്കുറിച്ചും വരെയെത്തി സംസാരം. ബ്രോ…മച്ചാന്‍ വിളികള്‍ ഗ്രൂപ്പില്‍ നിറഞ്ഞു. നേരത്തെ ഈ വിളികള്‍ അത്ര ഇമ്പമുള്ളതായി തോന്നിയിരുന്നില്ല. പക്ഷേ, എന്തോ ഇവിടെ ഇഷ്ടക്കേടിന്റെ മൂടുപടമഴിഞ്ഞുവീണു.

അങ്ങനെ കാര്യങ്ങള്‍ ഇമ്പമായി പോകുമ്പോഴാണ് ഗ്രൂപ്പ് അഡ്മിന്റെ ഇണ്ടാസ് വന്നത്. ഇത്തരം ചര്‍ച്ചകള്‍ ഇവിടെ പാടില്ലത്രേ.. അങ്ങനെയുള്ളവര്‍ സ്വന്തമായി നേരിട്ടു നടത്തിക്കോണമെന്നായി അഡ്മിന്‍. പിള്ളേരുടെ രസമുള്ള ചര്‍ച്ചകള്‍ക്കിടെ തങ്ങളുടെ ഗോഗ്വാ വിളികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ട നിലയവിദ്വാന്മാരുടെ പ്രേരണയ്ക്ക് വഴങ്ങിയായിരുന്നു അഡ്മിന്റെ ഇടപെടലെന്നു വ്യക്തം. അതോടെ പിള്ളേര് കളംവിട്ടു. ഒരു മാതിരി ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെയായി ഗ്രൂപ്പ്. പൊട്ടാത്ത പടക്കങ്ങളുമായി നിലയവിദ്വാന്മാര്‍ വീണ്ടുമെത്തി അര്‍മാദിക്കാന്‍ തുടങ്ങി.

അഡ്മിന്റെ ഇടപെടലിനെതിരെയും പിള്ളേരെ പ്രോത്സാഹിപ്പിച്ചും കുറിപ്പിടണമെന്ന് ആദ്യം തോന്നി. പിന്നെയോര്‍ത്തു ഓ…അവരായി അവരുടെ പാടായി…എന്തിനാ വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ പോകുന്നത്. പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പിള്ളേര്‍ വാളെടുക്കുകയോ ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിപ്പോകുകയോ ചെയ്തില്ല. പക്ഷേ, മൂന്നാംപക്കം അവര്‍ തിരിച്ചു വന്നു. ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും അവര്‍ അടിപൊളിയായി. അവരായി ഗ്രൂപ്പില്‍ സജീവം. നിലയവിദ്വാന്മാരും ഫോര്‍വേര്‍ഡുകാരും പിന്നിലേക്ക് വലിഞ്ഞു. ഏറെ രസകരം അവശേഷിക്കുന്ന നിവയവിദ്വാന്മാരും ബ്രോ…മച്ചാന്‍ വിളി തുടങ്ങിയെന്നതാണ്.

ഈ ന്യൂജെന്‍ ഇടപെടലാണ് നമ്മുടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുക. പിന്നിലേക്ക് നോക്കിയാല്‍ മുന്‍കാലങ്ങളിലുണ്ടായ മാറ്റങ്ങളും ഇങ്ങനെയൊക്കെയാണ് നടന്നത്. കാലം അങ്ങനെ തന്നെയാണ് മുന്നോട്ടും കരുതിവെച്ചിരിക്കുന്നത്. അത് സംഭവിച്ചേ തീരൂ…ആരൊക്കെ തടഞ്ഞാലും…

നാളത്തെ പുലരിയും പുതിയ തലമുറയുമാണ് ഏക പ്രതീക്ഷ.

.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...