ക്രിസ്മസ് ഓര്‍മ്മകള്‍ ആണ് ഏറ്റവും കൂടുതല്‍ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഉത്സവം. നിഷ്‌കളങ്കമായ ബാല്യകാല ക്രിസ്മസ് ഓര്‍മ്മകള്‍. എല്ലാ ക്രിസ്മസും മനസ്സില്‍ വലിയ സന്തോഷം ആണ് ഉണ്ടാക്കുക. സത്യന്‍ അന്തിക്കാട് സിനിമയിലേതു പോലെ ഒരു നന്മയുള്ള ഗ്രാമത്തില്‍ ആയിരുന്നു എന്റെ ബാല്യം. സുകൃത പ്രോട്ടോകോള്‍- ക്രിസ്മസ് പരീക്ഷ, ഉണ്ണീശോ പുല്ല്..(ക്രിസ്മസ് കാലത്ത് മാത്രം ഞങ്ങളുടെ പ്രദേശത്തു കാണുന്ന ഒരു പുല്ല് ആണ്..) പൂച്ചവാലന്‍ പുല്ല്, പുല്‍കൂട് നിര്‍മ്മാണം, നക്ഷത്രനിര്‍മ്മാണം, പടക്കം പൊട്ടിക്കല്‍, കേക്ക്.. കള്ളപ്പം, പുല്‍ക്കൂടു നിര്‍മ്മാണം. വീടും പരിസരങ്ങളും അലങ്കരിക്കല്‍. പാതിരാ കുര്‍ബാന, അതിന് ശേഷം പള്ളിമുറ്റത് കലാപരിപാടികള്‍, ക്രിസ്മസ് ട്രീ, ലക്കിടിപ്പ് ഒക്കെ ആയി ക്രിസ്മസ് ഭയങ്കര കളര്‍ഫുള്‍ ആയിരുന്നു.
അങ്ങനെ… ഓര്‍മ്മകള്‍ നിരനിരയായി.. നീണ്ടു നിവര്‍ന്നു കിടക്കുവാ. കുഞ്ഞു നാളില്‍ മഠത്തിലെ കന്യാസ്ത്രീകള്‍ വേദപാഠ സ്‌കൂളില്‍ ഏര്‍പ്പെടുത്തുന്ന പരിപാടി ആണ് സുകൃത പ്രോട്ടോകോള്‍. അതിന്‍ പ്രകാരം 25 ദിവസം വികൃതികളും കന്നം തിരിപ്പും മാറ്റി വച്ച് സുകൃത ജീവിതം വഴി മനസ്സില്‍ പുല്‍കൂട് ഉണ്ടാകണം. ഒരു പരിധി വരെ മിക്കവാറും പരിപാടികള്‍ ഞാനങ്ങ് ചെയ്യും.
കയ്യിലിരുപ്പിന് നിയന്ത്രണം ഉള്ളത് കൊണ്ട് ക്രിസ്മസ് പരീക്ഷയ്ക്ക് ഒരുവിധം ഞാന്‍ മാര്‍ക്ക് വാങ്ങുമായിരുന്നു. ഏതാണ്ട് നവംബര്‍ അവസാനം മുതല്‍ ക്രിസ്മസ് മൂഡില്‍ ആയിരിക്കും ഞങ്ങള്‍. പുല്‍കൂട് നിര്‍മ്മാണത്തിനുള്ള ഉണ്ണീശോ പുല്ല് റിസര്‍വ് ചെയ്തു വെച്ചിട്ടുണ്ടായിരിക്കും. ഓരോ പറമ്പുകളിലെ പുല്ല് ഓരോ വീട്ടുകാര്‍ വീതിച്ചു വാക്കാല്‍ പറഞ്ഞു വയ്ക്കും. തികയാതെ വരുന്നത് അമ്പലത്തിലെ തോട്ടത്തില്‍ ഉണ്ട്. ഈറ്റക്കമ്പ്, കോല്‍ ഒക്കെ വെട്ടി ഒരുക്കുക അങ്ങനെ.
അന്ന് മിക്കവാറും കടകളില്‍ ക്രിസ്മസ് പടക്കങ്ങള്‍ എത്തും. ടൂ പീസില്‍ പെണ്ണുങ്ങള്‍ കമ്പിത്തിരി കത്തിച്ചു നില്‍ക്കുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് സമീപം ഒട്ടിക്കുന്നതോടെ പടക്കവിപണി തുടങ്ങും. ഇന്നത്തെ പോലെ കിരുകിരാ പൊട്ടുന്ന ചൈനീസ് പടക്കം ഒന്നും അന്നില്ല. ഓലപ്പടക്കം മൂന്നോ നാലോ വെറൈറ്റി, പടക്കം മാല, കമ്പിത്തിരി പൂത്തിരി, കൊട ചക്രം, വാണം, ബീഡി പടക്കം ഇത്രയൊക്കെയേ ഒള്ളൂ.
ക്രിസ്മസ് പരീക്ഷ മിക്കവാറും ഒന്നുകില്‍ രാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞ് ആയിരിക്കും. പരീക്ഷ കഴിഞ്ഞു കുറച്ചു പടക്കം വാങ്ങി പോക്കറ്റില്‍ ഇടും. രണ്ടു മൂന്നെണ്ണം സ്‌പോട്ടില്‍ കത്തിച്ചെറിയും. പരീക്ഷ കഴിഞ്ഞതിന്റെ ഒരു ഉന്മാദം. എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ പോകുന്ന പഠിപ്പിസ്റ്റുകളോടുള്ള കടിക്കും തീരുമാനം ആകും. സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്കുള്ള വഴിയില്‍ എന്റെ ഇടത്താവളം ചീങ്കല്ല് പട്ടണം ആണ്. സ്‌കൂളിന്റെ വാതുക്കല്‍ അല്ല എന്ന ഗുണം ഉണ്ട്. അധ്യാപകരുടെ സ്ഥിരം നോട്ടപ്പുള്ളി ആയത് കൊണ്ട് അവരുടെ കണ്ണില്‍ നേരെ പെടാതെ ഒരു സുരക്ഷിത ഏരിയ കണ്ടെത്തി എന്നെ ഉള്ളൂ. അവിടെ പ്രധാന ഷോപ്പിംഗ് മാള്‍ എന്നാല്‍ ഒരു തുണി പീടിക, ഒരു ചായക്കട, പല ചരക്ക് കട, അതിനോട് ചേര്‍ന്നു പട്ടക്കട, നേരെ എതിര്‍ വശത്താണ് ഇടവക ഷാപ്പ്. അതിനോട് ചേര്‍ന്നു ബോണ്ട കട. അതിനപ്പുറം കൈരളി ബേക്കറി.
പലചരക്കു കട അയല്‍വാസിയുടേത് ആയത് കൊണ്ടും വീട്ടിലേയ്ക്കുള്ള സാധനങ്ങളുടെ സ്ഥിരം സപ്ലയര്‍ ആയത് കൊണ്ടും സ്ഥിരം കാര്യര്‍ ഞാന്‍ തന്നെ ആയത് കൊണ്ടും അല്‍പ്പം സ്വാതന്ത്ര്യത്തോടെ ആ കടയിലെ അരിച്ചാക്കിന് മുകളില്‍ ദിവസവും അല്‍പ സമയം ഞാന്‍ ഉപവിഷ്ടനാകാറുണ്ട്. അവിടെ ഇരുന്നു പച്ച ഗ്രാമീണ നിഷ്‌കളങ്ക ജീവിതം ആസ്വദിക്കും. വൈകിട്ട് പണികള്‍ കഴിഞ്ഞ് ഓരോരുത്തര്‍ ആയി വന്നു ആദ്യം ചായക്കടയില്‍ കയറി കട്ടനും പരിപ്പ് വട, ബോണ്ട ഒക്കെ കൂട്ടി ഒരു ലഘു ഭക്ഷണം. രണ്ടു പരിപ്പുവട പൊതിഞ്ഞു വാങ്ങി മടിയില്‍ വയ്ക്കും. എന്നിട്ട് ആദ്യം റേഷന്‍, പിന്നെ പലചരക്കു ബേക്കറി പലഹാരം ഒക്കെ വാങ്ങി വയ്ക്കുന്നു. മെല്ലെ ഷാപ്പില്‍ ചെല്ലുന്നു, രണ്ട് കുപ്പി പരിപ്പ് വട കൂട്ടി അടിക്കും. ചിലര്‍ കപ്പയും കറിയും കൂട്ടി അടിക്കും. മിക്കവാറും അതില്‍ തൃപ്തി പെട്ട് അവര്‍ വാങ്ങിയ സാധനങ്ങള്‍ തലയില്‍ വച്ച് വീട്ടിലേയ്ക്ക് പോകും.
മറ്റു ചിലര്‍ മണര്‍കാട്ട് പാപ്പന്റെ പട്ടക്കടയില്‍ കയറി രണ്ട് ഗുണ്ടടിക്കും. അന്ന് പട്ടയ്ക്ക് ഗുണ്ട് എന്നായിരുന്നു പേര് . ആദ്യം ഒന്നര, മൂന്ന് രൂപകള്‍ ഒക്കെ ആയിരുന്നു വില. പിന്നെ ഒന്‍പതു.. പതിനെട്ടു ഒക്കെ ആയി. നാലടിച്ചാല്‍ രണ്ടര ലാര്‍ജു ഇഫെക്ട് ആണ്. ഏതാണ്ട് പൈന്റിന് അടുത്ത് വരും. രണ്ട് പേര്‍ക്ക് അത് മതി. 18ന് അടിച്ചാല്‍ പാമ്പാകും. രാവിലെ തുടങ്ങിയാല്‍ മാത്രമേ പാമ്പാകുമായിരുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ 18 രൂപയ്ക്ക് ഒരു ഗ്രാമീണന്‍ മാക്‌സിമം പൂസ്സാകുമായിരുന്നു. പിന്നെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ വീഴും. ബാലന്‍സ് കിട്ടാന്‍ രണ്ടോ മൂന്നോ തെറി അല്ലെങ്കില്‍ കുറച്ചു സംഗീതം.. വീട്ടില്‍ ചെന്നാല്‍ ഭാര്യയെ രണ്ട് തെറി. അയല്‍വക്കത്തേയ്ക്ക് മൂന്നെണ്ണം. ഇത്രയും ആയിരുന്നു മദ്യ വിപത്ത്.
ചിലര്‍ കള്ളും ഗുണ്ടും അടിച്ചു പൂക്കുറ്റിയാകും. ആരില്‍ നിന്നെങ്കിലും രണ്ടു തല്ലോ തെറിയോകിട്ടിയാല്‍ മാത്രം വീട്ടില്‍ പോകുന്നതായിരുന്നു അവരുടെ രീതി. അതിനായി അവര്‍ ആരുടെയെങ്കിലും മേലെ മെക്കിട്ട് കേറും. അതിന്നിടയില്‍ അവര്‍ മറിഞ്ഞു വീഴും. ചുമ്മാ തെറി വിളിക്കും. അപ്പോള്‍ കുറേശ്ശേ ആയി അവരില്‍ നിന്ന് പൂസ് ഡിസ്ചാര്‍ജ് ആകും. ഉടനെ ഒരു ചെറിയ ഗുണ്ട് വാങ്ങി അവര്‍ ചാര്‍ജ് ചെയ്യും. അന്ന് പട്ടക്കടയില്‍ ഗുണ്ട് പ്രോട്ടൊക്കോള്‍ ഉണ്ടായിരുന്നു. പട്ടക്കട തുറന്നാല്‍ പൂട്ടുന്നത് വരെയും ആര് എപ്പോള്‍ ഏത് അവസ്ഥയിലും ഗുണ്ട് ചോദിച്ചാല്‍ അപ്പൊ കൊടുക്കണം. നിലത്തു വീണു കിടക്കുന്നോന്‍ അവിടെ കിടന്നു കാശ് നീട്ടിയാല്‍ അപ്പൊ കൊടുക്കും. ഗ്ലാസ് കയ്യില്‍ പിടിക്കാന്‍ ആമ്പിയര്‍ ഇല്ലാത്തവര്‍ക്ക് വായില്‍ ഒഴിച്ചു കൊടുക്കും. ഒരു പട്ടക്കടക്കാരന്‍ അതിര്‍ത്തിയിലെ യുദ്ധമുഖത്ത് നില്‍ക്കുന്ന സൈനികനെ പോലെ കര്‍മ്മ നിരതന്‍ ആയിരുന്നു. ഇത്ഒക്കെ ആസ്വദിക്കുന്നത് അന്നത്തെ എന്റെ ഒരു വിനോദം ആയിരുന്നു. അതൊക്കെ അന്തക്കാലം.. നന്മയുള്ള നല്ലകാലം.
അരിച്ചാക്കിന് മുകളില്‍ പട്ടി കുത്തിയിരിക്കുംപോലെ ഇരുന്ന് അവിടെ സാധനം വാങ്ങാന്‍ വരുന്നവരെ പ്രകോപിപ്പിച്ചു ഞാന്‍ രണ്ട് പടക്കം ക്യാന്‍വാസ് ചെയ്യും. പടക്കങ്ങള്‍ അവിടെ സിഗരറ്റ് കത്തിക്കാന്‍ വച്ചിരിക്കുന്ന വിളക്കില്‍ കത്തിച്ചു മുന്നിലെ ഓടയില്‍, അല്ലെങ്കില്‍ റോഡില്‍ എറിഞ്ഞു പൊട്ടിച്ചു രസിച്ചു കൊണ്ടിരിക്കും. നോക്കി എറിയണം, മനുഷ്യര്‍ക്ക് വഴിയേ നടക്കണം എന്നൊക്കെ ഉള്ള ഉപദേശങ്ങള്‍ കേള്‍ക്കാം. ഈ പടക്കത്തില്‍ കുറെ, ദിവസവും ഞാന്‍ വീട്ടില്‍ കൊണ്ട് പോകും. കപ്പത്തോട്ടത്തില്‍, പറമ്പില്‍ ഒക്കെ വേണം പൊട്ടിക്കാന്‍. വീട്ടില്‍ പൊട്ടിച്ചാല്‍ വീട്ടില്‍ പട്ടിയെ അഴിച്ചു വിട്ടിരിക്കുകയാണെങ്കില്‍ അവന്‍ അടുത്ത ഡിസ്ട്രിക്ട് കടക്കും. അല്ലെങ്കില്‍ അവന്‍ കൂട്ടില്‍ മൂത്രിക്കും.
ക്രിസ്മസ് ദിവസം അല്ലാതെ പൊട്ടിച്ചാല്‍ അമ്മ ഇടയും. ഒരിക്കല്‍ ഒരു പടക്കം പൊട്ടിച്ചപ്പോള്‍ അമ്മയുടെ കയ്യില്‍ ഇരുന്ന ഗ്ലാസോ പ്ലെറ്റോ താഴെ വീണു ചുമ്മാ പൊട്ടിയതിനു കയ്യില്‍ കിട്ടിയ തവിയോ വടിയോ എന്തോ കൊണ്ട് ഏശും പേശും ഇല്ലാതെ വച്ച് വീക്കി കളഞ്ഞു. പിന്നെ എന്ത് ചെയ്യാന്‍. പിന്നെ പറ്റുന്നത് രാത്രിയില്‍ അടുത്ത വീടുകളുടെ മുന്നില്‍ ഒക്കെ ചെന്ന് പൊട്ടിച്ചിട്ട് മുങ്ങുക. പാതിരായ്ക്ക് വെളുപ്പാന്‍ കാലത്ത് ഒക്കെ നല്ല ഉറക്കത്തില്‍ ആയിരിക്കുമ്പോള്‍ മാലപ്പടക്കം പോലെ പൊട്ടുന്ന ബീഡി പടക്കം പായ്ക്കറ്റ് ആയിട്ട് വാങ്ങും. അയല്‍വക്കത്തു ചെറിയ ശത്രുത ഉള്ള വീട്ടുകാര്‍ ഉണ്ട്. പൊതുവെ കയ്യിലിരുപ്പ് കാരണം അയല്‍വാസികള്‍ക്ക് എന്നോടും അതെ കാരണത്താല്‍ എനിക്കവരോടും ചെറിയ കിരു കിരുപ്പ് ഉള്ളതാണ്. അതില്‍ ഡോസ് കൂടിയവരെ തിരഞ്ഞു പിടിച്ചു ഞാന്‍ ശിക്ഷിക്കും. ഈ പടക്കം കെട്ടിത്തൂക്കിയിട്ട് തിരി നീട്ടി ഇടും.. അതിനായി പടക്ക കടയില്‍ പടക്കം ലൂസായി വിറ്റ് കഴിഞ്ഞ് അഴിച്ചിടുന്ന തിരി സംഘടിപ്പിച്ചു ഞാന്‍ ഇതില്‍ ഫിറ്റ് ചെയ്യും. ഒരു കടലാസില്‍ തീ കൊളുത്തി വച്ചിട്ട് അവിടെ നിന്ന് സ്‌കൂട്ടാകും. പടക്കം പൊട്ടിത്തെറിക്കും. ആള്‍ക്കാര്‍ ഞെട്ടി എണീറ്റ് എന്നെ തെറിവിളിക്കും. കാര്‍ന്നോന്മാര്‍ എണീറ്റ് എന്താ ആരാ എന്നൊക്കെ ചോദിക്കും
. പടക്കമാന്നെ..
ആരാന്ന് ചോദിച്ചാല്‍ ഇതാര് ചെയ്യാനാ ആ…. മോന്‍ അല്ലാതാരാ..
ലൈറ്റടിച്ചു നോക്കെടാ അവനവിടെങ്ങാനം കാണും.. കാലേല്‍ പിടിച്ചു നിലത്തു കുത്തെടാ..
ആം എന്നിട്ട് വേണം നാളെ അവന്‍ കല്ലുപെറുക്കി എറിയാന്‍.. പെഴ അതിലെങ്ങാനും പോട്ടെ..
ഉടനെ അതിലൊരാള്‍. ….അവിടെ കൊണ്ടേ പൊട്ടിക്കടാ, എന്ന് പറഞ്ഞു മുറ്റത്തിറങ്ങി നാല് തെറി. നല്ല മുട്ടന്‍. അത്യുന്നതങ്ങളിലേയ്ക്ക് നീട്ടി വിടും. ആ തെറികള്‍ ഇരുട്ടിന്റെ നിശബ്ദതയെ കീറി മുറിച്ചു എന്നെ തേടി ആകാശങ്ങളിലൂടെ ഒഴുകി പോകും. ഞാന്‍ അതൊക്കെ ഹൃത്തടങ്ങളില്‍ സ്വീകരിച്ച് അടുത്ത കയ്യാല പുറത്തോ മരത്തിനു മറവിലോ നില്‍ക്കും. പിന്നെ മെല്ലെ വിനയാന്വിതനായി വീട്ടിലേയ്ക്ക് പോയി ബാക്കി ഉറക്കം ഉറങ്ങി തീര്‍ക്കും. ഇതൊക്കെ എന്ത് സ്വഭാവമാ, എന്തിനാ ഇതൊക്കെ എന്നൊന്നും ചോദിക്കരുത്. ഇത് അക്കാലത്തെ ഗ്രാമീണ ചെറു വിനോദങ്ങള്‍ ആയിരുന്നു.. …
സാധാരണ 10 പൈസയ്ക്ക് നാല്, 5പൈസ..10 പൈസ ഒക്കെ വിലയുള്ള പടക്കങ്ങള്‍ ആയിരുന്നു വില്പനയ്ക്ക് വരുന്നത്.. ഒരിക്കല്‍ ഒരെണ്ണം 20 പൈസ വിലയുള്ള ഓലപ്പടക്കം വന്നു. നല്ല വലിപ്പം, ഭയങ്കര ശബ്ദം, ഒരു ദിവസം ഞാന്‍ പതിവുപോലെ കടയില്‍ നിന്ന് പടക്കങ്ങള്‍ കത്തിച്ചു റോഡിലേയ്ക്ക് എറിഞ്ഞു കൊണ്ടിരിക്കുന്നു. ഈ വലിയ പടക്കവും രണ്ടെണ്ണം വാങ്ങി കത്തിച്ചെറിഞ്ഞു. ഉഗ്രന്‍ ശബ്ദത്തോടെ പടക്കം പൊട്ടി. കുരുകുരോന്ന് ഒരു ഭയങ്കര ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു സ്‌കൂട്ടര്‍ ഷാപ്പിന്റെ ഭിത്തിയില്‍ ഇടിച്ചു മറിഞ്ഞു കിടക്കുന്നു. ഒരു സാറും ചേടത്തിയും മാനത്തേയ്ക്ക് നോക്കി റോഡിലും കിടപ്പുണ്ട്. പടക്കം പൊട്ടിയപ്പോള്‍ ഒന്ന് വെട്ടിച്ചതാ. എല്ലാ ദിവസവും അതെ സമയം അതിലെ പോകുന്നഏതോ ബാങ്കില്‍ ജോലിചെയ്യുന്ന ഒരു സാറും ഭാര്യയും ആയിരുന്നു.
ഞാന്‍ ഒറ്റ ചാട്ടത്തിന് പുസ്തകം കയ്യില്‍ എടുത്തു പട്ടക്കടയിലൂടെ കയറി അതിന്റെ പിന്നിലെ മുറ്റത്തു ചാടിയത് മാത്രമേ ഓര്‍മ്മയുള്ളു. എതിര്‍ വശത്തേക്കാണ് ഞാന്‍ ഓടിയത്. പക്ഷെ എതിലേയാണ് എങ്ങനെയാണ് എന്നൊന്നും അറിയാന്‍ മേല.. മിനിറ്റുകള്‍ക്കുള്ളില്‍ ഞാന്‍ വീട്ടില്‍ പൊങ്ങി.. ആരെങ്കിലും പിന്നാലെ തപ്പി വന്നിട്ടുണ്ടോന്ന് നോക്കി അല്‍പ്പം സമയം വെയ്റ്റ് ചെയ്തു. പിന്നെ വീട്ടില്‍ കയറി കാപ്പി കുടിക്കാന്‍ ഒന്നും നിന്നില്ല. കുറച്ചു നേരത്തേയ്ക്ക് വലിയുന്നതാണ് ബുദ്ധി എന്ന് തോന്നി അവിടെന്ന് സ്‌കൂട്ടായി. അയല്‍വാസി കൂടെ ആയ കടക്കാരനും എന്റെ അഭ്യൂദയകാംഷികളും ഇടപെട്ടിട്ടാണോ തലതെറിച്ചതിന്റെ ഒക്കെ പിന്നാലെ പോകേണ്ട എന്ന് ആ ചേടത്തി പറഞ്ഞിട്ടാണോ എന്നറിയില്ല.. പിന്നെ തുടര്‍ചലനങ്ങള്‍ ഒന്നും ഉണ്ടായില്ല. അവര്‍ ആ സമയത്തു സ്ഥിരം ആ വഴി വരുന്നവര്‍ ആയത് കൊണ്ട് ഞാന്‍ കുറെ ക്കാലം ആ സമയം റോഡില്‍ പ്രവേശിക്കുന്നത് വേണ്ടന്ന് വച്ച്….