ഇ20 ജനതാ പാര്‍ട്ടി : ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പുതിയ അധ്യായം

Date:

ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ വിചാരിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെ കസേരയില്‍ നിന്ന് താഴെയിറക്കാന്‍ സാധിക്കുമോ? ഇങ്ങനെ പറഞ്ഞാല്‍ കഴിഞ്ഞ ദിവസംവരെ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്നൊരു ഓണ്‍ലൈന്‍ കൂട്ടായ്മ അതു സാധിച്ചെടുത്തു.
എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയോടെ എല്ലാം അവസാനിച്ചുവെന്നു കരുതിയെങ്കില്‍ തെറ്റി.
കഥ അവിടെ തീരുന്നില്ല.
ഇപ്പോള്‍ ഇതാ, സി.ജെ.പി വെട്ടിത്തെളിച്ച അതേ ഡിജിറ്റല്‍ വഴിയിലൂടെ മറ്റൊരു മുന്നേറ്റം വരുന്നു. പേര് – ഇ20 ജനതാ പാര്‍ട്ടി (EJP)! ഇത്തവണ ടാര്‍ഗെറ്റ് മറ്റൊരാളാണ്… കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി!

ഇന്ത്യയിലെ കോടിക്കണക്കിന് വാഹന ഉടമകളുടെ പോക്കറ്റിനെയും വണ്ടികളുടെ എന്‍ജിനെയും നേരിട്ട് ബാധിക്കുന്ന എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരെയാണ് യുദ്ധം. തുടങ്ങി ഒറ്റദിവസം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഇതിലേക്ക് ഒഴുകിയെത്തുന്നത്.

എന്താണ് ഇ20 ജനതാ പാര്‍ട്ടി?എന്തുകൊണ്ടാണ് ഇവര്‍ നിതിന്‍ ഗഡ്കരിക്കെതിരെ തിരിയുന്നത്? ഇതൊരു ട്രോള്‍ തമാശ മാത്രമാണോ, അതോ ഇന്ത്യയിലെ പുതിയ രാഷ്ട്രീയ മാതൃകയാണോ?

കോക്കറോച്ച് ജനതാ പാര്‍ട്ടിയുടെ വിജയം നല്‍കിയ ഊര്‍ജ്ജത്തിലാണ് ഇ20 ജനതാ പാര്‍ട്ടി (EJP)യുടെ വരവ്. എക്സിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകള്‍ തുറന്ന് കൃത്യമായ ഒരു ലക്ഷ്യത്തോടെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന (E20) കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഇവര്‍ ശബ്ദമുയര്‍ത്തുന്നത്.

‘എഥനോള്‍ കലര്‍ത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോള്‍ ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്.’ഇതാണ് ഇവരുടെ പ്രധാന മുദ്രാവാക്യം. അക്കൗണ്ട് തുടങ്ങി വെറും 24 മണിക്കൂറിനുള്ളില്‍ 20,000-ത്തിലധികം ഫോളോവേഴ്സ് ആണ് എക്സില്‍ ഇജെപിക്ക് ഉണ്ടായത്! ഇന്‍സ്റ്റാഗ്രാമില്‍ അത് 27,000 കടന്നു. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇജെപിയുടെ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും രൂപപ്പെട്ടു കഴിഞ്ഞു.പ്രതിഷേധത്തിന്റെ അടുത്ത ലക്ഷ്യം നിതിന്‍ ഗഡ്കരിയും അദ്ദേഹത്തിന്റെ ഇന്ധന നയങ്ങളുമാണ്!

എന്തുകൊണ്ടാണ് ഈ ഒരു വിഷയം ഇത്രയും വേഗത്തില്‍ ആളുകള്‍ ഏറ്റെടുക്കുന്നത്?ഒരു പെട്രോള്‍ വിഷയത്തിന് ഇത്രയധികം ജനപിന്തുണ കിട്ടാന്‍ എന്താണ് കാരണം?ലളിതമായി പറഞ്ഞാല്‍ – ഇത് ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും പോക്കറ്റിനെ ബാധിക്കുന്ന കാര്യമാണ്.

ഇപ്പോള്‍ വിപണിയിലുള്ള ഭൂരിഭാഗം പഴയ വാഹനങ്ങളും ഇ10 അല്ലെങ്കില്‍ സാധാരണ പെട്രോളിന് അനുയോജ്യമായി ഡിസൈന്‍ ചെയ്തവയാണ്. അതിലേക്ക് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഒഴിക്കുമ്പോള്‍ എന്‍ജിന്‍ പെട്ടെന്ന് കേടാകുന്നു, ഇന്ധനക്ഷമത അഥവാ മൈലേജ് വലിയ തോതില്‍ കുറയുന്നു എന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. മൈലേജ് കുറയുമ്പോള്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് സാധാരണക്കാരനാണ്.

ഇവിടെ ഉപഭോക്താവിനു തെരഞ്ഞെടുക്കാനുളള്ള ഓപ്ഷന്‍ ഇല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ അടിക്കാം, വേണമെങ്കില്‍ എഥനോള്‍ ഇല്ലാത്ത പെട്രോള്‍ അടിക്കാം എന്നൊരു തിരഞ്ഞെടുപ്പ് വിപണിയിലില്ല!

നിര്‍ബന്ധപൂര്‍വ്വം ഇ20 പെട്രോള്‍ മാത്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയിലെ എഥനോള്‍ നയത്തിന്റെ ഏറ്റവും വലിയ വക്താവാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും, കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യാനും, പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും എഥനോള്‍ മിക്സിങ് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

പക്ഷേ ജനങ്ങള്‍ ചോദിക്കുന്നത് കര്‍ഷകര്‍ക്ക് ലാഭം കിട്ടുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും നല്ലത് തന്നെ. പക്ഷേ അതിന് വേണ്ടി സാധാരണക്കാരായ വാഹന ഉടമകളുടെ വണ്ടികള്‍ കേടുവരുത്തണോ? പെട്രോളിന്റെ വില കുറയ്ക്കാതെ, ഗുണനിലവാരം കുറഞ്ഞ ഇന്ധനം ഒരേ വിലയ്ക്ക് നല്‍കുന്നത് അനീതിയല്ലേ?ഈ ചോദ്യമാണ് ഇ20 ജനതാ പാര്‍ട്ടിയെ ജനപ്രിയമാക്കുന്നത്.

നിതിന്‍ ഗഡ്കരിയും സര്‍ക്കാരും നയം തിരുത്തുമോ? ധര്‍മ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച അതേ തന്ത്രമാണ് ഇജെപിയും പയറ്റുന്നത്. എക്സിലും ഇന്‍സ്റ്റഗ്രാമിലും ഹാഷ്ടാഗ് ക്യാമ്പയിനുകള്‍, മീമുകള്‍, പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള പ്രതിഷേധ വീഡിയോകള്‍ എന്നിവ വഴി സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം.

ഇതിനോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും?ഒരുപക്ഷേ, ജനങ്ങള്‍ക്ക് 100% ശുദ്ധമായ പെട്രോള്‍ (E0) ലഭിക്കുന്ന പ്രത്യേക പമ്പുകളോ ഇന്ധന ഓപ്ഷനുകളോ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കാം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ഡിജിറ്റല്‍ ജനാധിപത്യമാണ് ഇവിടെ വളരുന്നത്. കോടികള്‍ മുടക്കി പാര്‍ട്ടി ഓഫീസുകളോ പണക്കാരോ ഇല്ലാതെ, ഏതാനും യുവാക്കള്‍ ഇന്റര്‍നെറ്റില്‍ തുടങ്ങുന്ന ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് രാജ്യത്തെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു! ഇതിന് മുന്‍പ് ആരും ഉപയോഗിക്കാത്ത ആയുധമാണിത്.
പരമ്പരാഗത പ്രതിപക്ഷ പാര്‍ട്ടികള്‍ മാസങ്ങളോളം സമരം ചെയ്താലും നടക്കാത്ത കാര്യങ്ങള്‍, ഈ ഡിജിറ്റല്‍ കൂട്ടായ്മകള്‍ ദിവസങ്ങള്‍ കൊണ്ട് നേടിയെടുക്കുന്നു. ഇ20 വിഷയത്തിലും ഇജെപി വിജയിച്ചാല്‍, ഭാവിയില്‍ എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇത്തരം സിറ്റിസണ്‍ ഗ്രൂപ്പുകളാവും മുന്നില്‍ നില്‍ക്കുക.
ചുരുക്കത്തില്‍ പറഞ്ഞാല്‍ – സി.ജെ.പിയുടേത് ഒരു തുടക്കം മാത്രമായിരുന്നു. അത് ഒരു വിദ്യാഭ്യാസ വിഷയമായിരുന്നെങ്കില്‍, ഇജെപി കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് വാഹനഉടമകളെയും സാധാരണക്കാരെയും ബാധിക്കുന്ന ദിവസേനയുള്ള പ്രായോഗിക വിഷയമാണ്.
ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന വലിയ സന്ദേശമാണ് ഈ കൂട്ടായ്മകള്‍ നല്‍കുന്നത്.ഇതൊരു തമാശ പേജായി തുടങ്ങി ഒടുവില്‍ നയങ്ങള്‍ മാറ്റിയെഴുതുന്ന വിപ്ലവമായി മാറുമോ? നിതിന്‍ ഗഡ്കരി ഇ20 നയത്തില്‍ അയവ് വരുത്തുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുദ്ധത്തില്‍ ട്രംപ് ബ്രേക്കെടുത്തതിനു കാരണങ്ങളിതാണ്?

ഇറാനെതിരെ വമ്പന്‍ ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ജെന്‍Z തരംഗം ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ?

ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍...

പെല്ലറ്റ് ഗണ്‍ പ്രയോഗം? അമിത് ഷായ്ക്കുനേരേ വിരല്‍ ചൂണ്ടി രാഹുല്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു. സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍...

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്...