രാഹുല്‍ കോന്‍ ഹെ? തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി ഒരു അഭിമുഖത്തിനിടയില്‍ ചോദിച്ചതാണ്. രാഹുല്‍ ഗാന്ധിക്ക് താനത്രമാത്രം വിലയേകല്‍പിക്കുന്നുള്ളു എന്ന ധ്വനിയായിരുന്നു മോദിയുടെ ആ പരിഹാസ ചോദ്യത്തില്‍ നിഴലിച്ചത്.
ഏതായാലും മോദിക്ക് തന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ലോക്സഭയില്‍ പ്രതിപക്ഷനേതാവെന്ന നിലയിലുള്ള തന്റെ കന്നിപ്രസംഗത്തിലൂടെയാണ് രാഹുല്‍ മോദിക്ക് താനാരെണെന്നുള്ള ഉത്തരം നല്‍കിയത്. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന തന്റെ പ്രസംഗത്തിലൂടെ ബിജെപിക്കെതിരെ നിശിതമായ വിമര്‍ശനമാണ് രാഹുല്‍ അഴിച്ചുവിട്ടത്. പ്രസംഗത്തിനിടെ രാഹുലിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി മോദി നേരിട്ടിടപെട്ടു. പക്ഷേ, അത് വളരെ ദുര്‍ബലമായ പ്രതിരോധമായിപ്പോയി. മോദിക്കുവഴങ്ങാതെ തന്റെ നിലപാടിലുറച്ചുനിന്നു മുന്നോട്ടു നീങ്ങുന്ന രാഹുലിനെയാണ് പിന്നെയങ്ങോട്ടു കണ്ടത്.
കഴിഞ്ഞ ടേമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും എണീറ്റു നിന്ന് സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനെ നേരിടാനാകാതെ വലയുന്ന പ്രതിപക്ഷനിരയെയാണ് കണ്ടത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല എന്നുള്ള സൂചനയാണ് രാഹുല്‍ ഗാന്ധി തുടക്കത്തിലെ തന്നെ നല്‍കിയിരിക്കുന്നത്. എന്‍ഡിഎയിലെ സഖ്യകക്ഷികളാരും തന്നെ രാഹുലിനെ പ്രതിരോധിക്കുന്നതിന് മോദിക്കും അമിത് ഷായ്ക്കും പിന്തുണയുമായെത്തിയില്ല. എന്തിന് ബിജെ പി അംഗങ്ങള്‍ പോലും രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ മൗനം പാലിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അഗ്‌നിവീര്‍, പരീക്ഷത്തട്ടിപ്പ്, കര്‍ഷകപ്രശ്നം, മണിപ്പൂര്‍, പൊതുവിപണിയിലെ വിലക്കയറ്റം, അയോധ്യ, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ എന്നിങ്ങനെ ഓരോ വിഷയങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ കത്തിക്കയറല്‍. ഹിന്ദു പരാമര്‍ശത്തില്‍ പിടിച്ചു രാഹുലിനെ പൂട്ടാന്‍ മോദിയും കൂട്ടരും ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
പ്രതിപക്ഷശബ്ദം പാര്‍ലമെന്റിലും പുറത്തും ശക്തമായിരിക്കുമെന്ന സന്ദേശമാണ് മോദിക്കും ബിജെപി നേതൃത്വത്തിനും രാഹുല്‍ നല്‍കിയിരിക്കുന്നത്.