കഴിഞ്ഞദിവസം ഒരു സ്വകാര്യബസില്‍ കയറിയപ്പോള്‍ കണ്ടക്ടറെ നല്ല പരിചയം. അയാളുടെ ചുറുചുറുക്കോടെയുള്ള ജോലിയും യാത്രക്കാരെ ഇടിച്ചു കയറ്റികൊണ്ടുപോകാനുള്ള നയവുമാണ് ശ്രദ്ധിക്കാന്‍ കാരണം. എന്റെയടുത്തു വന്നപ്പോള്‍ അങ്ങേര്‍ക്കു ചെറിയൊരു ചമ്മല്….ഒന്നുകൂടി റിവൈന്‍ഡ് ചെയ്തു നോക്കി… എവിടെവെച്ചാണ് പരിചയം. ഈ ബസില്‍ അയാളെ അങ്ങനെ കണ്ടിട്ടില്ല. പെട്ടെന്നാണ് മിന്നിയത്. കക്ഷി കെഎസ്ആര്‍ടിസിബസിലെ കണ്ടക്ടറായിരുന്നു. കോട്ടയത്തിനു പതിവായി പൊയ്ക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലെ കണ്ടക്ടര്‍.
അക്കാലത്ത് ഇയാളുമായിട്ട് ചെറിയ ഒരു തര്‍ക്കവുമുണ്ടായി. കോട്ടയത്തിനടുത്ത് എനിക്കിറങ്ങാനുള്ള സ്റ്റോപ്പായ എസ്എച്ച് മൗണ്ടില്‍ വണ്ടി നിര്‍ത്തില്ല. അവിടെ സ്റ്റോപ്പില്ലെന്നാണ് ഇങ്ങേര് പറയുന്നത്. ഞാന്‍ പലവട്ടം ബലംപ്രയോഗിച്ചെന്ന മട്ടിലാണ് അവിടെ ഇറങ്ങിയിരുന്നത്. ഒരു ദിവസം രാവിലെ പാലായില്‍ നിന്നു കയറി സീറ്റിലിരുന്നപ്പോള്‍ ഈ കണ്ടക്ടറും ഡ്രൈവറുംകൂടി എന്റെയടുത്തുവന്ന് പറഞ്ഞു എസ്എച്ച് മൗണ്ടില്‍ ഇറങ്ങാനായിട്ടാണെങ്കില്‍ ഇതില്‍ കയറേണ്ട. അവിടെ സ്റ്റോപ്പുണ്ടല്ലോ എന്നായി ഞാന്‍. വഴങ്ങാതെ അവരും. ഇറങ്ങിപ്പോകാനുള്ള ചമ്മലു കാരണം ഞാന്‍ അവിടെ ഇരുന്നു. അന്ന് എസ്എച്ച് മൗണ്ടില്‍ വണ്ടി നിര്‍ത്തിയില്ല. നാഗമ്പടത്താണ് പോയി ഇറങ്ങിയത്.
ഞങ്ങളുടെയടുത്താണോ ഇവന്റെ കളിയെന്ന മട്ടില്‍ ഡ്രൈവറും കണ്ടകട്റും പുച്ഛരസത്തോടെ നോക്കി. ബസിറങ്ങി പിന്നിലേക്ക് നടക്കുമ്പോള്‍ അമര്‍ഷവും നിരാശയും അപമാനവും ഉള്ളില്‍ തിളച്ചു. അത് സ്വാഭാവികമല്ലേ. വൈകുന്നേരം മടങ്ങുന്നത് സ്വകാര്യ ബസിനാണ്. അവര്‍ ഓഫീസിനു മുന്നില്‍ വണ്ടി നിര്‍ത്തി കയറ്റും. സ്ഥിരം യാത്രയായതുകൊണ്ട് ഡിസ്കൗണ്ടും. ആ സ്ഥാനത്താണ് നഷ്ടത്തിലോടുന്ന, എന്റെ കൂടി നികുതിപ്പണം കൊണ്ട് ഓടുന്ന ആനവണ്ടിക്കാരുടെ ഹുങ്ക്. ഡിടിഒയ്ക്ക് നേരിട്ട് പരാതികൊടുത്ത് പിറ്റേന്നു മുതല്‍ സ്റ്റോപ്പില്‍ വണ്ടി നിര്‍ത്താന്‍ തുടങ്ങിയെന്നത് കഥയുടെ ബാക്കി.
ഈ കഥയിലെ നായകനാണ് ഇപ്പോള്‍ സ്വകാര്യബസിലെ കണ്ടക്ടര്‍. ഇങ്ങേര് എംപാനലുകാരനായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. ആനവണ്ടിയിലായിരുന്നപ്പോള് ഇങ്ങേര്‍ക്കെന്നാ പവറായിരുന്നു. വണ്ടി ഇടയ്ക്ക് നിര്‍ത്തിയാല്‍ ഇഷ്ടക്കേട്…. യാത്രക്കാരന് എന്തെങ്കിലും ചോദിച്ചാല്‍ വാ തുറക്കാന്‍ മടി. കണ്ടക്ടറുടെ സീറ്റിലോട്ട് വന്ന് ടിക്കറ്റെടുക്കാത്തതെന്താ എന്നമട്ടിലാണ് യാത്രക്കാരോടുള്ള പെരുമാറ്റം. ഒരു മിനിറ്റ് പോലും നില്ക്കാന് പറ്റില്ല. ഓടിയോടി വന്ന് കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കണം. അവിടെ പ്രായമായ ആരെങ്കിലുമാണ് ഇരിക്കുന്നതെങ്കില്പോലും എണീക്കെടാ എന്ന മനോഭാവത്തോടെ കുത്തിപ്പൊക്കും. ഇതിപ്പോ ഇവിടെ അങ്ങേര് സീറ്റുണ്ടേല്‍ പോലും ഇരിക്കുന്നില്ല. തകൃതിയായി ടിക്കറ്റ് കൊടുക്കുന്നു…ഡോറ് നോക്കുന്നു…സൈഡ് നോക്കുന്നു… മുന്നിലും പിന്നിലും പോകുന്ന ബസുകളുടെ സമയത്തെക്കുറിച്ച് ആരോടൊക്കെയോ ഫോണില്‍ വിളിച്ച് സംസാരിക്കുന്നു. ഇതിനൊക്കെയിടയില്‍ മാക്സിമം ആളെ കൊണ്ടുപോകാനുള്ള ശ്രമവും. എന്തൊരു ശുഷ്കാന്തി…ഇതിന്റെ പകുതിപ്പണി ആനവണ്ടിയേലായിരുന്നപ്പോള് എടുത്തിരുന്നെങ്കില്‍…….അതെന്തായിരിക്കാം അന്ന് അങ്ങനെ ചെയ്യാതിരുന്നത്….ഇയാളോടു തന്നെ ചോദിച്ചാലോ…ഓ..എന്തിന് വെറുതെ…ആവശ്യമില്ലാത്ത പണിക്ക്…ഇനി ഇയാളുടെ വായിലിരിക്കുന്നതു കേട്ടിട്ട് ഉള്ള മൂഡുംകൂടി പോകാനായിട്ട്. നമ്മളായി നമ്മടെപാടായി.
ആയകാലം മുതല്‍ കേള്‍ക്കുന്നതാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍. എന്റെ അനുഭവം പറഞ്ഞാല്‍ പത്തുനാല്പതുകൊല്ലം മുമ്പ് പത്രവായന തുടങ്ങുന്നകാലം…അന്നൊരു ദിവസം പത്രത്തിലെ മെയിന്‍ സ്റ്റോറിയിങ്ങനെ…. ടയറില്ല, മൂന്നു ദിവസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ഓട്ടം നിര്‍ത്തും. മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ ഓടാതെ കിടക്കുന്ന ആനവണ്ടികളെക്കുറിച്ചോര്ത്തും ഈ വണ്ടികളെല്ലാം ഇനി എന്നാ ചെയ്യും എന്നുമോര്ത്ത് അന്നു കിടന്നിട്ട് ഉറക്കം വന്നില്ല. പിന്നെയുള്ള രണ്ടു ദിവസം ഉത്കണ്ഠയോടെ പത്രം വരുമ്പോഴേ ആനവണ്ടിയെക്കുറിച്ചുള്ള വാര്ത്തയുണ്ടോയെന്നു നോക്കും. ഒന്നുമില്ല. നാലാം ദിവസം രാവിലെയും എണീറ്റു നോക്കി. ആനവണ്ടി പതിവുപോലെ റോഡിലൂടെ പോയി. പത്രത്തിലാണേല്‍ ഇതിനെക്കുറിച്ച് വാര്‍ത്തയൊന്നുമില്ല. ടയര്‍ വന്നെന്നോ.. ഇല്ലെന്നോ…ഊംഹും… ഒരു വിവരവുമില്ല. അവര്‍ അക്കാര്യം മറന്നു. പിന്നെയാ, ഇതൊരു സ്ഥിരം പരിപാടിയാണെന്ന് മനസിലായത്. അങ്ങനെയിരിക്കുമ്പോ പത്രത്തില്‍ വാര്‍ത്ത വരും കെഎസ് ആര്‍ടിസി കട്ടപ്പുറത്തേക്ക്…നഷ്ടത്തിലേക്ക്….പൂട്ടിക്കെട്ടും….വാര്‍ത്തകളും നഷ്ടക്കഥകളും ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒന്നും സംഭവിച്ചില്ല. സര്‍ക്കാരിന്റെ ഖജനാവിലെ ചോര്‍ച്ച ആരും കണ്ടമട്ട് നടിച്ചുമില്ല.
ചോദ്യം കെഎസ്ആര്‍ടിസി എന്തിനാണ് സര്‍വീസ് നടത്തുന്നതെന്നാണ്. അതിന് ഉത്തരം വ്യക്തമായിട്ട് പറയാന്‍ സര്‍ക്കാരിന് ആകുന്നില്ല. ലാഭത്തിനാണോ അതോ സേവനമാണോ. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന് തന്റെ നയം നേരത്തെതന്നെ വ്യക്തമാക്കി. അവിടെ ജനങ്ങളുടെ സേവനത്തിനാണ് സര്‍ക്കാര്‍ ബസ് സര്‍വീസ്. നമുക്കിവിടെ ലാഭവുമില്ല. സേവനവുമില്ല. ഇവിടെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായിട്ടാണ് കെഎസ്ആര്‍ടിസിയെ കാണുന്നതെന്ന് തോന്നുന്നു. പലവിധം വണ്ടികള്‍…പലതരത്തിലുള്ള സര്‍വീസുകള്‍…ഇങ്ങനെ പലതും മാറ്റിപ്പിടിച്ചു നോക്കി. ആദ്യം കുട്ടിവണ്ടികളിറക്കി…കുറച്ചുനാള്‍ കഴിഞ്ഞ് അത് എതിലേപോയെന്നു കണ്ടില്ല. പിന്നെ സൂപ്പര്‍ ഫാസ്റ്റിറക്കി. കേരളം മുഴുവന്‍ സില്‍വര്‍ലൈനിനേക്കാള്‍ വേഗത്തില്‍ സൂപ്പറുകള്‍ പറന്നു നടന്നു. ദോഷം പറയരുതല്ലോ. സ്പീഡിലും യാത്രാസുഖത്തിലും അത് മികച്ചതായിരുന്നു…പിന്നെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്ഡിനറികളിറക്കി….അതു കഴിഞ്ഞ് എസി, നോണ്‍ എസി ലോഫ്ളോര്‍ ..മിന്നല്‍….സ്വിഫ്റ്റ്…. ഇങ്ങനെ ഓരോ പരീക്ഷണവും കഴിയുമ്പോള്‍ യാര്‍ഡുകളില്‍ അട്ടിയിടുന്ന ബസുകളുടെ എണ്ണം കൂടുന്നതല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.
കാര്യങ്ങള്‍ പഠിക്കാനായി വിദേശത്തോട്ട് പറക്കാനാണ് എല്ലാവര്ക്കും വിരുത്. ഇവിടുത്തെ റോഡിലിറങ്ങാന്‍ മടിയാണ്. കാബിനിലിരിക്കുകയേയുള്ളു. തച്ചങ്കരി മാത്രമായിരുന്നു ഇത്തിരി മാറ്റം കൊണ്ടുവന്നത്. സംഭവം ലാഭത്തിലാകുമോയെന്നു പേടിച്ച യൂണിയന്‍കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അങ്ങേരെ പുറത്താക്കുകയും ചെയ്തു. കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കുപോലും ഇപ്പോള്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടെന്നു തോന്നുന്നില്ല.
ഉണ്ണുന്നവന് അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവന് അറിയണമെന്നാണല്ലോ പറയാറ്. ജീവനക്കാര്‍ക്ക് തിരിച്ചറിവുണ്ടാകുന്നില്ലെങ്കില്‍ സര്ക്കാരുവേണം ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍. യൂണിയന് പ്രവര്‍ത്തനത്തിനും കമ്മീഷന് തട്ടലിനുമുള്ള വേദിയായി മാത്രം കെഎസ്ആര്‍ടിസി മാറുന്നതാണ് തകര്‍ച്ചയ്ക്കുള്ള കാരണം. ജീവനക്കാര്‍ അതിന് ബലിയാടുകളായും മാറുന്നു. ഇലവന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും നഷ്ടം ജനത്തിനു തന്നെ. കാരണം ജനത്തിന്റെ ഇലയിലാണല്ലോ മുള്ളെല്ലാം വന്നുവീഴുന്നത്.



