ഹോര്‍മുസില്‍ ‘ഗുണ്ടാപ്പിരിവ്’ തുടങ്ങാന്‍ ട്രംപ് ! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കന്‍ കളി!

Date:

ഹോര്‍മുസ് കടലിടുക്ക്! ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ നെഞ്ചിടിപ്പാണ് ഈ വഴി. അവിടെ ചുങ്കം പിരിക്കാനിറങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ഹോര്‍മുസ് വഴി കടന്നു പോകണമെങ്കില്‍ കപ്പലുകള്‍ ചുങ്കം’ കൊടുക്കണമത്രേ! തനി കവലച്ചട്ടമ്പി ശൈലിയിലുള്ള ഒരു ഗുണ്ടാപ്പിരിവ്! ട്രംപിന്റെ മനസ്സിലിരിപ്പാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന്ത . ‘ഞങ്ങള്‍ പശ്ചിമേഷ്യയെ കാത്തുരക്ഷിക്കുന്ന മാലാഖമാരാണ്, അതുകൊണ്ട് ഞങ്ങള്‍ക്ക് ടോള്‍ വാങ്ങും’ എന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ പുതിയ ഭീഷണിയുടെ തുടക്കം ഇങ്ങനെയാണ്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഉടനെ എത്തി ട്രംപിന്റെ ഭീഷണി. ‘ഇറാനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ പിന്നെ കളി മാറും. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന ഈ 60 ദിവസം ഞാന്‍ ടോള്‍ പിരിക്കില്ല. അത് കഴിഞ്ഞ് കരാറായില്ലെങ്കില്‍… ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് അമേരിക്ക ടോള്‍ ഈടാക്കും!’ അമേരിക്കയുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ മനസിലായില്ലേ. ,

ഇത് വെറുമൊരു ഭീഷണിയല്ല. ഇതിന്റെ പിന്നില്‍ കൃത്യമായ ചില അജണ്ടകളുണ്ട്. പലര്‍ക്കും സംശയമുണ്ടായിരുന്നു, അമേരിക്ക എന്തിനാണ് എപ്പോഴും ഈ പശ്ചിമേഷ്യയില്‍ പോയി തലയിടുന്നതെന്ന്? ദാ… അതിനുള്ള ഉത്തരമാണിത്.

അമേരിക്കയ്ക്ക് ഇറാന്റെ എണ്ണസമ്പത്ത് കൈക്കലാക്കണം. അതിന് പശ്ചിമേഷ്യയില്‍ എപ്പോഴും അശാന്തി നിലനില്‍ക്കണം. അവിടെ സമാധാനമുണ്ടായാല്‍ അമേരിക്കയ്ക്ക് പിന്നെ അവിടെ എന്ത് കാര്യം? അവര്‍ക്ക് അവിടെ സ്ഥിരമായി താവളമടിക്കണമെങ്കില്‍ അവിടെ പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊണ്ടേയിരിക്കണം. ‘ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ തീര്‍ന്നുപോകും’ എന്നൊരു ഭീതി മറ്റ് അറബ് രാജ്യങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.

ഇവിടെ നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഇറാനെ പപ്പടം പോലെ പടപടാന്ന് പൊട്ടിക്കാന്‍ അമേരിക്കയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇസ്രായേലിനെ വിട്ട് ഒരൊറ്റ ബോംബിട്ടാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ, അമേരിക്ക ഇറാനെ പൂര്‍ണ്ണമായി നശിപ്പിക്കില്ല! എന്തുകൊണ്ട്? ഇറാന്‍ എന്നൊരു ശത്രു അവിടെ വെല്ലുവിളിയായി നിന്നാലല്ലേ, അമേരിക്കയ്ക്ക് അവിടെ നിലനില്‍പ്പുള്ളൂ! ‘ദാ വരുന്നു പൂതം’ എന്ന് കാണിച്ച് പേടിപ്പിച്ചാലല്ലേ നാട്ടുകാരില്‍ നിന്ന് കാശ് പിരിക്കാന്‍ പറ്റൂ? തനി ചട്ടമ്പിമാരുടെ സ്ഥിരം അടവാണിത്. ഒരു പ്രശ്‌നക്കാരനെ അവിടെ വളര്‍ത്തുക, എന്നിട്ട് നാട്ടുകാരെ രക്ഷിക്കാനെന്ന മട്ടിലെത്തി അവരില്‍ നിന്ന് പണം പിരിക്കുക!

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം കൈ വന്നാല്‍ ലോകം മുഴുവന്‍ തന്റെ കൈപ്പിടിയിലാകുമെന്ന് ട്രംപിന് നന്നായറിയാം. വഴിയിലൂടെ പോകുന്ന രാജ്യങ്ങളെല്ലാം അമേരിക്കയുടെ മുന്നില്‍ വന്ന് കൈ കെട്ടി നില്‍ക്കേണ്ടി വരും. ഇറാനെയും ഒമാനെയുമൊക്കെ ചെറിയൊരു വിഹിതം കൊടുത്ത് ഒതുക്കും. മുഖ്യവിഹിതവും അധികാരവും നിയന്ത്രണവുമെല്ലാം അമേരിക്കയുടെ പോക്കറ്റിലാകും. ഇതിനുള്ള അവസരങ്ങളൊരുക്കുന്നതിനാണ് ഇസ്രായേലിനെ ഇറാനുമായുള്ള കരാറില്‍ നിന്നും മാറ്റിനിര്‍ത്തിയത്. ലബനനില്‍ ഇസ്രായേല്‍ ബോംബിട്ട് കരാറുകള്‍ അട്ടിമറിക്കാന്‍ അമേരിക്ക കണ്ണടച്ചുകൊടുത്തതുമെല്ലാം ഈ വലിയ കളിയുടെ ഭാഗമാണ്!

ഇനി വരാന്‍ പോകുന്നത് എന്താണ്? ‘ഭ്രാന്തന്‍’ എന്നൊരു ലേബല്‍ സ്വയം അണിഞ്ഞാണ് ട്രംപിന്റെ നടപ്പ്. എപ്പോള്‍, എന്ത് ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ലോകരാജ്യങ്ങളെല്ലാം ഭയത്തിലാണ്.

ചിലര്‍ ചോദിക്കും, റഷ്യയും ചൈനയുമൊക്കെ നോക്കിനില്‍ക്കുമോയെന്ന്? നില്‍ക്കും! കാരണം ട്രംപ് കളം വരച്ചിരിക്കുന്നത് കൃത്യം സമയത്താണ്. റഷ്യ ഇപ്പോള്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ പെട്ടു കിടക്കുകയാണ്. അവിടെന്നെങ്ങോട്ടും തിരിയാന്‍ അവര്‍ക്ക് നേരമില്ല. ചൈനയാണെങ്കില്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കുന്ന ഒന്നിലും തലയിടില്ല. അതുകൊണ്ട് അവരും തല്‍ക്കാലം മിണ്ടില്ല.

അപ്പോള്‍ ആര് ചോദിക്കും ഈ അനീതിക്കെതിരെ? ആരുമില്ല! അമേരിക്ക എന്ത് തീരുമാനിക്കുന്നുവോ, അത് നടപ്പാക്കപ്പെടുന്ന ഒരു അതിഭീകരമായ അവസ്ഥയിലേക്കാണ് ലോകം പോകുന്നത്.

ഇനി ട്രംപ് പറഞ്ഞതുപോലെ ടോള്‍ പിരിവ് തുടങ്ങിയാല്‍ എന്താകും അവസ്ഥ? ലോകത്താകെ എണ്ണവില കുതിച്ചുയരും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും തീപിടിക്കും. സാധാരണക്കാരന്റെ കീശ കീറും. ട്രംപ് നടത്തുന്ന ഈ ഗുണ്ടാപ്പിരിവിന്റെ പങ്ക് ലോകത്തെ ഓരോ സാധാരണക്കാരനും തന്റെ പോക്കറ്റില്‍ നിന്ന് കൊടുക്കേണ്ടി വരും.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ലോക്കല്‍ ഗുണ്ടാവിളയാട്ടത്തിനാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ‘ഈ വഴിയിലൂടെ വരണമെങ്കില്‍ എനിക്ക് കപ്പം തരണം’ എന്ന് പരസ്യമായി പറയാന്‍ മടിയില്ലാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റ്! അടുത്ത ദിവസങ്ങളില്‍ തന്നെ ഹോര്‍മുസ് കടലിടുക്കില്‍ ട്രംപ് പിരിവിനായി ഇറങ്ങുമെന്നാണ് സൂചനകള്‍. സമാധാന ചര്‍ച്ചകള്‍ വെറുമൊരു പുകമറ മാത്രമാണ്.

അമേരിക്കയുടെ ഈ ചട്ടമ്പിത്തരത്തിന് മുന്നില്‍ ലോകം മുട്ടുമടക്കുമോ? ഇതിനെതിരെ ആരെങ്കിലും പ്രതികരിക്കുമോ? വരും ദിവസങ്ങളില്‍ ലോക രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിക്കുംമെന്ന് ഉറപ്പാണ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...